ബാല്യകാലം
മക്കളെ വളര്‍ത്തലും മാനസികാരോഗ്യവും ഒന്നിച്ചുണ്ടാകേണ്ടത് എന്തുകൊണ്ട്?
മാനസികാരോഗ്യവുമായുള്ള എന്‍റെ സമ്പര്‍ക്കം 1997 ല്‍ ഞാന്‍ ഒരു അമ്മയായതിന് ശേഷമാണ് തുടങ്ങിയത്. എന്‍റെ വെല്ലുവിളികള്‍ നിറഞ്ഞ മുഴുവന്‍ സമയ കോര്‍പ്പരേറ്റ് കരിയറില്‍ നിന്ന് അല്‍പം വിട്ടു നിന്ന് ഒരു അമ്മമാത്രമാകാന്‍ ഞാന്‍ തീരുമാനിച്ചു. അമ്മയാകുക എന്നത് എല്ലാത്തിനെക്കുറിച്ചുമുള്ള എന്‍റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തി-ജീവിതത്തെക്കുറിച്ച് പൊതുവിലും എന്‍റെ ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ചും, ബന്ധങ്ങളെക്കുറിച്ച് പൊതുവിലും എന്‍റെ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകിച്ചും, മൂല്യങ്ങളെയും വിശ്വാസങ്ങളേയും കുറിച്ച് പൊതുവിലും എന്‍റെ മൂല്യങ്ങളേയും വിശ്വാസങ്ങളേയും
കുറിച്ച് പ്രത്യേകിച്ചും. മറ്റുള്ളവര്‍ എങ്ങനെയാണ് കുട്ടികളെ പോറ്റിവളര്‍ത്തുന്നതെന്നും ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നും ഞാന്‍ ആഗ്രഹിച്ചതുപോലെ കുറ്റങ്ങളില്ലാത്ത ഒരു അമ്മയാകാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്നുമൊക്കെ ഞാന്‍ ചിന്തിച്ചു. യുവതിയായ അമ്മയെന്ന നിലയ്ക്ക് സമയം നിശ്ചലമായതായി പലപ്പോഴും എനിക്ക് തോന്നി. കാരണം ദൈനംദിന അടിസ്ഥാനത്തില്‍ എന്‍റെ കാര്യങ്ങളിലൊന്നും മാറ്റമുണ്ടായില്ല. ഞാന്‍ അമ്മയുടെ ഒരു ജോലിയില്‍ നിന്നും അടുത്തതിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ മറുവശത്ത് സമയം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഒരു പക്ഷെ അതിന് വേഗം അല്‍പം കൂടിപ്പോയെന്നും ഉള്ള നിരന്തരവും ആഹ്ലാദകരവുമായ ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടായിരുന്നു. കുഞ്ഞ് നാഴികക്കല്ലുകള്‍ താണ്ടിക്കൊണ്ടിരുന്നു. അവളിപ്പോള്‍ കൗമാരത്തിന്‍റെ കുറേ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വൈകാതെ അവള്‍ കൂടുവിട്ട് പറക്കും. കുട്ടികള്‍ വേഗം വളരുന്നു. അവരുടെ വളര്‍ച്ചയിലാണ് നമ്മുടെ വളര്‍ച്ച, അത്ഭുതകരവും ഭാവനാതീതവുമായ രീതികളില്‍.
കുറിച്ച് പ്രത്യേകിച്ചും. മറ്റുള്ളവര്‍ എങ്ങനെയാണ് കുട്ടികളെ പോറ്റിവളര്‍ത്തുന്നതെന്നും ഞാന്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നും ഞാന്‍ ആഗ്രഹിച്ചതുപോലെ കുറ്റങ്ങളില്ലാത്ത ഒരു അമ്മയാകാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്നുമൊക്കെ ഞാന്‍ ചിന്തിച്ചു. യുവതിയായ അമ്മയെന്ന നിലയ്ക്ക് സമയം നിശ്ചലമായതായി പലപ്പോഴും എനിക്ക് തോന്നി. കാരണം ദൈനംദിന അടിസ്ഥാനത്തില്‍ എന്‍റെ കാര്യങ്ങളിലൊന്നും മാറ്റമുണ്ടായില്ല. ഞാന്‍ അമ്മയുടെ ഒരു ജോലിയില്‍ നിന്നും അടുത്തതിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ മറുവശത്ത് സമയം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഒരു പക്ഷെ അതിന് വേഗം അല്‍പം കൂടിപ്പോയെന്നും ഉള്ള നിരന്തരവും ആഹ്ലാദകരവുമായ ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടായിരുന്നു. കുഞ്ഞ് നാഴികക്കല്ലുകള്‍ താണ്ടിക്കൊണ്ടിരുന്നു. അവളിപ്പോള്‍ കൗമാരത്തിന്‍റെ കുറേ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വൈകാതെ അവള്‍ കൂടുവിട്ട് പറക്കും. കുട്ടികള്‍ വേഗം വളരുന്നു. അവരുടെ വളര്‍ച്ചയിലാണ് നമ്മുടെ വളര്‍ച്ച, അത്ഭുതകരവും ഭാവനാതീതവുമായ രീതികളില്‍.
