എങ്ങനെ ഒരു നല്ല മാനസികാരോഗ്യ വിദഗ്ധനെ കണ്ടെത്താം?

എങ്ങനെ ഒരു നല്ല മാനസികാരോഗ്യ വിദഗ്ധനെ കണ്ടെത്താം?

ശരിയായ മാനസികാരോഗ്യ വിദഗ്ധനെ കണ്ടെത്തുന്നതിൽ അൽപ്പം പരീക്ഷണാത്മകത വേണ്ടിവന്നേക്കാം, എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് ഗുണകരമാകുക തന്നെ ചെയ്യും.
ഡോ. ഗരിമ ശ്രീവാസ്തവ

ജീവിതത്തിന്റെ പല സന്ധികളിലും നമ്മൾ മാനസികമായി തളർന്നും വീണും പോകാറുണ്ട്, എങ്കിലും കുറേസമയം കഴിയുമ്പോൾ, ചിലപ്പോൾ വളരെ അടുത്ത ചിലരുടെ സഹായത്തോടെ നാം സ്വയം അവയിൽ നിന്നൊക്കെ കരകയറും. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ, നമ്മുടെ വൈകാരികവും മാനസികവുമായ അവസ്ഥകളെയും ഇത്തരം സംഘർഷങ്ങളെ നേരിടാനുള്ള കഴിവിനെയും അതിലംഘിച്ചാലോ?
എപ്പോഴാണ് മാനസികാരോഗ്യകാര്യങ്ങളിൽ ഒരു വിദഗ്ധന്റെ സഹായം തേടുന്നതിനെപ്പറ്റി നമ്മൾ ആലോചിക്കേണ്ടത്? ഇത്തരം പ്രശ്‌നങ്ങൾ നമ്മുടെ ജോലിയെയും സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തെയും ( അത് വൈകാരികമോ, വേദനാജനകമോ, വിഷമകരമോ ആയ പ്രശ്‌നങ്ങളോ, മാനസികാവസ്ഥയുടെ മാറ്റമോ, ആശങ്കയോ, ചിന്താവിഷ്ടതയോ,  ബന്ധങ്ങളിലെ അസ്വാരസ്യമോ മറ്റു പലതോ ഒക്കെയാവാം) എത്രത്തോളം ബാധിക്കുന്നു എന്നതനുസരിച്ചാണ് വിദഗ്ധസഹായം തേടൽ പ്രസക്തമാകുന്നത്. വിദഗ്ധ സഹായം തേടുന്നതു സംബന്ധിച്ച് സ്വയമോ പ്രിയപ്പെട്ടവരോടോ ചോദിക്കുന്നത് ഒരു തീരുമാനമെടുക്കാൻ സഹായകമാകും.

സഹായം തേടലിന്റെ ആദ്യപടി

സഹായം തേടാനായി മാനസികമായി തയ്യാറെടുക്കുകയാണ് ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം. പലപ്പോഴും ഈ തീരുമാനവുമായി മുന്നോട്ടുള്ള പോക്കിൽ ഉറപ്പില്ലായ്മയും താൽപ്പര്യമില്ലായ്മയും ഉണ്ടായേക്കാം. നിങ്ങൾ മറ്റുള്ളവരാൽ വിധിക്കപ്പെടുകയോ ഭ്രാന്തനെന്ന് മുദ്രകുത്തപ്പെടുകയോ ചെയ്‌തേക്കാം. ഈ അവസ്ഥയിൽ നിന്ന് പുറത്തു കടക്കാനോ സ്വയം ഉയർന്നു വരാനോ ഒക്കെ ചിലർ, ഉപദേശിച്ചേക്കാം.

