എനിക്കു ചിരസ്ഥായിയായ വേദനയുണ്ട്, വൈകാരികമായി ക്ഷീണിച്ചതായി തോന്നുന്നുമുണ്ട്.

ചിരസ്ഥായിയായ വേദന ഒരു വ്യക്തിയെ ശാരീരികമായും വൈകാരികമായും ബാധിച്ചേക്കാം; വൈകാരിക വശം പരിഗണിക്കപ്പെടുമ്പോഴാണ് രോഗമുക്തി ഏറ്റവും പ്രയോജനപ്രദമായി തീരുക

നിങ്ങൾ ഒരു വിങ്ങുന്ന തലവേദന അതല്ലെങ്കിൽ തീവ്രമായ പല്ലുവേദന എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ശാരീരിക വേദന എത്രത്തോളം ആക്രമണപരവും തളര്‍ത്തിക്കളയുന്നതും ആകാം എന്നു നിങ്ങൾക്ക് മിയ്ക്കവാറും ഒരു ഊഹം ഉണ്ടാകും. ചിരസ്ഥായിയായ വേദന ആയിത്തീരത്തക്കവിധം വേദന വളരെ നീണ്ടു നിൽക്കുകയാണെങ്കിൽ, അത് ആ വ്യക്തിയുടെ ശാരീരികവും വൈകാരികവും മാനസികവും ആയ ആരോഗ്യത്തിൽ പ്രഭാവം ചെലുത്തുന്നതിനു സാദ്ധ്യതയുണ്ട്. 

എന്താണ് ചിരസ്ഥായിയായ വേദന?

മൂന്നു മാസത്തിൽ അധികം നീണ്ടു നിൽക്കുന്ന വേദനയെ ആണ് ചിരസ്ഥായിയായ വേദന എന്നു നിർവചിക്കപ്പെട്ടിരിക്കുന്നത്.

എല്ലാ വേദനകൾക്കും പരിതഃസ്ഥിതികളോട് അവയെ അനുരൂപമാക്കി എടുക്കുന്ന ഒരു മൂല്യം (Adaptive value) ഉണ്ട്, നമ്മുടെ ശരീരം എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അങ്ങനെ പ്രവർത്തിക്കാതെ വരുമ്പോൾ, ഈ മൂല്യത്തിന്, ഒരു സംരക്ഷിത ഘടകം എന്ന നിലയക്ക് നമ്മളെ ജാഗ്രത്താക്കുന്നതിനു വേണ്ടി പ്രവർത്തിക്കുവാൻ കഴിയും. ഒരു വ്യക്തിക്കു കൈകാര്യം ചെയ്യുവാൻ കഴിയുന്ന വേദനയേക്കാൾ കൂടുതലാണ് വേദനയുടെ അവസ്ഥ എന്നു വരുമ്പോൾ അത് ഒരു പ്രശ്‌നമായി തീരുന്നു. വേദനയ്ക്ക് ഒരാളുടെ മാനസികാരോഗ്യത്തിൽ പ്രഭാവം ചെലുത്തുന്നതിനും ആ വ്യക്തിയുടെ അന്തഃസംഘര്‍ഷത്തിനു ആക്കം കൂട്ടുന്നതിനും തീർച്ചയായും കഴിഞ്ഞെന്നു വരാം. 

വേദന ചിരസ്ഥായിയും സ്ഥിരമായതും ആയി തീരുമ്പോൾ, അതിന് ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ ഗുണമേന്മയിൽ പ്രഭാവം ചെലുത്തുന്നതിന് കഴിയും, അവർ എങ്ങനെയാണ് തങ്ങളുടെ ജീവിതം ജീവിക്കേണ്ടത് എന്നതു പോലും ( ഒരു പരിധി വരെ) തീരുമാനിക്കപ്പെടുന്നു. ശരീരവും മനസ്സും തമ്മിലുള്ള ബന്ധത്തിൽ അധിക ജോലിഭാരം വരുമ്പോൾ, ഒരു വേദനയും സ്വതന്ത്രമായി ശാരീരികമോ സ്വതന്ത്രമായി വൈകാരികമോ അല്ല എന്നുള്ളത് വ്യക്തമായി തീരുന്നു. ശാരീരിക ആരോഗ്യത്തിന്മേൽ ഉള്ള പ്രഭാവം വളരെ വ്യക്തമാകുമ്പോൾ, അതുമായി ബന്ധപ്പെട്ട, എപ്പോഴും എളുപ്പത്തിൽ ദൃശ്യമാകാത്ത, മറ്റ് അനേകം വശങ്ങളുമുണ്ട്. 

