ബാല്യകാലം
കുറ്റമറ്റതോ വേണ്ടത്ര നല്ലതോ? നിസ്വാര്‍ത്ഥമോ സ്വാര്‍ത്ഥമോ?
എന്‍റെ ചില ലേഖനങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ മാതാപിതാക്കളെന്ന നിലയില്‍ നിങ്ങളുടെ സ്വന്തം കഴിവിനെക്കുറിച്ച് സംശയിച്ച് തുടങ്ങുമെന്ന കാര്യം ഞാന്‍ മനസിലാക്കുന്നുണ്ട്. നിങ്ങള്‍ എന്ത് ചെയ്താലും അതു കുട്ടിയില്‍ ദോഷഫലമാണ് ഉണ്ടാക്കുകയെന്ന ഭയത്തിന് നിങ്ങള്‍ അടിമപ്പെട്ടേക്കാം. ഇപ്പോഴേ നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ചും അതു കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെക്കുറിച്ചും നിങ്ങള്‍ വേണ്ടത്ര ഉത്കണ്ഠാകുലരാണ്. പിന്നെ ഞാന്‍ നിങ്ങളെ പേടിപ്പിച്ച് ദുഃഖത്തിന്‍റേയും നാശത്തിന്‍റേയും ചിത്രം വരയ്ക്കേണ്ടതില്ല.
പ്രിയവായനക്കാരെ ഈ കോളത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത് ഒരിക്കലും മാതാപിതാക്കളായിരിക്കുന്നതിന്‍റെ ആഹ്ലാദം നിങ്ങളില്‍ നിന്ന് തട്ടിയെടുക്കാനോ നിങ്ങളുടെ കഴിവിനെക്കുറിച്ച് നിങ്ങളുടെ മനസില്‍ സംശയം ജനിപ്പിക്കാനോ അല്ല. മറിച്ച്, ചെറിയ കാര്യങ്ങളില്‍ എങ്ങനെ പിഴച്ചു പോയേക്കാമെന്നും ആ ചെറിയ കാര്യങ്ങള്‍ ശരിയാക്കാന്‍ നമ്മള്‍ സന്നദ്ധരാണെങ്കില്‍ അത് എത്ര എളുപ്പമാണെന്നും നിങ്ങളെ മനസിലാക്കിക്കാനാണ്.
മറ്റ് ജീവിതാവസ്ഥകളെന്നപോലെ മാതാപിതാക്കളെന്ന അവസ്ഥയും ഒരു യാത്രയാണ്. നമുക്കതിനെ സുഖകരമായ ഒരു ആഡംബര യാത്രയായി കാണാം. പോകുന്ന വഴിയിലുള്ള പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാം, വഴിയില്‍ തടസങ്ങളുണ്ടാകുമ്പോള്‍ അവയെ മറികടക്കാം. അല്ലെങ്കില്‍, നമ്മള്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കേണ്ട നീണ്ട, കഷ്ടതകള്‍ നിറഞ്ഞ ഒരുയാത്രയായി അതിനെ കാണാം. ഓരോ വഴിതടസവും നമ്മുടെ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്ന് നമ്മളെ തടസപ്പെടുത്തുന്ന ഓരോ ശല്യമാണ്. ഇതില്‍ ഏത് വേണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. യാത്രയെ നമ്മള്‍ ഏത് കോണിലൂടെ വീക്ഷിച്ചാലും നമുക്ക് നമ്മളെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രതീക്ഷകളും പരമപ്രധാനമാണ്. നമ്മള്‍ കുറ്റമറ്റവരായിരിക്കണം എന്ന് നമ്മള്‍ എപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ? അങ്ങനെയായാല്‍ നമ്മള്‍ ഒരിക്കലും നമ്മുടെ സ്വന്തം പ്രതീക്ഷകള്‍ക്ക് ഒപ്പം എത്തില്ല. കാരണം 'കുറ്റമല്ല'വ്യക്തി എന്ന ഒന്നില്ല. അതോ, നമ്മുടെ എല്ലാ ശക്തികളോടും കഴിവുകളോടും ഉള്‍ക്കാഴ്ചകളോടും തോന്നലുകളോടും കൂടി, എന്നാല്‍ ചില ദൗര്‍ബല്യങ്ങളോടും സംശയങ്ങളോടും ഉത്കണ്ഠകളോടും കൂടി നമ്മള്‍ എങ്ങനെയാണോ ആ രീതിയില്‍ സ്വയം അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാണോ? മാതാപിതാക്കളെന്ന നിലയ്ക്ക് നമ്മള്‍ കുറ്റമറ്റവരല്ല എന്നത് നമ്മള്‍ അംഗീകരിക്കാന്‍ തയ്യാറാണോ? സ്വന്തം കുറ്റങ്ങളേയും കുറവുകളേയും ജീവിത യാത്രയുടേയും വളര്‍ച്ചയുടേയും സ്വാഭാവികമായ ഭാഗമായി അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാണോ?
