എൻഡോമെട്രിയോസിസ്: ശാരീരിക വേദനയുടെ വൈകാരിക പ്രഭാവം

എൻഡോമെട്രിയോസിസ്: ശാരീരിക വേദനയുടെ വൈകാരിക പ്രഭാവം

'വേദനാകരമായ ആർത്തവം' എന്നതിലും വളരെ അപ്പുറം, എൻഡോമെട്രിയോസിസ് മനോഭാവ ചാഞ്ചാട്ടങ്ങൾക്കും വൈകാരിക അസ്വസ്ഥതകൾക്കും കൂടി കാരണമായേക്കാം

എന്താണ് എൻഡോമെട്രിയോസിസ്?
ഗർഭപാത്രത്തിന് എൻഡോമെട്രിയം എന്നു പേരായ ഒരു സ്തരം ഉണ്ട്. എൻഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിനു പുറത്തായും ചിലപ്പോൾ ശരീരത്തിലെ മറ്റു ഭാഗങ്ങളിലും - അണ്ഡാശയങ്ങൾ, അണ്ഡവാഹിനി കുഴലുകൾ, ചിലപ്പോൾ ഉദരാന്തര്‍ഭാഗങ്ങൾ ഉൾപ്പടെ - വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഗർഭപാത്രത്തിനു പുറത്തുള്ള ഈ സ്തരത്തിന്‍റെ സാന്നിദ്ധ്യം ആർത്തവ കാലങ്ങളിൽ തീവ്രവേദനയ്ക്കു കാരണമായി ഭവിച്ചെന്നു വരാം. ചില സ്ത്രീകൾക്ക് വേദന അതിതീവ്രമാകുന്നതിനാൽ മാസമുറക്കാലം മുഴുവനും തന്നെ അവരെ അതു തീർത്തും അശക്തരാക്കി മാറ്റി എന്നരിക്കും.

അത് വെറും ശാരീരിക വേദന മാത്രമല്ല; അതിനോടനുബന്ധിച്ചുള്ള ചിരസ്ഥായിയായ വേദന അത് അനുഭവിക്കുന്ന വ്യക്തിയെ വൈകാരിക ബുദ്ധിമുട്ടുകളിലേക്കും നയിച്ചെന്നു വരാം.

എൻഡോമെട്രിയോസിസ് രോഗത്തിന്‍റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ്?

പ്രജനനക്ഷമതയുള്ള പ്രായത്തിലുള്ള (reproductive age) സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകാറുള്ളത്- ഒരു സ്ത്രീയുടെ പ്രജനനക്ഷമതയുടെ ആദ്യവർഷങ്ങളിൽ ഇത് സംഭവിക്കുവാൻ വളരെ സാദ്ധ്യതയുമുണ്ട്, പിന്നീട് ലക്ഷണങ്ങൾ ക്രമേണ രൂക്ഷതരമായി തീരുകയും ചെയ്‌തേക്കാം. എന്നിരുന്നാലും, പലേ സ്ത്രീകൾക്കും, രോഗനിർണ്ണയം നടത്തപ്പെടുന്നതു തന്നെ അനേകം വർഷങ്ങൾക്കു ശേഷം പലേ കാരണങ്ങളാൽ - ആർത്തവത്തെ പറ്റി സംസാരിക്കുന്നതിലുള്ള വിലക്ക് അല്ലെങ്കിൽ എന്താണ് 'സാധാരണം', എന്തിലാണ് വൈദ്യശാസ്ത്ര ഇടപെടൽ വേണ്ടത് എന്നതു സംബന്ധിച്ചുള്ള അവബോധക്കുറവ് - ആയിരിക്കും. ലക്ഷണങ്ങൾ ഇവയാണ്:

 • വേദനാജനകമായ കോച്ചിപ്പിടിക്കൽ അടക്കമുള്ള അധികരിച്ച രക്തസ്രാവം ഉള്ള ആർത്തവ കാലം.
 • ലൈംഗികബന്ധത്തിനിടയിൽ ഉള്ള വേദന
 • മാസമുറക്കാലത്തോ അല്ലാത്തപ്പോഴോ അടിവയറ്റിലോ വസ്തിപ്രദേശത്തോ ആവർത്തിച്ചു വരുന്ന വേദന
 • മാസമുറക്കാലങ്ങൾക്ക് ഇടയിൽ വരുന്ന രക്തസ്രാവം
 • ഗർഭം ധരിക്കുന്നതിൽ ഉള്ള ബുദ്ധിമുട്ട്

