കുട്ടിയുടെ പെരുമാറ്റം നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ?

Published on
പലപ്പോഴും മാതാപിതാക്കള്‍ കുട്ടി പെരുമാറ്റ ദൂഷ്യം കാണിക്കുന്നതുകൊണ്ട് കൗണ്‍സിലിംഗിന് കൊണ്ടുവരുന്നു- ദേഷ്യപ്പെട്ട് ബഹളമുണ്ടാക്കല്‍, അപമര്യാദയായുള്ള പെരുമാറ്റം, മൊബൈലിനോടോ ടെക്നോളജിയോടോ അമിതാസക്തിയുണ്ടാകുക, പഠിക്കാതിരിക്കുക, ശ്രദ്ധയില്ലാതിരിക്കുക, മാര്‍ക്ക് വാങ്ങാതിരിക്കുക, സഹപാഠികളുമായി ഇടപഴകാതിരിക്കുക, പറഞ്ഞാല്‍ കേള്‍ക്കാതിരിക്കുക, ഈ പട്ടിക ഇങ്ങനെ നീണ്ടുപോകാം. കൗണ്‍സിലിംഗ് നടത്തി കുട്ടിയുടെ പെരുമാറ്റം 'ശരിയാക്കണം' എന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. 

എന്‍റെ അഭിപ്രായത്തില്‍ പെരുമാറ്റത്തിന് കാരണമായ വികാരങ്ങളേയും വിചാരങ്ങളേയും മനസിലാക്കാതെ അത് 'ശരിയാക്കാ'നാകില്ല. വിചാരങ്ങളും വികാരങ്ങളും പെരുമാറ്റവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് വളരെയേറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ധാരണാസംബന്ധമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി) എന്ന് വിളിക്കപ്പെടുന്ന ചികിത്സാ രീതിയുടെ അടിസ്ഥാനം ഇതാണ്. ഇത് വിവിധ മാനസികാരോഗ്യാവസ്ഥകള്‍ക്കുള്ള സുസ്ഥാപിതമായ ചികിത്സാ രീതിയാണ്. പൊതുവില്‍ സി ബി റ്റി എന്ന് അറിയപ്പെടുന്ന ഇതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും ഈ പരസ്പര ബന്ധത്തിന് ഉദാഹരണം തരാന്‍ ഒരു നിമിഷം എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം അത് മനസിലാക്കിയാല്‍ കുട്ടികളുടെ പ്രശ്നങ്ങളെ( സ്വന്തം പ്രശ്നങ്ങളേയും) വളരെ വ്യത്യസ്തമായി കാണാന്‍ നമുക്ക് സാധിക്കും. 

പുതിയൊരു സ്കൂളില്‍ പോയി പുതിയൊരു കൂട്ടം സഹപാഠികളോട് ഇടപെടുകയും കൂട്ടുകൂടുകയും ചെയ്യേണ്ടി വരുന്ന ഒരു കുട്ടിയുടെ കാര്യമെടുക്കാം. ഈ കുട്ടി-
  • താന്‍ വേണ്ടത്ര നല്ലതല്ലെന്നും മറ്റുള്ളവര്‍ തന്നേക്കാള്‍ നല്ലതാണെന്നും വിചാരിക്കുകയും ആ കൂട്ടത്തില്‍ പെടാന്‍ താന്‍ കൊള്ളാമോ എന്ന് സ്വയം ചോദിക്കുകയുമാണെങ്കില്‍ അവന് 
  •  ഉറപ്പില്ലായ്മയും ആത്മവിശ്വാസക്കുറവും അരക്ഷിതത്വവും സങ്കോചവും അനുഭവപ്പെടുന്നു. ഇതിനാലവന്‍
  • വളരെ താഴ്മയോടും വിധേയത്വത്തോടും സഹപാഠി സംഘങ്ങളുടെ അടുത്തേക്ക് വളരെ സങ്കോചത്തോടെ നടന്നടുക്കുകയും ഉറപ്പില്ലാത്ത, സംശയിച്ചുള്ള ശബ്ദത്തില്‍ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. സംഘത്തില്‍ നിന്ന് ഈ സാഹചര്യത്തില്‍ അവന് സാധാരണയായി കിട്ടുന്ന പ്രതികരണം നിരസിക്കപ്പെടല്‍ ആയിരിക്കും. 