സഹായം തേടുന്നതിൽ ലജ്ജിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മനസ്സിലുറപ്പിക്കുകയാണ് ആദ്യം വേണ്ടത്. ധാരാളം പേരെ, ഈ ലക്ഷണങ്ങളെ ഓർത്ത് ആത്മനിന്ദയും സ്വന്തം സ്വഭാവത്തെയോർത്ത് കുറ്റബോധവും ഉള്ളവരായി കാണാം. പ്രമേഹവും രക്തസമ്മർദ്ദവും ആസ്ത്മയുമൊക്കെയുള്ളവർ വൈദ്യസഹായം തേടാൻ ലജ്ജിക്കാറില്ലല്ലോ. അതുപോലെ നിങ്ങളുടെ മാനസികാരോഗ്യ വിദഗ്ധൻ പോലും നിങ്ങളെയോ നിങ്ങളുടെ പ്രവൃത്തികളെയോ വിധിക്കാനൊരുമ്പെടില്ല. ഒരു കാര്യമോർക്കുക, സഹായം തേടാനുള്ള താല്പര്യമുണ്ടാവുക എന്നതാണ് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. നിങ്ങളുടെ സ്ഥിതി മെച്ചപ്പെടുന്നതിന് അതാണ് ഏറ്റവും അത്യാവശ്യം. നിങ്ങൾ മാനസിക സമ്മർദ്ദത്താൽ തളർന്നിരിക്കുമ്പോൾ, സഹായം വേണമെന്ന് പറയാനുള്ള ആത്മവിശ്വാസംപോലും നഷ്ടപ്പെട്ട അവസ്ഥയിൽ ഏറ്റവും നല്ല പിന്തുണ നൽകാൻ കഴിയുന്നത് ഒരു കുടുംബാംഗത്തിനോ സഹായിക്കോ ആയിരിക്കുമെന്നത് അതിപ്രധാനമാണ്.

നിങ്ങളുടെ തീരുമാനം പ്രധാനമാണ്.

നിങ്ങൾ ആരായാലും നിങ്ങൾ നേരിടുന്ന പ്രശ്‌നം എന്തുതന്നെയായാലും ഒരു മാനസികാരോഗ്യ വിദഗ്ധനെ തേടുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും മനസ്സിലുണ്ടാകണം. അത് നിങ്ങളുടെ അവകാശമാണ്.
  • സ്വകാര്യത, രഹസ്യാത്മകത, മാന്യത, ബഹുമാനം
  • നിങ്ങളുടെ ആവശ്യങ്ങളെപ്പറ്റിയും സാംസ്‌കാരിക പശ്ചാത്തലത്തെപ്പറ്റിയുമുള്ള അവബോധം
  •  എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നതിനെപ്പറ്റിയും ചികിത്സാ സാധ്യതകളെപ്പറ്റിയുമുള്ള സുവ്യക്തമായ വിവരണം.
  • ചികിത്സയിൽ തൃപ്തനല്ലെങ്കിലോ രോഗശമനത്തിൽ വേണ്ടത്ര പുരോഗതി കാണാനാകുന്നില്ലെങ്കിലോ മറ്റൊരു വിദഗ്ധനെ തേടാനുള്ള സ്വാതന്ത്ര്യം.
ആദ്യകൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ ആരോടുള്ള സംസാരമാവും നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമെന്ന കാര്യത്തിൽ തീരുമാനമെടുക്കണം. നിങ്ങൾ കാണാനുദ്ദേശിക്കുന്ന വിദഗ്ധന്റെ പ്രായം, ലിംഗം, മതം, ഭാഷ, സാംസ്‌കാരിക ചുറ്റുപാടുകൾ തുടങ്ങിയവ ഇക്കാര്യത്തിൽ പരിഗണിക്കാവുന്ന ചില ഘടകങ്ങളാണ്. ഈ ഘടകങ്ങൾ കണക്കിലെടുത്ത് ചില മാനസികാരോഗ്യ വിദഗ്ധരെ ഒഴിവാക്കേണ്ടിവന്നാൽ അതിലൊരു തെറ്റുമില്ല. ഒരു ദീർഘകാല ബന്ധത്തിനായേക്കാം നിങ്ങൾ തയ്യാറെടുക്കുന്നത് എന്നതുകൊണ്ടുതന്നെ സ്വന്തം സുസ്ഥിതിക്കാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത്.

