മയക്കു മരുന്ന് ആസക്തി : മരുന്നും ചികിത്സയും സഹായകരമാകുന്നത് എങ്ങനെ?

മയക്കു മരുന്ന് ആസക്തി : മരുന്നും ചികിത്സയും സഹായകരമാകുന്നത് എങ്ങനെ?

പലരും വിശ്വസിക്കുന്നത് 'ഇല്ല' എന്നു പറയുവാൻ കഴിഞ്ഞാൽ തന്നെ ഒരാൾക്ക്‌ മയക്കു മരുന്നിനോടുള്ള ആസക്തി ഇല്ലാതാക്കാൻ കഴിയുമെന്നാണ്. എന്നാൽ മയക്കു മരുന്നിന് അടിമയായ വ്യക്തിക്ക് വളരെയധികം ചികിത്സയും പിന്തുണയും ആവശ്യമാണ്.
എന്താണ് മയക്കു മരുന്നു ആസക്തി?
മയക്കു മരുന്നിനോടുള്ള ആസക്തി അഥവാ മയക്കു മരുന്നുകളുടെ ദുരുപയോഗം എന്ന വിശേഷണം ഉപയോഗിക്കുന്നത് ഒരു വ്യക്തിക്ക് അനാരോഗ്യകരമായ നിലയിൽ ചില മരുന്നുകൾ പതിവായി കഴിക്കണമെന്ന താത്പര്യം ജനിക്കുകയും അത് ലഭിച്ചാൽ മാത്രം സാധാരണ നിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം വരുകയും ചെയ്യുമ്പോഴാണ്. ഒരു മയക്കു മരുന്ന് നിങ്ങൾ ശീലമാക്കുകയും അതിനു വേണ്ടി കൊതിക്കുകയും അതു കൂടാതെ ജീവിക്കാൻ കഴിയില്ലെന്ന് കരുതുകയും ചെയ്യുന്നു. മയക്കു മരുന്നിനോടുള്ള ആസക്തി ഗുരുതരമായ മാനസിക, ശാരീരിക, വ്യക്തിത്വ പ്രശ്നങ്ങൾക്ക് കാരണമാകും.ആസക്തനായ വ്യക്തി, അയാൾ എത്ര മാത്രം ആഗ്രഹിച്ചാലും അനായാസകരമായി അതിൽ നിന്നും പിന്മാറാൻ  കഴിയില്ല. നമ്മൾ മിക്കവരും പൊതുവെ കരുതുന്നത് മയക്കു മരുന്നുകൾ ശക്തിയേറിയതും ഭാവ നിലയെ മാറ്റാൻ കഴിയുന്നതുമാണെന്നുമാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തന രീതിയെ സ്വാധീനിക്കാൻ കഴിയുന്ന ഏതൊരു രാസ പദാർത്ഥവും മയക്കു മരുന്നിന്റെ ഗണത്തിൽ  ഉൾപ്പെടുത്താം. തലച്ചോറിൽ  എത്തുന്ന മയക്കു മരുന്ന് അതിന്റെ സ്വാഭാവികമായ പ്രവർത്തനം താത്കാലികമായി അനിശ്ചിതത്തിൽ  ആക്കുകയോ അല്ലെങ്കിൽ  മന്ദീഭവിപ്പിക്കുകയോ ചെയ്യും. തലച്ചോറ് പുറപ്പെടുവിക്കുന്ന സ്വാഭാവിക രാസ പദാർത്ഥങ്ങളുടെ പ്രവർത്തനം തടസ്സപ്പെടും.ഇതിന്റെ അടിസ്ഥാനത്തിൽ കാപ്പി, മദ്യം, പുകയില, ചികിത്സയുടെ ഭാഗമായി നല്കുന്ന മരുന്നുകൾ , ശരീരത്തിനു ഉന്മേഷം നല്കുന്നതിനുള്ള ഉത്പന്നങ്ങളെല്ലാം മയക്കു മരുന്നിന്റെ ഗണത്തിൽ  ഉൾപ്പെടും.
മയക്കു മരുന്നിനോടുള്ള ആസക്തി ഉണ്ടാകുന്നത്?
