ആത്മഹത്യ നമ്മുടേയും പ്രശ്നമാണ്

ആത്മഹത്യ നമ്മുടേയും പ്രശ്നമാണ്

ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി കുടുംബത്തിനും കൂട്ടുകാര്‍ക്കും സമൂഹത്തിനും ഇടപെടാന്‍ സാധിക്കും
ഡോ. ജി ഗുരുരാജ്
ഇന്ത്യയില്‍ അടുത്തകാലത്തായി ആത്മഹത്യ നിരവധി മരണങ്ങള്‍ക്കും, ആശുപത്രിവാസത്തിനും സാമൂഹികസാമ്പത്തിക നഷ്ടത്തിനും കാരണമാകുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. ആത്മഹത്യ, ആത്മഹത്യാശ്രമം, ആത്മഹത്യാസംബന്ധമായ ആശയരൂപീകരണം/ പെരുമാറ്റം എന്നിവ വിവിധ സ്ഥലങ്ങളില്‍ എണ്ണത്തില്‍ വ്യത്യാസമുണ്ട് എങ്കിലും ഇന്ത്യയുടെ എല്ലാഭാഗത്തും പൊതുവായി കണ്ടുവരുന്നുണ്ട്.
ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്, നമുക്കിടയില്‍ ഒരാള്‍ ആത്മഹത്യയിലൂടെ മരണമടയുമ്പോള്‍ ഒരാള്‍ക്ക് കുറഞ്ഞത് 10-15 പേര്‍ എന്ന കണക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും നൂറിലധികം പേര്‍ ഇതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. ഇത്തരം ചിന്തകള്‍ക്കും പെരുമാറ്റങ്ങള്‍ക്കും മേല്‍ അത്രയൊന്നും ശ്രദ്ധകൊടുക്കാത്ത നമ്മുടേതുപോലുള്ള ഒരു ജനസമൂഹത്തില്‍ ഇക്കാര്യം വലിയ അളവില്‍ ശ്രദ്ധിക്കാതെയും കണ്ടെത്തപ്പെടാതേയും പോകുകയും അതിലൂടെ നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്യുന്നതിന് ഇടവരുകയും ചെയ്യുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് ആത്മഹത്യയെ പ്രതിരോധിക്കുക എന്നത്  ഡോക്ടര്‍മാര്‍, മെഡിക്കല്‍ സംഘം, സര്‍ക്കാര്‍ എന്നിവരുടെ മാത്രം  ഉത്തരവാദിത്തമല്ല, അത് സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്തമാണെന്നാണ്. നമുക്ക് ചുറ്റുമുള്ളവരില്‍ ആത്മഹത്യാ ചിന്ത പുലര്‍ത്തുന്നവരെ കണ്ടെത്തുന്നതിനുള്ള വൈദഗ്ധ്യം  നമ്മള്‍ നേടേണ്ടതുണ്ട്.
'ആത്മഹത്യ തടയല്‍' എന്ന ഈ വിഭാഗത്തില്‍ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്ന ആത്മഹത്യ ഒഴിവാക്കാന്‍ എന്തെല്ലാം സഹായം ചെയ്യാന്‍ നിങ്ങള്‍ക്കാകുമെന്ന് മനസിലാക്കാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുകയാണ്.
എന്നാല്‍ അതിനുമുമ്പായി നമുക്കിടയില്‍ കിടക്കുന്ന ഈ പ്രശ്നത്തിന്‍റെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍  നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 2013 ല്‍ മാത്രം 1,34,799 പേരുടെ ജീവന്‍ ആത്മഹത്യയിലൂടെ നഷ്മായിട്ടുണ്ട്. ഇന്ത്യയില്‍ ആത്മഹത്യയുടെ എണ്ണത്തില്‍ അസാധാരണമായ വളര്‍ച്ചയുണ്ടാകുന്നതായാണ് കാണുന്നത്, 1980 ല്‍ 40,000 പേര്‍ ആത്മഹത്യ ചെയ്തിടത്ത്  2013 ആയപ്പോള്‍ അത് 1,35,000 ആയി വര്‍ദ്ധിച്ചു. ഇന്ത്യയുടെ ദേശീയ ആത്മഹത്യാ നിരക്ക് പ്രതിവര്‍ഷം 11/100,000 എന്നതാണ്. ലോകാരോഗ്യ സംഘടനയുടെയും  (ണഒഛ) മറ്റ് ചില അന്താരാഷ്ട്ര സംഘടനകളുടേയും സ്വതന്ത്ര ഗവേഷണ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കൃത്യമായി റിപ്പോര്‍ട്ടുചെയ്യപ്പെടാത്തതുമൂലം ഔദ്യോഗിക ആത്മഹത്യാ കണക്കുകള്‍ ആത്മഹത്യ എന്ന പ്രശ്നത്തിന്‍റെ വലിപ്പം കുറച്ച് കാണിക്കുന്നു എന്നാണ്. ആത്മഹത്യയെ ഇപ്പോഴും  ഒരു നിയമപ്രശ്നമായി കാണുന്നതിനാല്‍ പോലീസ്, കോടതി, അപമാനം തുടങ്ങിയ കാര്യങ്ങളോര്‍ത്ത് ആത്മഹത്യകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നൊരു പ്രശ്നം നമുക്കിടയില്‍ ഉണ്ട്. 