സഹകരണപരമായ ബന്ധം
 
നിങ്ങളുടെ ഡോക്ടറുമായുള്ള ബന്ധം ഒരു സഹവർത്തിത്വമാണെന്ന് ഓർക്കേണ്ടത് ഏറെ പ്രധാനമാണ്. നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു ചികിത്സാ പദ്ധതി രൂപീകരിക്കുന്നതിന് ഇരുവരും ഒരുമിച്ചുള്ള പ്രവർത്തനമാകും ഉചിതം. നിങ്ങളുടെ രോഗത്തെ സംബന്ധിച്ച വിവരങ്ങൾക്കും ചികിത്സാവേളയിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കും ഉയർന്ന രഹസ്യാത്മകത ഉറപ്പു നൽകുന്ന കാര്യത്തിൽ എല്ലാ മാനസികാരോഗ്യ വിദഗ്ധരും ധാർമ്മികമായിത്തന്നെ ബാധ്യസ്ഥരാണ്. നല്ല യോജിപ്പിലും പാരസ്പര്യത്തിലും നിരപേക്ഷമായ ശുഭചിന്തയിലും അധിഷ്ഠിതമായ ഡോക്ടർ – രോഗി ബന്ധം ചികിത്സയിൽ വളരെ ഗുണം ചെയ്യും. ആ ബന്ധം നിലനിർത്തി കൊണ്ടുപോകുന്നതിലും ഇരുവരും വേണ്ട ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

ഏതു തരം വിദഗ്ധനാവും എനിക്ക് നന്ന്?

പൊതുവെ പറഞ്ഞാൽ, മാനസിക പ്രശ്‌നങ്ങൾക്ക് രണ്ടുതരം ചികിത്സകളാണുള്ളത്: മനശ്ശാസ്ത്രപരവും മാനസികരോഗ ചികിത്സാപരവും. ചെറുതും അൽപ്പം ഉയർന്നതോതിലുള്ളതുമായ വിഷാദം, ആശങ്ക, സമ്മർദ്ദം തുടങ്ങി പൂർണ്ണമായും വൈകാരികവും മനശ്ശാസ്ത്രസ്വഭാവമുള്ളതുമായ പ്രശ്‌നങ്ങൾക്ക് ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടാൽ മതിയാവും. എന്നാൽ ഉയർന്ന തോതിലുള്ള വിഷാദമോ ഒബ്‌സസിവ് കമ്പൽസീവ് ഡിസോർഡറോ (OCD) ഒക്കെയാണെങ്കിൽ രോഗത്തെ നിയന്ത്രണാധീനമാക്കാൻ കൗൺസലിംഗുൾപ്പെടെയുള്ള മനശ്ശാസ്ത്രചികിത്സയ്‌ക്കൊപ്പം മരുന്നുകളും വേണ്ടിവരും. പാരനോയ്ഡ് സ്‌കിസോഫ്രിനിയ പോലുള്ള ഗുരുതരാവസ്ഥകളിൽ വിഭ്രമവും മതിഭ്രമവുമൊക്കെ ശമിക്കും വരെ മാനസികരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ നൽകേണ്ടിവരും.

അതായത്, ലക്ഷണങ്ങളുടെ ഗൗരവവും ചികിത്സയുടെ സങ്കീർണ്ണതയുമനുസരിച്ച് രോഗചികിത്സയിൽ മികവുള്ള ഒരു വിദഗ്ധനെ കണ്ടെത്തേണ്ടിവരും. നിങ്ങളുടെ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം വൈകാരികമോ മനശ്ശാസ്ത്രപരമോ ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ ഒരു മനശ്ശാസ്ത്രജ്ഞനെയോ മാനസികാരോഗ്യ കൗൺസിലറെയോ സമീപിക്കുന്നതാണ് നന്ന്.

