തല്ലുന്നത് നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ?


കുട്ടികളെ പതിവായി വീട്ടിലും സ്കൂളിലും തല്ലാറുണ്ട്. അതല്ലേ അവരില്‍ അച്ചടക്കമുണ്ടാക്കാനുള്ള ഏറ്റവും കാര്യക്ഷമമായ വഴി?  ശരിതന്നെ, അത് തീര്‍ച്ചയായും ഏറ്റവും എളുപ്പവഴിയാണ്. പക്ഷെ അത് എത്രത്തോളം കാര്യക്ഷമമാണ് എന്നത് വേറെ കാര്യം. ഏറ്റവും ചെറിയ പെരുമാറ്റ ദൂഷ്യത്തിന് പോലും പതിവായി തല്ലുകൊള്ളുന്ന പല കുട്ടികളേയും ഞാന്‍ കണ്ടിട്ടുണ്ട്. കുട്ടികളായിരുന്നപ്പോള്‍ കൈകൊണ്ടോ സ്കെയിലുകൊണ്ടോ വടികൊണ്ടോ കഴിഞ്ഞ ലേഖനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ പഴുപ്പിച്ച ഇരുമ്പുകമ്പികൊണ്ടോ തല്ലുകൊണ്ടിട്ടുള്ള മുതിര്‍ന്നവരേയും ഞാന്‍ കണ്ടിട്ടുണ്ട്. ഇതെന്നെ വളരെ അസ്വസ്ഥയാക്കുന്നു എന്ന വസ്തുതയ്ക്ക് പുറമേ (അതു ഞാന്‍ തന്നെ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണ്) കുട്ടികളെ തല്ലാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കാവുന്ന കാരണങ്ങളെക്കുറിച്ചും കുട്ടികളില്‍ ഇതുണ്ടാക്കുന്ന മാനസികവും വൈകാരികവുമായ ഫലങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. 

മാതാപിതാക്കള്‍ എന്തിന് കുട്ടിയെ ശാരീരികമായി വേദനിപ്പിക്കുന്നു? വര്‍ഷങ്ങളായി പല മാതാപിതാക്കളോടുമുള്ള സംഭാഷണങ്ങളില്‍ നിന്ന് ഞാന്‍ പല കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ വളരെ പ്രസക്തമായ ഒന്ന് അവരങ്ങനെയാണ് വളര്‍ത്തപ്പെട്ടത്, അതിനാല്‍ അങ്ങനെ മാത്രമേ കുട്ടികളില്‍ അച്ചടക്കമുണ്ടാക്കാന്‍ അവര്‍ക്കറിയൂ എന്നതാണ്. അവര്‍ നന്നായി, അവരുടെ കുട്ടികളും അങ്ങനെയാകും എന്ന് അവര്‍ എന്നോട് പറയുന്നു. "കുട്ടിയെ തല്ലാതെ എങ്ങനെ അച്ചടക്കം ഉണ്ടാകും?" എന്നത് പതിവ് പല്ലവിയാണ്. ആ മാതാപിതാക്കളോടുള്ള എന്‍റെ ചോദ്യം ഇതാണ്-"നിങ്ങളെ തല്ലിയപ്പോള്‍ നിങ്ങള്‍ അത് ഇഷ്ടപ്പെട്ടിരുന്നോ? ആ സമയത്ത് നിങ്ങളുടെ വികാരങ്ങള്‍ എന്തായിരുന്നു?". അത് വളരെക്കാലം മുമ്പായിരുന്നിരിക്കും. പക്ഷെ അവര്‍ ആ സംഭവങ്ങള്‍ ഓര്‍ക്കാന്‍ ഒരു നിമിഷം എടുത്താല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ വികാരങ്ങള്‍ തിരിച്ചുവരുമായിരുന്നു- ഭയം, കോപം, നിരാശ, വേദന, വേണ്ടത്ര നല്ലതല്ലെന്ന തോന്നല്‍, ദുഃഖം, അതേ, തല്ലിയിരുന്നവരോടുള്ള വെറുപ്പു പോലും.