ആത്മഹത്യാ ശ്രമങ്ങളാണ് ഇക്കൂട്ടത്തില്‍ വരുന്ന മറ്റൊരു പ്രശ്നം. ഓരോ ആത്മഹത്യയുടേയും കാര്യത്തില്‍, ഇന്ത്യയ്ക്ക് അകത്തും പുറത്തും നടന്നിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത് ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് കുറഞ്ഞത് 10-15 ആളുകള്‍ എന്ന കണക്കില്‍ മതിയായ ആരോഗ്യസംരക്ഷണത്തോടു കൂടിയോ അല്ലാതെയോ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്നാണ്.
 അതുപ്രകാരം, ഇന്ത്യയില്‍ ഓരോവര്‍ഷവും ഏതാണ്ട് 1,500,000 - 2,000,000  ആത്മഹത്യാ ശ്രമങ്ങള്‍ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. 
ഇന്ത്യയില്‍ ഈ പ്രശ്നത്തിന്‍റെ വ്യാപ്തി എത്രയെന്ന് കൃത്യമായി നിശ്ചയിക്കുന്നതിന് സാധിക്കുന്ന തരത്തില്‍ നിരവധി ആളുകളെ അടിസ്ഥാനമാക്കി വന്‍തോതിലുള്ള പഠനമൊന്നും നടക്കുന്നില്ല എന്നതിനാല്‍ ആത്മഹത്യാ പ്രവണതയുള്ള അല്ലെങ്കില്‍ ആത്മഹത്യ എന്ന ആശയം കൊണ്ടുനടക്കുന്ന ആളുകളെക്കുറിച്ചുള്ള കണക്കുകള്‍ ഏതാണ്ട് ഊഹിക്കാന്‍ മാത്രമാണ് നമുക്ക് സാധിക്കുന്നത്. 
ഇവിടെ ഉയരുന്ന പ്രധാന  ചോദ്യം " എന്തുകൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്നു, അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു?" എന്നതാണ്, ഇതാകട്ടെ എളുപ്പത്തില്‍ ഉത്തരം പറയാനാകാത്ത വിധം സങ്കീര്‍ണമായതുമാണ്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 15.6 ശതമാനം ആത്മഹത്യകളുടേയും കാരണം വ്യക്തമല്ല എന്നാണ്. പൊതുവായും അത്ര വ്യക്ത്തയില്ലാതെയും പരാമര്‍ശിക്കപ്പെടുന്ന കാരണങ്ങളായ കുടുംബ പ്രശ്നങ്ങള്‍, രോഗങ്ങള്‍, സാമ്പത്തികകാരണങ്ങള്‍, സ്ത്രീധന മരണങ്ങള്‍ എന്നിവ വ്യക്തമായ ലക്ഷ്യത്തോടുകൂടിയുള്ള ഇടപെടലുകള്‍ക്ക് മതിയായ അടിസ്ഥാനമല്ല, അത്തരത്തില്‍ ഒരു ഇട പെടല്‍ നടത്തുന്നതിന് ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. മദ്യപാനശീലം, ഗാര്‍ഹികപീഡനങ്ങള്‍, വിഷാദരോഗം പോലുള്ള കടുത്ത വിഷമഘട്ടങ്ങള്‍, മാനസിക രോഗങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് അല്ലെങ്കില്‍ ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുന്ന കാരണങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. ഇതൊടൊപ്പം ഒരു ആപല്‍ഘട്ടത്തില്‍ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും പിന്തുണ  കിട്ടാതെ പോകുന്നതും ഇതിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണെന്നും പഠനങ്ങളില്‍ വ്യക്തമാകുന്നു. ലോകത്താകമാനമായി വിവിധ സംഘടനങ്ങള്‍ കാലങ്ങളായി നടത്തുന്ന പഠനങ്ങളിലൂടെ വെളിവായിട്ടുള്ളത് ആത്മഹത്യയെന്നത് സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും ആരോഗ്യ സംബന്ധവുമായ കാരണങ്ങള്‍ സങ്കീര്‍ണമായ തരത്തില്‍ ഒത്തുചേരുമ്പോഴാണ് മിക്കവാറും ആത്മഹത്യ, അല്ലെങ്കില്‍ ആത്മഹത്യാ ശ്രമം ഉണ്ടാകുന്നതെന്നാണ്. അതുപോലെ തന്നെ പലപ്പോഴും ചില വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും കാണപ്പെടുന്ന ആത്മഹത്യ ചെയ്യാനുള്ള ഉയര്‍ന്ന പ്രവണത അല്ലെങ്കില്‍ സാധ്യത  (റിസ്ക്)  ഇതിലേക്ക് നയിക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞ വിവിധ ഘടകങ്ങളുടെ ഈ സങ്കീര്‍ണമായ പരസ്പര പ്രവര്‍ത്തനം ഒരു വ്യക്തിയെ നിസ്സഹായത, പ്രത്യാശയില്ലായ്മ, ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലായ്മ എന്നിങ്ങനെയുള്ള മനോനിലകളിലേക്ക് നയിക്കുകയും ഒടുവില്‍ ആത്മഹത്യാപരമായ പ്രവര്‍ത്തികളിലേക്ക് നയിക്കുകയും ചെയ്യുന്നു. ആത്മഹത്യയ്ക്കുള്ള കാരണം എന്താണ് എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും, ആത്മഹത്യ മുന്‍കൂട്ടി അറിയാനാകുന്നതും തടയാനാകുന്നതുമാണ് എന്ന കാര്യം വളരെ വ്യക്തമാണ്.
ചില ഇടപെടലുകള്‍ക്ക് ആത്മഹത്യ കുറയ്ക്കുന്ന കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകും. ഇതില്‍ കീടനാശിനികളും മരുന്നുകളും മറ്റും എളുപ്പത്തില്‍ ലഭ്യമാകുന്നതിനുള്ള സാധ്യത ഇല്ലാതാക്കുക, ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തിക്ക് തക്കസമയത്തുതന്നെ ശരിയായ വൈദ്യസഹായം ലഭ്യമാക്കുക, ആത്മഹത്യാ പ്രവണതയെ നേരത്തെ തന്നെ കണ്ടെത്താനും സമയം കളയാതെ ഇടപെടല്‍ സാധ്യമാക്കുന്നതിനും വേണ്ടി മാനസികാരോഗ്യ വിദഗ്ധരുടേയും ആത്മഹത്യാ പ്രതിരോധ ഹെല്‍പ് ലൈനുകളുടേയും സഹായം തേടുക തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും റെസിഡന്‍ഷ്യല്‍ അസോസിഷേയനുകള്‍, കോളനികള്‍, സമുദായ സംഘടനകള്‍ എന്നിങ്ങനെയുള്ള വിവിധ  കേന്ദ്രങ്ങളിലും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യത നേരത്തേ കണ്ടെത്താനാകും.  
അതുപോലെ തന്നെ  ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യാനാകും എന്നതു സംബന്ധിച്ച മികച്ച വാര്‍ത്താ മാധ്യമ പരിപാടികളും ഇക്കാര്യത്തില്‍ വളരെ സഹായകരമാകും എന്നതും സംശയരഹിതമായ കാര്യമാണ്. ആത്മഹത്യാ പ്രതിരോധ നയങ്ങളും പരിപാടികളും പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയാല്‍ വിഷമഘട്ടങ്ങളില്‍ സ്വയം ജീവനെടുക്കുക എന്ന വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് തടയിടാന്‍ നമുക്ക് സാധിക്കും.
ഡോ. ജി ഗുരുരാജ് നിംഹാന്‍സിലെ എപിഡെമിയോളജി വിഭാഗത്തില്‍ പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org