മാനസിക അസ്വാസ്ഥ്യം എന്ന വിഷയം ആദ്യമായി അവതരിപ്പിക്കുന്നത്
മാനസികാസ്വാസ്ഥ്യം എന്നത് അങ്ങേയറ്റം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട, അതിലോലമായ ഒരു വിഷയമാണ്, അങ്ങനെ ഒരു അസുഖാവസ്ഥയുടെ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയോട് നിങ്ങൾ സംസാരിക്കുമ്പോൾ പ്രത്യേകിച്ചും. മിയ്ക്ക സന്ദർഭങ്ങളിലും തങ്ങള്‍ സ്നേഹിക്കുന്ന ഒരാളുടെ മനോഭാവങ്ങളിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കൾക്കും കഴിയും, ആ വിഷയം ആ വ്യക്തിയോട് ആദ്യമായി അവതരിപ്പിക്കാൻ കഴിയുന്നതിനുള്ള ഒരു വഴി കണ്ടുപിടിക്കുന്നതിനായി അവർ സംഘർഷം അനുഭവിക്കുകയും ചെയ്യും: "എനിക്ക് ആ വ്യക്തിയെ കുറിച്ചു താത്പര്യവും ഉത്കണ്ഠയും ഉണ്ടെന്നും അയാളെ പിന്തുണയ്ക്കുന്നതിന് ആഗ്രഹിക്കുന്നുണ്ടെന്നും അയാള്‍ മനസ്സിലാക്കുന്ന വിധത്തിൽ, ഞാന്‍ സ്നേഹിക്കുന്ന ആ വ്യക്തിയോട് എനിക്ക് എങ്ങനെയാണ് സംസാരിക്കാൻ കഴിയുക? മാനസിക അസുഖത്തെ ചുറ്റിപ്പറ്റി ഉള്ള സമൂഹത്തിലെ ദുഷ്കീര്‍ത്തി എന്ന അപമാനഭീതി (stigma) നിലനിൽക്കവെ, ഒരു മനോരോഗ വിദഗ്ദ്ധനേയോ ഉപദേഷ്ടകനേയോ കാണണം എന്നുളള എന്‍റെ അഭിപ്രായം ആ വ്യക്തി എങ്ങനെയായിരിക്കും സ്വീകരിക്കുക?"
ഇത്തരത്തിലുള്ള ഉത്കണ്ഠകൾ തികച്ചും സാധാരണമാണ്, തങ്ങളുടെ സ്‌നേഹഭാജനങ്ങളോട് ഇതു തുറന്നു പറയുന്നതിനു മുമ്പ് മിയ്ക്കവാറും പരിചരിക്കുന്നവരും ഇത്തരത്തിലുള്ള ചിന്തകൾ അനുഭവിക്കുന്നുണ്ട് എന്ന് അറിയിക്കാറുണ്ട്. നിങ്ങൾ അങ്ങനെ ഒരു അവസ്ഥയിൽ ആണ് എങ്കിൽ, നിങ്ങൾക്ക് ഈ വിഷയത്തെ എങ്ങനെ സമീപിക്കാം എന്നത് താഴെ പറയുന്നു:
പ്രശ്‌നം മനസ്സിലാക്കുക:
അവർ എന്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്നു മനസ്സിലാക്കുക. ആ വ്യക്തി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾക്കു പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട്, പൊതുവായി മാനസിക ആരോഗ്യത്തെ കുറിച്ചു വായിക്കുക. നിങ്ങൾ പരിശോധിക്കുന്ന അറിവുകൾ സ്വാംശീകരിക്കുന്നതിന് നിങ്ങൾക്കു തന്നെ കുറച്ചു സമയം നൽകുക, നിങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമുണ്ട് എന്നു തോന്നുന്ന പക്ഷം ആരോടെങ്കിലും അതേ കുറിച്ചു സംസാരിക്കുക. ശാരീരിക അസുഖത്തിൽ നിന്നു വളരെയൊന്നും വ്യത്യാസപ്പെട്ടതല്ല മാനസിക അസുഖവും, അതും ചികിത്സിച്ചു സുഖപ്പെടുത്താവുന്നത് ആണ്, അത് ആർക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നത്, ആ വിഷയത്തെ അമ്പരപ്പോടെ സമീപിക്കുന്നതിനു പകരം, നിങ്ങളുടെ സ്‌നേഹഭാജനത്തോടുള്ള തന്മയീഭാവത്തോടെ ആ വ്യക്തിയെ സമീപിക്കുന്നതിനു നിങ്ങളെ സഹായിക്കും.