അങ്ങനെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണാൻ തീരുമാനിച്ചാൽ പിന്നെ ഏതുതരം ചികിത്സയാണ് അവരവർക്ക് ഉചിതമെന്ന് മനസ്സിലാക്കുകയാണ് അടുത്തതായി വേണ്ടത്. എല്ലാ മാനസികാരോഗ്യ വിദഗ്ധരും എല്ലാത്തരം മാനസികപ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യാൻ കഴിയുന്നവരാണെങ്കിൽക്കൂടി നിങ്ങൾ നേരിടുന്ന പ്രശ്‌നം ചികിത്സിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരെ സമീപിക്കുന്നതാവും നന്ന്. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കുഴപ്പമാണ് നിങ്ങൾ നേരിടുന്നതെങ്കിൽ ആ മേഖലയിൽ പ്രാവീണ്യമുള്ള ഒരു മനശ്ശാസ്ത്രജ്ഞനെ സമീപിക്കാം. വൈവാഹിക ബന്ധത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഒരു വിവാഹ, കുടുംബ ചികിത്സകനാവും നന്ന്. കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് ആശങ്കയാണെങ്കിൽ ഒരു സ്‌കൂൾ കൗൺസിലറുടെ സഹായം തേടാവുന്നതാണ്. തങ്ങൾക്ക് ഒരു ചികിത്സകനിൽ നിന്ന് എന്താണു വേണ്ടതെന്നതിനെപ്പറ്റി വളരെയേറെപ്പേർക്ക് വ്യക്തമായ ധാരണയുണ്ട്. ഉദാഹരണത്തിന്, ചികിത്സകൻ ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കണം, എന്റെ ലക്ഷ്യം നേടാൻ സഹായിക്കണം, അല്ലെങ്കിൽ എന്റെ മികവുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞുതരണം എന്നിങ്ങനെ.. 

താങ്കളുടെ മാനസികാരോഗ്യ സ്ഥിതി കൂടുതൽ വഷളാണെങ്കിൽ, ഉദാഹരണത്തിന് തീവ്രമായ വിഷാദമുണ്ടെങ്കിൽ താങ്കൾക്ക് ആത്മഹത്യാ പ്രവണത, തീവ്രമായ തലവേദന, നൈരാശ്യം, വിരക്തി, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ ഒക്കെ ഉണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ മാനസികരോഗവിദഗ്ധനെ സമീപിച്ചാൽ അദ്ദേഹം വിഷാദമുക്തിക്കായും മറ്റു രോഗലക്ഷണങ്ങളുടെ ശമനത്തിനായും മരുന്നുകൾ നൽകും. ഒപ്പം ഒരു മനശ്ശാസ്ത്രജ്ഞന്റെ സഹായത്തോടെ ക്രമം തെറ്റിയ ചിന്തകളെയും വികാരങ്ങളെയുമൊക്കെ ചികിത്സിച്ച് ഭേദമാക്കാനും ആനന്ദകരമായ പ്രവർത്തനങ്ങളിലേക്ക് നിങ്ങളെ തിരികെയെത്തിക്കാനും കഴിയും.  

പഴയ ചികിത്സാരേഖകൾ നൽകുക.

വയറു വേദനയും തലവേദനയും പോലുള്ള ആവർത്തിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, പുകവലി, മദ്യപാനം, മയക്കു മരുന്നുപയോഗം, സ്വയം മുറിവേൽപ്പിക്കുക എന്നിവയുൾപ്പെടെ നിങ്ങളുടെ ആരോഗ്യചരിത്രം തുറന്നുപറയുന്നത് ചികിത്സയ്ക്ക് സഹായകമാകും. അതോടൊപ്പം, മറ്റേതെങ്കിലും മനശ്ശാസ്ത്രജ്ഞനിൽ നിന്നോ മാനസികരോഗവിദഗ്ധനിൽ നിന്നോ കൗൺസിലറിൽ നിന്നോ മറ്റോ മുമ്പ് ചികിത്സ തേടിയിട്ടുണ്ടോ എന്നും അത് പ്രയോജനം ചെയ്‌തോ എന്നും പറയണം.