വേദനയ്ക്ക്, വൈകാരികമായി അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കും കുഴപ്പത്തിലേക്കും നയിക്കുന്നതിനുള്ള സാദ്ധ്യത ഉണ്ട്, അത് ഒരു വ്യക്തിയുടെ അഹംബോധത്തിൽ തന്നെ പ്രഭാവം ചെലുത്തുകയും ചെയ്യുന്നു. പ്രത്യക്ഷമോ (പരോക്ഷമോ) ആയ സാമ്പത്തിക തിരിച്ചടികളോടെയോ അല്ലാതെയോ, ഒരു വ്യക്തിയുടെ ഉത്പാദനക്ഷമത അഥവാ സഫലത, കുറയ്ക്കുന്നതിനും അത് ഇടയാക്കിയെന്നും വരാം. വേദന കഠിനമാകുമ്പോൾ ദിവസം കഴിച്ചു കൂട്ടുന്നതു പോലും ഒരു സംഘർഷമായി തീർന്നേക്കാം. ചിരസ്ഥായിയായ വേദന സഹിക്കുന്നവരുടെ ഇടയിൽ വൈകാരിക തളർച്ച വളരെ സാധാരണമാണ്. 

വളരെ കൂടിയ തോതിലുള്ള വേദനയ്ക്ക് ശരീരത്തിന്‍റെ  ഭൗതികവും വൈകാരികവുമായ സംവിധാനങ്ങളെ  ക്ലേശത്തിലേക്കു നയിക്കുവാൻ കഴിയും. ഒരു പരിധി വരെയുള്ള വേദന കൈകാര്യം ചെയ്യുന്നതിന് നമുക്ക് എല്ലാവർക്കും സാധിക്കും, പക്ഷേ വേദന ഒരു പരിധി കഴിഞ്ഞാൽ, ശരീരത്തിന്‍റെ കോർട്ടിസോൾ അളവ് ഉയരുകയും അത് നമ്മുടെ ധാരണാ ശക്തിപരമായ കഴിവുകളിൽ കൂടി അതിന്‍റെ  പ്രഭാവം ചെലുത്തുകയും ചെയ്യുന്നു. അതിതീവ്രമായ വേദന അനുഭവിക്കുന്ന വ്യക്തിക്ക് ഒരു കാര്യത്തിലും ശ്രദ്ധ ചെലുത്തുവാൻ സാധിച്ചെന്നു വരില്ല; വല്ലാത്ത നിരാശയോ അഥവാ ഉത്കണ്ഠയോ തോന്നിയെന്നുമിരിക്കും, അവരുടെ ന്യായാന്യായ നിർണ്ണയ കഴിവിനെ പോലും അതു ബാധിച്ചെന്നും വരാം. 

ശാരീരിക വേദനയും വൈകാരിക വേദനയും

ചിലപ്പോൾ, ശാരീരിക വേദനയും വൈകാരിക വേദനയിലേക്കു നയിച്ചെന്നു വരും - ശാരീരിക വേദന പോലെ അല്ലാതെ വൈകാരിക വേദന തിരിച്ചറിയുന്നതിനും നിർണ്ണയിക്കുന്നതിനും വളരെ ബുദ്ധിമുട്ടായിരിക്കും. വൈകാരിക വേദന ഒരാളുടെ അവസ്ഥയെ പറ്റിയുള്ള ആശങ്കകളോ ആവലാതികളോ ആയിട്ട് ആയിരിക്കാം ആരംഭിക്കുന്നത്, പക്ഷേ പിന്നീട് അതു കൂടുതൽ തീവ്രമായി തീരുന്നു. ഈ വൈകാരിക വേദന, ചിരസ്ഥായിയായ ശാരീരിക വേദനയുടെ അനുഭവങ്ങൾ നേരിടുന്നത്  കൂടുതൽ ബുദ്ധിമുട്ടാക്കി തീർക്കും, ശാരീരിക വേദന കൂടുതൽ വഷളാകുന്ന നിലയോളം അത് എത്തുകയും ചെയ്യും. ഇതുകൊണ്ടാണ് ഒരു വേദനയും സ്വതന്ത്രമായ ശാരീരികം മാത്രമോ അല്ലെങ്കിൽ വൈകാരികം മാത്രമോ ആകുന്നില്ല എന്നു പറയുന്നത്; മാനസിക ആരോഗ്യം പരിഗണിക്കുമ്പോൾ ചിരസ്ഥായിയായ വേദന കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ടാണ് കൂടുതൽ പ്രയോജനപ്രദമായി തീരുന്നത് എന്നും പറയുന്നത്. 

ചിരസ്ഥായിയായ വേദന കൂടുതലുള്ളവർക്ക് മാനസിക രോഗം ബാധിക്കുന്നതിന് മറ്റുള്ളവരേക്കാൾ മൂന്ന് ഇരട്ടി സാദ്ധ്യതയുണ്ട് എന്നു പറയുന്നത് ഇതു മൂലമാണ്- ഏറ്റവും സാധാരണമായി  ഉത്കണ്ഠയും വിഷാദവും.  ചിരസ്ഥായിയായ വേദന മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം എന്നുള്ളപ്പോൾ തന്നെ, നിരാശ തോന്നുന്ന തരം മാനസികാവസ്ഥ സൃഷ്ടിക്കുന്ന പിരിമുറുക്കത്തിന് ഒരു വ്യക്തിയുടെ ചിരസ്ഥായിയായ വേദന വഷളാക്കുന്നതിനും കഴിയും. 