ആ പ്രശ്‌നത്തെ കുറിച്ചു വായിക്കുന്നത്, നിങ്ങൾക്കു കാര്യങ്ങൾ മനസ്സിലാക്കുന്നതിനും നിങ്ങള്‍ സ്‌നേഹിക്കുന്ന വ്യക്തി ഇപ്പോൾ കടന്നു പോകുന്നത് എന്തിലൂടെ ആണെന്നും അവബോധം ഉണ്ടാക്കുന്നതിന് സഹായകമാകും എന്നതു വളരെ പ്രധാനമാണ്; അതേ സമയം തന്നെ, വിദഗ്ദ്ധ പരിചരണവും പിന്തുണയും നൽകാൻ കഴിയുന്ന ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധനു പകരമാകുന്നതിന് ഒരിക്കലും വായനയ്ക്കു കഴിയുകയുമില്ല.
സംഭാഷണം തുടങ്ങുന്നതിനു പിന്തുണ തേടുക
നിങ്ങൾ നിങ്ങളോടു തന്നെ ആരായുക: ഈ സംഭാഷണം നടത്തുന്നതിന് നിങ്ങൾക്ക് പിന്തുണ നൽകുവാൻ കഴിയുന്നവർ ആരെങ്കിലും ഉണ്ടോ? ഇക്കാര്യത്തിന് കൂടുതൽ അനയോജ്യരായവർ ആയി മറ്റ് ആരെങ്കിലും ഉണ്ടോ? നിങ്ങൾ സ്‌നേഹിക്കുന്ന ആ വ്യക്തിയോട് വളരെ അടുപ്പം സൂക്ഷിക്കുന്ന ഒരാൾ വേണം സംഭാഷണം തുടങ്ങേണ്ടത് എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്, ആ വ്യക്തിയുമായി നല്ല ബന്ധം പുലർത്തുന്ന, വിശ്വാസം ഉള്ള ഒരാളും കൂടി ആയിരിക്കണം ഈ വ്യക്തി, അങ്ങനെ ആയാൽ ആ വ്യക്തിക്ക് തന്നെ ഭീഷണിപ്പെടുത്തുന്നതായോ അകപ്പെടുത്തിയതായോ തോന്നുകയുമില്ലല്ലോ.
പൊതുവായ കാര്യങ്ങൾ പറഞ്ഞു കൊണ്ട് സംഭാഷണം ആരംഭിക്കുക
ആ വ്യക്തിയുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ചു പൊതുവായ സംജ്ഞകൾ ഉപയോഗിച്ചു സംസാരം തുടങ്ങുക, ആ വ്യക്തി അതേ കുറിച്ചു ബോധവാനോ ബോധവതിയോ ആണോ എന്ന്, അതല്ലെങ്കിൽ ആ വ്യക്തിക്ക് തന്‍റെ ലക്ഷണങ്ങളെ കുറിച്ച് സ്വന്തമായി ഉൾക്കാഴ്ച്ച ഉണ്ടോ എന്ന് അളക്കുന്നതിന് ശ്രമിക്കുക. മാനസിക അസുഖം ബാധിച്ച മിയ്ക്കവാറും ആളുകളും - സ്‌കീസോഫ്രീനിയ തുടങ്ങിയ അതീവ ഗുരുതരമായ അസുഖങ്ങൾ ബാധിച്ചിട്ടുള്ള ആളുകള്‍ ഒഴിച്ച് - തങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്, ഇതുവരെ അനുഭവിച്ചു കൊണ്ടിരുന്നതിൽ നിന്നും വ്യത്യസ്തമായതാണ് അല്ലെങ്കിൽ മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാണ് എന്നതിനെ കുറിച്ച്, ലേശം അവബോധം എങ്കിലും ഉള്ളവർ ആയിരിക്കും. ഉത്കണ്ഠാ സ്‌പെക്ട്രം തകരാറുകൾ (ആംഗ്സൈറ്റി സ്‌പെക്ട്രം ഡിസോർഡേഴ്‌സ്), വിഷാദരോഗം തുടങ്ങിയവ ബാധിച്ച വ്യക്തികൾ മിയ്ക്കവാറും തങ്ങളുടെ അസുഖത്തെ കുറിച്ച് ഉൾക്കാഴ്ച്ച പുലർത്തുന്നവർ ആയിരിക്കുവാനാണ് സാദ്ധ്യത.
അവർക്ക് എങ്ങിനെയാണ് തോന്നുന്നത് എന്നു ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കുക. ഈ ദിവസങ്ങളിലായി അവർക്കു സ്വയം എന്തെങ്കിലും വ്യത്യസ്തത അനുഭവപ്പെടുന്നുണ്ടോ? എന്തു മാറ്റമാണു സംഭവിച്ചത് എന്നതിനെ കുറിച്ച് ആ വ്യക്തി നിങ്ങളോടു ഏറ്റു പറയുന്നു എങ്കിൽ, അവരെ വിധിക്കുന്ന രീതിയിൽ അല്ലാതെ, അവർ പറയുന്നതു ശ്രദ്ധിക്കുക.