മദ്യം ഉപയോഗിക്കുന്നത് പോലെ തന്നെയാണ് പലരും മയക്കു മരുന്ന് ഉപയോഗം തുടങ്ങുന്നത്. ആകാംക്ഷയോ, സുഹൃത്തുക്കളുടെ സമ്മർദ്ദമോ, പഠനത്തിലോ കളിയിലോ മികവ് കാട്ടാനുള്ള ആഗ്രഹമോ അതുമല്ലെങ്കിൽ തങ്ങൾക്കു മേലുള്ള സമ്മർദ്ദമോ പ്രശ്നങ്ങളോഒക്കെ മറക്കുന്നതിനോ ആകാം ആദ്യം ഇവ ഉപയോഗിക്കുന്നത്. ക്രമേണ മയക്കു മരുന്ന് തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങൾ വ്യക്തിയെ കൂടുതൽ  മയക്കു മരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കും. മാത്രമല്ല ഉപയോഗിക്കുന്ന മരുന്നിന്റെ അളവ് സംബന്ധിച്ച് അവർക്ക് നിയന്ത്രണമില്ലാതെ വരികയും ചെയ്യും. ഇതോടെ മയക്കു മരുന്ന് ഉപയോഗം നിർത്തണമെന്ന് തീരുമാനിക്കാനുള്ള അവരുടെ മനോബലവും കഴിവും നഷ്ടമാകും. അവരെത്ര ആഗ്രഹിച്ചാലും ഇതിനു കഴിയാതെ വരും.
പലരും കരുതുന്നത് മയക്കു മരുന്നിനോട് ആസക്തനായ വ്യക്തി അശക്തനും മാനസിക ധൈര്യം കുറഞ്ഞവനും ആണെന്നാണ്‌ . പരക്കേയുള്ള മറ്റൊരു ധാരണ തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ  നിന്നും മാറുവാൻ അവർക്ക് തികഞ്ഞ മടിയാണെന്നും ഇനി ഉപയോഗിക്കില്ലെന്ന് സ്വയം തീരുമാനിച്ചാൽ തന്നെ ഇതിന്റെ ഉപയോഗത്തിൽ നിന്നും പിന്മാറാൻ കഴിയുമെന്നുമാണ്. എന്നാൽ ഇതല്ല യാഥാർത്ഥ്യം. മയക്കു മരുന്നിനോടുള്ള ആസക്തി നിയന്ത്രിക്കുന്നതിൽ വ്യക്തിക്ക് മാത്രമല്ല അയാളുടെ  ജീനുകൾക്കും അയാൾ നിവസിക്കുന്ന ചുറ്റുപാടുകൾക്കും പങ്കുണ്ട്. ആസക്തിയിൽ നിന്നും രക്ഷ നേടുന്നതിനുള്ള ശ്രമത്തിൽ ചെറിയ ഭാഗം മാത്രമാണ് ഇനി ഇല്ല എന്ന തീരുമാനം. അതിനേക്കാളേറെ അവനോ അവളോ ചികിത്സക്ക് വിധേയമാകുകയും അവർക്ക് വളരെയധികം പിന്തുണയും സഹായവും ലഭിച്ചാൽ മാത്രമെ പൂർണമായി മോചനം ലഭിക്കുകയുള്ളൂ. 
പല രീതികളിൽ  മയക്കു മരുന്ന് ഉപയോഗിക്കാം. പുകവലി, ശ്വാസത്തിനൊപ്പം വലിച്ചെടുക്കൽ , കുത്തിവയ്പ്, ചവക്കുന്നതിലൂടെയും കുടിക്കുന്നതിലൂടെയുമൊക്കെ ഇതിനു കഴിയും.കഞ്ചാവിന്റെ ഉപയോഗത്തിനു പുറമേ മണപ്പിക്കുക, പുകയില, ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വാങ്ങാൻ കഴിയുന്ന മരുന്നുകൾ കഴിക്കുക തുടങ്ങിയവയാണ് ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന മയക്കു മരുന്ന് ഉപയോഗ രീതി.
മയക്കു മരുന്ന് മനുഷ്യ മസ്തിഷ്കത്തെ ബാധിക്കുന്നത് എങ്ങനെ?
