മാനസികാരോഗ്യത്തിനായി പ്രഥമ ശുശ്രൂഷ

മാനസികാരോഗ്യത്തിനായി പ്രഥമ ശുശ്രൂഷ

ശാരീരിക മുറിവുകൾക്ക് പ്രഥമ ശുശ്രൂഷ ചെയ്യുന്നതു പോലെ തന്നെ, മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും നിങ്ങൾക്ക് പ്രഥമ ശുശ്രൂഷ ചെയ്യാവുന്നതാണ്

നിങ്ങളുടെ വിരലിൽ ഒരു മുറിവു പറ്റിയാൽ, നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ വിരൽ വെള്ളമൊഴിച്ച് കഴുകും, മുറിവിൽ ഒരു ആന്‍റിസെപ്റ്റിക് ലോഷൻ (അണുനാശിനി) പുരട്ടും, രോഗപ്പകർച്ച തടയുന്നതിനായി നിങ്ങൾ മുറിവ് ബാൻഡ് എയ്ഡ് വച്ചു മൂടും. ഇത് ശരീരത്തിനുള്ള പ്രഥമ ശുശ്രൂഷ ആണ്. ഇതേ പോലെ മനസ്സിനും പ്രഥമ ശുശ്രൂഷ ലഭ്യമാണ്, മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ എന്നാണ് അതിനെ വിളിക്കുന്നത്.

ഒരു വ്യക്തിയിൽ മാനസിക രോഗത്തിനുള്ള സാദ്ധ്യത കണ്ടുപിടിക്കുന്നതിനുള്ള പ്രക്രിയയാണ് മാനികാരോഗ്യ പ്രഥമ ശുശ്രൂഷ. വൈകാരികവും പെരുമാറ്റപരവും ആയ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമുള്ള പക്ഷം വിദഗ്ദ്ധ സഹായം തേടുന്നതിനായി ആ വ്യക്തിയുമായി ആശയവിനിമയം നടത്തുന്നതും ആണ് അതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഏതു രോഗത്തിനും, ശാരീരികമോ മാനസികമോ ആകട്ടെ, ഇടപെടൽ എത്രത്തോളം മുമ്പേ ആകുന്നുവോ ആ വ്യക്തി രോഗത്തിൽ നിന്നു മുക്തി പ്രാപിക്കുന്നതിനുള്ള സാദ്ധ്യത അത്രത്തോളം  കൂടുതലായിരിക്കും. 

മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ ആർക്കാണ് ആവശ്യം?

വൈകാരികമായ വ്യഥ അനുഭവിക്കുന്ന, സഹായം ആവശ്യമുള്ള വ്യക്തിക്കാണ് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ വേണ്ടത്. വൈകാരിക ഉയർച്ച താഴ്ച്ചകൾ കൊണ്ടുവരാൻ സാദ്ധ്യതയുള്ള അനേകം അവസ്ഥകൾ ഉണ്ടാകാം, ഉദാഹരണത്തിന് ഒരു കുട്ടി പുതിയ ഒരു സ്‌കൂളിലേക്ക് മാറുന്നത്, തങ്ങളുടെ ബന്ധത്തിൽ ഒരു വേർപിരിയലിലൂടെ കടന്നു പോകുന്ന വ്യക്തി, ഒരു പുതിയ സ്ഥലത്തേക്കു കുടിയേറുന്ന ഒരു തൊഴിലാളി, സ്‌നേഹിക്കുന്ന വ്യക്തിയുടെ ദേഹവിയോഗം, തൊഴിൽ നഷ്ടം, സാമ്പത്തിക നഷ്ടം, അങ്ങനെ എടുത്തു പറയാവുന്ന ചിലത് ഇവയെല്ലാമാണ്. പെട്ടെന്നുണ്ടാകുന്ന അപ്രതീക്ഷിത മാറ്റത്തിന് മാനസിക പിരിമുറുക്കം, ഭയം, ഉത്കണ്ഠ എന്നിവയെല്ലാം വ്യക്തിയിൽ ഉണ്ടാക്കുവാൻ കഴിയും, നേരത്തെ തന്നെ അതു തിരിച്ചറിഞ്ഞില്ല എങ്കിൽ അത് മാനസിക അസുഖം ആയി സ്പഷ്ടമാക്കപ്പെട്ടെന്നും ഇരിക്കും. അതുകൊണ്ട് വ്യക്തിക്ക് ഇവയിൽ നിന്നും സുരക്ഷ ഏർപ്പെടുത്തുന്നതിനും കൂടുതൽ ഹാനി ഉണ്ടാകാതിരിക്കുന്നതിനും സഹായം ലഭ്യമാകുന്നുണ്ട് എന്നത് പ്രധാനമത്രേ.