കുട്ടിയുടെ ജീവിതത്തിലെ മുതിര്‍ന്നവര്‍ എന്ന നിലയ്ക്ക് സാധാരണയായി നമ്മള്‍ അവന്‍റെ വിധേയത്വത്തോടെയുള്ള പെരുമാറ്റവും സാമൂഹ്യമായ ഒറ്റപ്പെടലും കാണുകയും അവനോട് ആത്മവിശ്വാസത്തോടെ പെരുമാറാനും കുറേക്കൂടി സുഹൃത്തുക്കളെ സമ്പാദിക്കാനും പറയുകയും ചെയ്യുന്നു. അവന്‍റെ കുറഞ്ഞ ആത്മാഭിമാനവും താന്‍ വേണ്ടത്ര നല്ലതല്ലെന്ന വിശ്വാസവും കാരണം അവന്‍റെ ഉള്ളിലുള്ള അരക്ഷിതത്വവും ആത്മവിശ്വാസക്കുറവും നമ്മള്‍ ശ്രദ്ധിക്കുന്നില്ല. കൗണ്‍സിലിംഗ് മുറിയില്‍ പലപ്പോഴും മുതിര്‍ന്നവര്‍ 'ശരിയാക്കാന്‍'ആഗ്രഹിക്കുന്ന പെരുമാറ്റമാണ് അവതരിപ്പിക്കപ്പെടുന്നത്. "കൂടുതല്‍ കൂട്ടുകാരെ സമ്പാദിക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കൂ" എന്ന് ഒരു രക്ഷിതാവ് പറഞ്ഞെന്നിരിക്കും. അല്ലെങ്കില്‍ "കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാക്കേണ്ടതെങ്ങിനെയെന്ന് പറഞ്ഞു കൊടുക്കൂ" എന്ന് ആയേക്കാം. എന്നാലിവിടെ കൈകാര്യം ചെയ്യേണ്ടത് ഇത്തരം വികാരങ്ങള്‍ക്കും തുടര്‍ന്നുള്ള പെരുമാറ്റങ്ങള്‍ക്കും കാരണമായ ഉപകാരപ്രദമല്ലത്തതും പ്രാവര്‍ത്തികമല്ലാത്തതും പലപ്പോഴും യുക്തിശൂന്യവുമായ വിശ്വാസങ്ങളെയാണ്. 

നേരത്തേ പറഞ്ഞ സാഹചര്യത്തെ നമുക്ക് ഒന്നു കൂടി നോക്കാം, പക്ഷെ ഇവിടെ ആ കുട്ടി 
  • താന്‍ വേണ്ടത്ര കൊള്ളാമെന്നും മറ്റുള്ളവരെപ്പോലെ നല്ലവനാണെന്നും വിചാരിക്കുന്നു. സ്വയം യോഗ്യതയെ സംശയിക്കുന്നതിന് പകരം മറ്റുള്ളവര്‍ "തന്‍റെ സുഹൃത്തുക്കളാകാന്‍ വേണ്ടത്ര നല്ലവരാണോ" എന്ന് സ്വയം ചോദിക്കുന്നു. അങ്ങനെയെങ്കില്‍ അവന് 
  • ആത്മവിശ്വാസവും സുരക്ഷിതത്വവും അനുഭവപ്പെടുന്നു.അതിനാലവന്‍
  • ആത്മവിശ്വാസത്തോടെ പെരുമാറുന്നു. സഹപാഠി സംഘത്തിന്‍റെ അടുത്തേക്ക് ചെന്ന് ആത്മവിശ്വാസം നിറഞ്ഞ വ്യക്തമായ സ്വരത്തില്‍ സ്വയം പരിചയപ്പെടുത്തുകയും സംഘത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തില്‍ സംഘത്തില്‍ നിന്നും അവന് സാധാരണയായി കിട്ടുന്ന പ്രതികരണം സൗഹൃദവും അംഗീകാരവുമായിരിക്കും.