ഇൻഡ്യൻ സ്ത്രീകളിൽ 5 മുതൽ 20 ശതമാനം വരെ ഉള്ള സ്ത്രീകൾക്ക് എൻഡോമെട്രിയോസിസ് ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ട്. അനേകം ദിവസങ്ങളിലേക്ക് നിങ്ങളെ തീർത്തും അശക്തയാക്കി കളയുന്ന തരം വേദനാകരമായ മാസമുറ നിങ്ങള്‍ക്ക് ഉണ്ടെങ്കിൽ, എൻഡോമെട്രിയോസിസ് ഉണ്ടെന്നു സ്ഥിരീകരിക്കുന്നതിനോ അതല്ലെങ്കിൽ അത് ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയോ നിങ്ങള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നത് അഭിലഷണീയമായിരിക്കും.  

മാസമുറക്കാലത്ത് അനുഭവപ്പെടുന്ന സാധാരണ വേദനയേക്കാൾ എൻഡോമെട്രിയോസിസ് വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?

മിയ്ക്ക സ്ത്രീകളും വേദനാജനകമായ കോച്ചിപ്പിടുത്തം, വയറുവേദന, അല്ലെങ്കിൽ പുറം വേദന എന്നിവ ആർത്തവ കാലത്ത് അനുഭവിക്കാറുണ്ട്. ഇതിലെ ചില വേദനകൾ സ്വാഭാവികമാണ്; ചില സ്ത്രീകൾക്ക് ഇവ ഹോർമോൺ അസന്തുലിതാവസ്ഥ കൊണ്ടു സംഭവിക്കുന്നതുമാകാം. എങ്കിലും എൻഡോമെട്രിയോസിസിനൊപ്പം വേദന തീവ്രമായിരിക്കും, അത് ഒരു സ്ത്രീയെ തന്‍റെ ദൈനംദിന ചര്യകളിൽ നിന്നു അകറ്റി നിർത്തിയെന്നും വരാം. ചില സ്ത്രീകൾ ഈ വേദന ആർത്തവത്തിനു മുമ്പും പിമ്പും അനുഭവിക്കാറുണ്ട്. 

ഔഷധോപയോഗം കൊണ്ട് കൈകാര്യം ചെയ്യാവുന്ന ഒരു ചിരസ്ഥായിയായ അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ചില അവസ്ഥകളിൽ മറ്റ് അവയവങ്ങളിൽ നിന്നും എൻഡോമെട്രിയം നീക്കം ചെയ്യുന്നതിനായി ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചെന്നിരിക്കും. എങ്കിലും ചില അവസരങ്ങളിൽ അത് വീണ്ടും ആവർത്തിച്ചെന്നും വരാം.   

പലപ്പോഴും എൻഡോമെട്രിയോസിസിനെ ആർത്തവവേദനയക്കു തുല്യമായി കണക്കാറുണ്ട്, യഥാർത്ഥത്തിൽ അത് കൈകാര്യം ചെയ്യുന്നത് കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണെങ്കിൽ കൂടി. അവബോധത്തിന്‍റെ കുറവു മൂലം, എൻഡോമെട്രിയോയിസ് ഉള്ള ഒരു സ്ത്രീ രോഗനിർണ്ണയം നടത്തുന്നതിനു മുമ്പ് വർഷങ്ങളോളം വേദന സഹിക്കുന്നതിന് സാദ്ധ്യതയുണ്ട്. വേദന ദുസ്സഹമാകുമ്പോൾ മാത്രമേ ചില സ്ത്രീകൾ സഹായം തേടുകയുള്ളു.

വൈകാരിക പ്രഭാവം

വേദനയുള്ള ആർത്തവത്തെ നേരിടുന്നതിനേക്കാൾ എത്രയോ കഠിനതരമായിരിക്കും എൻഡോമെട്രിയോസിസ് അവസ്ഥയെ കൈകാര്യം ചെയ്യുന്നത്. പതിവു പോലെ തന്‍റെ ദിനചര്യകൾ നടത്തുന്നതിൽ നിന്നും ജോലികൾ ചെയ്യുന്നതിൽ നിന്നും ഈ ചിരസ്ഥായിയായ വേദന അവരെ പിന്തിരിപ്പിച്ചെന്നു വരാം. താഴെ വിവരിക്കുന്ന കാരണങ്ങൾ മൂലം അത് മാനസിക പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്‌തെന്നും വരാം:

