സഹായാഭ്യർഥന ബലഹീനതയല്ല

സഹായാഭ്യർഥന ബലഹീനതയല്ല

അറിവും കഴിവും പ്രയോജനപ്പെടുത്തിക്കൊണ്ട് മാനസികാരോഗ്യക്കുറവിനെ കണ്ടെത്താനും പ്രതിരോധിക്കാനും അങ്ങനെ സ്വയം ശാക്തീകരിക്കാനും യുവജനങ്ങൾക്ക് കഴിയും
ഡോ. സീമ മെഹ്‌റോത്ര
'മാനസികമായി ആരോഗ്യവാൻ' എന്നു പറയുമ്പോൾ നിങ്ങൾ എന്താണർഥമാക്കുന്നത് എന്ന ചോദ്യത്തിന്, 'സമ്മർദ്ദരഹിതരും സന്തുഷ്ടരുമായിരിക്കുക', 'വികാരങ്ങളെ നിയന്ത്രിക്കുക', 'ജീവിതത്തിലെ പ്രതിസന്ധികൾക്കുമേൽ അധീശത്വം അനുഭവിക്കുക' എന്നിങ്ങനെയൊക്കെയാണ്, കോളേജ് വിദ്യാർഥികൾക്കിടയിൽ നടത്തിയ ഒരു വലിയ സർവ്വേയിൽ ഞങ്ങൾക്ക് ലഭിച്ച മറുപടികൾ. മാനസികാരോഗ്യത്തെ സംബന്ധിച്ച ശാസ്ത്രീയകാഴ്ചപ്പാടുകൾക്ക് ഏറെക്കുറേ സമാനമാണ് യുവജനങ്ങളിൽ നിന്ന് കിട്ടിയ ഈ മറുപടികൾ എന്നു കാണാം.

ഇന്ത്യൻ ജനസംഖ്യയുടെ ഒരു വലിയവിഭാഗവും യുവജനങ്ങളാണ്.
പലകാരണങ്ങൾ കൊണ്ടും യുവജനങ്ങളുടെ മാനസികാരോഗ്യപ്രശ്‌നങ്ങൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. കഴിവുകൾ 
കൊണ്ട് സമ്പന്നവും എന്നാൽ, പ്രലോഭനീയത കൊണ്ട് ശ്രദ്ധേയവുമായ ജീവിതദശയിലാണ് അവർ. 24 വയസിനു താഴെയുള്ളവരിലാണ് ഏറ്റവുമധികം മാനസികാരോഗ്യപ്രശ്‌നങ്ങൾ കണ്ടുവരുന്നത്. എന്നാൽ, ഇവരിൽ വളരെക്കുറച്ചുപേർക്കു മാത്രമേ ശരിയായ വൈദ്യസഹായം ലഭ്യമാകുന്നുള്ളു എന്നതാണ് ദു:ഖകരമായ വസ്തുത. അറിവില്ലായ്മ, അനിശ്ചിതാവസ്ഥ, അപമാനഭയം, ഉചിതമായ വൈദ്യസഹായത്തിന്റെ അപ്രാപ്യത എന്നിങ്ങനെ പല കാരണങ്ങളാവാം ഇതിനു പിന്നിലുള്ളത്.

ബിരുദവിദ്യാർഥികൾക്കിടയിൽ ഞങ്ങൾ ഈ വിഷയത്തിൽ ചർച്ചാപരമ്പരകൾ തന്നെ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക ചുറ്റുപാടുകൾ എന്നിവിയിലെ ശക്തമായ സമ്മർദ്ദവും മത്സരവുമാണ് പലതരത്തിലുള്ള ഇത്തരം മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നതെന്നാണ് ഈ ചർച്ചകളിലൂടെ വെളിവായത്. 

ദൈനംദിന ജീവിതത്തിലെ സ്വാഭാവികമായ ഇച്ഛാഭംഗങ്ങൾക്കിടയിൽ 'എല്ലായ്‌പ്പോഴും സമ്മർദ്ദരഹിതനായിരിക്കുക' എന്ന അതിമോഹംതന്നെ സമ്മർദ്ദത്തിനു കാരണമാകാം. മാതാപിതാക്കളുമായും അദ്ധ്യാപകരുമായും വൈകാരികമായ അടുപ്പം നിലനിർത്തുന്നതിലെ ബുദ്ധിമുട്ടിനെപ്പറ്റി  ധാരാളം യുവാക്കൾ പറയാറുണ്ട്. തങ്ങളെ ആരും മനസ്സിലാക്കുന്നില്ലെന്ന നിരാശ, യുവാക്കളുടെ മാനസികാരോഗ്യ സംബന്ധിയായ ഏത് ചർച്ചയിലും ഉയർന്നു കേൾക്കാറുള്ള ഒന്നാണ്. വലിയൊരു വിഭാഗം നാഗരികയുവത ഇന്നനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം അന്യവൽക്കരണവുമായി ബന്ധപ്പെട്ടതാണ്. വിദ്യാഭ്യാസത്തിനായും മറ്റും ചെറിയ പട്ടണങ്ങളിൽ നിന്ന് വൻനഗരങ്ങളിലേക്കെത്തുമ്പോൾ, ആദ്യഘട്ടങ്ങളിൽ പ്രത്യേകിച്ചും അനുഭവിക്കുന്ന അന്യവൽകൃതബോധം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശ്രമം അവരിൽ മാനസിക സംഘർഷം ജനിപ്പിക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും യുവാക്കളുടെ ചർച്ചകൾ പൊതുവെ ഉന്മേഷഭരിതവും മാറുന്ന സാഹചര്യങ്ങളെ അംഗീകരിക്കാനും സ്വയം മാറാനുമുള്ള പ്രസാദാത്മകത തുടിക്കുന്നവയുമാണെന്നു കാണാം.

മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയെന്നാൽ തങ്ങൾ മാനസികമായി തളർന്നവരാണെന്നോ വലിയ മാനസികപ്രശ്‌നങ്ങളുള്ളവരാണെന്നോ അല്ല അർഥമാക്കുന്നതെന്ന് ഇന്നത്തെ യുവത മനസ്സിലാക്കുന്നുണ്ട്. ഞങ്ങളുടെ നിരീക്ഷണത്തിൽ, ബന്ധങ്ങൾ തകരുമ്പോൾ ഉണ്ടാകുന്ന നൈരാശ്യവും തൊഴിൽ നേട്ടങ്ങളെ സംബന്ധിച്ച ആശങ്കയും സാമൂഹിക ചുറ്റുപാടുകളെപ്പറ്റിയുള്ള ചിന്താകുലതയുമൊക്കെയാണ് വിദഗ്ധസഹായം തേടാൻ നാഗരികയുവതയെ പ്രേരിപ്പിക്കാറ്.

യുവാക്കൾ ഇത്തരത്തിൽ സഹായം തേടാനൊരുമ്പെടുമ്പോൾ മിക്കവാറും, അവരുടെ കൂട്ടുകാർ തന്നെയാണ് ആദ്യപിന്തുണ നൽകുക. ഇപ്പറഞ്ഞതിന് ഒരുപാട് സാധ്യതകളുണ്ട്.  ഒന്നാമതായി, മാനസികമായി തകർന്ന കൂട്ടുകാർക്ക് വേണ്ട പിന്തുണ നൽകുന്നതിന് യുവാക്കളെ ശാക്തീകരിക്കാനാവും. രണ്ടാമതായി, ഒന്നിനു പകരം മറ്റൊന്നെന്ന നിലയില്ലല്ല പ്രത്യുത പരസ്പരം സഹായകമായ നിലയിൽ കൂട്ടുകാരുടെയും മാനസികരോഗ വിദഗ്ധന്റെയും സഹായം തേടാൻ യുവാക്കളെ പ്രേരിപ്പിക്കാനാകും. കൂടാതെ, നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ, മാനസികാസ്വാസ്ഥ്യത്തെക്കുറിച്ചുള്ള ദുർവർത്തമാനങ്ങൾക്കെതിരെ ശക്തിയുക്തം പോരാടാൻ യുവാക്കൾക്കാവും.
നേരിട്ടല്ലാതെ, മാനസികപ്രശ്‌നങ്ങൾ നേരിടുന്ന യുവാക്കളെ, അവർക്കാവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകി ചികിത്സിക്കുന്നതിലൂടെ അവരുടെ ഊർജ്ജം വീണ്ടെടുക്കാനും അവരെ മുഖ്യധാരയിലേക്ക് ആനയിക്കാനും കഴിയും. അത് യുവാക്കളുടെ സജീവ സഹകരണം തീർച്ചയായും ഒരു വലിയ സാമൂഹിക മാറ്റത്തിലേക്ക് നയിക്കും   
അറിവിന്റെയും കഴിവിന്റെയും പിൻബലത്തോടെ സ്വയവും മറ്റുള്ളവരെയും ശാക്തീകരിക്കുവാനുള്ള അസാമാന്യമായ സാധ്യത യുവാക്കളിലുണ്ട്. ആ സാധ്യത ഉപയോഗപ്പെടുത്തി, മാനസികാസ്വാസ്ഥ്യങ്ങളെ ഒഴിവാക്കാനോ നേരത്തെ തിരിച്ചറിയാനോ ഒക്കെ കഴിയും, അങ്ങനെ പൊതുവിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും. ഇത്തരത്തിൽ മാനസികാരോഗ്യ സംരക്ഷണത്തിനായി യുവാക്കളെ രംഗത്തിറക്കിയതിന്റെ സാക്ഷ്യപത്രമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ സംരംഭമായ 'യൂത്ത് പ്രോ' 
നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സീമ മെഹ്‌റോത്ര. ഈ വിഭാഗത്തിന്റെ കീഴിൽ, യുവാക്കളെ ലക്ഷ്യം വച്ച് മാനസികാരോഗ്യ പ്രോത്സാഹന ഗവേഷണം, സേവനം, പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്ന പോസിറ്റിവ് സൈക്കോളജി യൂണിറ്റ് കോ ഓർഡിനേറ്റർ കൂടിയാണ് അവർ.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org