ആത്മഹത്യയെക്കുറിച്ച് കൂടുതല്‍ അറിയുക

ആത്മഹത്യ പലപ്പോഴും സങ്കീര്‍ണമായ ഒരു കൂട്ടം പ്രശ്നങ്ങളോടുള്ള പ്രതികരണമായിരിക്കും, അല്ലാതെ ഒരൊറ്റ കാര്യത്തോടുള്ള പ്രതികരണമായിരിക്കില്ല.
ഡോ. എം മഞ്ജുള
ബാഗ്ലൂരില്‍  35 വയസുള്ള, വിവാഹിതയായിരുന്ന ഒരു സ്ത്രീ തന്‍റെ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്തു. ആ സ്ത്രീ മുമ്പും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവരും അവരുടെ ഭര്‍ത്താവും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന ദാമ്പത്യ കലഹം ഉണ്ടായിരുന്നു, അതിന് കാരണമായിരുന്നതാകട്ടെ സാമ്പത്തിക പ്രശ്നങ്ങളും ഭര്‍ത്താവിന്‍റെ സ്ത്രീലോലുപത്വവും. അവരുടെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍, ആ സ്ത്രീ വല്ലാതെ അന്തര്‍മുഖയും കുടുംബത്തില്‍ നിന്നുള്ള പിന്തുണയോ അടുത്ത സുഹൃത്തുക്കളോ ഒന്നും ഇല്ലാത്തവരുമായിരുന്നു എന്ന് വ്യക്തമായി. അവരുടെ സഹോദരന് വിഷാദരോഗമുണ്ടായിരുന്നു. ആരോഗ്യ വകുപ്പിലായിരുന്നു അവര്‍ക്ക് ജോലി, ഇത് ആത്മഹത്യയ്ക്കുള്ള മരുന്ന് എളുപ്പത്തില്‍ സംഘടിപ്പിക്കാന്‍ അവര്‍ക്ക് സഹായകമായി. 
മുകളില്‍ പറഞ്ഞ ഉദാഹരണം ആ സ്ത്രീയെ ആത്മഹത്യയിലേക്ക് നയിച്ച വിവിധ ഘടകങ്ങളെക്കുറിച്ച് പരിമിതമായ തരത്തിലാണെങ്കിലും ഒരു ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ചിലത് മോശം ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടതായിരിക്കുമ്പോള്‍ മറ്റുള്ളത് വ്യക്തിത്വം, കുടുംബം, വ്യക്തിബന്ധങ്ങള്‍, പുറത്തെ ചുറ്റുപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയായിരിക്കും.  പലപ്പോഴും പറയപ്പെടുന്നതില്‍ നിന്നും വിരുദ്ധമായി ആത്മഹത്യകള്‍ വിവിധ ഘടകങ്ങള്‍ ഒന്നിച്ചുകൂടിയതിന്‍റെ ഫലമായിട്ടായിരിക്കും ഉണ്ടാകുക അല്ലാതെ ഒരൊറ്റ ഘകടകമോ സംഭവമോ മൂലമായിരിക്കില്ല.
ഇന്ത്യയില്‍, ആകെ സംഭവിക്കുന്ന ആത്മഹത്യയുടെ ശതമാനക്കണക്കില്‍ യുവാക്കളുടെ (15-29 വയസ്) ആത്മഹത്യ മുന്നിട്ട് നില്‍ക്കുന്നു. രാജ്യത്താകമാനമായി നടത്തിയിട്ടുള്ള പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുള്ളത്, കുടുംബകലഹം, പഠനസംബന്ധമായ നിരാശകള്‍, വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകള്‍, ഗാര്‍ഹികപീഡനം, മാനസികരോഗം എന്നിവയാണ് ആത്മഹത്യയ്ക്ക് പലപ്പോഴും കാരണമാകുന്നത് എന്നാണ്. മാധ്യമങ്ങളുടെ സ്വാധീനം, മദ്യത്തിനോടും മയക്കുമരുന്നിനോടും മറ്റുമുള്ള അത്യാസക്തി (അഡിക്ഷന്‍), നിരാശകള്‍ അമര്‍ത്തിവെയ്ക്കുന്നത് തുടങ്ങിയവയും ആത്മഹത്യയ്ക്കുള്ള കാരണങ്ങളായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. 
ആത്മഹത്യയ്ക്ക് കാരണമായേക്കാവുന്നതായി തിരിച്ചറിയപ്പെട്ടിരിക്കുന്ന മറ്റ് ചില ഘടകങ്ങളില്‍- കുടുംബത്തില്‍ ആരെങ്കിലും മുമ്പ് ആത്മഹത്യ ചെയ്തിട്ടുള്ളത്, ഒരു വ്യക്തി മുമ്പ് നടത്തിയിട്ടുള്ള ആത്മഹത്യാശ്രമം, വിഷാദരോഗം പോലുള്ള മാനസികരോഗങ്ങള്‍, മയക്കുമരുന്നുകളുടെ ഉപയോഗം, ജീവിത്തെക്കുറിച്ച് പ്രത്യാശയില്ലാതിരിക്കല്‍, എടുത്തുചാടിയുള്ളതോ അക്രമാസക്തമോ ആയ പ്രവണതകള്‍,  എപ്പോഴെങ്കിലും പീഡനത്തിന് ഇരയായിട്ടുള്ളത്, മാരകായുധങ്ങള്‍, മരുന്നുകള്‍, കീടനാശിനികള്‍ മുതലായവ എളുപ്പത്തില്‍ കിട്ടാനുള്ള അവസരം, കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പിന്തുണയില്ലായ്മ തുടങ്ങിയവയും ഉള്‍പ്പെടുന്നു.