ചിരസ്ഥായിയായ വേദനയ്ക്കുള്ള സ്വയം-പരിചരണം:

1.നിങ്ങളുടെ ഊർജ്ജം സ്വയം പരിചരണത്തിൽ മുതൽ മുടക്കുന്നു എന്നത് ഉറപ്പാക്കുക. ഇത് നിങ്ങളുടെ ശാരീരികവും വൈകാരികവുമായ സൗഖ്യത്തിന് സഹായകമായി തീരാം. കൃത്യമായ ഒരു ആഹാര ദിനചര്യയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പതിവാക്കുക; നിങ്ങളുടെ അവസ്ഥ അനുവദിക്കുന്നത്ര രീതിയിൽ വ്യായാമം ചെയ്യുക, നിങ്ങൾക്ക് ഗുണമേന്മയുള്ള ഒരു രാത്രി ഉറക്കം ലഭിക്കത്തക്കവിധം നിങ്ങളുടെ ഉറക്ക ക്രമീകരണങ്ങൾ പൊരുത്തപ്പെടുത്തുക; ഇവ തീർച്ചയായും സഹായകമായേക്കും. 

2.നിങ്ങൾ നിരന്തര വേദനയിൽ ആണ് എങ്കിൽ, ഫിസിയോതെറപ്പി സഹായകമായേക്കാം. 

3.നിങ്ങളുടെ മാറ്റം വന്ന സാഹചര്യങ്ങൾക്കും ശാരീരിക ശക്തിക്കും അനുസൃതമാക്കുന്നതിനു വേണ്ടി, നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വൈകാരിക പിന്തുണ തേടുക - അതല്ല, ആവശ്യമെന്നു തോന്നുന്ന പക്ഷം ഒരു തെറപ്പിസ്റ്റിനെ സമീപിക്കുകയും ചെയ്യുക. 

4.അന്തഃസംഘര്‍ഷത്തിന് (stress) വേദന കൂടുതൽ വഷളാക്കി തീർക്കാൻ കഴിയും. അതുകൊണ്ട് ഏതെല്ലാം അവസ്ഥകളാണ് നിങ്ങള്‍ക്കു മാനസിക പിരിമുറുക്കത്തിനു കാരണമാകുന്നത് എന്നു തിരിച്ചറിഞ്ഞ്, അവയിൽ നിന്ന് അകന്നു നിൽക്കുവാൻ ശ്രമിക്കുക. ഈ അവസ്ഥകൾ നിങ്ങൾക്ക് ഒഴിവാക്കാൻ പറ്റാത്തവ ആണെങ്കിൽ, പിരിമുറുക്കത്തിന്‍റെ അളവ് നിയന്ത്രണവിധേയമാക്കത്തക്ക വിധം അവയെ നേരിടുന്നതിനുള്ള വഴികൾ നിങ്ങൾക്ക് പഠിക്കുവാൻ സാധിക്കും. 

5.നിങ്ങളുടെ ഭക്ഷണശീലങ്ങൾക്ക് ചിട്ട വയ്ക്കുക, നിങ്ങൾ ഒരു സമീകൃത, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പിക്കുക. 

6.സാധിക്കുമ്പോഴെല്ലാം നിങ്ങൾക്ക് നന്നായി ഉറങ്ങുവാൻ കഴിയത്തക്ക വിധത്തില്‍ ഉറക്ക ശുചിത്വശാസ്ത്രം അഭ്യസിക്കുക. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങളുടെ കിടപ്പു മുറിക്ക് പുറത്തു വയ്ക്കുക, നിങ്ങൾക്ക് നന്നായി ഉറങ്ങുവാൻ കഴിയുന്ന വിധത്തിൽ നിങ്ങളെ സ്വയം ചുരുളഴിച്ചു വിടുന്നതിനുള്ള നിങ്ങളുടെ സ്വന്തം  അനുഷ്ഠാനവിധി സൃഷ്ടിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. 

7.വൈകാരികവും പ്രായോഗികവുമായ പിന്തുണയ്ക്കായി നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പിന്തുണ സംവിധാനങ്ങളിലേക്ക് എത്തിച്ചേരുക. 

ഈ ലേഖനം എഴുതിയിരിക്കുന്നത് കൗൺസിലിംഗ് സൈക്കോളജിസ്റ്റും സൈക്കോ ഓങ്കോളജിസ്റ്റും ആയ ഹിബാ സിദ്ദിഖി (Hiba Siddiqui), നിംഹാൻസ് ആശുപത്രിയിലെ ന്യൂറോ സൈക്കോളജി അസിസ്റ്റന്‍റ് ആയ ഡോ ശാന്തള ഹെഗ്‌ഡേ (Dr Shantala Hegde), ബംഗളുരുവിലെ ജിസാർ (JISAR) ലെ കൺസൽറ്റന്‍റ് സൈക്യാട്രിസ്റ്റും പെയിൻ മാനേജ്‌മെന്‍റ് കൺസൽറ്റന്‍റും ആയ ഡോ ആനന്ദ് ജയരാമൻ എന്നിവർ പങ്കു വച്ച വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org