മരുന്നുപയോഗത്തെപ്പറ്റി

മരുന്നുകഴിക്കുന്നതിനെപ്പറ്റിയും അവയുടെ പാർശ്വഫല സാധ്യതകളെപ്പറ്റിയും എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അത് ഡോക്ടറോട് ചോദിച്ച് ദൂരീകരിക്കേണ്ടതാണ്.

എന്തു തരം വിദഗ്ധനെയാണ് ഞാൻ തെരഞ്ഞെടുക്കുക?
  • പ്രാഥമിക ചികിത്സാ ഡോക്ടർ/ കുടുംബ ഡോക്ടർ (MBBS or MD): നിങ്ങളുടെ കുടുംബ ഡോക്ടർക്ക് വിശദമായ ഒരു ശരീരപരിശോധനയിലൂടെ നിങ്ങളുടെ രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാവുന്ന ശാരീരികപ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്താനാവും. നിങ്ങളെ അലോസരപ്പെടുത്തുന്ന വൈകാരിക പ്രശ്‌നങ്ങളെപ്പറ്റി അവർ ചോദിക്കുകയും സംഗതി മാനസികമാണെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങൾക്കായി ഒരു മാനസികാരോഗ്യവിദഗ്ധനെയോ മനശ്ശാസ്ത്രജ്ഞനെയോ നിർദ്ദേശിക്കുകയും ചെയ്യും.
  • മനോരോഗ വിദഗ്ധൻ (MD): മാനസികാരോഗ്യ സംബന്ധിയായ രോഗങ്ങൾ ചികിത്സിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ ഒരു മെഡിക്കൽ ഡോക്ടറായിരിക്കും ഇദ്ദേഹം. മരുന്നുകൾ നിർദ്ദേശിക്കാനുള്ള പരിശീലനവും നേടിയിട്ടുണ്ട്. നിങ്ങളുടെ കുടുംബ ഡോക്ടർക്ക് മാനസികാരോഗ്യപ്രശ്‌നങ്ങളെ കണ്ടെത്താനും മരുന്നു നിർദ്ദേശിക്കാനും കഴിയും. എന്നാൽ മറ്റു തരം മാനസികാരോഗ്യ വിദഗ്ധർക്ക് സാധാരണയായി മരുന്നു നിർദ്ദേശിക്കാൻ കഴിയില്ലെന്നതും മനസ്സിലാക്കിയിരിക്കണം.
  • മനശ്ശാസ്ത്രജ്ഞൻ (MPhil, PhD):മാനസിക അസ്വാസ്ഥ്യങ്ങളും സ്വഭാവ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാൻ വേണ്ടത്ര പരിശീലനം നേടിയവരാണ് മനശ്ശാസ്ത്രജ്ഞർ. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് പരിശീലിക്കുവാനും അവയെ നേരിടുന്ന ശൈലിക്ക് മാറ്റം വരുത്താനും അവർ നിങ്ങളെ സഹായിക്കും. സൈക്കോ ഡൈനാമിക്, കൊഗ്‌നിറ്റിവ് ബിഹേവിയർ തെറാപ്പി (CBT), റാഷണൽ ഇമോട്ടിവ് ബിഹേവിയർ തെറാപ്പി (REBT), രോഗീ കേന്ദ്രീകൃത ചികിത്സ (സംസാര ചികിത്സയുടെ ഒരു വകഭേദം) അല്ലെങ്കിൽ സംയോജിത ചികിത്സാരീതി (രോഗിയുടെ ആവശ്യാനുസരണം രൂപപ്പെടുത്തിയ ചികിത്സാ രിതി) എന്നിങ്ങനെ വിവിധ ചികിത്സാ രീതികളിൽ പരിശീലനം നേടിയ ആളായിരിക്കും ഒരു മനശ്ശാസ്ത്രജ്ഞൻ.
  • മാനസികാരോഗ്യ പൊതുപ്രവർത്തകൻ (Master in Social Work MSW): വ്യക്തികളുടെയും കുടുംബങ്ങളുടെയും ഇടയിൽ അവരുടെ വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങൾ മനസ്സിലാക്കി ചികിത്സാ പദ്ധതികൾക്ക് രൂപം നൽകുന്നത് ഇവരാണ്. ചികിത്സാ പുരോഗതി ശ്രദ്ധിക്കുകയും പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ സഹായിക്കുകയും വിവരങ്ങൾ സമാഹരിക്കുകയും കൗൺസലിങ്ങ് നൽകുകയും ചെയ്യാൻ ഇവർക്കു കഴിയും.
ചികിത്സ എത്ര കാലം?

