മാനസികാരോഗ്യത്തിലെ വിടവ് നികത്തുന്നത്
പ്രശസ്ത ഒടിയ എഴുത്തുകാരിയായ സുസമിത ബാഗ്ചിയുടെ ഏറ്റവും പുതിയ നോവൽ, ഇംഗ്ലീഷ് ഭാഷയിലുള്ള അവരുടെ ആദ്യ പുസ്തകം, 'പ്രക്ഷുബ്ധമായി കൊണ്ടിരിക്കുന്ന ഒരു കടലിന്നടിയിൽ' (ബെനീത്ത് എ റഫർ സീ, Beneath a Rougher Sea), മാനസികാരോഗ്യ പശ്ചാത്തലത്തിലുള്ള പുസ്‌കങ്ങളുടെ ശ്രേണിയിലേക്ക് ഒരു പ്രധാനപ്പെട്ട മുതൽക്കൂട്ട് ആണ്. നമ്മുടെ സമൂഹത്തിൽ മാനസികാരോഗ്യ മേഖലയുടെ കൃത്യം മദ്ധ്യത്തിൽ തന്നെ വലിയ ഒരു വിടവ് നിലനിൽക്കുന്നുണ്ട്. ദുഷ്‌കീർത്തിയുടെ (stigma) ഭിത്തികൾ കൊണ്ടു നിർവചിക്കപ്പെട്ട അജ്ഞതയുടെ വിടവ് ആണ് അത്. പരിചരണം ആവശ്യമുള്ളവരുടേയും വിദഗ്ദ്ധർ പ്രവർത്തിക്കുന്ന ഇടത്തിന്‍റേയും ഇടയിലുള്ള വിടവ് നികത്തുന്നതിനായി മെച്ചപ്പെട്ട ആശയവിനിമയവും വിജ്ഞാന പ്രചരണവും ആവശ്യമാണ്. കഴിഞ്ഞ ഒരു ദശകത്തിലോ മറ്റോ ആയി അനുഭവിക്കുന്നവരുടേയും പരിചരിക്കുന്നവരുടേയും സംഘർഷങ്ങൾ ചിത്രീകരിക്കുന്ന ചില കണക്കുകൾ, പുസ്തകങ്ങൾ, പ്രമാണപത്രങ്ങൾ എന്നിവ ഉണ്ട്. എങ്കിലും ഈ ത്രയത്തിലെ മൂന്നാമത്തെ കൂട്ടർ - മാനസികാരോഗ്യ വിദഗ്ദ്ധർ - പരിധിക്കു പുറത്തു തന്നെ നിന്നു. സൈക്യാട്രിസ്റ്റുകളും മറ്റു വിദഗ്ദ്ധരും, വളരെ എളുപ്പത്തിൽ പഴിചാരാം എന്ന് സമൂഹം കണ്ടുപിടിച്ചിട്ടുള്ളവർ, തങ്ങളുടെ കഥകൾ ഒരിക്കലും പങ്കു വയ്ക്കുന്നില്ല.
