മാനസിക ആരോഗ്യവും പ്രകൃതി ദുരന്തങ്ങളും

പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചവർക്ക് അടിസ്ഥാന ആവശ്യങ്ങളായ വീട്, ചികിത്സ, സാമ്പത്തികം തുടങ്ങിയ ആവശ്യങ്ങൾക്ക് പുറമെ മാനസിക, സാമൂഹിക പിന്തുണയും കൂടി ആവശ്യമുണ്ട്. 
ഞങ്ങൾ റസ്റ്റോറന്റിന്റെ വാതിൽക്കലേക്ക് ഓടിച്ചെന്നു. ഇത്തരം ഭൂചലനങ്ങൾ ഞങ്ങൾക്ക് പരിചിതമായിരുന്നു. എങ്കിലും ഇത് കുറച്ച് വ്യത്യസ്തമായ തോതിലായിരുന്നു. അന്ന് ഉച്ചയ്ക്ക് അനുഭവിച്ചതുപോലെ എന്റെ കാലിനടിയിലെ മണ്ണ് അനങ്ങുന്നതായി ഒരിക്കലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. തെരുവിൽ കെട്ടിടങ്ങളിൽനിന്ന് നടുറോഡിലേക്ക് ഓടുന്ന ആളുകളെയാണ് ഞങ്ങൾ കണ്ടത്. ഇതിന് മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ സമയം ഈ തീവ്രചലനം നീണ്ടുനിന്നു. അവസാനിച്ചപ്പോഴേക്കും (പിന്നീട് അറിഞ്ഞത് പ്രകാരം ഏകദേശം 60 സെക്കന്റ് ഉണ്ടായിരുന്നു, പക്ഷേ ഒരുപാട് സമയമെടുത്തതായി അപ്പോൾ തോന്നി) തെരുവ് ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. 
ഭാഗ്യത്തിന് ചില പഴയ കെട്ടിടങ്ങളിൽ വീണ വിള്ളലുകൾ ഒഴിച്ച് നിർത്തിയാൽ മറ്റ് തകരാറുകളൊന്നുമില്ലായിരുന്നു. തുടർ കമ്പനങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ഞങ്ങൾ റോഡിൽ ചുരുണ്ടു കൂടിയിരുന്നപ്പോൾ ആദ്യചലനത്തിന്റെ തോത് കുറയുകയും അത് ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഞങ്ങൾ സുരക്ഷിതരായിരുന്നു. ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞ് കുടുംബത്തെ ഫോണിൽ  ബന്ധപ്പെട്ടശേഷം തെരുവിന്റെ പഴയ ഭാഗങ്ങളിലേക്ക് തിരിച്ച് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ആ ഭാഗത്ത് തകരാറുകൾ ഒരുപാട് കൂടുതലാണെന്ന് ഞങ്ങൾ കേട്ടിരുന്നു. പക്ഷേ, എന്തായിരിക്കും അവിടെ കാണാൻ പോകുന്നതെന്ന കാര്യത്തിൽ യാതൊരു ഊഹവും ഞങ്ങൾക്കില്ലായിരുന്നു. 
ഒരിക്കൽ ഭംഗി തുളുമ്പി നിന്നിരുന്ന ആ പഴയ തെരുവ് പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ ഒരിടമായി മാറി. കുടുങ്ങി കിടക്കുന്ന ആളുകളെ തിരഞ്ഞ് പലരും അവശിഷ്ടങ്ങൾക്കിടയിൽ ഓടി നടക്കുന്നുണ്ടായിരുന്നു. എനിക്ക് അതിതീവ്രമായ കുറ്റബോധം അനുഭവപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടമാളുകളുടെ ഒപ്പം ഞങ്ങളും ചേർന്നു. ആ ഇടുങ്ങിയ വഴിയിലൂടെ നടന്നപ്പോൾ നിർഭാഗ്യവാന്മാരെ കുറിച്ച് ഓർക്കാതിരുന്നതിൽ ഞാൻ ലജ്ജിച്ചു. ഞെട്ടലും പേടിയും തിരിച്ച് വരികയും പെട്ടെന്ന് എല്ലാം മരവിച്ച് പോയതുപോലെയും എനിക്ക് അനുഭവപ്പെട്ടു. 
അന്ന് വൈകുന്നേരം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും എല്ലാത്തിൽനിന്നും വിച്ഛേദിക്കപ്പെട്ടതായി എനിക്ക് തോന്നി. എന്റെ രക്ഷകർത്താക്കൾക്ക് എന്നെ കണ്ടപ്പോൾ ആശ്വാസം വന്നെങ്കിൽകൂടി എനിക്ക് ആകെ ഒരു മരവിപ്പ് തോന്നി. എനിക്ക് സ്വസ്ഥനാകാൻ കുറച്ച് സമയം വേണമെന്ന് മനസിലായത് കൊണ്ട് അവരെന്നെ അതിന് അനുവദിച്ചു. അന്ന് ഞാൻ ഉറങ്ങിയതേയില്ല. 
