മാനസികാരോഗ്യം: മിത്തും യാഥാര്‍ഥ്യവും 

മാനസികാരോഗ്യം: മിത്തും യാഥാര്‍ഥ്യവും 

മിഥ്യാധാരണ: മാനസികാരോഗ്യം എന്നൊന്നില്ല, മനുഷ്യർ നുണ പറയുന്നതാണ്. 
വസ്തുത: മാനസികാരോഗ്യം സത്യമാണ്. ശരീരഭാഗങ്ങളെ അസുഖങ്ങൾ ബാധിക്കുന്നത് പോലെ തലച്ചോറിനെയും ചില രോഗങ്ങൾ ബാധിക്കുന്നു. സാധാരണ ജീവിതം നയിക്കാൻ സാധ്യമല്ലാത്ത വിധം മാനസികപ്രശ്‌നങ്ങൾ തലച്ചോറിനെ ബാധിക്കാൻ സാധ്യതയുണ്ട്. 
പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളാണ് നിലവിലുള്ളത്, മാനസിക പ്രശ്‌നങ്ങൾ ഓരോരുത്തരേയും ബാധിക്കുന്ന രീതികളിലും വ്യത്യാസങ്ങളുണ്ട്. മാനസികപ്രശ്‌നങ്ങൾ സത്യമാണെന്നും അതിന് ചികിത്സ ആവശ്യമുണ്ടെന്നുമുള്ള കാര്യം അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. കൃത്യമായ വിദഗ്ദ്ധ ചികിത്സ ഇല്ലാതെ മാനസികരോഗം മാറില്ല. 
മിത്ത്: എനിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുകയില്ല/ ഇത് പാവപ്പെട്ടവരെ മാത്രമാണ് ബാധിക്കുന്നത്.
വസ്തുത: ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഞ്ചിൽ ഒരാൾവീതം മാനസികരോഗം അനുഭവിക്കുന്നവരാണ്. മാനസികരോഗം ആർക്ക് വേണമെങ്കിലും വരാവുന്നതാണ്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോൾ മാനസികരോഗം വ്യാപിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ജാതിമത വ്യത്യാസമില്ലാതെ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ സാംസ്‌കാരിക വ്യത്യാസങ്ങളില്ലാതെ മാനസികപ്രശ്‌നങ്ങൾ പിടികൂടാം. മാനസികാരോഗ്യത്തെ ഗൗരവത്തോടെ എടുക്കുകയാണ് വേണ്ടത്. മാനസികരോഗം വരാതിരിക്കാനും വന്നാൽത്തന്നെ മികച്ച ചികിത്സ ലഭ്യമാക്കാനുമാണ് ശ്രമിക്കേണ്ടത്. 
മിത്ത്: മാനസികരോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല? 
വസ്തുത: ഭൂരിപക്ഷം മാനസികരോഗങ്ങളും വളരെ നേരത്തെതന്നെ തിരിച്ചറിഞ്ഞാൽ വേഗത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. കൃത്യമായ ചികിത്സയും പരിചരണവുമാണ് ഇതിനാവശ്യം. ബന്ധുക്കളും സുഹൃത്തുക്കളും മാതാപിതാക്കളും നൽകുന്ന പരിചരണവും സ്‌നേഹവും കരുതലും അനുസരിച്ചാണ് മാനസികരോഗ ചികിത്സയുടെ ഫലപ്രാപ്തി. മികച്ച ചികിത്സ മാനസികരോഗങ്ങളെ നിയന്ത്രിക്കുന്നതിലും രോഗികളെ സ്വന്തം ജീവിതത്തിന്മേൽ നിയന്ത്രണമുള്ളവരായി മാറാനും സഹായിക്കും. 
മിത്ത്: ദുർബലരായ മനുഷ്യരെയാണ് മാനസികരോഗം ബാധിക്കുക.