അയാളുടെ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള തന്മയീഭാവശക്തി നിങ്ങള്‍ക്ക് ഉണ്ട് എന്ന് അയാളെ അറിയിക്കുക
നമ്മൾ അയാളുടെ സ്ഥാനത്ത് ആണെങ്കിലും അല്ലെങ്കിലും മറ്റൊരു വ്യക്തിയുടെ അനുഭവം മനസ്സിലാക്കി അതിനോടു താദാത്മ്യം പ്രാപിക്കുന്നതിന് ഉള്ള നമ്മുടെ കഴിവാണ് തന്മയീഭാവശക്തി. ആ വ്യക്തിയെ സംബന്ധിച്ച് ഈ മാറ്റങ്ങൾ അനുഭവിക്കുന്നത് ക്ഷീണിപ്പിക്കുന്നത് ആയിരിക്കും, ഭീതിദമോ നിരാശാജനകമോ ആയിരിക്കും എന്ന് അംഗീകരിച്ചുകൊണ്ടു തന്നെ അയാളോട് താദാത്മ്യം പ്രാപിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ട് എന്ന് ആ വ്യക്തിയെ അറിയിക്കുക. മാനസിക അസുഖങ്ങൾ ചികിത്സിച്ചു ഭേദപ്പെടുത്താവുന്നത് ആണ് എന്നും അയാളെ അതു കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുന്നതിനും പിന്തുണ നൽകുന്നതിനും ആയി വിദഗ്ദ്ധർ ഉണ്ട് എന്നും ആ വ്യക്തിക്ക് ആവർത്തിച്ച് ഉറപ്പു നൽക്കുക; ഒരു വ്യക്തി എന്ന നിലയിൽ അത് അവരില്‍ ആരേയും യാതൊരു തരത്തിലും ബാധിക്കുകയില്ലെന്നും അവർക്ക് ഉറപ്പു നൽകേണ്ടതുണ്ട്. തന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ, അല്ലെങ്കിൽ തനിക്ക് എന്താണ് തോന്നുന്നത് എന്നത് നിയന്ത്രിക്കുന്നതിനു തനിക്കു കഴിയുകയില്ല എന്നു നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ട് എന്ന് അവരെ അറിയിക്കുന്നതും സഹായകമായി ഭവിച്ചേക്കാം.
അവരുടെ കാഴ്ച്ചപ്പാട് ബഹുമാനിക്കുക
അടുത്ത നടപടികൾ എന്താണ് എന്നതിനെ കുറിച്ച് അവർക്കു തിരഞ്ഞെടുക്കുന്നതിന്ഒരു അവസരം നൽകുക. സഹായം തേടുന്നതിന് അയാൾക്ക് താത്പര്യമുണ്ടോ എന്ന് അയാളോടു ചോദിക്കുക. ആ വിഷയത്തിൽ അയാൾക്ക് തിരഞ്ഞെടുപ്പു നടത്തുവാൻ അയാൾക്ക് അവസരം നൽകുക: അതെ കുറിച്ചു ചിന്തിക്കുന്നതിന് നിങ്ങള്‍ക്ക് താത്പര്യം ഉണ്ടോ? സഹായം സ്വീകരിക്കുന്നതിന് നിങ്ങൾ തയ്യാർ ആണോ?
അവരുടെ കാഴ്ച്ചപ്പാട് ബഹുമാനിക്കുക. നിങ്ങളുടെ സ്‌നേഹഭാജനങ്ങളിൽ പെട്ട ആരെങ്കിലും നിങ്ങളുടെ നിർബന്ധം കൊണ്ട് സഹായം തേടുന്നതിന് തയ്യാറാകുന്നു എങ്കിൽ, അയാൾ തന്‍റെ ചികിത്സയിൽ മനസ്സു കൊണ്ട് പങ്കെടുത്തു എന്നു വരില്ല, അപ്പോൾ ചികിത്സ ഫലപ്രദമായി എന്നും വരില്ല. കടുത്ത അസുഖം മൂലം രോഗിക്ക് തന്‍റെ അസുഖത്തെ കുറിച്ച് ഉൾക്കാഴ്ച്ച കുറവാണ് എന്നു വരുമ്പോഴോ (ഉദാഹരണത്തിന്, സ്‌കീസോഫ്രീനിയ ഉള്ള ആളുകൾ), മതിയായ മാനസിക പ്രാപ്തിയുടെ അഭാവം ഉള്ളപ്പോഴോ (ഉദാഹരണത്തിന് ബുദ്ധിമാന്ദ്യം ഉള്ള ആളുകൾ) അല്ലാതെ രോഗി സ്വയം സഹായം സ്വീകരിക്കുന്നതിനു തയ്യാറാകുമ്പോൾ മാത്രമേ ചികിത്സ ഫലപ്രദമാകുകയുള്ളു എന്ന് മാനസിക ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള തീവ്രമായ അസുഖങ്ങൾ പിടിപെട്ടിട്ടുള്ളവരുടെ കാര്യത്തിൽ മാത്രമേ രോഗി പങ്കെടുക്കേണ്ടതില്ല, അല്ലെങ്കിൽ അവരെ ചികിത്സിക്കുന്ന മാനസിക ആരോഗ്യ വിദഗ്ദ്ധനുമായി സജീവമായി സഹകരിക്കേണ്ടതില്ല എന്നു ശുപാർശ ചെയ്യുവാൻ കഴിയുകയുള്ളു.