മയക്കു മരുന്നിന്റെ ഉപയോഗം തലച്ചോറിലുണ്ടാക്കുന്ന പ്രകടമായ മാറ്റത്തിൽ പ്രമുഖമായത് ഞരമ്പുകളിലൂടെയുള്ള സംജ്ഞാ സംപ്രേക്ഷണത്തിനു സഹായിക്കുന്ന അമിനോ രാസവസ്തു (ഡോപാമൈൻ) വിന്റെ പ്രവർത്തനമാണ്. മയക്കു മരുന്ന് കഴിക്കുമ്പോൾ  തലച്ചോറിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശം അയക്കാനുള്ള കഴിവിനെ ഇത് സ്വാധീനിക്കും. തലച്ചോറിനൊപ്പം മയക്കു മരുന്ന് ഇതേ പ്രവർത്തനം ആവർത്തിക്കും. ഒരു വ്യക്തിയുടെ ആനന്ദത്തിനു വേണ്ടി തലച്ചോറ് പുറപ്പെടുവിക്കുന്ന 'ഡോപാമൈൻ' എന്ന രാസ പദാർത്ഥത്തിന്റെ ഉത്പാദനം മയക്കു മരുന്ന് പ്രവർത്തനം മൂലം ആവർത്തിക്കപ്പെടും. അതായത് ആനന്ദം ലഭിക്കുന്നത് ഇരട്ടിയാകും. ക്രമേണ തലച്ചോറ് ഇനിയും ഈ നില വീണ്ടും ആവർത്തിക്കുവാൻ  ആഗ്രഹിക്കുകയും വ്യക്തി മയക്കു മരുന്നിനായി ആഗ്രഹിക്കുകയും ചെയ്യും.
തുടർച്ചയായി മയക്കു മരുന്ന് ഉപയോഗിക്കുന്നതോടെ തലച്ചോറിന്റെ സംവേദന ക്ഷമത കുറയും.തലച്ചോറിന്റെ പ്രവർത്തനം സ്വാഭാവികമായി എന്നു കരുതുന്നതിനും അത് പ്രവർത്തിക്കുന്നതിനും കൂടുതൽ  മയക്കു മരുന്ന് ഉപയോഗിക്കേണ്ടി വരും. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ  കൂടുതൽ  മരുന്ന് ആവശ്യമല്ലേയെന്ന് തലച്ചോറിനെ തന്നെ സംശയിപ്പിക്കുകയാണ് മയക്കു മരുന്ന് ചെയ്യുന്നത്. സത്യത്തിൽ ഇത് വ്യക്തിക്ക് ഒരു വിധത്തിലുള്ള പ്രയോജനവും ചെയ്യുന്നുമില്ലെന്ന് ഓർക്കണം.
മയക്കു മരുന്നിന്റെ ദീർഘ കാലത്തെ ഉപയോഗം തലച്ചോറിന്റെ തിരിച്ചറിയാനുള്ള ധാരണാ ശക്തിയേയും തകർക്കും. ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത് പഠനം, തിരിച്ചറിയൽ , തീരുമാനമെടുക്കൽ, പെരുമാറ്റ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ അമിത മയക്കു മരുന്ന് ഉപയോഗിക്കുന്നവരിൽ ദോഷകരമായി ബാധിക്കപ്പെടുന്നുവെന്നാണ്. ഇതിനൊക്കെ പുറമേ ഇത്തരം വ്യക്തികൾ വിഷാദ രോഗത്തിനും മറ്റ് മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കും വേഗം ഇരയാകുന്നുവെന്നാണ്.
മയക്കു മരുന്ന് മൂലമുള്ള മറ്റ് പ്രശ്നങ്ങൾ ഇനി പറയുന്നവയാണ് .
  • വിറയൽ
  • ഭക്ഷണ വിരക്തി, ഉറക്കമില്ലായ്മ
  • കോച്ചിപ്പിടുത്തം (ചുഴലി ദീനത്തിലേതു പോലെ)
  • ശരീരത്തിന്റെ തൂക്കത്തിലെ ഏറ്റക്കുറച്ചിൽ
  • സാമൂഹിക ബന്ധങ്ങളിൽ നിന്നും പിന്മാറ്റം
  • അമിതമായ പ്രസരിപ്പ്
  • പരിഭ്രമവും അസ്വസ്ഥത പ്രകടിപ്പിക്കലും
  • ഉദ്വേഗവും മനോ വിഭ്രാന്തിയും
മയക്കു മരുന്ന് ആസക്തി കണ്ടെത്തുന്നത്
മയക്കു മരുന്നിനോടുള്ള താത്പര്യം ആസക്തിയിലേക്ക് മാറിയോ എന്ന് കണ്ടെത്താനാകും. അത് എപ്രകാരമെന്ന് നോക്കാം.