 • വീട്ടിലാണെങ്കിലും ശരി തൊഴിലിടത്തിൽ ആണെങ്കിലും ശരി, തന്‍റെ ദൈനംദിന ചുമതലകൾ നിർവ്വഹിക്കുന്നതിന് കഴിയാതാകുക
 • ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവിക്കുക, തല്‍ഫലമായി ബന്ധം ആയാസകരമായി തീരുക 
 • വന്ധ്യതയെ കുറിച്ചു ഉത്കണ്ഠയുണ്ടാകുക അതല്ലെങ്കിൽ യഥാർത്ഥത്തിൽ വന്ധ്യത ഉണ്ടാകുക
 • തന്‍റെ അവസ്ഥ ആവർത്തിക്കുന്നതിനെ കുറിച്ചോ അല്ലെങ്കിൽ അത് കൂടുതൽ മോശമാകുന്നതിനെ കുറിച്ചോ ആശങ്കപ്പെടുക
 • ചികിത്സയെ കുറിച്ചുള്ള ഉത്കണ്ഠയും നിരാശയും അല്ലെങ്കില്‍ പ്രതീക്ഷ ഇല്ലായ്മയും

മറ്റു ഹോർമോൺ അനുബന്ധ അവസ്ഥകൾ പോലെ തന്നെ ദുരിതത്തിനു കാരണം ഹോർമോൺ തന്നെ ആകുന്നത് വിരളമാണ്. ശാരീരിക ഘടകങ്ങൾ ഒരു സ്ത്രീയുടെ മേൽ ആയാസം സൃഷ്ടിക്കുകയും  പ്രശ്‌നവുമായി പൊരുത്തപ്പെട്ടു പോകുന്നതിനുള്ള അവളുടെ കഴിവുകൾ കുറയക്കുകയും ചെയ്യുമ്പോഴും പശ്ചാത്തലത്തിലുള്ള മറ്റു ക്ലേശകാരികള്‍ ഈ സമരസപ്പെടല്‍ കൂടുതൽ കഠിനമാക്കിത്തീർത്തേക്കാം. പശ്ചാത്തലത്തിലുള്ള ക്ലേശകാരകങ്ങളായ ഘടകങ്ങളില്‍ താഴെ പറയുന്നവ കൂടി ഉൾപ്പെട്ടേക്കാം:

 •  തൊഴിൽസ്ഥലത്ത് പിന്തുണയുടെ അഭാവമുള്ള  അന്തരീക്ഷം
 • കുടുംബത്തിൽ നിന്നും ഉള്ള ധാരണയുടേയോ പിന്തുണയുടേയോ കുറവ്.
 • വൈകാരിക പിന്തുണയുടെ അല്ലെങ്കിൽ അവളുടെ അവസ്ഥയോടുള്ള തന്മയീഭാവത്തിന്‍റെ കുറവ്
 • വിവാഹം കഴിഞ്ഞ ഉടനേ തന്നെ ഒരു കുഞ്ഞ് വേണം എന്നുള്ള സമൂഹത്തിന്‍റെ സമ്മർദ്ദം
 • ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കു മൂലം തന്‍റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള കഴിവില്ലായ്മ

പശ്ചാത്തല ക്ലേശകാരികള്‍ ഇങ്ങനെയായിരിക്കെ,  ഒരു സ്ത്രീക്ക് ഏകാന്തതയും ആത്മാഭിമാനക്കുറവും തോന്നിയെന്നു വരാം, തന്നെ മനസ്സിലാക്കുന്നില്ല എന്നൊരു തോന്നലും അവള്‍ക്ക് അനുഭവപ്പെട്ടെന്നു വരാം. രോഗത്തിന്‍റെ ചിരസ്ഥായിയായ അവസ്ഥ ഭയപ്പെടുത്തുന്നത് ആണ്, ചിലപ്പോൾ അത് പ്രതീക്ഷയില്ലായ്മയിലേക്കു നയിച്ചുവെന്നും വരാം. വളരെ ഉയർന്ന തലത്തിലുള്ള പശ്ചാത്തല ക്ലേശകാരികൾ ഉള്ള സ്ത്രീകൾ, മനോഭാവ സ്വൈരക്കേടുകൾ, ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ ഒഴിയാബാധ പോലുള്ള ഉൾപ്രേരണകൾ എന്നിവ മൂലം കഷ്ടപ്പെടുന്നതിന് ഇടയുണ്ട്. ഹോർമോൺ ചികിത്സ മനോഭാവ ചാഞ്ചാട്ടങ്ങൾക്കു പ്രേരിപ്പിച്ചുവെന്നും വരാം.