ബെനീത്ത് എ റഫർ സീ എന്ന നോവല്‍ പറയുന്നത് ആദിത്യ എന്ന ഒരു സൈക്യാട്രിസ്റ്റിന്‍റെ കഥയാണ് . ആദിത്യയുടെ ചികിത്സാപരമായ അനുഭവങ്ങളുടെ ചാരുതയാർന്ന ഉപയോഗത്തിലൂടെയാണ് നോവലിന്‍റെ സംഭവവിവരണം പുരോഗമിക്കുന്നത്. മാനസിക ഇടങ്ങളെ പറ്റി ആയതുകൊണ്ടും, ഒന്നിൽ നിന്ന് ഒന്നിലേക്കു നീങ്ങുന്ന ഇതിവൃത്തരേഖ ഓരോ അനുഭവത്തിലൂടെയും പിണയുകയും തിരിയുകയും ചെയ്യുന്നതിനാലും, വിശദമായ ഒരു രത്‌നച്ചുരുക്കം ഒരു അധികപ്പറ്റ് ആവുകയേ ഉള്ളു: പ്രാഥമികമായ കഥാരേഖ ഇങ്ങനെയാണ്: തന്‍റെ തൊഴിലിൽ വിജയിച്ച, ബംഗളുരുവിൽ സ്വകാര്യ ചികിത്സ നടത്തുന്ന ഒരു ഡോക്ടർ ആണ്ആദിത്യ. ഒരു മെഡിക്കൽ വിദ്യാർത്ഥി ആയിരുന്നപ്പോൾ, ആദിത്യയ്ക്ക് ദീപയോട് മനസ്സുകൊണ്ട് അടുപ്പം തോന്നിയിരുന്നു. ദീപ, നരേൻ നെ വിവാഹം ചെയ്ത് ലണ്ടനിലേക്കു മാറി. നരേൻ അവിചാരിതമായി പെട്ടന്നു മരണപ്പെട്ടു. അവരുടെ ഇളംപ്രായത്തിലുള്ള മകൻ രാജ് നെ ആ മരണം പ്രക്ഷുബ്ധമാക്കി തീർത്തു. ദീപയും രാജും ബംഗളുരുവിലേക്കു മടങ്ങുന്നു, ആദിത്യ രാജ് നെ ചികിത്സിക്കുന്നു. രാജ് സുഖം പ്രാപിക്കുന്നു. ദീപ ലണ്ടനിലേക്കു മടങ്ങുന്നു. ഇതിനു ശേഷം കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആദ്യത്യയ്ക്ക് ഒരു നഷ്ടബോധവും പോരായ്മയും തോന്നിത്തുടങ്ങുന്നു. ആദ്യത്യ അതിൽ നിന്നു സുഖം പ്രാപിക്കുമോ? അയാൾ എന്താണ് ചെയ്യുക?
ഇതിലെ എഴുത്തിന്‍റെ ശക്തി അതിന്‍റെ ലാളിത്യത്തിലും സുതാര്യതയിലുമാണ് നിലകൊള്ളുന്നത്. സുസ്മിതാ ബാഗ്ചി നടത്തിയിരിക്കാൻ സാദ്ധ്യതയുള്ള സമഗ്രമായ ഗവേഷണങ്ങൾക്കിടെ, താൻ വർണ്ണിക്കുന്ന ഓരോ ചികിത്സാനുഭവത്തിന്‍റേയും ലക്ഷണങ്ങൾ, രോഗനിർണ്ണയങ്ങൾ, സാമൂഹ്യ വശങ്ങൾ എന്നിവയ്ക്കു വേണ്ടി നടത്തിയ കഠിന പരിശ്രമങ്ങളാണ് ഈ ഭാഷാസൗകുമാര്യത്തിനു പിന്നിൽ ഉള്ളത് എന്ന് വളരെ സ്പഷ്ടമാണ്. അനുഭവങ്ങൾ എല്ലാം തന്നെ സങ്കീർണ്ണവും അവ കഥാപാത്രത്തിന്‍റെ ലോകത്തിൽ പ്രഭാവം ചെലുത്തുകയും ചെയ്യുമ്പോൾ, അവ വായനക്കാരെ പരവശരാക്കി കളയുന്നില്ല. കഥാപാത്രങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് അറിയുന്നതിനും അവരുടെ ചരിത്രങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനും വായനക്കാർ ആഗ്രഹി ച്ചു തുടങ്ങുന്നു എന്നുള്ളതാണ് വർണ്ണനയുടെ ആകർഷകത്വം.