ഭൂചലനം ഉണ്ടായിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും നഗരം ഇപ്പോഴും സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഇഷ്ടിക വീടുകളിലേക്ക് തിരിച്ച് പോകാൻ ഭയപ്പെടുന്നതിനാൽ പലരും ജീവിതം ടെന്റുകൾക്കുള്ളിലാക്കി. ഭാഗ്യത്തിന് നഗരജീവിതം കാര്യമായി മെച്ചപ്പെട്ടു. കുടിവെള്ളം, ഭക്ഷണം തുടങ്ങിയവയുടെ വിതരണവും വൈദ്യുതി, പൈപ്പ് വെള്ളത്തിന്റെ വിതരണവും മെച്ചപ്പെട്ടു. പഴയ തെരുവിന് പുറത്ത് ജീവിക്കുന്ന ആകാശ് എന്ന ഞങ്ങളുടെ ഒരു കൂട്ടുകാരനെ ഭൂകമ്പം മാനസികമായി ബാധിച്ചിരുന്നു. ചലനം ഉണ്ടായപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു. അവിടെ സംഭവിച്ച തകർച്ചകൾക്കെല്ലാം സാക്ഷിയായിരുന്നു അയാൾ. അവൻ ഈ ദിവസങ്ങളിൽ തീരെ ഉറങ്ങാറില്ലെന്ന് ആകാശിന്റെ അമ്മ പറഞ്ഞു. ഒന്നിൽ കൂടുതൽ തവണ ഉറക്കത്തിൽ കമ്പനങ്ങള്‍ അനുഭവപ്പെടുന്നതായി അവൻ പരാതിപ്പെടുന്നുണ്ടായിരുന്നു. അവന്റെ വിശപ്പ് നഷ്ടപ്പെട്ടെന്നും എപ്പോഴും മുറിയിൽ അടച്ചിരിക്കുകയാണെന്നും അവന്റെ അമ്മ പറയുന്നുണ്ടായിരുന്നു. അവൻ ഭയന്നു പോയതാണെന്നും അത് പതിയെ മാറുമെന്നുമായിരുന്നു ആകാശിന്റെ അച്ഛൻ പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് അവന്റെ അമ്മയ്ക്ക് അറിയില്ല. കഴിയുമ്പോഴൊക്കെ ആകാശിന്റെ വീട്ടിലേക്ക് പോകാൻ ഞങ്ങൾ ശ്രദ്ധിച്ചു. അവന്റെ ഉത്സാഹം തീർച്ചയായും നഷ്ടപ്പെട്ടിട്ടുണ്ട്. അവനെ പഴയ ലാഘവമുള്ള മാനസിക അവസ്ഥയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. 
വിഷയത്തെ കൂടുതൽ മനസിലാക്കുന്നതിനായി യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ട് വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ഈ കഥാഖ്യാനം തയ്യാറാക്കിയത്. 
പ്രകൃതി ദുരന്തത്തെ അതിജീവിച്ചവർക്ക് മാനസിക സാമൂഹിക പിന്തുണ ആവശ്യമുണ്ട്. 
പ്രകൃതി ദുരന്തം അനുഭവിച്ചിട്ടുള്ള എല്ലാവരുംതന്നെ അതുമൂലം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളവരും പിന്തുണ ആവശ്യമുള്ളവരുമാണ്. പിന്തുണയുടെ അളവിൽ മാത്രമാണ് വ്യത്യാസമുള്ളത്. പ്രകൃതി ദുരന്തത്തിന്റെ സമയത്തും അതിനുശേഷവുമുണ്ടാകുന്ന വൈകാരികാവസ്ഥകളെ തരണം ചെയ്യുവാൻ ചിലർക്ക് കഴിയും. അതിജീവിച്ചവർക്ക് സാധാരണയായി താഴെ പറയുന്ന വികാരങ്ങളാണ് അനുഭവപ്പെടാറുള്ളത്. 
  • ഞെട്ടൽ
  • ഭയം
  • കുറ്റബോധം
  • ദേഷ്യം
  • ജാഗ്രത
  • പഴയ കാര്യങ്ങളുടെയും ഓർമ്മകളുടെയും കടന്നുകയറ്റം
  • വിഷമവും നിരാശയും
പ്രവചിക്കാനാവാത്ത ഒരു സംഭവത്തെ അതിജീവിക്കുന്ന മിക്കവാറും ആളുകൾക്ക് എല്ലാംതന്നെ ഈ വികാരങ്ങൾ അനുഭവപ്പെടാറുണ്ട്. കുറേ സമയത്തിനുള്ളിൽ ഭൂരിഭാഗം പേർക്കും അതിനെ തരണം ചെയ്യാൻ കഴിയുന്നതാണ്. എന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയാതെ വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക്ക് ഡിസോർഡർ (PTSD- മാനസിക ആഘാതത്തെ തുടർന്ന് ഉണ്ടായ മാനസിക നില) ഉറക്കക്കുറവ്, ലഹരി ഉപയോഗം തുടങ്ങി വിവിധ മാനസിക - ആരോഗ്യ പ്രശ്‌നങ്ങളാൽ കഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്. 