സാഹചര്യം രണ്ടിടത്തും ഒന്നുതന്നെയാണ്. കുട്ടിക്ക് തന്നെകുറിച്ചും തന്‍റെ പരിസരങ്ങളെക്കുറിച്ചും ഉള്ള വിശ്വാസങ്ങളിലാണ് വ്യത്യാസം. ഇവയാകട്ടെ ആത്മവിശ്വാസമോ അനിശ്ചിതത്വമോ തോന്നിക്കുകയും ഇവ മൂലം വളരെ വ്യത്യസ്തമായ പെരുമാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

അതുകൊണ്ട് നമുക്ക് സ്വീകാര്യമല്ലാത്ത വിധത്തില്‍ നമ്മുടെ കുട്ടി പെരുമാറുന്ന ഒരു സാഹചര്യം എപ്പോഴെങ്കിലും നേരിടുകയാണെങ്കില്‍, ഉപരിതലത്തില്‍ ചുരണ്ടിനോക്കാതെ നമുക്ക് അല്‍പം ആഴത്തിലേക്ക് പോകാം. കുട്ടിയുടെ വികാരങ്ങളെ മറനീക്കി കാണാന്‍ നമുക്ക് ശ്രമിക്കാം. ആ വികാരങ്ങള്‍ക്ക് കാരണമായ ചിന്തകളേയും വിശ്വാസങ്ങളേയും മനസിലാക്കാന്‍ ശ്രമിക്കാം. എന്നാല്‍ കുഴിച്ചു നോക്കുന്ന ഈ പ്രക്രിയയില്‍ നമ്മള്‍ വിധി കല്‍പ്പിക്കുക എന്ന സ്വഭാവം കാണിക്കുന്നില്ലെന്നും പ്രതിരോധ  ഭാവം കൈക്കൊള്ളുന്നില്ലെന്നും ഉറപ്പാക്കേണ്ടതാണ്. ചിലപ്പോള്‍ ഈ കണ്ടെത്തലിന്‍റെ പ്രക്രിയ്ക്കിടയില്‍ മാതാപിതാക്കളായ നമ്മള്‍ ആഗ്രഹിക്കാത്ത ചില വിശ്വാസങ്ങള്‍ കുട്ടിക്ക് കിട്ടിയിരിക്കുന്നു എന്ന് നമ്മള്‍ മനസിലാക്കിയേക്കും. നിങ്ങളുടെ കുട്ടി ആത്മവിശ്വാസം ഉള്ളവനും ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നവനും ആയിരിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിച്ചു. എന്നിട്ടെങ്ങിനെ അവന്‍ ഇത്ര ആത്മവിശ്വാസമില്ലാത്തവനായി? പിന്നീട് ഇതിന്‍റെ ഫലമായി നിങ്ങള്‍ എന്താണ് തെറ്റായി ചെയ്തതും പറഞ്ഞതുമെന്നുള്ള ചില കടുത്ത ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം കണ്ടെത്തേണ്ടി വരും. അത് നിങ്ങള്‍ക്ക് എപ്പോഴും സുഖകരമായ അനുഭവം ആയിരിക്കണമെന്നില്ല.
കുട്ടിയുടെ മേല്‍ മാത്രമല്ല, നിങ്ങളുടെ മേലും വിധികല്‍പ്പിക്കാതിരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായ കാര്യം. വേണ്ടത്ര നല്ലൊരു രക്ഷിതാവാകാനുള്ള നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസം വേണം. അങ്ങനെയെങ്കിലേ നിങ്ങളുടെ കുട്ടി തന്നില്‍ വിശ്വാസമുള്ളവനായിത്തീരു.
ഓര്‍ക്കുക, നിങ്ങള്‍ കുറ്റമറ്റയാളല്ല, അങ്ങനെയാകേണ്ടതുമില്ല. നിങ്ങള്‍ വേണ്ടത്ര നല്ലതാണ്, നിങ്ങളുടെ കുട്ടി കുറ്റമറ്റവനല്ല,  അങ്ങനെയാകേണ്ടതുമില്ല. നിങ്ങളുടെ കുട്ടി വേണ്ടത്ര നല്ലതാണ്. 