ഓരോ മനോരോഗചികിത്സാ വേളകളും സാധാരണയായി 45 മുതൽ 60 മിനിട്ടുവരെ നീളാറുണ്ട്. ആദ്യതവണ മിക്കവാറും സംഭാഷണമാവും കൂടുതൽ നടക്കുക. നിങ്ങൾ തന്നെയാവും കൂടുതൽ സംസാരിക്കുക. വിദഗ്ധനോട് എന്തുകൊണ്ട് നിങ്ങൾക്ക് സഹായം ആവശ്യമെന്നും എന്താണ് ചികിത്സയിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കാം. താങ്കളെ എങ്ങനെ സഹായിക്കാനാവുമെന്ന് ആ വിദഗ്ധൻ വിശദീകരിച്ചു തരികയും ലക്ഷ്യം നേടാനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിത്തരികയും ചെയ്യും. തുടർന്നുള്ള ഓരോ കൂടിക്കാഴ്ചയിലും, രോഗ ലക്ഷണങ്ങളുടെ ആവർത്തന സ്വഭാവത്തിൽ കുറവുണ്ടാകുന്നോ, തീവ്രത കൂടുന്നുണ്ടോ, സമയദൈർഘ്യം കുറയുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെയും ചികിത്സകന്റെയും കൂട്ടുപ്രവർത്തനം നിങ്ങളെ സൗഖ്യത്തിലേക്ക് നയിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് അനിവാര്യമാണ്.

വിദഗ്ധനെ ഞാൻ എവിടെ തേടണം?
  • കുടുംബ ഡോക്ടർക്ക് നിർദ്ദേശിക്കാനാവും.
  • കൂട്ടുകാർ, ബന്ധുക്കൾ, സമൂഹം – ചിലപ്പോൾ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ കുടുംബ ഡോക്ടർക്ക് നിർദ്ദേശിക്കാൻ കഴിയും.
  • ടെലിഫോൺ ഡയറക്ടറിയിലെ ഡോക്ടർമാർ, മനശ്ശാസ്ത്രജ്ഞർ, മനോരോഗചികിത്സകർ, കൗൺസിലർ, ജനസേവന സംഘടനകൾ തുടങ്ങിയ വിഭാഗങ്ങൾ പരിശോധിക്കാം.
  • നമ്മുടെ പ്രദേശത്ത് ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സർക്കാർ/ മാനസികാരോഗ്യ സംഘടനകളുടെ വെബ്‌സൈറ്റ് പരിശോധിക്കാം, അവർ വിദഗ്ദ്ധരുടെ പേരുകളടങ്ങിയ പട്ടിക നൽകും.
  • ചില കമ്പനികളും സംഘടനകളും ജീവനക്കാർക്കുള്ള സഹായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സ്വകാര്യത പ്രധാനമെന്ന് കരുതുന്നുവെങ്കിൽ ഇത്തരം പരിപാടികളുടെ വിശ്വാസ്യത അന്വേഷിക്കുകയും അവ നിയമപരവും സ്വകാര്യത സംരക്ഷിക്കുന്നവയുമാണെന്ന് പരിശോധിക്കുകയും ചെയ്യുക.
  • പ്രാദേശിക ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും സൈക്കിയാട്രി/സൈക്കോളജി വിഭാഗങ്ങളിൽ അന്വേഷിക്കുക.
  • മെഡിക്കൽ/ ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ പക്കൽ വിദഗ്ധ ചികിത്സകരുടെ ഒരു പട്ടിക ഉണ്ടാവും. പട്ടികയിലില്ലാത്ത വിദഗ്ധരെ സമീപിക്കുന്നത് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. 
വിദഗ്ധനിൽ നിന്ന് എന്തൊക്കെ വിവരങ്ങൾ ലഭിക്കും?

