ആത്മഹത്യ തടയൽ

കാവല്‍ക്കാര്‍ക്ക് വേണ്ടി : ആത്മഹത്യയെ തുടര്‍ന്ന് സഹായം തേടല്‍

തന്‍റെ സംരക്ഷയിലായിരുന്ന ആരെങ്കിലും ഒരാള്‍ ആത്മഹത്യയിലേക്ക് വഴുതിപ്പോയാല്‍ 'കാവല്‍ക്കാരെ' അത് ആഴത്തില്‍ ബാധിക്കും. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് എങ്ങനെ സഹായം തേടാനാകും എന്ന് ഇവിടെ പറയുന്നു.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഒരു കാവല്‍ക്കാരന്‍ എന്ന നിലയ്ക്ക്, ഒരാളുടെ മരണം- അയാള്‍ നിങ്ങളുടെ കുടുംബാംഗമോ അടുത്ത സുഹൃത്തോ ഒന്നും അല്ലെങ്കില്‍ പോലും-നിങ്ങളില്‍ വലിയ ആഘാതം സൃഷ്ടിച്ചേക്കും. തങ്ങള്‍ക്ക് അറിയാവുന്ന ആരെയെങ്കിലും ആത്മഹത്യയിലൂടെ നഷ്ടപ്പെട്ടാല്‍ ഒരു 'കാവല്‍ക്കാന്‍' വിവിധ തരത്തിലുള്ള വികാരങ്ങളിലൂടെ കടന്നു പോയേക്കാം: 
 •  ഞെട്ടല്‍ : ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിപ്പോയേക്കാം. ആ വ്യക്തി ഇനിയില്ല അഥവാ മരിച്ചു പോയി എന്ന യാഥാത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നേക്കാം.
 • ദേഷ്യം : ആത്മഹത്യ ചെയ്ത വ്യക്തിയോട് അവര്‍ക്ക് എങ്ങനെ അത് ചെയ്യാന്‍ കഴിഞ്ഞു? എന്നോത്ത് ഒരു തരം ദേഷ്യവും പകയുമെല്ലാം തോന്നിയേക്കാം.   നിരാശ പിടിപെട്ട് ദുരിതപ്പെടുമ്പോള്‍ ആരെയങ്കിലും സമീപിക്കും എന്ന് ആ വ്യക്തി നിങ്ങള്‍ക്ക് വാക്ക് തന്നത്, അല്ലെങ്കില്‍ ഒരു നിശ്ചിത കാലം വരെ തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കുന്നതില്‍  നിന്ന് അകന്നു നില്‍ക്കും എന്ന് ഉറപ്പ് തന്നത് ഒരു കാവല്‍ക്കാരന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ഓര്‍ത്തുപോയേക്കും.
 • നാണക്കേട് (അപമാനം) : ഒരു വ്യക്തിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിയാന്‍ അല്ലെങ്കില്‍ അതിനെക്കുറിച്ച് വീണ്ടുവിചാരം നടത്താന്‍ സഹായക്കുന്ന കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നല്ലോ എന്നോര്‍ത്ത്  നിങ്ങള്‍ക്ക് സ്വയം അപമാനം തോന്നിയേക്കും.
 • കുറ്റബോധം : ആ വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇടയാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തിയോ വാക്കോ നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്ന് നിങ്ങള്‍ നിങ്ങളെത്തന്നെ ചോദ്യം ചെയ്തേക്കാം, അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നോര്‍ത്ത് നിങ്ങള്‍ക്ക് കുറ്റബോധം തോന്നിയേക്കാം. അങ്ങനെ ഒരു അബദ്ധം സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളത് എപ്പോഴായിരിക്കും എന്ന് അറിയാന്‍ ആ വ്യക്തിയുമായി ഉണ്ടായിട്ടുള്ള ഇടപഴകലിന്‍റെ ഓരോ നിമിഷവും നിങ്ങള്‍ വീണ്ടുംവീണ്ടും ഓര്‍ത്തെടുത്തേക്കാം.
 • നിരാശ : നിങ്ങളുടെ ശ്രമങ്ങള്‍ പാഴായിപ്പോകുകയാണെങ്കില്‍ "ഒരു കാവല്‍ക്കാരന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് എന്ത് ഗുണം?" എന്ന് നിങ്ങള്‍ നിരാശപ്പെട്ടേക്കാം.