കുട്ടിയെ വളര്‍ത്തല്‍ എന്നത് വെല്ലുവിളികളും ആശയക്കുഴപ്പവും, നിരാശയും ഉത്കണ്ഠയും, ആഹ്ലാദവും വേദനയും, സ്നേഹവും ദുഃഖവും, നന്ദി കിട്ടാത്ത'ചെയ്യല്‍' അവസാനമില്ലാത്ത 'ആയിരിക്കല്‍' നിരുപാധികമായ 'സ്നേഹിക്കല്‍' എന്നിവയൊക്കെയാണ്. കുട്ടിയെ വളര്‍ത്തുന്നതിന്‍റെ വെല്ലുവിളികളേയും ആഹ്ലാദങ്ങളേയും നമ്മള്‍ ഓരോരുത്തരും കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യത്തേയും സൗഖ്യത്തേയും മാത്രമല്ല നമ്മുടേതിനേയും ബാധിക്കും.
അമ്മയെന്ന യാത്രക്കിടയില്‍ 2007 ല്‍ ഞാന്‍ ഔപചാരികമായി മാനസികാരോഗ്യ രംഗത്ത് പ്രവേശിച്ചു. കൗണ്‍സിലര്‍ ആകാനുള്ള എന്‍റെ ബാഹ്യമായ യാത്രയും സ്വയം പുതിയൊരു അര്‍ത്ഥം കണ്ടെത്താനുള്ള ആന്തരികമായ യാത്രയും അവിടെ ആരംഭിച്ചു. അതിന് ശേഷം ഞാന്‍ ആ മേഖലയില്‍ വിവിധ തരത്തിലുള്ള സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷം ഞാന്‍ സ്കൂള്‍ കൗണ്‍സിലര്‍ ആയിരുന്നു. കൂടാതെ മുതിര്‍ന്ന വ്യക്തികളേയും ദമ്പതിമാരേയും കുടുംബങ്ങളേയും ജീവിതത്തിന് പുതിയൊരു അര്‍ത്ഥം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൗമാരക്കാരുടേയും ചെറുപ്പക്കാരുടേയും പരീക്ഷ, സമ്മര്‍ദ്ദം, ലക്ഷ്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഉത്കണ്ഠകളെ സംബന്ധിച്ച് ഒരു ദേശീയ ദിനപത്രത്തില്‍ ഞാനൊരു സ്ഥിരം കോളം എഴുതുന്നുണ്ട്. എന്‍റെയടുക്കല്‍ വിദഗ്ധോപദേശം തേടിയെത്തുന്നവരില്‍ പലരും കുട്ടികളെ വളര്‍ത്തുന്നതിന്‍റെ വെല്ലുവിളികള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന മാതാപിതാക്കളാണ്. ഫലപ്രദമോ കാര്യക്ഷമമോ അല്ലാത്ത രക്ഷാകര്‍തൃത്തത്തോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളും മുതിര്‍ന്നവരുമാണ് മറ്റു ചിലര്‍. മാനസികാരോഗ്യത്തിന്‍റേയും സൗഖ്യത്തിന്‍റേയും വിവിധ വശങ്ങളെപ്പറ്റി ഞാന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ശില്പശാലകള്‍ നടത്തിയിട്ടുണ്ട്. സ്വന്തം മാനസികാരോഗ്യത്തെക്കുറിച്ച് ശ്രദ്ധപാലിച്ചുകൊണ്ട് അവരുടെ സംരക്ഷണയിലുള്ളവരുടെ മാനസികാരോഗ്യം സാധ്യമാക്കാന്‍ അവരെ സഹായിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.
നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യവും നമ്മള്‍ കുട്ടികളെ വളര്‍ത്തുന്ന ശൈലിയും തമ്മിലുള്ള ബന്ധത്തിന്‍റെ ഏറ്റവും അടുത്തകാലത്ത് കണ്ട ഉദാഹരണം സമീപകാലത്ത് എന്‍റയടുത്തേക്ക് അയയ്ക്കപ്പെട്ട ഒരു വ്യക്തിയാണ്. എന്നെ കാണുന്നിന് രണ്ടു ദിവസം മുമ്പ് ആ ചെറുപ്പക്കാരനില്‍ ആത്മഹത്യാ പ്രവണത പ്രകടമായിരുന്നു. അതിനാല്‍ അടിയന്തിര ശുശ്രൂഷയ്ക്ക് ശേഷം മനോരോഗ ചികിത്സകന്‍ (സൈക്യാട്രിസ്റ്റ്)അയാളെ എന്‍റെയടുത്തേക്ക് അയച്ചു. അയാള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അയാളുടെ മാതാപിതാക്കള്‍-നല്ല ഉദ്ദേശ്യത്തോടെയായിരിക്കണം-വിദേശത്തുള്ള ഒരു ബന്ധുവിനോടൊപ്പം തങ്ങളുടെ കുടുംബ ബിസിനസില്‍ മകന്‍ ജോലി ചെയ്തു തുടങ്ങിയാല്‍ വളരെ നന്നായിരിക്കുമെന്ന് കരുതി. പിന്നീട് പലതും സംഭവിച്ചു. ആ ബന്ധു (അമ്മാവന്‍) വന്‍തോതിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കിയ ചെറുപ്പക്കാരന്‍ ഒടുവില്‍ വിട്ടിലേക്ക് തിരിച്ചു പോന്നു. പക്ഷെ യുവാവിന്‍റെ കുട്ടുകുടുംബ വ്യവസ്ഥയില്‍ കുടുംബ ബന്ധങ്ങളുടെ വിശുദ്ധിയായിരുന്നു എല്ലാത്തിനും മേലെ. അവര്‍ യുവാവിനെ തിരിച്ചു പോയി അമ്മാവന്‍റെ കൂടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഈ ചെറുപ്പക്കാരന്‍ ഒടുവില്‍ പുതിയൊരു തുടക്കത്തിനായി വീട്ടില്‍ നിന്ന് ഓടിപ്പോന്ന് കുടുംബവുമായുള്ള ബന്ധം വിച്ഛേദിച്ചു. ഈ ഘട്ടത്തിലാണ് അയാളെന്‍റെ അടുത്തു വന്നത്.
അയാളുടെ മാതാപിതാക്കള്‍ അയാളെ വളര്‍ത്തിയ രീതിയനുസരിച്ച് അയാള്‍ക്ക് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ സ്വന്തം അഭിപ്രായങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാനോ കഴിയുമായിരുന്നില്ല. ഒരു ഭാഗത്ത് കൂട്ടുകുടുംബം തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതും മറുഭാഗത്ത് തനിക്ക് നല്ലതെന്ന് താന്‍ വിശ്വസിക്കുന്നതും എന്ന മാനസിക സംഘര്‍ഷത്തിന്‍റെ തീവ്രതകൊണ്ട് ആയാള്‍ക്ക് എല്ലാം അവസാനിപ്പിക്കുകയല്ലാതെ ഒരു രക്ഷാമാര്‍ഗമില്ലെന്ന് തോന്നി. അയാള്‍ക്ക് വീട്ടുകാര്‍ ആവശ്യപ്പെടുന്നതിനെ വെല്ലുവിളിക്കാനോ ചോദ്യം ചെയ്യാന്‍ പോലുമോ അനുവാദമില്ലായിരുന്നല്ലോ. അനുസരണ മാത്രമാണ് അയാളില്‍ നിന്ന് വീട്ടുകാര്‍ പ്രതീക്ഷിച്ചത്. അയാള്‍ പറഞ്ഞത് ചുറ്റും ശക്തമായ ഉരുക്കഴികളുള്ള ജയിലിലാണ് താനെന്ന് തോന്നുന്നു എന്നും അവ ഭേദിച്ച് ഓടിപ്പോകാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നുമാണ്. ഞങ്ങള്‍ ഒരുമിച്ച് നടത്തിയ പരിശ്രമം ഹ്രസ്വമെങ്കിലും വളരെ ലളിതവും അര്‍ത്ഥവത്തുമായിരുന്നു. 'അനുസരിക്കാതിരിക്കുക'വഴി തന്‍റെ മാനസിക തടവറയില്‍ നിന്ന് രക്ഷപ്പെടുക എന്നത് തെറ്റല്ല എന്ന സൂചന അയാള്‍ക്ക് കൊടുക്കുക മാത്രമേ ഇവിടെ ചെയ്തുള്ളു. അയാള്‍ക്ക് സ്വാതന്ത്ര്യവും ആശ്വാസവും അനുഭവപ്പെട്ടു. ഇനിയുള്ള ജീവിതം സ്വന്തം അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചാക്കാന്‍ അയാള്‍ തീരുമാനിച്ചു.
നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യവും നമ്മള്‍ അവരെ വളര്‍ത്തിയ ശൈലിയും തമ്മിലുള്ള ബന്ധം പരിശോധിക്കാനുള്ള ഒരു പരിശ്രമമാണ് ഈ കോളം. നമ്മുടെ മാതാപിതാക്കള്‍ക്ക് നമ്മള്‍ ഇന്നതായിരിക്കുന്നു എന്നതിലും മുതിര്‍ന്നവര്‍ എന്ന നിലയ്ക്ക് നമ്മുടെ മാനസികാരോഗ്യത്തിലും എന്ത് സ്വാധീനമാണ് ഉണ്ടായിരുന്നതെന്നും ഇവിടെ പരിശോധിക്കുന്നു. മാതാപിതാക്കളെന്ന നിലയ്ക്ക് നമ്മള്‍ കഴിയുന്നതെല്ലാം ചെയ്യുകയും കുട്ടികളുടെ ഉത്തമ താല്‍പര്യത്തിനെന്ന് വിശ്വസിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെങ്കിലും, നമ്മള്‍ ചെയ്യുന്നത് എല്ലായ്പ്പോഴും മാനസികാരോഗ്യത്തോടെ ജീവിക്കാനും മാനസികാരോഗ്യമുള്ള മുതിര്‍ന്ന വ്യക്തികളായി വളരാനും അവരെ പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകപോലുമോ ചെയ്യുന്ന കാര്യങ്ങളായിരിക്കില്ല. എങ്കിലും നമ്മള്‍ എല്ലായ്പ്പോഴും വിശ്വസിക്കേണ്ടത് നമ്മള്‍ 'വേണ്ടത്ര നല്ല' മാതാപിതാക്കളാണെന്ന് തന്നെയാണ്. ആത്മവിശ്വാസവും ആരോഗ്യവും സര്‍ഗാത്മകതയും സമ്പൂര്‍ണഊര്‍ജസ്വലതയും ഉള്ള വ്യക്തികളെ വളര്‍ത്താനുള്ള നമ്മുടെ കഴിവില്‍ നമുക്ക് വിശ്വാസം ഉണ്ടായിരിക്കണം. ആത്മവിശ്വാസത്തിനും സ്വയം വിമര്‍ശനത്തിനും ഇടയില്‍, അറിവിനും അറിവില്ലായ്മയ്ക്കും ഇടയില്‍, പിടിവിടാതിരിക്കുന്നതിനും പിടിവിടുന്നതിനും ഇടയില്‍, പഠിപ്പിക്കുന്നതിനും പഠിക്കാന്‍ സന്നദ്ധരാകുന്നതിനും ഇടയില്‍, അംഗീകരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും ഇടയില്‍, വര്‍ത്തമാന കാലത്ത് ജീവിക്കുന്നതിനും നമ്മുടേയും നമ്മുടെ കുട്ടികളുടേയും ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നതിനും ഇടയില്‍ ഉള്ള ഒരു സംതുലനാവസ്ഥ കണ്ടെത്താനുള്ള നമ്മുടെ കഴിവിലാണ് നമ്മുടേയും നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യത്തിന്‍റേയും താക്കോല്‍.
ഞാനെഴുതുന്നതില്‍ അധികവും കുട്ടിയായും അമ്മയായും കൗണ്‍സിലറായും ഉള്ള എന്‍റെ അനുഭവങ്ങളെ( എന്തെല്ലാം വിജയിച്ചു എന്നും എന്തെല്ലാം വിജയിച്ചില്ലായെന്നും) അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ രഹസ്യാത്മകതയും സ്വകാര്യതയും സൂക്ഷിക്കുന്നതിനായി, ഇതില്‍ ഏതാണ് ഏത് എന്ന് ഞാന്‍ എടുത്ത് പറഞ്ഞില്ലെന്നിരിക്കും.
നമ്മള്‍ ഒരുമിച്ച് ഈ വിഷയം പരിശോധിക്കുമ്പോള്‍, നിങ്ങള്‍ എന്നോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. ഓരോ തവണയും നിങ്ങളുടെ ചോദ്യത്തിന് ഒന്നിനെങ്കിലും ഉത്തരം നല്‍കാന്‍ ഞാന്‍ ശ്രമിക്കും. നമ്മള്‍ എല്ലാവരും ചേര്‍ന്നുള്ള അറിവിന്‍റേയും കണ്ടെത്തലിന്‍റേയും യാത്രയില്‍ എന്നോടൊപ്പം വരുക.
മൗലിക ശര്‍മ്മ, മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി തന്‍റെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച, ബാഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറാണ്. തൊഴിലാളികളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സ്ഥാപനമായ വര്‍ക്ക് പ്ലേയ്സ് ഓപ്ഷന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മൗലിക ബാംഗ്ലൂരിലെ റീച്ച് ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഈ കോളത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതേണ്ട വിലാസം- columns@whiteswanfoundation.org. ഉത്തരങ്ങള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ കോളത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.