മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതില്‍ ആയുർവേദത്തിന് എത്രത്തോളം സാധ്യതയുണ്ട്?

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതില്‍ ആയുർവേദത്തിന് എത്രത്തോളം സാധ്യതയുണ്ട്?

ഒരു സഹായക ഔഷധമെന്ന നിലയിൽ സ്വഭാവ ലക്ഷണ ചികിത്സയിൽ ആയുർവേദം ഉപകാരപ്രദമാണ്

ഒരു ശാസ്‌ത്രേതര വിദ്യാർഥിനിയായ 22കാരി സുധ ജീവിതത്തിലുടനീളം ഉത്കണ്ഠാകുലയായിരുന്നു. കാലം പോകെ ഈ ആശങ്കകളെ തടഞ്ഞു നിർത്തിയിരുന്ന ഘടകങ്ങൾ ദുർബ്ബലമാകാൻ തുടങ്ങി. ശ്വസനസംബന്ധിയായ പ്രശ്‌നങ്ങളും വിയർപ്പും തളർച്ചയുമെല്ലാം ശക്തമായതോടെ അവൾ ഒരു ഡോക്ടറെ സമീപിച്ചു. അദ്ദേഹം അവളെ ഒരു മനോരോഗ വിദഗ്ദ്ധന്‍റെ അടുക്കലയച്ചു. അദ്ദേഹം, തന്‍റെ പരിശോധനയിൽ ഇത് ഉത്കണ്ഠാസംബന്ധിയായ  പ്രശ്‌നമാണെന്ന് കണ്ടെത്തുകയും രോഗലക്ഷണങ്ങളെ അകറ്റാനുള്ള മരുന്നുകൾ നൽകുകയും ചെയ്തു. രോഗലക്ഷണങ്ങൾക്ക് കാരണം കണ്ടെത്തിയതിൽ സന്തോഷമുണ്ടായെങ്കിലും അവൾക്ക് പൂർണ്ണതൃപ്തി തോന്നിയില്ല. അവൾ തന്‍റെ ബുദ്ധിമുട്ട് ആദ്യം കണ്ട ഡോക്ടറോട് പങ്കുവയ്ക്കുകയും അദ്ദേഹം ഒരു ആയുർവേദചികിത്സകനെ സമീപിക്കാനും അങ്ങനെ നിലവിൽ കഴിക്കുന്ന മരുന്നുകളുടെ അളവ് നിയന്ത്രിക്കാനാകുമോ എന്ന് പരിശോധിക്കുവാനും പറഞ്ഞു.

ഒരു പ്രാചീന ചികിത്സാരീതിയെന്ന നിലയിൽ  ആയുർവേദം ഭാരതീയർക്ക് പരിചിതമാണെങ്കിലും ഒരു സഹായക ബദൽ ചികിത്സാരീതിയെന്ന നിലയിൽ അത് ഉപയോഗിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. അലോപ്പതി ചികിത്സയ്ക്ക് സഹായകമെന്ന നിലയിലാണ് ആയുർവേദം ഉപയോഗിച്ചു വരുന്നത്. മാനസികാരോഗ്യ ചികിത്സയിൽ  അലോപ്പതി മരുന്നുകളോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരാൻ ഇത് സഹായിക്കുന്നുണ്ട്. സഹായകചികിത്സയെന്ന നിലയിലാണ് ഉപയോഗിക്കുന്നതെങ്കിലും മനശ്ശാസ്ത്രം അഥവ മനസ്സിന്‍റെ ശാസ്ത്രം ആയുർവേദത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളിൽത്തന്നെ അധിഷ്ഠിതമാണ്. 