ഏതെങ്കിലും മാനസിക രോഗത്തിന്‍റെ രോഗനിർണ്ണയമോ ആ വ്യക്തിക്ക് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനു സൗകര്യം ചെയ്തു കൊടുക്കുന്നതോ ഉപദേശം നൽകുന്നതോ തെറപ്പി നൽകുന്നതോ പ്രഥമ ശുശ്രൂഷയിൽ ഉൾപ്പെടുന്നില്ല.

മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ ആവശ്യമുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് തിരിച്ചറിയുക?

വിഷയത്തെ കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാത്ത ഒരു സാധാരണ വ്യക്തി എന്ന നിലയ്ക്ക്, നിങ്ങളുടെ സ്‌നേഹഭാജനത്തിന് സഹായം ആവശ്യമുണ്ട് എന്ന് വെറുതെ അവരെ നോക്കുന്നതിൽ നിന്ന് നിങ്ങൾക്കു മനസ്സിലാക്കുവാൻ സാധിച്ചെന്നു വരില്ല. പക്ഷേ, കടുത്ത മാനസികവും വൈകാരികവുമായ പിരിമുറുക്കത്തിലൂടെ കടന്നു പോകുന്ന വ്യക്തി, തങ്ങളുടെ ചില ചിന്തകളും, പെരുമാറ്റങ്ങളും വികാരങ്ങളും പ്രദർശിപ്പിക്കുന്നതിലൂടെ, അവരുടെ പിരിമുറുക്കം തിരിച്ചറിയുന്നതിനു നിങ്ങളെ സഹായിച്ചുവെന്നു വരാം. അവ താഴെ പറയുന്നവയാണ്:

  • വളരെ എളുപ്പത്തിൽ കരയാൻ തുടങ്ങുക
  • വ്യാകുലതയും ഉത്കണ്ഠയും ഉണ്ടാകുക
  • ആക്രമണപരതയും ക്ഷോഭവും പ്രകടിപ്പിക്കുക
  • സാമൂഹികമായ പിന്മാറ്റം പ്രകടിപ്പിക്കുക
  • സ്‌കൂൾ/കോളേജ് / ജോലിസ്ഥലം തുടങ്ങിയ ഇടങ്ങളിലേക്കു പോകാൻ കൂട്ടാക്കാതിരിക്കുക
  • സ്വയം പഴി ചാരുന്നതിന്‍റെ ചിന്തകൾ ഉണ്ടാകുക
  • കുറ്റബോധം തോന്നുക
  • പ്രതീക്ഷയില്ലായ്മ അനുഭവിക്കുക
  • നിസ്സഹായത അനുഭവിക്കുക

ചിലപ്പോൾ ആ വ്യക്തിക്ക് ഒരു മാനസികാരോഗ്യ വിദ്ഗ്ദ്ധന്‍റെ സഹായം ആവ ശ്യമുണ്ടാകാം, പക്ഷേ അവർ അധികവും ആഗ്രഹിക്കുന്നത് മറ്റൊരു വ്യക്തിയിൽ നിന്നുള്ള തന്മയീഭാവത്തോടെയുള്ള, വിധിക്കാത്ത പിന്തുണ ആയിരിക്കും.

മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ എങ്ങനെയാണ് നിങ്ങൾക്ക് നൽകുവാൻ സാധിക്കുക?

നിങ്ങൾക്ക് അറിയാവുന്ന ഒരു വ്യക്തി വൈകാരികമായ കുഴപ്പത്തിലൂടെ കടന്നു പോകുന്നു എന്നു കണ്ടാൽ, നിങ്ങൾക്ക് ആ വ്യക്തിയെ സമീപിക്കാം, തന്മയീഭാവത്തോടെയുള്ള, വിധിക്കാത്ത, സ്വകാര്യമായ ഒരു സംഭാഷണം നടത്താം.

ഉദാഹരണത്തിന്, ഒരു മാനേജറും അയാളുടെ കീഴ്ജീവനക്കാരനും ആയിട്ടുള്ള സംഭാഷണം ഒന്നു നോക്കൂ:

മാനേജർ: ഹായ്, ആനന്ദ്, ഇപ്പോൾ കുറച്ചു നാളായിട്ട് നിങ്ങൾ വളരെ നിരുത്സാഹിയും ക്ഷീണിതനും ആയി കാണപ്പെടുന്നുവല്ലോ. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ?