എൻഡോമെട്രിയോസിസുമായി സമരസപ്പെടുന്നത്

"എൻഡോമെട്രിയോസിസ് അനുബന്ധ വേദന പരിഗണിക്കുമ്പോൾ,  അവബോധം സംഭവിക്കുന്നത് മനസ്സിനുള്ളിലാണ്. പക്ഷേ അതിന്‍റെ അർത്ഥം വേദന സാങ്കൽപ്പികമാണ് എന്നല്ല. പശ്ചാത്തല ക്ലേശവുമായി നേരിട്ടുള്ള അനുപാതത്തിലാണ് അവബോധം. ക്ലേശം വർദ്ധിച്ചു വരുമ്പോൾ, വേദനയുടെ ആരംഭതലം താഴ്ന്നു വരുന്നു, അതുമായി പൊരുത്തപ്പെടുക  എന്നത് കൂടുതല്‍ കഠിനതരം ആയിത്തീരുകയും ചെയ്യുന്നു," ഗൈനക്കോളജിസ്റ്റ് ആയ ഡോ ലതാ വെങ്കട്ടരാമൻ വിശദീകരിക്കുന്നു. "ചിലപ്പോൾ, വേദന ചിരസ്ഥായിയാണ് എന്നതു മൂലം അവളുടെ ചുറ്റും ഉള്ളവർ തന്നെ അവളോട് ബഹിഷ്‌കരിക്കുന്ന മട്ടിൽ പെരുമാറിയെന്നു വരാം. അവർ അവളുടെ വേദന അവഗണിക്കുകയോ, പിന്തുണ നല്‍കാത്ത മട്ടിലുള്ള തരം അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ ചെയ്‌തെന്നു വരാം. ഇത് മാനസിക പിരിമുറുക്കത്തിന്‍റെ ആക്കം കൂട്ടിയേക്കാം, സമരസപ്പെടുന്നതിനുള്ള കഴിവ് വീണ്ടും കുറഞ്ഞു പോകുകയും ചെയ്‌തേക്കാം. അങ്ങനെ അത് ഒരു തരം ദൂഷിതവലയം ആയിത്തീരുകയും ചെയ്യുന്നു.

നിങ്ങൾക്ക് നിങ്ങളുടെ പശ്ചാത്തല ക്ലേശകാരികളെ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും കഴിവുണ്ടെങ്കിൽ എൻഡോമെട്രിയോസിസുമായി സമരസപ്പെടുക എന്നതിന്‍റെ വെല്ലുവിളി ലഘൂകരിക്കാനാകും.

1. അസുഖത്തെ കുറിച്ചു മനസ്സിലാക്കുക. നിങ്ങൾക്ക് ഈ വിഷയത്തിൽ നല്ലവണ്ണം അറിവു നേടാൻ കഴിയും വിധം നിങ്ങൾക്കുള്ള എല്ലാ ചോദ്യങ്ങളും ഡോക്ടറോട് ചോദിക്കുക.

2. നിങ്ങളുടെ കുടുംബം പിന്തുണ നൽകുന്നവരാണ് എങ്കിൽ, അവരോട് സംസാരിക്കുക, നിങ്ങൾ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് അവരെ മനസ്സിലാക്കുവാൻ സഹായിക്കുക. നിങ്ങള്‍ ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകുമ്പോൾ നിങ്ങളുടെ ഒരു കുടുംബാംഗമോ നിങ്ങളുടെ പങ്കാളിയോ  ഒപ്പം ഉണ്ടാകുകയാണെങ്കിൽ എൻഡോമെട്രിയോസിസിനെ കുറിച്ച് അവർക്ക് മെച്ചപ്പെട്ട ധാരണ ലഭിക്കും. നിങ്ങൾക്ക് ഒരു പങ്കാളി ഉണ്ടെങ്കിൽ, ആ വ്യക്തിയെ  കൂടി ചികിത്സാകാര്യങ്ങളില്‍ ഉൾപ്പെടുത്തുക.

3. നിങ്ങളുടെ ആർത്തവത്തിന്‍റെ ആഴ്ച്ചയിൽ നിങ്ങൾ അനുഭവിക്കുന്നത് എന്തു തരം മാനസിക പിരിമുറുക്കങ്ങളാണ് എന്നു തിരിച്ചറിയുക. അത് ലാഘവത്തോടെ കാണുവാൻ ശ്രമിക്കുക. ആവശ്യമുള്ള പക്ഷം ചില ചുമതലകൾ നടത്തിയെടുക്കുന്നതിനായി കുടുംബത്തേയോ സുഹൃത്തുക്കളേയോ ഏൽപ്പിക്കുക.