ആയുർവേദവിധിപ്രകാരം ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ (സമദോഷാവസ്ഥ) യിലാണ് ഒരു മനുഷ്യൻ ആരോഗ്യവാനായിരിക്കുന്നത്. ഇതോടൊപ്പം ശരീരത്തിലും ശരീരകലകളിലും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്‍റെ സന്തുലിതാവസ്ഥ, ശാരീരിക മാലിന്യങ്ങളുടെ ശരിയായ നിർഗ്ഗമനം (മലക്രിയ), പ്രസന്നമായ ആത്മാവും മനസ്സും, പഞ്ചേന്ദ്രിയങ്ങളുടെ ശരിയായ പ്രവർത്തനം എന്നിവയൊക്കെ കൂടിച്ചേരുമ്പോഴാണ് ആരോഗ്യം കൈവരുന്നത്.

ലളിതമായി പറഞ്ഞാൽ അലോപ്പതി രോഗലക്ഷണങ്ങൾ ചികിത്സിച്ച് വളരെ വേഗത്തിൽ ആശ്വാസം നൽകുമ്പോൾ ആയുർവേദം രോഗകാരണങ്ങളിലാണ് പ്രവർത്തിക്കുന്നത്. അതായത് മേൽപ്പറഞ്ഞ ഘടകങ്ങളിൽ ഏതിന്‍റെ അസ്വാഭാവികതയാണോ രോഗകാരണമായത് അതിനെ ചികിത്സിച്ച് ഭേദമാക്കുകയാണ് ആയുർവേദം ചെയ്യുന്നത്. ശരിയായ ചികിത്സയെന്നത് ഇത്തരത്തിൽ ശാരീരികവും മാനസികവുമായ ഘടകങ്ങളെ സമഗ്രമായി സമീപിക്കലാണെന്ന് ആയുർവേദ ചികിത്സകർ വിശ്വസിക്കുന്നു. ഈ സമീപനമാണ് ആയുർവേദത്തെ മനോരോഗത്തിനുള്ള ഒരു സഹായകം അല്ലെങ്കിൽ “ബദൽ” ചികിത്സാരീതിയായി കാണാൻ മനോരോഗവിദഗ്ദ്ധരെ പ്രേരിപ്പിക്കുന്നത്.

ആയുസ്സിന്‍റെ വേദമായ ആയുർവദം ജീവിതത്തിന്‍റെ ശാസ്ത്രമാണ്. അതായത്, മനസ്സ്, ശരീരം, ആത്മാവ്, ആരോഗ്യം എന്നിവയിൽ അധിഷ്ഠിതമായ ശാസ്ത്രം. പാർശ്വഫലങ്ങളില്ലാത്തതിനാൽ ഈ പ്രാചീന ചികിത്സാരീതി വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ശാരീരിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിലുപരി മാനസികാരോഗ്യപ്രശ്‌നങ്ങൾക്കും ഒരു ബദൽ ചികിത്സാരീതിയായും സഹായക ചികിത്സാരീതിയായും ആയുർവേദത്തെ ഉപയോഗിക്കാം.