ഒരു ആത്മഹത്യ ആ വ്യക്തിയുടെ പരിചരണത്തില്‍ /സംരക്ഷണത്തില്‍ പങ്കാളികളായിരുന്ന ആരേയും ബാധിച്ചേക്കാം. കാവല്‍ക്കാരന്‍ (ഗേറ്റ്കീപ്പര്‍) ഒരു പക്ഷെ തൊട്ടടുത്ത കുടുംബാംഗമോ സുഹൃത്തോ ആയേക്കില്ല, എങ്കിലും ആ മരണം അയാളെ ആഴത്തില്‍ ബാധിച്ചേക്കും.
ഒരു ആത്മഹത്യയെക്കുറിച്ച് കേട്ടാല്‍ നമ്മളില്‍ ഭൂരിപക്ഷം പേരും ആദ്യം തിരയുന്നത് ആ വ്യക്തി ആത്മഹത്യചെയ്യാന്‍ എന്തായിരുന്നു ഒരു  കാരണം  എന്നായിരിക്കും. അതിനെ തുടര്‍ന്ന് ആ 'ഒരു കാരണം' മാത്രം ശ്രദ്ധിച്ചിരുന്നെങ്കില്‍  ആ വ്യക്തി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു എന്നൊരു തീര്‍ച്ചപ്പെടുത്തലില്‍ എത്തുകയും ചെയ്യും.
ഒരു ഗേറ്റ്കീപ്പര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ പ്രധാനമായും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം - ആത്മഹത്യ ഒറ്റയ്ക്കൊരു കാരണം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല എന്നതാണ്.  ഇത് സങ്കീര്‍ണമായ ഒരു കൂട്ടം കാരണങ്ങള്‍ മൂലം സംഭവിക്കുന്നതായിരിക്കും, അതിനാല്‍ ഒരൊറ്റ പ്രവര്‍ത്തിയോ സംഭവമോ ഇതിന് കാരണമായി ഗണിക്കാനാകുകയില്ല.
ഒരു കാവല്‍ക്കാരനും (ഗേറ്റ്കീപ്പറും) അയാള്‍ സഹായിക്കുന്ന വ്യക്തിയുടെ പ്രവര്‍ത്തികള്‍ക്ക് പൂര്‍ണമായി ഉത്തരവാദിയായിരിക്കില്ല എന്നതാണ് ഏറ്റവും പ്രധാനമായി ഓര്‍ത്തിരിക്കേണ്ട കാര്യം. ഒരു ഗേറ്റ്കീപ്പറുടെ ജോലിയെന്നത്, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയെ ശരിയായ മാനസികാരോഗ്യം കൈവരിക്കാന്‍ ഉചിതമായ ദിശയിലേക്ക് വഴിതിരിച്ചു വിടുക എന്നതാണ്. ആ വ്യക്തിക്ക് എല്ലാ വെല്ലുവിളികളേയും നേരിടാന്‍ ശേഷിയുണ്ടെന്ന് ഉറപ്പാക്കല്‍ ഒരു ഗേറ്റ്കീപ്പറുടെ ജോലിയല്ല.  ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിക്കും അയാളെ അതില്‍ നിന്നും പിന്തിരിയാന്‍ സഹായിക്കാന്‍ കഴിയുന്ന മാനസികാരോഗ്യ വിദഗ്ധനും ഇടയിലുള്ള ഒരു പാലം മാത്രമാണ് ഒരു കാവല്‍ക്കാരന്‍ (ഗേറ്റ്കീപ്പര്‍).  
ആരാണ് ഒരു കാവല്‍ക്കാരന്‍ ? (ഗേറ്റ് കീപ്പര്‍)
ആത്മഹത്യ തടയാനാകുമെന്ന് വിശ്വസിക്കുകയും ഇതിനായി അല്‍പം സമയവും ഊര്‍ജവും ചെലവഴിക്കാന്‍ സന്നദ്ധമാകുകയും ചെയ്യുന്ന ആളാണ് ഒരു 'കാവല്‍ക്കാരന്‍'. ഇത് ഒരു അദ്ധ്യാപകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, രക്ഷകര്‍ത്താവ്, അയല്‍വാസി, തൊഴിലുടമ, വാച്ച്മാന്‍, ബസ് കണ്ടക്റ്റര്‍, കടയുടമ, ഒരു സമുദായ നേതാവ് ഇങ്ങനെ ആരുമാകാം.  ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിക്ക് മനഃശാസ്ത്രപരമായ പിന്തുണ കൊടുക്കാനും അവരെ മാനസികാരോഗ്യ സേവനം ലഭ്യമാക്കുന്നിടത്തേക്ക് നയിക്കാനും പരിശീലനം നേടിയിട്ടുള്ള വ്യക്തിയായിരിക്കും ഒരു ഗേറ്റ്കീപ്പര്‍ (കാവല്‍ക്കാരന്‍).