  • താങ്കൾ ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചതിലും കൂടുതൽ മയക്കു മരുന്ന് ഉപയോഗിച്ചതായി മനസിലാക്കുമ്പോൾ
  • ആദ്യമായ് മയക്കു മരുന്ന് ഉപയോഗിക്കുന്നതിനു മുൻപ് പിൻവാങ്ങൽ ലക്ഷണങ്ങൾ കാണുന്നു. വിറയൽ , ശരീരമാകെ വിറയ്ക്കുന്നതു പോലെ തോന്നൽ , അസ്വസ്ഥനാകുക എന്നിങ്ങനെ തോന്നാം.
  • മയക്കു മരുന്നു ഉപയോഗിക്കാതെ ഈ ദിനം ഒന്നും ചെയ്യാൻ  കഴിയില്ലെന്ന തോന്നൽ
  • അടുത്ത ഡോസ് എടുക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തുന്നു
  • പ്രതിദിന പ്രവർത്തികൾ കൂടുതൽ ആഹ്ലാദകരവും തൃപ്തികരവുമായി തോന്നുന്നത് മയക്കു മരുന്ന് ഉപയോഗിച്ച ശേഷം ചെയ്യുമ്പോഴാണെന്ന് ബോദ്ധ്യപ്പെടുന്ന ഘട്ടം.
  • കുടുംബം, കൂട്ടുകാർ എന്നിവർക്ക് മതിയായ സ്ഥാനം നൽകാൻ കഴിയുന്നില്ല. വീട്ടിലേയും ഓഫീസിലേയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാകുന്നില്ല.
  •  മയക്കു മരുന്ന് ഉപയോഗിക്കുന്ന വിവരം മറ്റുള്ളവരിൽ നിന്നും മറച്ചു വക്കാൻ ആഗ്രഹം. ഇത്തരം ഉപയോഗം തനിക്കുണ്ടെന്ന് സമ്മതിക്കാതിരിക്കുക, ഉപയോഗിക്കുന്ന അളവ് തീരെ കുറവാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്തുന്നു.
  • നിങ്ങളുടെ പ്രവർത്തികളെ ഓർത്ത് കുറ്റബോധം തോന്നുക, അല്ലെങ്കിൽ അതിനേ കുറിച്ച് നാണക്കേട് തോന്നുന്നു.
  • മയക്കു മരുന്ന് ഉപയോഗത്തിൽ നിന്നും പിന്മാറണമെന്ന് ആലോചിക്കുകയും എന്നാൽ തീരുമാനം നടപ്പാക്കുന്നത് അനന്തമായി നീട്ടി വക്കുകയും ചെയ്യുന്നു.
മുകളിൽ പറഞ്ഞ വസ്തുതകൾ നിങ്ങളുടെ അനുഭവത്തിൽ ശരിയാണെന്ന് തോന്നുന്നുവെങ്കിൽ തീർച്ചയായും വിദഗ്ധ സഹായം തേടേണ്ടതുണ്ട്. പരിഷ്കരിക്കപ്പെട്ട CAGE ടെസ്റ്റിലൂടെ താങ്കൾ മയക്കു മരുന്നിന് ആസക്തനാണോയെന്ന് കണ്ടെത്താം.
  • കുടിക്കുന്ന മദ്യത്തിന്റേയും ഉപയോഗിക്കുന്ന മയക്കു മരുന്നിന്റേയും അളവ് കുറയ്ക്കണമെന്ന് താങ്കൾക്ക് എപ്പോഴെങ്കിലും തോന്നുന്നുണ്ടോ?
  • താങ്കളുടെ മദ്യ, മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ആരെങ്കിലും വിമർശനത്തിലൂടെ അലോസരപ്പെടുത്തുന്നുണ്ടോ?
  • താങ്കളുടെ മദ്യപാനത്തെയോ മയക്കു മരുന്ന് ഉപയോഗത്തെയോ കുറിച്ച് താങ്കൾക്ക് കുറ്റബോധമോ അത് തെറ്റാണെന്ന ചിന്തയോ ഉണ്ടായിട്ടുണ്ടോ?
  • ഏതെങ്കിലും ദിവസം രാവിലെ ശരീരത്തിനു ഉന്മേഷം ലഭിക്കുന്നതിനു മദ്യം കഴിക്കുകയോ മയക്കു മരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ? തലേന്നത്തെ മദ്യ മയക്കു മരുന്നിന്റെ ക്ഷീണം തീർക്കുകയോ കൈ വിറയൽ അവസാനിപ്പിക്കുകയോ ആകാം ഉദ്ദേശ്യം.