വസ്തുത: ഒരു മനുഷ്യന്റെ മാനസികനിലയുമായി, ശക്തിയുമായി മാനസികരോഗങ്ങൾക്ക് ബന്ധമില്ല. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളുമായി അതിന് ബന്ധമില്ല. ഒരു വ്യക്തിയുടെ സാമൂഹിക, ജനിതക, മാനസ്സിക, പാരിസ്ഥിതിക, ശാരീരിക, ജീവശാസ്ത്രപരമായ ഘടകങ്ങളുടെ മാറ്റം കൊണ്ടാണ് മാനസികരോഗങ്ങൾ ഉണ്ടാകുന്നത്.  
മിത്ത്: മാനസികരോഗം ഉള്ളവരെന്ന് കരുതപ്പെടുന്നവർ എപ്പോഴും അക്രമകാരികളും മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നവരും ആയിരിക്കും
വസ്തുത: മാനസികരോഗമുള്ളവർ അക്രമവാസന കാണിക്കുമെന്ന ചിന്ത തെറ്റാണ്. അക്രമങ്ങൾക്ക് ഒരാളുടെ മാനസികനിലയുമായി കാര്യമായ ബന്ധമില്ല. സാധാരണ മനുഷ്യർക്കുള്ള അക്രമവാസന മാത്രമാണ് മാനസികരോഗം ബാധിച്ചവർക്കുമുള്ളത്, അത് അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മാനസികരോഗം ബാധിച്ചവർ സ്വയം അപകടപ്പെടുത്താനാണ് സാധ്യത കൂടുതൽ. സാധാരണ മനുഷ്യരാൽ ഇവർ മുറിവേൽപ്പിക്കപ്പെടാനാണ് സാധ്യത കൂടുതൽ, അല്ലാതെ മറ്റുള്ളവരെ ഇവർ ആക്രമിക്കാനല്ല. തെറ്റായ ചിന്താഗതി മൂലമാണ് മാനസ്സികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെ നാം പേടിക്കുന്നത്. 
മിത്ത്: മാനസികരോഗം ബാധിച്ചവരെ ആശുപത്രിയിൽ ആക്കുകയോ ഭ്രാന്താശുപത്രിയിൽ ആക്കുകയോ വേണം.
വസ്തുത: ഭൂരിപക്ഷം മാനസികരോഗികളെയും ആശുപത്രിയിൽ എത്തിക്കേണ്ട കാര്യമില്ല. ചിലപ്പോൾ ചികിത്സയുടെ ഭാഗമായി മാത്രം ആശുപത്രിവാസം മതിയാകും. എന്നാല്‍ ദീർഘകാലമോ സ്ഥിരമായോ മാനസികരോഗികളെ ആശുപത്രിയിലോ ഭ്രാന്താശുപത്രിയിലോ ആക്കേണ്ട കാര്യമില്ല. പ്രിയപ്പെട്ടവരുടെ സാമീപ്യവും കരുതലും പരിചരണവുമാണ് മാനസികരോഗികൾക്ക് രോഗമുക്തി ഉണ്ടാക്കുന്നത്. അതാണ് ഉണ്ടാവേണ്ടത്. സ്വന്തം വീട്ടിൽ തന്നെ കഴിയുന്നതാണ് ഭൂരിപക്ഷം മാനസികരോഗികളും ആഗ്രഹിക്കുന്നത്. അതാണ് രോഗം വേഗം മാറാൻ നല്ലതും. 
മിത്ത്: മനസ് ദുർബലമായത് കൊണ്ടാണ് മാനസികരോഗങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾക്ക് മനോബലം ഉണ്ടെങ്കിൽ ഒരിക്കലും മാനസികപ്രശ്‌നങ്ങൾ ഉണ്ടാകില്ല. 
വസ്തുത: മാനസികരോഗത്തിന് ഒരിക്കലും നിങ്ങളുടെ മനോബലവുമായി ബന്ധമില്ല. ഏത് തരത്തിലുള്ള മനുഷ്യരെയും മാനസികരോഗം ബാധിക്കാം. പാരിസ്ഥിതികവും മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ കാരണങ്ങളാല്‍ നമ്മുടെ മനസിന്റെ പ്രവർത്തനം ബാധിക്കപ്പെട്ടേക്കാം.