ഒരു കുടുംബാംഗം അല്ലെങ്കില്‍ അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് എങ്ങനെ നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് വായിക്കുക.
ഒരു കാവല്‍ക്കാരന്‍ (ഗേറ്റ്കീപ്പര്‍) എന്ന നിലയ്ക്ക് സഹായം തേടല്‍
ഒരു വ്യക്തിയുമായി അടുത്ത് ഇടപഴകിയിരുന്ന ആളുകളെ ആ വ്യക്തിയുടെ ആത്മഹത്യ വളരെ ആഴത്തില്‍ ബാധിക്കുകയും അവര്‍ക്ക് തീവ്രമായ വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാകുകയും ചെയ്തേക്കാം. ചിലരില്‍ വിഷാദരോഗമോ ആഘാതാനന്തര മാനസിക തകരാറോ (പി റ്റി എസ് ഡി)  ഉണ്ടായേക്കാം. നിങ്ങള്‍ക്ക് വല്ലാത്ത സംഭ്രമമോ പാരവശ്യമോ അനുഭവപ്പെടുകയോ വികാരങ്ങളെ നിയന്ത്രക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള ഒരു മാനസികാരോഗ്യ വിദഗ്ധനുമായി ബന്ധപ്പെടുക.
ഈ വ്യക്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ചോദ്യം ചെയ്തേക്കാം എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നുമാത്രമല്ല നിങ്ങളുടെ ഏതെങ്കിലും പ്രവര്‍ത്തിയോ സംസാരമോ ആണോ ആ വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് നിങ്ങള്‍ ശങ്കിക്കുകയും ചെയ്തേക്കാം. അതല്ലെങ്കില്‍ ആ ആത്മഹത്യ തടയാന്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് വ്യസനിച്ചേക്കാം. ആ വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ച എന്തെങ്കിലും ഒരു പ്രേരകശക്തിയുണ്ടായിരുന്നിരിക്കാം, എന്താണ് ആ കാരണം എന്ന് നിങ്ങള്‍ക്ക് മുന്‍കൂട്ടി കണ്ടെത്താനായില്ല. അതേ സമയം തന്നെ, നിങ്ങള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നേടാന്‍ ഈ സ്വയം ചോദ്യം ചെയ്യല്‍ ഉപകരിക്കും. നിങ്ങളുടെ ചിന്തകളേയും വികാരങ്ങളേയും മനസിലാക്കുകയും ബോധ്യപ്പെടുകയും സ്വീകരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് ആ സംഭവത്തെ തുടര്‍ന്നുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കും. 
മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്, അവരുടെ ഒരു ഇടപാടുകാരന്‍ ആത്മഹത്യ ചെയ്താല്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനായി അവര്‍ തങ്ങളുടെ സഹായക സംഘത്തിലുള്ള മറ്റ് മാനസികാരോഗ്യ വിദഗ്ധരെ കാണും എന്നാണ്. അങ്ങനെ ചെയ്യുന്നത് ആ സംഭവം അവര്‍ക്ക് അനുഭവപ്പെടുന്നത് എങ്ങനെയെന്നത് പ്രകടിപ്പിക്കാനും അതിനെ നേരിടാന്‍ സഹായം തേടാനും അടുത്ത തവണ, അടുത്തയാളെ രക്ഷിക്കാനായി വ്യത്യസ്തമായ എന്ത് ചെയ്യാനാകും എന്ന് കണ്ടെത്താനും തങ്ങളെ സഹായിക്കാറുണ്ടെന്നും അവര്‍ പറയുന്നു.ഒരു മുതിര്‍ന്ന സൈക്യാട്രിസ്റ്റ് കാവല്‍ക്കാര്‍ക്ക് (ഗേറ്റ്കീപ്പര്‍മാര്‍ക്ക്) മുന്നറിയിപ്പ് നല്‍കുന്നത്, ഇത്തരം സാഹചര്യത്തില്‍ സ്വയം ശകാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്, പുതിയ പാഠങ്ങള്‍ പഠിക്കുന്നതിനുള്ള അനുഭവമായി ഇതിനെ കാണുക എന്നാണ്. "നിങ്ങള്‍ ഒരു പല്‍ച്ചക്രത്തിലെ ഒരു പല്ലുമാത്രമാണ്, ഒരു വ്യക്തിയോടൊപ്പം ശാരീരികമായോ വൈകാരികമായോ നിങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങളുടെ പരാജയ കഥകള്‍മാത്രമല്ല വിജയകഥകളും  മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. നിങ്ങള്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തത്തിന്‍റെ ഗൗരവത്തെക്കുറിച്ചും ഒരു പ്രൊഫഷണലിലേക്കുള്ള ദിശാസൂചിയെക്കുറിച്ചും ശരിയായ വിലയിരുത്തല്‍ നടത്തുക. അവനവന് വേണ്ടി സഹായം തേടുക," അവര്‍ പറയുന്നു.