ചികിത്സാനുഭവങ്ങളുടെ ശ്രേണി വൈവിദ്ധ്യമാര്‍ന്നതാണ്. തനുശ്രീ ഒരു സാങ്കൽപ്പിക ലോകത്തു ജീവിക്കുമ്പോൾ, അവളുടെ മതിഭ്രമം സുഖപ്പെടുത്തുന്നതിനായി ഒരു അമ്മ ദൈവത്തിന്‍റെ ചികിത്സ സ്വീകരിക്കുക മൂലം തനിക്കുണ്ടായ ധനനഷ്ടം ഓർത്ത് സതീഷ് ദുഃഖിക്കുന്നു. ഔഷധസംബന്ധമായി കൃത്യമായ ചിട്ടയും പഥ്യവും പാലിച്ചുകൊണ്ട്, തന്‍റെ ജീവിതം മാത്രമല്ല, മാനസികാരോഗ്യ പ്രവർത്തകന്‍ എന്ന നിലയ്ക്കുള്ള തന്‍റെ തൊഴിലും വളരെ നന്നായി കൈകാര്യം ചെയ്യുന്ന ദാസ് ഒരു അത്യുജ്ജല ഉദാഹരണമാണ്. അലിയുടെ കാര്യം പരിഹരിക്കപ്പെട്ടില്ല, കാരണം, അയാൾ ചികിത്സ ഉപേക്ഷിക്കുന്നു. പരിചരിക്കുന്നവർ ചികിത്സാപ്രക്രിയയുമായി സഹകരിക്കാത്തതുകൊണ്ടും ഡോക്ടറുടെ ഉപദേശം ചെവിക്കൊള്ളാത്തതു കൊണ്ടും സ്മിതയുടെ അച്ഛന്‍റെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ദൈനംദിന ജീവിതത്തിൽ ഒരു സൈക്യാട്രിസ്റ്റ് നടക്കേണ്ടി വരുന്ന വാൾത്തലയിലൂടെ തന്നെ സുസ്മിതാ ബാഗ്ചി നോവലിൽ കൂടി നടക്കുന്നുണ്ട്. മാനസികാരോഗ്യ തൊഴിലിന്‍റെ ഒരു സന്തുലിതമായ ചിത്രം വരച്ചുകൊണ്ട് അവർ നോവൽ അവസാനിപ്പിക്കുന്നു. ലോകത്തിന്‍റെ മാനസികാരോഗ്യകരമായ അവസ്ഥ നിലനിർത്തുന്നതിനായി ഓരോ സൈക്യാട്രിസ്റ്റും നടത്തേണ്ടി വരുന്ന ഏകാന്തയുദ്ധമാണ് അതിലൂടെ വെളിവാകുന്നത്. തങ്ങളുടെ തകിടം മറിഞ്ഞ ജീവിതങ്ങൾ കൈകാര്യം ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും മാനസികാരോഗ്യത്തെ ചൂഴ്ന്നു നിൽക്കുന്ന ദുഷ്‌കീർത്തി അഥവാ കളങ്കം പൊട്ടിച്ചെറിയുന്നതിനും വേണ്ടി രോഗികളും പരിചരിക്കുന്നവരും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, കഥാപാത്രങ്ങൾ തമ്മിൽ നടത്തുന്ന സംഭാഷണത്തിലൂടെ, അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന തോന്നല്‍ ഉളവാക്കാത്ത വിധം, അവർ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്.