4. പൊതുവിശ്വാസത്തിന് വിപരീതമായി എല്ലായപ്പോഴും എൻഡോമെട്രിയോസിസ് വന്ധ്യതയ്ക്ക് കാരണമാകണമെന്നില്ല. നിങ്ങളുടെ ഗര്‍ഭധാരണശക്തിയെ കുറിച്ച് നിങ്ങള്‍ക്ക് ആകുലത ഉണ്ടെങ്കില്‍, ലഭ്യമായിട്ടുള്ള ചികിത്സാ രീതികളെ പറ്റിയും നിങ്ങള്‍ക്ക് എന്താണ് ചെയ്യുവാന്‍ കഴിയുക എന്നതു സംബന്ധിച്ചും ഡോക്ടറോടു സംസാരിക്കുക.

5.നിങ്ങൾക്കു സുഖം തോന്നുന്ന ദിവസങ്ങളിൽ ഒരു വ്യായാമ ദിനചര്യ അനുഷ്ഠിക്കുക. യോഗ, വൈകാരികമായും ശാരീരികമായും ഗുണം ചെയ്യും എന്നു പറയപ്പെടുന്നുണ്ട്.

6.  പിന്തുണ നല്‍കുന്ന ഒരു ഓൺലൈൻ കൂട്ടായ്മ കണ്ടെത്തുക. നിങ്ങൾ വല്ലാതെ പരവശയാണെങ്കിൽ, വൈകാരിക പിന്തുണ നേടുന്നതിനായി ഒരു വിദഗ്ദ്ധ ഉപദേശകയെ സമീപിക്കുക.

എൻഡോമെട്രിയോസിസ് ഉള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ താഴെ പറയുന്ന വിധത്തിൽ നിങ്ങൾക്ക് അവരെ സഹായിക്കുവാൻ കഴിയും:

1.സാധിക്കുമ്പോഴെല്ലാം അവരുടെ മാനസിക പരിമുറുക്കം കുറയ്ക്കുന്നതിനായി അവരെ പിന്തുണയ്ക്കുക. അവരുടെ വീട്ടുജോലികളിലോ കുട്ടികളെ പരിപാലിക്കുന്നതിലോ നിങ്ങൾക്ക് പിന്തുണ നൽകുവാൻ കഴിയും.

2.നിങ്ങൾക്ക് അറിയാവുന്ന ചില വീട്ടു പരിഹാരമാര്‍ഗ്ഗങ്ങൾ അവരോടു നിർദ്ദേശിക്കുക - ഇത് വേദന മുഴുവനായും ഇല്ലാതാക്കണമെന്നില്ല, പക്ഷേ ഇതെല്ലാം നിങ്ങൾക്ക് അവരുടെ പ്രശ്‌നങ്ങളോട് തന്മയീഭാവമുണ്ട്, നിങ്ങൾ അവരെ സഹായിക്കുവാൻ ആഗ്രഹിക്കുന്നുമുണ്ട് എന്ന് അവർ മനസ്സിലാക്കുന്നതിന് സഹായകമാകും.

3.അവർക്ക് വേദനയുള്ളപ്പോൾ നിങ്ങൾ എങ്ങനെയാണ് അവരെ സഹായിക്കേണ്ടത് എന്ന് അവരോടു ചോദിക്കുക. അവർക്ക് ചൂടുവെള്ളത്തിൽ ഒരു കുളിയോ, അതല്ലെങ്കിൽ ഉഴിയലോ വേണമെന്ന് ആഗ്രഹമുണ്ടോ? ഒരു കപ്പ് ചൂടു ചായ? അതോ അവർക്ക് ലേശം ഇടം കൊടുക്കുക മാത്രമാണോ വേണ്ടത്?

4. അവരെ അവരുടെ ഒഴിവുസമയ വിനോദങ്ങളിലോ അല്ലെങ്കിൽ അർത്ഥപൂർണ്ണം എന്ന് അവർക്കു തോന്നുന്ന പ്രവർത്തനങ്ങളിലോ സമയം ചെലവഴിക്കുന്നതിന് സഹായിക്കുക,. കൗമാരക്കാരായ പെൺകുട്ടികൾക്ക് ഇത് പ്രത്യേകമായും പ്രയോജനപ്രദമായി ഭവിച്ചെന്നു വരാം.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org