സ്ഥാപനങ്ങളും കമ്മ്യൂണിറ്റികളും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു :
 •  കാവല്‍ക്കാര്‍ (ഗേറ്റ്കീപ്പര്‍മാര്‍) ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഇടയാകാതെ നോക്കണം. അതിനായി ശക്തവും ഫലപ്രദവുമായ ഒരു സഹായക സംവിധാനം ഉണ്ടെന്ന് സ്ഥാപനം അല്ലെങ്കില്‍ കമ്മ്യൂണിറ്റി ഉറപ്പുവരുത്തണം. അതുപോലെ തന്നെ മാനസികാരോഗ്യ വിദഗ്ധര്‍ക്കും കാവല്‍ക്കാര്‍ക്കും തങ്ങളുടെ അനുഭവ കഥകള്‍ പരസ്പരം പങ്കുവെയ്ക്കാനും മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പരസ്പരം പഠിക്കാനും കഴിയുന്ന വിധത്തില്‍ പതിവായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഒരുക്കണം.
 •  കാവല്‍ക്കാരെ മാനസികമായി ശക്തിപ്പെടുന്നതിനുള്ള ഫലപ്രദമായ ഒരു പരിപാടി തയ്യാറാക്കുക. ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അതിന്‍റെ ആഘാതത്തിന് കീഴ്പ്പെട്ടുപോകുന്ന കാവല്‍ക്കാരെ തിരിച്ചറിയാന്‍ ഇത് ഉപകരിക്കും. ഈ പരിപാടിയില്‍ കാവല്‍ക്കാരന്‍റെ മാനസികമായ ശക്തിപ്പെടലിന് സഹായിക്കുന്ന ഒരു സഹായ സംഘം ഉണ്ടായിരിക്കണം. 
 • പരിശീലനം നേടിയ ഒരു വിദഗ്ധനെ സമീപിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊണ്ട് കാവല്‍ക്കാര്‍ക്ക് വൈകാരികമായ പിന്തുണ ലഭ്യമാക്കുക. ജോലിയിലേക്ക് തിരിച്ചു പോകും മുമ്പ് കാവല്‍ക്കാര്‍ക്ക് കുറച്ചുനാളത്തേക്ക് ഒരു സാന്ത്വനം ആവശ്യമായിരിക്കും.
ഒരു 'കാവല്‍ക്കാരന്‍' എന്ന നിലയില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? 
 •  നിങ്ങള്‍ക്ക് അതിയായ മാനസിക തളര്‍ച്ചയും സംഭ്രമവും അനുഭവപ്പെടുന്നു എങ്കില്‍ സഹായം നേടുന്നതിനായി 'കാവല്‍ക്കാരുടെ' കൂട്ടത്തിലുള്ള നിങ്ങളുടെ ഒരു സുഹൃത്തിനെ വിളിക്കുക. ഫലപ്രദമായ ഒരു സഹായക സംവിധാനം ഇല്ലാത്ത ഗേറ്റ്കീപ്പര്‍മാര്‍ക്ക് ആത്മഹത്യാ ഹെല്‍പ്പ്ലൈനില്‍ വിളിക്കാം. സംരക്ഷണയിലുണ്ടായിരുന്ന ആരെങ്കിലും ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന നിരവധി ഹെല്‍പ് ലൈനുകള്‍ ഉണ്ട്.