രണ്ടാമത്തെ കാരണം ഉത്കണ്ഠയും നിസ്സഹായതയുമാണ്- കുട്ടിയുടെ പഠനപ്രകടനത്തേക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഉത്കണ്ഠ, അത് നിയന്ത്രിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മ ഓര്‍ത്തുള്ള നിസ്സഹായത. കുട്ടിയെ സമൂഹം എങ്ങനെ വിലയിരുത്തും എന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ, കുട്ടി ഭാവിയില്‍ എന്താകുമെന്ന ഉത്കണ്ഠ, ഒരു പക്ഷെ എല്ലാത്തിനും മേലേ കുട്ടി 'ശരി'യാം വിധം 'കുറ്റമറ്റവനായി' തീര്‍ന്നില്ലെങ്കില്‍ മാതാപിതാക്കളെന്ന നിലയില്‍ സമൂഹം തങ്ങളെ  എങ്ങനെ വിലയിരുത്തുമെന്ന ഉത്കണ്ഠ, ഇതവരുടെ മറ്റ് ഉത്കണ്ഠകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നിരാശകള്‍ക്കും പരാജയങ്ങള്‍ക്കുമുള്ള ബോധപൂര്‍വമോ അല്ലാത്തതോ ആയ ബഹിര്‍ഗമന നാളിയായും തീരാറുണ്ട്. അവര്‍ക്ക് ജീവിതത്തോട് ദേഷ്യം തോന്നുന്നു. ഇതാണ് ദേഷ്യം പ്രകടിപ്പിക്കാന്‍ അവര്‍ക്കുള്ള വഴി. അറിഞ്ഞോ അറിയാതെയോ അവര്‍  പ്രതികരിക്കാന്‍ ശേഷിയില്ലാത്ത തങ്ങളുടെ കുട്ടികളുടെ മേല്‍ ദേഷ്യം ചൊരിയുകയാകും ചെയ്യുന്നത്. മറ്റെല്ലാ സാഹചര്യങ്ങളിലും നിസ്സഹായരും നിയന്ത്രണശേഷിയില്ലാത്തവരുമായിരിക്കുന്ന മാതാപിതാക്കള്‍ക്ക് ഇവിടെയെങ്കിലും തങ്ങള്‍ക്കാണ് നിയന്ത്രണം എന്ന് തോന്നുകയും ചെയ്യും.

തല്ലുന്നതിലേക്ക് തിരിയേണ്ടുന്നതിന്‍റെ 'ആവശ്യ'ത്തെക്കുറിച്ചും കുട്ടികളെ വളര്‍ത്തുന്നതില്‍ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും നിരവധി കെട്ടുകഥകളുണ്ട്. തങ്ങള്‍ കര്‍ക്കശക്കാരായിരിക്കണമെന്നും കുട്ടി തങ്ങളെ പേടിക്കേണ്ടതുണ്ടെന്നും ചില മാതാപിതാക്കള്‍ വിശ്വസിക്കുന്നു. ഇങ്ങനെയായാല്‍ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് അവര്‍ക്ക് തോന്നും. എന്നാല്‍ ഇതിന് വിപരീതമായി മാതാപിതാക്കള്‍ തീര്‍ത്തും 'നിയന്ത്രണം വിട്ടവര്‍' ആണെന്നാകും കുട്ടികള്‍ക്ക് തോന്നുക.  തങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും ഉപദേശവും തരാനുള്ള മാതാപിതാക്കളുടെ  കഴിവില്‍ അവര്‍ക്ക് വിശ്വാസമില്ലാതെയാകും.
 
കുട്ടിയെ തല്ലിയാല്‍ കുട്ടിക്ക് പേടിയുണ്ടാകുമെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്നും ജീവിതത്തില്‍ എന്തെങ്കിലും നേടുമെന്നും, വഴിതെറ്റാതിരിക്കുമെന്നും ചില മാതാപിതാക്കള്‍ വിശ്വസിക്കുന്നു. ഇതിന് വിപരീതമായി തല്ലുകൊള്ളുന്ന കുട്ടികള്‍ മാതാപിതാക്കളുടെ വഴിയില്‍ നിന്ന് മാറി നടക്കാനാണ് പഠിക്കുന്നത്. അവര്‍ തോന്നും പോലെ ചെയ്യുന്നു, അത് മാതാപിതാക്കള്‍ ഒരിക്കലും അറിയില്ലെന്ന് ഉറപ്പാക്കിയിട്ടാണെന്നു മാത്രം! മാതാപിതാക്കളെ ഒളിച്ച് 'തെറ്റ്'ചെയ്യാന്‍ കുട്ടിക്ക് പ്രേരണ തോന്നുന്നു. ഭയം മൂലം കുട്ടിയുടെ ശ്രദ്ധ തെറ്റുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുന്നു. ഭയം ചിലപ്പോള്‍ പരാജയം ഒഴിവാക്കാന്‍ മതിയായ പ്രേരണയാകാം, പക്ഷെ അതുകൊണ്ട് ഒരിക്കലും അവരുടെ യാത്ര ആനന്ദകരമാകുകയോ അവരുടെ  യാഥാര്‍ത്ഥ സാധ്യതകള്‍ സാക്ഷാത്ക്കരിക്കാന്‍ അവര്‍ക്ക് പ്രേരണ ലഭിക്കുകയോ ചെയ്യില്ല. 