ആനന്ദ്: എന്‍റെ അച്ഛന് അത്ര സുഖമില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ മോശമായിരിക്കുന്നു. ജോലി കാരണം അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് എനിക്കു സാധിക്കുന്നില്ല.

മാനേജർ: നിങ്ങൾ അദ്ദേഹത്തെ ഡോക്ടറെ കാണിച്ചുവോ?

ആനന്ദ്: ഉവ്വ്, അദ്ദേഹത്തിന്‍റെ മരുന്നുകൾ ഇപ്പോൾ ഫലിക്കാതായിരിക്കുന്നു, അവയൊന്നും ഇല്ലാതെ ഇനി സമാധാനമായി ജീവിക്കുവാൻ അദ്ദേഹത്തെ അനുവദിക്കണം എന്നു ഡോക്ടർ പറഞ്ഞു. 

മാനേജർ: ഇന്ന് നിങ്ങൾ ഒരു അവധി എടുത്ത് അദ്ദേഹത്തിനൊപ്പം കഴിയണം. അദ്ദേഹത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കണം. ഇങ്ങനെയുള്ള അവസ്ഥയിൽ വീട്ടിലേക്ക് സ്വയം വണ്ടി ഓടിച്ചു പോകാതിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. ഒരു ക്യാബ് എടുത്തു പോകൂ.

ആനന്ദ്: വളരെ ഉപകാരം സർ. ഞാൻ ഇപ്പോൾ തന്നെ പോകുകയാണ്. 

തന്‍റെ അച്ഛന്‍റെ ആരോഗ്യത്തെ കുറിച്ച് നിസ്സഹായതയും ദുഃഖവും അനുഭവിച്ചിരുന്ന സഹപ്രവർത്തകന് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ നൽകുകയാണ് ഈ അവസരത്തിൽ അയാളുടെ മാനേജർ ചെയ്തത്. അദ്ദേഹത്തിന് തന്മയീഭാവം ഉണ്ടായിരുന്നു, അയാളുടെ വികാരങ്ങൾ പുറത്തേക്ക് ഒഴുക്കി കളയുന്നതിനായി, ആനന്ദിനെ തടസ്സപ്പെടുത്താതെ കേട്ടു കൊണ്ടുമിരുന്നു. ആനന്ദ് സ്വയം ആശ്വസിക്കുന്നതിനും അച്ഛനൊപ്പം സമയം ചെലവിടുന്നതിനും മാനേജർ സഹായിച്ചു.

നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ചെയ്യുവാൻ സാധിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്: 

  • അവരുടെ ചിന്തകളെ (ഉദാഹരണത്തിന് ആത്മഹത്യാ ചിന്തകൾ) പറ്റി പറഞ്ഞ് അവരെ കുറ്റപ്പെടുത്താതിരിക്കുക.
  • അവരുടെ വികാരങ്ങളെ സാധൂകരിക്കുവാൻ നോക്കുക.
  • പരിഹാരങ്ങള്‍ നൽകുന്നതിനു ശ്രമിക്കരുത്, ആ വ്യക്തി സ്വയം പരിഹാരങ്ങൾ തേടുന്നതിനു സഹായിക്കുക.
  • അവർക്ക് എന്തെങ്കിലും പിന്തുണ സംവിധാനം ആവശ്യമുണ്ടോ എന്നു കണ്ടുപിടിക്കുക.
  • ആളുകൾ തങ്ങളുടെ പ്രശ്‌നങ്ങൾ നിങ്ങളോടു ചർച്ച ചെയ്യുന്നതിന് നിർബന്ധിക്കരുത്. അതിരുകൾ ബഹുമാനിക്കുക.

ആ വ്യക്തിക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ട്, അല്ലെങ്കിൽ വൈകാരികമായി ബലക്ഷയം സംഭവിക്കുന്ന തരമോ അതും അല്ലെങ്കിൽ ആസക്തി പോലെ എന്തെങ്കിലും പെരുമാറ്റ വൈകല്യങ്ങളോ ഉണ്ട് എന്നു നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ, ആ വ്യക്തിയോട് ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കുവാൻ  പറയുക.

മാനസികാരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ  അസിസ്റ്റന്‍റ് പ്രൊഫസർ ആയ ഡോ കെ എസ് മീന നൽകിയ അറിവകൾ കൂടി സമാഹരിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org