 •  ഇതുപോലുള്ള സംഭവങ്ങള്‍ നിങ്ങളെ ബാധിക്കുക എന്നത് സ്വാഭാവികമാണ് എന്ന കാര്യം മനസിലാക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നതും ഒരു കാവല്‍ക്കാരന്‍ (ഗേറ്റ്കീപ്പര്‍) എന്ന നിലയ്ക്കുള്ള നിങ്ങളുടെ ജോലിയെ ഇത് കുറച്ചു നാളത്തേക്ക് ബാധിച്ചേക്കാമെന്നതും അംഗീകരിക്കുക. ആവശ്യമെങ്കില്‍ കുറച്ച് നാള്‍ വിട്ടുനില്‍ക്കുകയും സഹായം തേടുകയും ചെയ്യുക.
 •  ഒരു കാവല്‍ക്കാരന്‍ (ഗേറ്റ്കീപ്പര്‍) എന്ന നിലയ്ക്കുള്ള നിങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കുക. വളരെ കുറച്ച് കാര്യങ്ങളെ നിങ്ങള്‍ക്ക് ചെയ്യാനാകു, മറ്റൊരു വ്യക്തിയെ ശാരീരികമായി നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ക്ക് നിയമപരമായ എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും അതിനെ അതിജീവിക്കാനും നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു വിദഗ്ധനുമായി അക്കാര്യം പങ്കുവെയ്ക്കുക.
 •  മറ്റ് കാവല്‍ക്കാര്‍ (ഗേറ്റ്കീപ്പര്‍മാര്‍) അല്ലെങ്കില്‍ നിങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അടുത്തുള്ള ഡോക്ടര്‍, മനഃശാസ്ത്രജ്ഞന്‍, കൗണ്‍സിലര്‍, മനോരോഗചികിത്സകന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് സ്വന്തം സഹായക ശൃംഖല വളര്‍ത്തിയെടുക്കുക. കാര്യങ്ങളെല്ലാം നല്ല രീതിയിലാണ് പോകുന്നതെങ്കില്‍ പോലും ഇവരുമായി ബന്ധപ്പെട്ടിരിക്കുക.
 • താല്‍പര്യമുള്ളതായി തോന്നുന്ന പ്രവര്‍ത്തികള്‍ വളര്‍ത്തിയെടുത്തുകൊണ്ട് പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക. 'കാവല്‍'പ്പണിക്ക് (ഗേറ്റ്കീപ്പിങ്ങിന്) അപ്പുറം ചില അര്‍ത്ഥത്തായ കാര്യങ്ങള്‍ കണ്ടെത്തുക, സ്വന്തം ശാരീരികാരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കുക, ആരോഗ്യത്തോടെ ഇരിക്കുന്നതിനായി മതിയായ വിശ്രമം എടുക്കുകയും  ആഹാരം കഴിക്കുകയും ചെയ്യുക.
നിങ്ങള്‍ ഒരു 'കാവല്‍'ക്കാരന്‍ ആകാന്‍ നിശ്ചയിച്ചത്  ആ ജോലിക്ക് ഒരു അര്‍ത്ഥമുണ്ടെന്ന് കണ്ടിട്ടാണ് എന്ന കാര്യം സ്വയം ഓര്‍മപ്പെടുത്തണമെന്നത് വളരെ അത്യാവശ്യമായ കാര്യമാണ്.  
ഈ ജോലിക്ക് നിങ്ങള്‍ എന്ത് പ്രധാന്യമാണ് കൊടുക്കുന്നത് എന്നതിനെക്കുറിച്ച് കുറച്ചു സമയം ആത്മവിശകലനം നടത്തുക.  ഒരു ഇടവേളയെടുക്കുക, മുന്നോട്ട് തുടര്‍ന്നു പോകുന്നതിന് നിങ്ങളെ സ്വയം പ്രചോദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും വിഭവങ്ങളും കണ്ടെത്തുക. ഒരോ കാവല്‍ക്കാരന്‍റേയും (ഗേറ്റ്കീപ്പറുടേയും) സംഭാവന  വളരെയധികം വിലയേറിയതും നിര്‍ണായകമായതുമാണ്.
White Swan Foundation
malayalam.whiteswanfoundation.org