അതുകൊണ്ട്, നിങ്ങളുടെ കുട്ടി ദേഷ്യപ്പെട്ട് ബഹളമുണ്ടാക്കുകയാണെങ്കില്‍  ദേഷ്യപ്പെട്ടുള്ള പെരുമാറ്റം തടയാന്‍ വെറുതേ ശ്രമിക്കുകയല്ല വേണ്ടത്, ദേഷ്യമുണ്ടാക്കുന്ന വികാരങ്ങളുടെ ഉറവിടം അന്വേഷിക്കുകയും അവയെ കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. നിങ്ങളുടെ കുട്ടി ശ്രദ്ധ പിടിച്ചു പറ്റുന്നതിന് വേണ്ടിയുള്ള പെരുമാറ്റത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അങ്ങനെ ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമത്തിന് വഴങ്ങിക്കൊടുക്കേണ്ട എന്ന് കരുതി അത്തരം പെരുമാറ്റങ്ങളെ തള്ളിക്കളയരുത്. കുട്ടി ഒരു പക്ഷെ ന്യായമായി അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാന്‍ വേണ്ടി അവന് ശ്രദ്ധപിടിച്ചു പറ്റാനുള്ള പെരുമാറ്റത്തിലേക്ക് തിരിയേണ്ടി വരുന്നത് എന്തു കൊണ്ടെന്ന് മനസിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ കുട്ടിക്ക് സാങ്കേതിക വിദ്യയോട് അമിതാസക്തിയുണ്ടെങ്കില്‍ അവന്‍റെ മൊബൈലോ മറ്റ് ഉപകരണങ്ങളോ പിടിച്ചെടുക്കുമെന്ന് ഭീഷിണിപ്പെടുത്താതെ ഈ അമിതാസക്തികൊണ്ട് പൂര്‍ത്തീകരിക്കപ്പെടുകയും മറ്റു വിധത്തില്‍ പൂര്‍ത്തീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് അവന്‍റെ എന്ത് ആവശ്യമാണെന്ന് മനസിലാക്കാന്‍ ശ്രമിക്കുക. യഥാര്‍ത്ഥ ലോകത്തേക്കാള്‍ അവാസ്തവിക ലോകത്തെ ഇഷ്ടപ്പെടാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്ന ചിന്തയോ വിശ്വാസമോ എന്താണ്? കുട്ടിക്ക് സ്ഥിരമായി കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കാന്‍ കഴിയാതിരിക്കുകയും മനസിന് ഏകാഗ്രതയില്ലാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ എന്ത് ചിന്തകളാണ്   ( ഭീതികള്‍, ഉത്കണ്ഠകള്‍, പ്രത്യാശകള്‍) അവന്‍റെ മനസില്‍ നിറയുന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയും അവ പ്രകടിപ്പിക്കാന്‍ അവന് ഒരു അവസരം കൊടുക്കുകയും ചെയ്യുക.

ഇത് പ്രയാസമാണെന്നും നിങ്ങളുടെ കഴിവിന് അപ്പുറമാണെന്നും തോന്നിയേക്കാം. പക്ഷെ വാസ്തവത്തില്‍ അങ്ങനെയല്ല. നിങ്ങള്‍ ഹൃദയം കൊണ്ട് 'ശ്രദ്ധിക്കുക'യും നിങ്ങളേയും നിങ്ങളുടെ കുട്ടികളേയും മനസിലാക്കുകയും അംഗീകരിക്കുകയും മാത്രമാണ് ആവശ്യം. ഇതിന് വേണ്ടി നിങ്ങള്‍ സ്വയം പുതുക്കുകയും പുതുശേഷികള്‍ നേടുകയും ചെയ്യേണ്ടി വന്നേക്കും. പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വന്നേക്കും. പക്ഷെ ഇത് തികച്ചും സാധ്യമായ കാര്യമാണ്. തീര്‍ച്ചയായും ഇതിന് തക്ക ഫലം കിട്ടും, നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും നിങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org