ഒമ്പതു മാസത്തെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പിനു ശേഷം ലഭിച്ച കുഞ്ഞുമായി നിങ്ങള്‍ മടങ്ങി വീട്ടിലെത്തുകയാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം ആകപ്പാടെ ലോകം കീഴ്മേല്‍ മറിഞ്ഞ അവസ്ഥയായിരിക്കും. ഗര്‍ഭധാരണം, പ്രസവം, നവജാതശിശുപരിചരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ പലവിധത്തിലും ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാല്‍ പ്രായോഗിക തലത്തില്‍ വരുമ്പോള്‍ കാര്യങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ച് കുട്ടിയെ ആരുടെയും സഹായമില്ലാതെ നിങ്ങള്‍ തന്നെ പരിചരിക്കേണ്ട അവസ്ഥയുണ്ടെങ്കില്‍. ഈ സമയത്ത് കിട്ടാവുന്ന എല്ലാ സഹായങ്ങളും സൗകര്യങ്ങളും അമ്മയ്ക്ക് കിട്ടിയിരിക്കണം. പിന്നീടു വരുന്ന ഏതാനും ആഴ്ചകള്‍ ആ സ്ത്രീയുടെ ജീവിതം കുട്ടിയെ ചുറ്റിപ്പറ്റി മാത്രമായിരിക്കും. അവള്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയായിരിക്കും. കുഞ്ഞിന് പുതിയ പരിസരവുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ അമ്മയുടെ ബുദ്ധിമുട്ട് അല്പം കുറയും. ഇല്ലെങ്കില്‍ അമ്മയ്ക്ക് വലിയ കഷ്ടപ്പാടു തന്നെയായിരിക്കും. പത്തില്‍ ഒരു സ്ത്രീയെ വീതം പ്രസവാനന്തര വിഷാദാവസ്ഥ ബാധിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രസവം കഴിഞ്ഞ് ആദ്യത്തെ ആഴ്ചയ്ക്കും പിന്നീടുള്ള ആറുമാസത്തിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഈ അവസ്ഥ ഉണ്ടാകാം. മിക്കവാറും ഇത് തിരിച്ചറിയപ്പെടാതെ പോകും എന്നതാണ് വസ്തുത. നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ഈ പ്രശ്നം പുറത്തുപറയാന്‍ ബുദ്ധിമുട്ടുണ്ടാകും. സ്വന്തം കുട്ടിയെ പരിചരിക്കാന്‍ വയ്യ എന്ന് ഒരമ്മ പറയുന്നത് സമൂഹം എങ്ങനെയാണ് എടുക്കുക എന്ന ഭയമായിരിക്കും സ്ത്രീയ്ക്ക് ഉണ്ടാകുക. ഈ ഭയം മൂലം അവള്‍ തന്‍റെ വിഷമങ്ങള്‍ വെളിപ്പെടുത്തില്ല. അതുകൊണ്ടു തന്നെ കൃത്യസമയത്ത് അവള്‍ക്ക് പലപ്പോഴും സഹായം ലഭിക്കാറില്ല. യഥാസമയം ആവശ്യമായ സഹായമോ സഹകരണമോ ലഭിക്കാത്തതു മൂലം ചിലപ്പോള്‍ അവള്‍ക്ക് കുഞ്ഞിനോടു തന്നെ അകല്‍ച്ച തോന്നിത്തുടങ്ങും. അതിനെ എടുക്കാനോ മുലയൂട്ടാനോ ലാളിക്കാനോ അവള്‍ക്ക് ആഗ്രഹമില്ലാതെയാകും. കുഞ്ഞിനെ ഉപദ്രവിക്കുകയോ കൊല്ലുക തന്നെയോ ചെയ്യാന്‍ ചില അമ്മമാര്‍ക്ക് തോന്നുന്ന അവസരങ്ങളും ഉണ്ട്. ചിലപ്പോള്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കരയാനോ, തൊണ്ട കീറി അലറാനോ അവള്‍ക്ക് തോന്നിയേക്കാം. പ്രസവത്തിനു മുമ്പ് യോഗ ചെയ്യുന്നത് ശാന്തതയോടെ ഈ അവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിന് സ്ത്രീകളെ സജ്ജമാക്കും. നിങ്ങള്‍ ഒരു നവജാത ശിശുവിന്‍റെ അമ്മയാണെങ്കില്‍, പ്രസവം കഴിഞ്ഞ് ആറോ എട്ടോ ആഴ്ചകള്‍ക്കു ശേഷം യോഗ പരിശീലിച്ചു തുടങ്ങാം. അത് മനസ്സിനെ ശാന്തമായി വെയ്ക്കാനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന വിധത്തില്‍ ശരീരത്തെ പഴയ ആകൃതിയിലേക്ക് കൊണ്ടുവരാനും സഹായിക്കും. ചില യോഗാസനങ്ങള്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നതിനും പ്രസവത്തോട് അനുബന്ധിച്ച് ശരീരത്തില്‍ ഉണ്ടായ കൊഴുപ്പ് ഒതുങ്ങുന്നതിനും സഹായിക്കും. യോഗ ശരീരത്തിലെ മെറ്റാബോളിസം അഥവാ ചയാപചയം വര്‍ദ്ധിപ്പിക്കുന്നതിനും ഹോര്‍മോണിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കും.