ആയുർവേദവും മാനസികാരോഗ്യവും

'ഉത്കണ്ഠ, വിഷാദം, OCD തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഒരു സഹായക ചികിത്സാ രീതിയെന്ന നിലയിൽ അലോപ്പതിയോടൊപ്പം ആയുർവേദത്തെ വളരെ ഫലപ്രദമായി ഉപയോഗിക്കാം. ആയുർവേദ മരുന്നുകൾ ക്രമാനുഗതമായി കൂട്ടുന്നതിലൂടെ അലോപ്പതി മരുന്നുകളോടുള്ള  ആശ്രിതത്വം കുറച്ചു കൊണ്ടുവരാനാവും '- നിംഹാൻസിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ആയുർവേദ ഇൻ മെന്റൽ ഹെൽത്ത് ഡയറക്ടർ ഡോ. ഡി സുധാകർ പറയുന്നു. അലോപ്പതി മരുന്നുകളെ ആശ്രയിക്കുന്നത് ഇത്തരത്തിൽ പൂർണ്ണമായും ഒഴിവാക്കാനായ കേസുകളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അലോപ്പതി രോഗലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ ആയുർവേദം രോഗകാരണത്തെയാണ് സമഗ്രമായി ചികിത്സിക്കുന്നത്. പരമ്പരാഗത ഭക്ഷണ ജീവിത ശൈലികൾക്കൊപ്പം യോഗാസനങ്ങളും പച്ചമരുന്നുകളുമൊക്കെ ഈ ചികിത്സാരീതി അനുശാസിക്കുന്നുണ്ട്. ബദൽ ചികിത്സാ സങ്കേതമെന്ന നിലയിൽ ഇത് പരക്കെ അംഗീകാരം നേടിയിട്ടുമുണ്ട്. ശാരീരികവും മാനസികവുമായ ചികിത്സ നൽകുന്നതിലുപരി വീണ്ടും രോഗം വരുന്നതിനെ പ്രതിരോധിക്കുന്ന ഒരു ജീവിതശൈലിയിലേക്ക് ആ വ്യക്തി നയിക്കപ്പെടുകയും ചെയ്യുന്നു.

താത്വികമായിത്തന്നെ ആയുർവേദത്തിൽ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്.  ഒരു സമഗ്രചികിത്സാ രീതിയെന്ന നിലയിൽ ആയുർവേദം മനസ്സ്, ശരീരം, ആത്മാവ്, ഇന്ദ്രിയങ്ങളും അവയുടെ പ്രവർത്തനവും തുടങ്ങിയവയുടെ പാരസ്പര്യത്തെയാണ് പരിഗണിക്കുന്നത്.

മാനസികാരോഗ്യത്തെ അത് ഇനിപ്പറയുന്ന വിധമൊക്കെ സമീപിക്കുന്നു. മനുഷ്യനെന്നത് മനസ്സ്, ശരീരം, ആത്മാവ്, ഇന്ദ്രിയങ്ങൾ എന്നിവയുടെ സമഗ്രരൂപമാണ്. ഇതിൽ മാനസിക ഇന്ദ്രിയങ്ങളും (ജ്ഞാനേന്ദ്രിയങ്ങൾ) ശാരീരിക ഇന്ദ്രിയങ്ങളും (കർമ്മേന്ദ്രിയങ്ങൾ) ഉൾപ്പെടും. ഈ പ്രാഥമിക ഘടകങ്ങളുടെ ചലനാത്മകതയാണ് ഒരു മനുഷ്ന്‍റെ ആരോഗ്യത്തിന് നിദാനം.

മനസ്സ് മൂന്ന് പ്രായോഗികഘടകങ്ങൾ ചേർന്നതാണ്. സത്വം, രജസ്സ്, തമസ്സ്. ഇവയെ ഗുണങ്ങൾ എന്നും വിളിക്കുന്നു. ഈ ഗുണങ്ങളാണ് ഒരു മനുഷ്യന്‍റെ സ്വഭാവം അഥവ 'സത്വം' നിർണ്ണയിക്കുന്നത്. നല്ല ഗുണങ്ങളുടെ സംയോഗമായ 'സത്വം'-  ആത്മനിയന്ത്രണം, അറിവ്, ശരി തെറ്റുകളുടെ വേർതിരിച്ചറിയൽ തുടങ്ങിയവ ഉൾക്കൊള്ളുന്നു. രജോഗുണപ്രകാരം ചലനം, ഹിംസ, അസൂയ, അധികാരം, ആഗ്രഹം, ആശങ്ക തുടങ്ങിയ സ്വഭാവങ്ങളും തമോഗുണപ്രകാരം മന്ദത, നിഷ്‌ക്രിയത, ആലസ്യം, അലസത, ഉറക്കം, മയക്കം തുടങ്ങിയവയും ഉണ്ടാവുന്നു.  ഇതിൽ രജോഗുണവും തമോഗുണവും മനോദോഷങ്ങളുടെ പട്ടികയിലാണ് പെടുന്നത്. സത്വ രജോ തമോഗുണങ്ങളിലുണ്ടാവുന്ന അസന്തുലിതാവസ്ഥ മാനസികപ്രശ്‌നങ്ങൾക്ക് (മനോവികാരം) കാരണമാകുന്നു.