വിവരണത്തിന് രണ്ടാമതായി ഒരു ആകർഷകത്വം കൂടിയുണ്ട്: ഇപ്പോൾ ആദിത്യ വിജയിച്ച സ്ഥിതിക്ക്, ഇനി അടുത്തതായി അയാൾ എന്താണ് ചെയ്യേണ്ടത്? ഒരു ഡോക്ടർ തന്നെയായ പ്രാചി എന്ന യുവതിയെ അയാൾ വിവാഹം കഴിക്കുന്നു. അയാൾ അയാളുടെ പ്രവർത്തനം വിപുലപ്പെടുത്തണം, അതിനായി ഒരു സ്ഥാപനം സജ്ജമാക്കണം, ഡോക്ടർമാരേയും വിദഗ്ദ്ധരേയും നിയമിക്കണം എന്ന് അവൾ ആഗ്രഹിക്കുന്നു. ആദിത്യ അതിനു മടിക്കുന്നു, എന്തിനാണ് പ്രാചിയും ദാസും അയാളെ കുറിച്ച് ഇത്ര അതിമോഹം പുലർത്തുന്നത് എന്ന് നിശ്ശബ്ദം ചോദ്യങ്ങൾ ചോദിക്കുക പോലും ചെയ്യുന്നു. രാജ്യത്തെ മാനസികാരോഗ്യ ചികിത്സയുടെ ഹൃദയത്തിലാണ് ഈ ചോദ്യം പതിയിരിക്കുന്നത്. ഈ മേഖലയിൽ നമുക്ക് വിദഗ്ദ്ധർ തീരെ കുറച്ചു മാത്രമേ ഉള്ളു, ചികിത്സിക്കേണ്ട പ്രശ്‌നങ്ങളും രോഗികളും ക്രമാതീതമായി വളരുന്നുമുണ്ട്, എങ്ങനെയാണ്, നമുക്ക് സമൂഹമെന്ന നിലിയിൽ, ഈ മേഖലയിലെ വെല്ലുവിളികൾ അഭിസംബോധന ചെയ്യുവാൻ കഴിയുക?
ബെനീത്ത് എ റഫർ സീ ആഴത്തിലുള്ള ഒരു ബംഗളുരു നോവൽ കൂടിയാണ്. നോവലിൽ, ഒഡിയകൾ, ബംഗാളികൾ, മലയാളികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ വ്യത്യസത സമൂഹങ്ങളെ പറ്റി നേരിയ തോതിൽ അസന്തുലിതമായ, എന്നാൽ തികച്ചും ആരോഗ്യകരമായ പ്രാതിനിദ്ധ്യം ഉണ്ട് . കോറമംഗല, ബുൾ ടെംപിൾ റോഡ് തുടങ്ങിയ പരിചിത സ്ഥലങ്ങളിലാണ് കഥ നടക്കുന്നത് എന്നുള്ളത് കൂടുതല്‍ ഉത്സാഹജനകമാകുന്നുണ്ട്. നാട്ടിൻപുറങ്ങളെ കുറിച്ചു മാത്രമല്ല, നഗരപ്രതിപാദനങ്ങൾ വരെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കാലത്ത്, ഇതും ഒരു ആവശ്യമാണ്. ശൈലിയും ഭാഷയും സംബന്ധിച്ച് നോവൽ മികച്ചതാണ്. ദീപയുടെ പുനഃസൃഷ്ടിച്ച സംഭവവിവരണം ചുരുക്കി പറയുന്നതിനേക്കാൾ അതിലേക്ക് ഒരു ഒളിഞ്ഞു നോട്ടം നടത്തുന്നതിനാണ് ഞാൻ ആഗ്രഹിച്ചത്. അത് വിവരണത്തിന് താത്പര്യമുണർത്തുന്ന ഒരു പാളി കൂടി സൃഷ്ടിക്കുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. ആകമാനം നോക്കുമ്പോൾ, ബെനീത്ത് എ റഫർ സീ ഒരു ധീരമായ പരിശ്രമം ആണ്, സമൂഹത്തിൽ സൈക്യാട്രിക് പരിചരണമേഖലയിൽ ഉള്ളവരെ നായകർ ആക്കി ചിത്രീകരിക്കുയും അവരെ കുറിച്ചു നോവൽ എഴുതുകയും ചെയ്തതു വഴി, ആ മേഖലയുടെ അറിയപ്പെടാത്ത വശത്തിലേക്ക് വെളിച്ചം വീശിക്കുന്നതിനാൽ സുസ്മിതാ ബാഗ്ചി അംഗീകാരം അർഹിക്കുന്നുണ്ട്.
അമൻദീപ് സന്ധു സെപിയ ലീവ്‌സ് (Sepia Leaves) എന്ന കൃതിയുടെ രചയിതാവ് ആണ്.