വ്യക്തി കടന്നുപോയ സാഹചര്യം പരിഗണിച്ച് മാനസിക, സാമൂഹിക പിന്തുണയും ആവശ്യമാണ്. ഒന്നുകിൽ അവർ മരണത്തെ മുഖാമുഖം കണ്ടതാണ്. അല്ലെങ്കിൽ ഒരു കുടുംബാംഗത്തെ നഷ്ടപ്പെടുകയോ അവരുടെ വീട് തകർന്നടിഞ്ഞ സാഹചര്യമോ ഉണ്ടാകാം. ഇതിന് പുറമെ ആഹാരത്തിന്റെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലം ഉണ്ടായ ശാരീരിക, മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാം. ഇത്തരം മാനസിക സംഘർഷങ്ങളെ തരണം ചെയ്യാൻ എല്ലാ വ്യക്തികൾക്കും മാനസിക, വൈകാരിക കഴിവ് ഉണ്ടാകണമെന്നില്ല.
കുറിപ്പ്: ഇത്തരം ദുരന്തങ്ങളും പ്രശ്‌നങ്ങളും അനുഭവിച്ചവർക്ക് ഉടനടി മാനസിക ആഘാതം ഉണ്ടാകണം എന്നില്ല. അവ രൂപപ്പെടാൻ കുറച്ച് സമയമെടുക്കും. അതിനാൽ സംഭവത്തിനുശേഷം അതിനെ അതിജീവിച്ചവരുടെ വികാരങ്ങളെ ക്ഷമയോടെയും വൈകാരികമായും കാണേണ്ടത് പ്രധാനമാണ്. കുറച്ച് മാസങ്ങൾക്കു ശേഷവും ഇത് തുടരുകയാണെങ്കിൽ അതിജീവിച്ചവർക്ക് മാനസിക, സാമൂഹിക ഇടപെടൽ ആവശ്യമുണ്ട്. 
പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ ഉടൻതന്നെ വ്യക്തികൾക്ക് സഹായം വേണ്ടി വരാവുന്നത്:
  •  നഷ്ടപ്പെട്ടുപോയ കുടുംബത്തേയും സുഹൃത്തുക്കളെയും കണ്ടെത്തുക, അവര്‍ വേര്‍പിരിഞ്ഞ് പോയിരിക്കാം അല്ലെങ്കില്‍ വ്യത്യസ്തമായ ആശ്വാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോകപ്പെട്ടിരിക്കാം.  
  • ദുരന്തത്തെക്കുറിച്ച് സംസാരിക്കുകയും മാനസിക ആഘാതങ്ങളിൽ പങ്കുപറ്റുകയും ചെയ്യുന്നത് ഏകാന്തത കുറയ്ക്കുവാൻ സഹായിക്കുന്നു. 
  • അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചോർത്ത് അവർക്ക് പേടിയുണ്ടാകും. അവരുടെ പ്രശ്‌നങ്ങൾക്ക് മുന്‍ഗണന കൊടുക്കുകയും അവരെ സമാധാനിപ്പിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. 

നിങ്ങളുടെ ഒരു കുടുംബാംഗമോ സുഹൃത്തോ ഒരു പ്രകൃതി ദുരന്തത്തെ അതിജീവിച്ചവരാണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇതാണ്: 

  • അവരോട് ക്ഷമയോടെ പെരുമാറുകയും വേണ്ട പിന്തുണ നൽകുകയും ചെയ്യുക. 
  • സംഭവത്തെക്കുറിച്ച് സംസാരിക്കുക, എന്നാൽ നിർബന്ധിക്കാതിരിക്കുക. അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് അതുമൂലമുണ്ടായ വിഷമങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും അതൊരു വൈകാരികമായ വിഷയമാണെന്ന കാര്യം ഓർക്കുക.
  • വൈകാരികവും സാമൂഹികമായ പിന്‍വലിയൽ സാധാരണമാണെന്ന് മനസിലാക്കുക
  • കുറെ കാലത്തേക്ക് വൈകാരിക ആഘാതത്തെ നേരിടാൻ കഴിയുന്നില്ലെങ്കിൽ ഒരു കൗൺസിലറെ കാണുവാൻ അവരെ പ്രോത്സാഹിപ്പിക്കുക.    

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org