അതേ സമയം, പ്രകൃതിയിൽ നിന്ന് രൂപം കൊണ്ടു എന്നു കരുതപ്പെടുന്ന ശരീരം മൂന്ന് മനോജൈവ ഘടകങ്ങളുടെ സംയോഗമാണ്. വാതം (വായു ഘടകം), പിത്തം (അഗ്‌നി ഘടകം), കഫം (ഭൂമി ഘടകം) എന്നിവയാണ് അവ. ഇവയെ ത്രിദോഷങ്ങൾ എന്ന് വിളിക്കുന്നു. ത്രിദോഷങ്ങൾ അടിസ്ഥാനപരമായി ഋണാത്മകമാണെന്ന് ബാംഗ്ലൂരിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി ആയുർവേദ ചികിത്സകനായ ഡോ. രഘു റാം എം.ഡി. (ആയുർ) പറയുന്നു. (സംസ്‌കൃതത്തിൽ ദോഷം എന്നാൽ കുഴപ്പം) എന്നാലവ ശരീരത്തെ സംരക്ഷിക്കുകയുമാണ്. എപ്പോഴാണോ ഈ മൂന്ന് ദോഷങ്ങൾ വിരുദ്ധമാവുന്നത് അപ്പോൾ അത് ശരീരത്തെ ആക്രമിക്കുകയും ഏതെങ്കിലും ഒരു അവയവത്തിനോ ശരീരത്തിന് മൊത്തമായോ രോഗമുണ്ടാക്കുകയും ചെയ്യുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മനസ്സിനെയും ബാധിക്കും. മാനസിക അസ്വാസ്ഥ്യവും ഒരുപക്ഷേ രോഗവും ഉണ്ടാക്കാം. ഈ പരസ്പരബന്ധം കൊണ്ടുതന്നെ ആയുർവേദ ചികിത്സയിൽ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾക്ക് ഒരുപോലെ ഊന്നൽ നൽകുന്നുണ്ട്. 

വളരെ ഫലപ്രദമാണ് ഈ ചികിത്സാ ശൈലി എന്നാണ് വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രത്യേക മാനസികപ്രശ്‌നങ്ങൾക്ക് ആയുർവേദ ചികിത്സകർ നൽകിയ ചികിത്സയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

'ശാരീരിക പ്രശ്‌നങ്ങൾക്ക് ബദൽ ചികിത്സാരീതി എന്ന നിലയിൽ ആയുർവേദം വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. എന്നാൽ മാനസികരോഗ ചികിത്സയിൽ ഒരു ബദൽ / സഹായക ചികിത്സാ രീതിയെന്ന നിലയിൽ ഇത് ഇപ്പോൾ മാത്രമാണ് പരിഗണിക്കപ്പെടുന്നത്' ഡോ. സുധാകർ പറയുന്നു.

സൂചന:

1. 'ആയുർവേദം മാനസികാരോഗ്യ രംഗത്ത്' – ഡോ. ഡി. സുധാകർ, ഡോ. ശ്രിനിഭാഷ് സാഹൂ, ഡോ. ബി സി എസ് റാവു, അഡ്വാൻസ്ഡ് സെന്‍റർ ഫോർ ആയുർവേദ ഇൻ മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് നിംഹാൻസ്, ബാംഗ്ലൂർ.

2.    ഡോ. രഘു റാം എം.ഡി. (ആയുർ),  ആയുർവേദിക് റുമറ്റോളജി, ആയുർവേദ ചികിത്സകൻ, ബാംഗ്ലൂർ.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org