നിങ്ങളുടെ പിന്തുണ നൽകുക
അവർക്ക് നിങ്ങളുടെ പിന്തുണ ഉറപ്പു നൽകുക, അത്യാവശ്യമാണ് എന്നുള്ളപ്പോള്‍ മാത്രമല്ലാതെ, അവരെ കുറിച്ചുള്ള വിവരങ്ങൾ മറ്റാരുമായും നിങ്ങള്‍ പങ്കു വയ്ക്കുകയില്ല എന്നു ഉറപ്പും കൊടുക്കുക.
ഒരു നല്ല മാനസിക ആരോഗ്യ വിദഗ്ദ്ധനെ കണ്ടുപിടിക്കുക, നിങ്ങൾ സ്‌നേഹിക്കുന്ന രോഗബാധിതനായ ആ വ്യക്തിക്കൊപ്പം ഡോക്ടറുടെ അടുത്തേക്ക് നിങ്ങളും കൂടെ പോവുക; നിങ്ങൾ സ്‌നേഹിക്കുന്ന വ്യക്തിയുടെ രോഗനിർണ്ണയം നടത്തുന്നതിന് പിന്തുണ നൽകുന്നതിനു ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞുവെന്നു വരാം.
നിങ്ങൾ ഈ പ്രശ്നത്തില്‍ വല്ലാത്ത നിസ്സഹായവസ്ഥയില്‍ പെട്ടുപോയി എന്നു തോന്നുന്നു എങ്കിൽ സഹായം തേടുക
ഈ പ്രക്രിയയ്ക്ക് ഇടയിൽ നിങ്ങൾ ആശയക്കുഴപ്പത്തിൽ പെട്ടതായി തോന്നുന്ന പക്ഷം, നിസ്സഹായവസ്ഥയില്‍ പെട്ടുപോയി എന്നു തോന്നുന്ന പക്ഷം, അല്ലെങ്കിൽ കുറ്റബോധം തോന്നുന്നു എങ്കിൽ, ഉപദേഷ്ടാവിനേയോ അല്ലെങ്കിൽ ചികിത്സോപദേശം നൽകിക്കൊണ്ടിരിക്കുന്ന മാനസിക ആരോഗ്യ വിദഗ്ദ്ധനേയോ സമീപിക്കുക. നിങ്ങളുടെ തോന്നലുകൾ അഭിസംബോധന ചെയ്യുകയോ തിരിച്ചറിയുകയോ ചെയ്യുക. മാനസിക അസുഖങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനും രോഗനിർണ്ണയം അംഗീകരിക്കുന്നതിനും നമുക്ക് ഓരോരുത്തർക്കും അവരവരുടേതായ വഴികൾ ഉണ്ട്. നിങ്ങൾ സ്‌നേഹിച്ചിരുന്ന വ്യക്തിയെ ഓർത്ത് വിഷമവും സങ്കടവും തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. നിങ്ങൾക്കു സ്വയം വൈകാരിക പിന്തുണ തേടുക, അതുവഴി നിങ്ങൾ സ്‌നേഹിക്കുന്ന വ്യക്തിയെ പരിചിരിക്കുന്നതിനു സഹായകമായ വിധത്തിൽ പ്രശ്‌നം അഭിമുഖീകരിക്കുന്നതിനുള്ള നയങ്ങൾ നിങ്ങൾക്ക് തിരിച്ചറിയുന്നതിനു കഴിയും.
ആൾ ഇൻഡ്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നു പിഎച്ച്ഡി ലഭിച്ചിട്ടുള്ള, ഡൽഹി ആസ്ഥാനമാക്കി ജോലി ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഗരിമ ശ്രീവാസ്തവ നൽകിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സമാഹരിച്ചിട്ടുള്ളതാണ് ഈ ലേഖനം.