മുകളിൽ പരാമർശിച്ചവയിൽ  ഏതെങ്കിലും രണ്ടെണ്ണമോ അതിൽ അധികത്തിനോ 'ഉവ്വ്' എന്നാണ് താങ്കളുടെ ഉത്തരമെങ്കിൽ മയക്കു മരുന്നിനു ആസക്തനാണെന്ന് തിരിച്ചറിയുകയും വിദഗ്ധ വൈദ്യ സഹായം തേടുകയും ചെയ്യേണ്ടതാണ്.

താങ്കളുമായി അടുപ്പമുള്ള വ്യക്തി മയക്കു മരുന്നിനു ആസക്തനാണെന്ന് കരുതുന്നുവെങ്കിൽ സംശയ ദൂരീകരണത്തിന് മയക്കു മരുന്ന് ആസക്തരുടെ ശാരീരിക, പെരുമാറ്റ ലക്ഷണങ്ങൾ വ്യക്തമാക്കുന്ന ഞങ്ങളുടെ ലിസ്റ്റ് പരിശോധിക്കുക.

മയക്കു മരുന്ന് ആസക്തി പരിശോധനയിലൂടെ തിരിച്ചറിയുക
ഒരു വ്യക്തിക്ക് മയക്ക് മരുന്നിനോടുള്ള ആസക്തി കണ്ടെത്താൻ  ആരോഗ്യ വിദഗദ്ധരെ സഹായിക്കുന്ന നിരവധി പരിശോധനാ സമ്പ്രദായങ്ങളുണ്ട്. താങ്കളോ താങ്കളുടെ അടുത്ത ബന്ധമുള്ള വ്യക്തിയോ മയക്കു മരുന്ന് ആസക്തനാണെന്ന് കരുതുന്നുണ്ടെങ്കിൽ  ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെയോ കൌൺസലറുടെയോ സഹായം തേടണം. പ്രശ്നത്തിന്റെ ഗൌരവം കണ്ടെത്താനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും ഇതു വഴി അവർ സഹായിക്കും. വിദഗ്ദ്ധൻ പ്രത്യേക പരിശോധനകളിലൂടെയും വിവിധ പരീക്ഷണങ്ങളിലൂടെയും മയക്കു മരുന്ന് ഉപയോഗം മൂലമുള്ള നില കണ്ടെത്തും. അതിനൊപ്പം വൈദ്യശാസ്ത്രപരമായും ശാരീരികപരമായും പരിശോധിച്ച് നിലവിലുള്ള പ്രശ്നങ്ങൾ കണ്ടെത്തും.
മയക്കു മരുന്ന് ആസക്തർക്കുള്ള ചികിത്സ മയക്കു മരുന്ന് ആസക്തർക്കു വേണ്ടിയുള്ള ചികിത്സക്ക് നാലു ലക്ഷ്യങ്ങളുണ്ട്.
  • മയക്കു മരുന്ന് ഉപയോഗം മൂലം രോഗിയുടെ ശരീരത്തിൽ രൂപം കൊണ്ട വിഷാംശങ്ങൾ നീക്കം ചെയ്യുക
  • മയക്കു മരുന്നിനോടുള്ള രോഗിയുടെ താത്പര്യം കുറയ്ക്കുവാനും , പിൻവാങ്ങൽ ലക്ഷണങ്ങൾ ഒഴിവാക്കാനും സഹായിക്കുക
  • മയ്ക്കു മരുന്ന് ആസക്തി മൂലം രോഗിക്കുണ്ടായ മാനസിക, വികാരപരമായ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുക
  • മയക്കു മരുന്ന് ഉപയോഗ ചിന്തകൾക്ക് പ്രാധാന്യമില്ലാത്ത പുതിയൊരു ജീവിത ക്രമം രോഗിക്ക് രൂപീകരിച്ചു നല്കുക.