കുട്ടികളെ അച്ചടക്കത്തോടെ വളര്‍ത്താന്‍ ഇതിലും നല്ല വഴിയില്ലെന്നോ വേറെ ഒരു വഴിയും ഇല്ലെന്നോ ചില മാതാപിതാക്കള്‍ വിശ്വസിക്കുന്നു. ഇതിന് വിപരീതമായി ഒരു പക്ഷെ ഇതായിരിക്കും ഏറ്റവും കാര്യക്ഷമത കുറഞ്ഞ വഴി. അക്രമത്തില്‍  തെറ്റില്ലെന്ന് ഇത് കുട്ടികളെ പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കേണ്ടതില്ലെന്ന് പഠിപ്പിക്കുന്നു. തങ്ങള്‍ സ്നേഹത്തിനോ ബഹുമാനത്തിനോ യോഗ്യരല്ലെന്ന് അവരെ പഠിപ്പിക്കുന്നു. അച്ചടക്കം കാര്യക്ഷമമാകണമെങ്കില്‍ അതില്‍ വേദനാജനകമായ ശിക്ഷാനടപടികള്‍ അടങ്ങിയിരിക്കണമെന്ന് ചില മാതാപിതാക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായി കുട്ടികളില്‍ തങ്ങളെ ഉപദ്രവിക്കുന്ന മാതാപിതാക്കളോടുള്ള വെറുപ്പും ഇഷ്ടക്കേടും മാത്രമാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. അച്ചടക്കം കാര്യക്ഷമമാകണമെങ്കില്‍ ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി അറിയുകയും അവ നൂറുശതമാനം നടപ്പിലാക്കപ്പെടുമെന്ന ഉറപ്പുണ്ടായിരിക്കുകയും വേണം. 

അച്ചടക്കത്തിന്‍റെ ലക്ഷ്യം മുമ്പുണ്ടായ പെരുമാറ്റ ദൂഷ്യത്തിന്‍റെ വില കുട്ടി കൊടുക്കേണ്ടി വരിക എന്നതാണെന്ന് ചില മാതാപിതാക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇതിന് വിപരീതമായി ഭാവിയിലെ പെരുമാറ്റ ദൂഷ്യം തടയുകയാണ് അച്ചടക്കത്തിന്‍റെ ലക്ഷ്യം. ഇതിനായി മാതാപിതാക്കളുടെ മനോനില പൂര്‍ണമായും മാറേണ്ടതുണ്ട്. തല്ലുന്നതിന്‍റെ വേദന ഇവിടെ തീര്‍ത്തും അപ്രസക്തമാകുന്നു. ഏതു സമയത്തും കിട്ടുന്ന തല്ലോ അതിന്‍റെ വേദനയോ അല്ല തെറ്റ് ചെയ്താല്‍ ഉറപ്പായും ശിക്ഷകിട്ടും എന്ന അറിവായിരിക്കണം പ്രധാനം. 