മാതാപിതാക്കളാകുമ്പോഴാണ് നമ്മളുടെ ദൗര്‍ബല്യങ്ങള്‍ നമുക്ക് ഏറ്റവും അനുഭവപ്പെടുന്നത്- " ഇനി ഞാന്‍ കുറ്റമറ്റയാളാകണം", "ഇതാണ് എനിക്ക് ഒരു തെറ്റും പറ്റാന്‍ പാടില്ലാത്ത ഒരു മേഖല", " രക്ഷിതാവെന്ന നിലയില്‍ ഞാന്‍ എന്നാലാവുന്നത്ര ചെയ്തില്ലെന്ന് പറയാന്‍ ആര്‍ക്കും ഇട കൊടുക്കരുത്", " ഇനി മുതല്‍ എന്‍റെ അടിസ്ഥാനത്തിലായിരിക്കില്ല കുട്ടിയുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാവരും എന്നെ വിലയിരുത്തുന്നത്". എങ്കിലും മാതാപിതാക്കളാകുന്നതുപോലെ മറ്റൊന്നും നമ്മളെ ഉത്തരവാദിത്തബോധമുള്ളവരാക്കി തീര്‍ക്കുന്നില്ല. എന്‍റെ നവജാതയായ കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് തോന്നിയ അപാരമായ ഉത്തരവാദിത്തബോധം ഞാന്‍ ഓര്‍ക്കുന്നു- ഈ ജീവന് ഞാന്‍ പൂര്‍ണ ഉത്തരവാദിയാണ്, നിലനില്‍പ്പിന് തന്നെ ഈ ജീവന്‍ എന്നെ പൂര്‍ണമായി ആശ്രയിക്കുന്നു! പിന്നെ ഞാന്‍ ഭയത്തിന് അടിമയായി-എന്തെങ്കിലും തെറ്റ് പറ്റിയാലോ? എനിക്ക് പൊരുത്തപ്പെടാന്‍ പറ്റിയില്ലെങ്കിലോ? എനിക്ക് എന്തെങ്കിലും സംഭവിച്ചാലോ? എന്‍റെ കുട്ടി എന്നെങ്കിലും എന്നെ ഓര്‍ക്കുമോ?
എനിക്ക് തോന്നുന്നത് മാതാപിതാക്കളുടെ യാത്രയിലെ ഒരു സ്ഥിരം സവിശേഷത പര്സപര വിരുദ്ധമായ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും അടിമപ്പെടുക എന്നതാണ്- ആശയും ഭീതിയും, സ്നേഹവും ദേഷ്യവും, ആഹ്ലാദവും ദുഃഖവും ശുഭാപ്തി വിശ്വാസവും അശുഭപ്രതീക്ഷയും, വിശ്വാസവും സംശയവും, നിര്‍സ്വാര്‍ത്ഥതയ്ക്കിടയിലും സ്വന്തമായി അല്‍പം സമയം വേണമെന്ന ചിന്ത, സ്വാതന്ത്ര്യ ബോധം വളര്‍ത്തുമ്പോഴും ആശ്രിതത്വം ആഗ്രഹിക്കുക, കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം ജീവിക്കണം എന്നാഗ്രഹിക്കുമ്പോള്‍ തന്നെ നിങ്ങളുടെ സ്വന്തം സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുക, കുതിച്ചുയുരുന്നതിന്‍റെ ആനന്ദവും കൂപ്പുകുത്തുന്നതിന്‍റെ ആഘാതവും - ശരിക്കും കൊടും വളവുകളും തിരിവുകളുമുള്ള ഒരുയാത്ര.
അപ്പോള്‍ മാതാപിതാക്കളുടേത് നിസ്വാര്‍ത്ഥമായൊരു യത്നമാണോ, സ്വാര്‍ത്ഥമാണോ? ആ ചോദ്യം എന്നോട് ആദ്യം ചോദിച്ചപ്പോള്‍, ഞാന്‍ പറഞ്ഞത് അത് തീര്‍ത്തും നിസ്വാര്‍ത്ഥമാണെന്ന് തന്നെയാണ്- അല്ലെന്ന് ചിന്തിക്കുന്നത് തന്നെ എത്ര കുടുപ്പമാണ്. പക്ഷെ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എനിക്കത്ര ഉറപ്പില്ല. ഒരു പക്ഷെ ഉറപ്പ് ആവശ്യവുമില്ല, അത് രണ്ടുമായിരിക്കാം. അതില്‍ തെറ്റൊന്നുമില്ല!
ഈ അവ്യക്തതയേയും അതിന്‍റെ ചാരനിറങ്ങളേയും കൈകാര്യം ചെയ്യാന്‍ കഴിയുമ്പോഴാണ് മാതാപിതാക്കളെന്ന ഈ യാത്ര ആസ്വദിക്കാന്‍ നമുക്ക് കഴിയുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ കുറ്റമറ്റ ആളുമല്ല, ഭയങ്കരനുമല്ല, അങ്ങനെയാകേണ്ടതുമല്ല. നിങ്ങള്‍ അത്തരം കടുത്ത സ്വയം പ്രഖ്യാപനങ്ങളൊന്നും നടത്തേണ്ടതില്ല. നിങ്ങള്‍ വേണ്ടത്ര നല്ലതാണ്. ഏത് ഘട്ടത്തിലും നിങ്ങള്‍ വിശ്വസിക്കേണ്ടത് നിങ്ങളുടെ അപ്പോഴത്തേ ധാരണയനുസരിച്ച് ശരിയെന്ന് തോന്നുന്നതാണ് നിങ്ങള്‍ ചെയ്യുന്നതെന്നാണ്. നിങ്ങളുടെ ധാരണയോ സാഹചര്യമോ മാറുമ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ മറ്റൊരു വിധത്തില്‍ ചെയ്തേക്കാം. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ നിങ്ങളാല്‍ ആകുന്നത് നിങ്ങള്‍ ചെയ്യുന്നുണ്ട്. അത് നിര്‍സ്വാര്‍ത്ഥമാണോ സ്വാര്‍ത്ഥമാണോ എന്നത് വെറും വാക് വ്യായാമം മാത്രമാണ്. നിങ്ങളില്‍ വിശ്വസിക്കുകയും യാത്ര ആസ്വദിക്കുകയും ചെയ്യുക എന്നതിന് മാത്രമാണ് ഒടുവില്‍ പ്രധാന്യമുള്ളത്-ശരിക്കും!