നിംഹാന്‍സ് 2010 ല്‍ ബാംഗ്ലൂരില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ള 436 ബിരുദവിദ്യാര്‍ത്ഥികളില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് - അവരില്‍ 15 ശതമാനം പേര്‍ ആത്മഹത്യയെക്കുറിച്ച് ആശയരൂപീകരണം നടത്തിയിട്ടുണ്ട്, ഒമ്പത് ശതമാനം പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, ഒമ്പതുശതമാനം പേര്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷയില്ലായ്മയുണ്ട് എന്നൊക്കെയാണ്. ശാരീരിക പീഡനമാണ് ഏറ്റവുമധികം കണ്ടെത്തിയ പീഡനം (35 ശതമാനം), മൊത്തത്തിലുള്ള പീഡനം ഏറ്റവുമധികം പുരുഷന്മാരിലാണ് (പൊതുവായിട്ടുള്ളത്, ശാരീരികം, വൈകാരികം, ലൈംഗികം). ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായി പറയപ്പെട്ടവര്‍ ഉയര്‍ന്ന തോതിലുള്ള പീഡനം അനുഭവിച്ചിട്ടുള്ളവരാണെന്നും ആ പഠനത്തില്‍ മനസിലായി.
കൗമാരക്കാരിലെ (13-18 വയസ്) വിഷാദത്തിന്‍റെ ആധിക്യം, ആത്മഹത്യചെയ്യുന്നതിനുള്ള സാധ്യത, മാനസിക പിരിമുറക്കത്തിന്‍റെ കാരണങ്ങള്‍ എന്നിവ സംബന്ധിച്ച് ബാംഗ്ലൂരിലെ 200 സ്കൂള്‍ വിദ്യാര്‍ത്ഥികളിലും 257 കോളേജ് വിദ്യാര്‍ത്ഥികളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പഠനത്തില്‍ നിന്നും ലഭ്യമായിട്ടുള്ള പ്രാഥമിക വിവരങ്ങള്‍ താഴെ പറയുന്നു: 
  • 30% പേര്‍ക്ക് നിയന്ത്രിതമായതുമുതല്‍ തീവ്രമായതുവരെയുള്ള വിഷാദരോഗം ഉണ്ട്.
  • 11% കോളേജ് വിദ്യാര്‍ത്ഥികളും 7.5% സ്കൂള്‍ വിദ്യാര്‍ത്ഥികളും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.
  • കൗമാരക്കാരിലെ മാനസിക പിരിമുറുക്കത്തിന് ഏറ്റവുമധികം കാരണമാകുന്നത് പഠനസംബന്ധമായ കാര്യങ്ങള്‍ (62.7%), കുടുംബ പ്രശ്നങ്ങള്‍ (25.4%), കുട്ടുകാരുമായുള്ള പ്രശ്നങ്ങള്‍(11.8%) എന്നിവയാണ്. 
എല്ലാ പ്രായത്തിലുള്ളവരേയും പരിഗണിക്കുമ്പോള്‍ കുടുംബ പ്രശ്നങ്ങള്‍, രോഗങ്ങള്‍, പരാജയങ്ങള്‍, പാപ്പരാകല്‍, സ്ത്രീധനത്തര്‍ക്കങ്ങള്‍, ദാരിദ്ര്യം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിവിധ ഘടകങ്ങളില്‍ പലതും ഒത്തുചേരുമ്പോഴാണ് ആത്മഹത്യ സംഭവിക്കുന്നതെന്ന് കാണുന്നു. അല്ലാതെ ഒരിക്കലും ഒരു കാരണം മാത്രമായി ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നില്ല. ആത്മഹത്യാശ്രമത്തിന് കാരണമാകുന്നത് സങ്കീര്‍ണമായ വിവിധ ഘടങ്ങളാണ് എന്ന് വിദഗ്ധര്‍ അനുമാനിക്കുമ്പോഴും അവര്‍ ചൂണ്ടികാണിക്കുന്ന ഒരു വസ്തുത, ആത്മഹത്യയ്ക്ക് വഴങ്ങിയേക്കാവുന്നവരില്‍ അതിന്‍റെ സൂചനകള്‍ കണ്ടെത്താന്‍ സമൂഹത്തിന് പരിശീലനം കൊടുക്കുകയും ആത്മഹത്യയ്ക്ക് മുതിരുന്നതിന് മുമ്പ് ആരുടെയെങ്കിലും സഹായം തേടാന്‍ തയ്യാറാകുകയും  ചെയ്താല്‍ ആത്മഹത്യ തടയാനാകും എന്നാണ്. 
ഡോ. എം മഞ്ജുള നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org