അങ്ങനെ കുട്ടികളെ അച്ചടക്കത്തോടെ വളര്‍ത്താനുള്ള ഒരു വഴിയെന്ന നിലയ്ക്ക് അവരെ തല്ലുന്നതിലേക്ക് തിരിയുമ്പോള്‍ കുട്ടിക്ക് മാനസികവും വൈകാരികവുമായ പല ദോഷങ്ങളും ഉണ്ടാകുന്നു. കുട്ടി സ്ഥിരമായി ഭീതിയില്‍ ജീവിക്കുന്നു എന്നതാണ് ഇതിലൊന്ന്. ഇതിലും പ്രധാനം, പ്രകോപനമുണ്ടായാല്‍ അക്രമമെന്നത് സ്വീകാര്യമായ കാര്യമാണെന്ന് കുട്ടികള്‍ പഠിക്കുന്നു. അങ്ങനെ അവരും അപ്രകാരം പ്രവര്‍ത്തിച്ച് തുടങ്ങുന്നു. സ്കൂളില്‍ അവര്‍ ഇതനുസരിച്ച് പെരുമാറുന്നു- ഒന്നുകില്‍ ചട്ടമ്പികളാകുന്നു, കാരണം എവിടെയങ്കിലും തങ്ങള്‍ ശക്തരാണെന്ന് അവര്‍ക്ക് തോന്നണം. അല്ലെങ്കില്‍ ഒതുങ്ങിയവരും പേടിച്ചവരും വഴങ്ങിക്കൊടുക്കുന്നവരുമായി മറ്റുള്ളവരുടെ ഇരകളായിത്തീരുന്നു. പരാജയം ഒഴിവാക്കാന്‍ ആവശ്യമുള്ളത്ര മാത്രം അവര്‍ ജോലി ചെയ്യുന്നു. അല്ലാതെ സ്വയം പ്രേരിതരായി വിജയം നേടുന്നതിലേക്ക് സ്വയം തള്ളിവിടുകയും തങ്ങളുടെ യഥാര്‍ത്ഥ്യ സാധ്യതകളുപയോഗിക്കുകയും ജീവിതമെന്ന യാത്ര ആസ്വദിക്കുകയും ചെയ്യുന്നില്ല. അവര്‍ ക്രമേണ മാതാപിതാക്കളോട് ആശയവിനിമയം നടത്താതിരിക്കുകയും തങ്ങളുടെ വികാരങ്ങളും പ്രവര്‍ത്തികളും ഒളിച്ചുവെയ്ക്കുകയും ചെയ്തെന്നുമിരിക്കും. ഇതിന്‍റെ ഫലമായി അവര്‍ക്ക് മാതാപിതാക്കളുമായി കര്‍ത്തവ്യാധിഷ്ഠിതം മാത്രമായ ബന്ധമായിരിക്കും ഉണ്ടാകുക, സ്നേഹത്തിലും ബന്ധത്തിലും ആശയമവിനിമയത്തിലും വിശ്വാസത്തിലും പരിചരണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമായിരിക്കില്ല.

അതുകൊണ്ട് മാതാപിതാക്കളേ, നിങ്ങളുടെ ഭൂതകാലത്തിലെ ഉത്കണ്ഠകളേയും വീഴ്ചകളേയും കൈകാര്യം ചെയ്യാന്‍ ഒരു വഴി കണ്ടെത്തുക. ധ്യാനം പരിശീലിക്കുകയോ ഒരു സുഹൃത്തിനോട് സംസാരിക്കുകയോ കൗണ്‍സിലറുടെ സഹായം തേടുകയോ ആകാം. നിങ്ങള്‍ ഇത്തരം പെരുമാറ്റത്തിന് വിധേയമായ കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരു നിമിഷം ചെലവാക്കുക. 

മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ തല്ലുന്നത് ഒന്നും ഓര്‍ക്കാതെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, അതായത് ഇത് കുട്ടിയെ വേദനിപ്പിക്കാന്‍ കരുതിക്കൂട്ടിയുള്ള ഒരു പ്രവര്‍ത്തിയല്ല നൈമിഷിക പ്രേരണയാലുള്ള യാന്ത്രികമായ പ്രതികരണമാണെന്ന്. അതിനാല്‍ ഈ ലേഖനം തങ്ങളുടെ നൈമിഷികവും വീണ്ടുവിചാരമില്ലാത്തതുമായ പ്രവര്‍ത്തികളുടെ ദീര്‍ഘകാല ഭവിഷ്യത്തുകളെക്കുറിച്ച് ആ മാതാപിതാക്കളെ ബോധവാന്മാരാക്കാനുള്ള ഒരു ശ്രമമാണ്. എന്നിട്ടും അവര്‍ ഇങ്ങനെ പെരുമാറാന്‍ തീരുമാനിക്കുകയാണെങ്കില്‍ കുറഞ്ഞത് അവര്‍ ആലോചിച്ചുറപ്പിച്ച് ഭവിഷ്യത്തുകള്‍ മനസിലാക്കിക്കൊണ്ടുതന്നെയായിരിക്കും ഇത് ചെയ്യുന്നത്.
മൗലിക ശര്‍മ്മ, മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി തന്‍റെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച, ബാഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറാണ്.   തൊഴിലാളികളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സ്ഥാപനമായ വര്‍ക്ക് പ്ലേയ്സ് ഓപ്ഷന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മൗലിക ബാംഗ്ലൂരിലെ റീച്ച് ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഈ കോളത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ  അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതേണ്ട വിലാസം- columns@whiteswanfoundation.org.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org