മറ്റെല്ലാ ആസക്തികളേയും പോലെ തന്നെയാണ് മയക്കു മരുന്ന് ആസക്തിയേയും ചികിത്സാ വിദഗ്ധർ പരിഗണിക്കുന്നത്. ചികിത്സയുടെ ഓരോ ഘട്ടവും നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. മരുന്ന് ഉപയോഗിക്കുന്നതിനൊപ്പം വ്യക്തിപരമായും രോഗി ഉൾപ്പെടുന്ന കൂട്ടായ്മയുമായും ഈ ചികിത്സയെ ബന്ധപ്പെടുത്തും. ഓരോ രോഗിയുടേയും രോഗ കാരണം അനുസരിച്ചാകും ചികിത്സ. രോഗം ഉണ്ടാകുവാനിടയായ സാഹചര്യം, ഉപയോഗിച്ച മയക്ക് മരുന്ന് സംബന്ധമായ വിവരങ്ങൾ, ഇവയുടെ ഉപയോഗം മൂലം നേരിടുന്ന ശാരീരിക പ്രശ്നങ്ങൾ . പ്രയാസങ്ങൾ എന്നിവ പരിഗണിച്ചാണ് ഓരോ രോഗിക്കും പരിശോധനയും ചികിത്സയും നിശ്ചയിക്കുക. ചികിത്സയിൽ മുഖ്യമായും നൽകുന്നത് രോഗി ഇനി മയക്കു മരുന്ന് സംബന്ധമായ കാര്യങ്ങളിൽ നിന്നും അകന്നു നില്ക്കാനും പഴയ നിലയിലേക്ക് മടങ്ങാതിരിക്കുന്നതിനും അവരെ സജ്ജമാക്കുന്ന തരത്തിലാണ്. മിക്ക രോഗികൾക്കും ചെറിയ കാലത്തെ ആശുപത്രി വാസ ചികിത്സ ആവശ്യമാണ്. അതിനു ശേഷമേ പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര ചികിത്സാ ക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ .
ആസക്ത ചിന്തകളിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ നേടുന്നവർക്ക് ജീവിതത്തെ നേരിടാൻ ധൈര്യം ലഭിക്കുകയാണ് ആവശ്യം.
പഴയ മോശമായ നിലയിലേക്ക് രോഗി മാറരുതെന്നാണ് ഈ ചികിത്സ കൊണ്ടുള്ള ഒരു മുഖ്യ ഉദ്ദേശ്യം. ഒരു വ്യക്തിക്ക് ആദ്യം ആസക്തി തോന്നുന്നത് വീഴ്ചയാണെന്ന് കരുതാം. ചികിത്സ നേടുകയും ദീർഘകാലം മയക്കു മരുന്നിൽ നിന്നും മാറി നില്ക്കുകയും ചെയ്ത ശേഷം ചിലരിൽ പഴയ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ കടന്നു വരാറുണ്ട്. രോഗം തിരികെ വരാതിരിക്കാനുള്ള മികച്ച ശ്രമം ചികിത്സയുടെ പ്രഥമ ഘട്ടത്തിൽ തന്നെ ഒരു ഇടപെടലിലൂടെ തുടങ്ങണം. രോഗം തിരികെ വരാനുള്ള ശ്രമത്തെ വ്യക്തി സ്വയം നേരിടുകയും വിജയിക്കുകയും ചെയ്യണം.
കുറിപ്പ് : പലരുടേയും ചിന്ത 'ഇല്ല' എന്നു പറയുന്നതോടെ ആസക്തി ചിന്തകളിൽ നിന്നും മാറാനാകുമെന്നാണ്. ആസക്തനാകുന്നത് ഒരു വ്യക്തിയുടെ മനോധൈര്യത്തിന്റെ മാത്രം കാര്യമല്ല. ഒരു വ്യക്തി ആസക്തനാകുമ്പോൾ തലച്ചോറിലെ തീരുമാനമെടുക്കാനുള്ള ഭാഗത്ത് മാറ്റം വരുത്തുകയും മരുന്നിനോട് ഇല്ല എന്നു പറയാൻ കഴിയാതെ വരികയും ചെയ്യും. മയക്കു മരുന്നുകളുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ഇതാണ് സംഭവിക്കുന്നത്.അവർ ഇല്ല എന്നു പറഞ്ഞേക്കാം. പക്ഷേ മയക്കു മരുന്നിനോടുള്ള അത്യധികമായ ആഗ്രഹവും പിൻ വാങ്ങൽ ലക്ഷണങ്ങളും മയക്കു മരുന്ന് ഉപയോഗത്തിലേക്ക് അവരെ തിരികെ കൊണ്ടു പോകും. ഈ ശീലം ഉപേക്ഷിക്കുന്നതിനു ഈ വ്യക്തിക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്.ഇതു കൊണ്ടാണ് മയക്കു മരുന്ന് ആസക്തിക്ക് ഔഷധവും പഴകിപ്പോയ ദുശ്ശീലത്തില്‍നിന്ന്‌ രക്ഷപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ചികിത്സാരീതിയും സംയുക്തമായി നൽകുന്നത്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org