ചികിത്സകനെപ്പറ്റി വിവരങ്ങൾ തേടുന്നത് വളരെപ്രധാനമാണ്. അത് നിങ്ങളുടെ വ്യക്തിപരമായ താല്പര്യവും ആവശ്യവുമനുസരിച്ചിരിക്കും.

നിങ്ങൾ ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങൾ ഇവയായിരിക്കും:
  • വിദഗ്ധന് എന്തൊക്കെ പരിശീലനവും പരിചയവും ലഭ്യമായിട്ടുണ്ട്?
  • അദ്ദേഹത്തിന്റെ ചികിത്സാ തത്വശാസ്ത്രവും ശൈലിയും എന്താണ്? അത് നിങ്ങളുടെ ആവശ്യത്തിനും ശൈലിക്കും ഇണങ്ങുമോ?
  • കൂടിക്കാഴ്ച്ചകൾ എത്രത്തോളം നീളും? എത്ര കാലത്തിലൊരിക്കൽ അതിന്റെ ആവശ്യമുണ്ടാവും?
  • ചെലവ് എങ്ങനെയാവും?
  • അത്യാവശ്യ ഘട്ടങ്ങളിൽ എങ്ങനെ സമീപിക്കാനാവും?
  • ആ ചികിത്സകൻ ഏതെങ്കിലും പ്രത്യേക രോഗത്തിലോ പ്രായവിഭാഗത്തിലോ- ഉദാഹരണത്തിന് കൗമാരക്കാർക്കിടയിൽ മാത്രം, വിഷാദരോഗികൾക്കിടയിൽ, ഭക്ഷണ ക്രമക്കേടുകൾ, പദാർഥ ദുരുപയോഗം എന്നിങ്ങനെ- ഏതിലെങ്കിലും പ്രത്യേക പരിശീലനം നേടിയ ആളാണോ?
ശരിയായ മാനസികാരോഗ്യ വിദഗ്ധനെ കണ്ടെത്തുന്നത് പ്രയാസമുള്ള ജോലിയാവാം, പരീക്ഷണാത്മകതയും വേണ്ടിവന്നേക്കാം. പക്ഷേ അതുകൊണ്ട് പിന്നീട് ഗുണമുണ്ടാവുകതന്നെ ചെയ്യും.
  • പ്രത്യേക സാഹചര്യങ്ങളോ അനുഭവങ്ങളോ കാരണമുണ്ടായ ഹ്രസ്വ കാല വൈകാരിക, മാനസിക സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ, മാനസികസമ്മർദ്ദം, ഏറ്റുമുട്ടലുകൾ മുതലായവ.
  • ദീർഘകാലമായുള്ള വ്യക്തിഗത പ്രശ്‌നങ്ങളെ അതിജീവിക്കാൻ.
  • തകർക്കുന്നതും ശല്യപ്പെടുത്തുന്നതുമായ രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ.
  • വ്യക്തിഗത വെല്ലുവിളികളെ നേരിടാൻ.
  • മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ
  • സർവ്വോപരി ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ…
രേഖകൾ: 
http://www.mayoclinic.org/diseases-conditions/mental-illness/in-depth/mental-health-providers/art-20045530

http://www.apa.org/helpcenter/choose-therapist.aspx
Diagnostic and Statistical Manual of Mental Disorders (DSM) American Psychiatric Association. (2000). Diagnostic and statistical manual of mental disorders (4th ed., text rev.). Washington, DC: Author.
http://www.psychiatry.ru/siteconst/userfiles/file/englit/A.%20Hibbert,%20A.%20Godwin,%20F.%20Dear%20-%20Rapid%20Psychiatry%20(PDF,%20823%20Kb).pdf

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org