മിത്ത്: മാനസികരോഗം ബാധിച്ച വ്യക്തികൾക്ക് മനോബലം കൊണ്ടും മനസിനെ നിയന്ത്രിച്ചും രോഗത്തിൽനിന്ന് മുക്തി നേടാവുന്നതാണ്. 
വസ്തുത: മാനസികാരോഗ്യവും മനോനിലയും തലച്ചോറിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. രോഗബാധിതൻ ചികിത്സയോട് കാണിക്കുന്ന മനോഭാവവും ചികിത്സയോടുള്ള പ്രതികരണവും ആശ്രയിച്ചാണ് രോഗശമനവും രോഗമുക്തിയും സംഭവിക്കുക. മനസിനെ നിയന്ത്രിച്ച് മാനസികരോഗത്തിൽനിന്ന് രക്ഷപ്പെടാം എന്നത് തെറ്റായ ചിന്തയാണ്. കൃത്യമായ ശ്രദ്ധയും ചികിത്സയും വഴി മാത്രമാണ് രോഗശമനം സാധ്യമാകുക. 
മിത്ത്: മാനസികരോഗം ബാധിച്ചവർക്ക് ജോലി ചെയ്യാന്‍ സാധിക്കുകയില്ല. 
വസ്തുത: ഒരാളെ ബാധിച്ചിരിക്കുന്ന മാനസികരോഗത്തിന്റെ തീവ്രത അനുസരിച്ചാണ് ജോലി ലഭ്യമാകുക ഉൾപ്പെടെയുള്ള കാര്യങ്ങളുള്ളത്. രോഗത്തെ നേരിട്ടുകൊണ്ട് സാധാരണ ജീവിതം നയിക്കാൻ രോഗികള്‍ക്ക് സാധിക്കും. രോഗശമനത്തെ സഹായിക്കുന്ന തരത്തിലുള്ള, അവർക്ക് യോജിച്ച ജോലി ചെയ്യാൻ സാധിക്കും. 
മിത്ത്: മാനസികരോഗം ബാധിച്ചവർക്ക് ചികിത്സയും കൗൺസിലിങ്ങും കൊണ്ട് പ്രയോജനം ഉണ്ടാകില്ല. സംസാരത്തിലൂടെ അവരെ സുഖപ്പെടുത്താന്‍ സാധിക്കില്ല.
വസ്തുത: ചികിത്സയും കൗൺസിലിങ്ങും ഭൂരിപക്ഷ മാനസികരോഗ ചികിത്സയുടെയും പ്രധാനഘടകങ്ങളാണ്. മാനസിക രോഗത്തിൽ നിന്നുള്ള മോചനം ഇവ രണ്ടും ചേർന്നുള്ള ചികിത്സയിലൂടെയാണ് സാധ്യമാകുക. ചില രോഗികൾക്ക് കേവലം രോഗചികിത്സയും കൗൺസിലിങ്ങും മാത്രം മതിയാകും. എന്നാൽ ചിലർക്ക് മരുന്നുകളും മറ്റും ഉൾപ്പെടെയുള്ള ചികിത്സ തന്നെ വേണ്ടിവരും. ശാസ്ത്രിയമായി നടത്തുന്ന രോഗചികിത്സയും കൗൺസിലിങ്ങും മാനസിക രോഗികളെ രോഗത്തിൽനിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നു. 
മിത്ത്: മാനസികരോഗങ്ങളെ തടയാനും ഇല്ലാതാക്കാനും ചികിത്സ എന്നത് നിലവിലില്ല. അത് ശരിയായി നടക്കില്ല.
വസ്തുത: നേരത്തെ പറഞ്ഞത് പോലെ സാമൂഹിക, ജനിതക, പാരിസ്ഥിതിക, ശാരീരിക, ജീവശാസ്ത്രപരമായ ഘടകങ്ങളുടെ മാറ്റം കൊണ്ടാണ് മനസികരോഗങ്ങൾ ഉണ്ടാകുന്നത്. ഇതിൽ പല ഘടകങ്ങളെയും നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ മാനസികരോഗങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്ക് സാധിക്കും. ഏറ്റവും ലളിതമായ ഉദാഹരണമാണ് ലഹരി ഉപയോഗം. മികച്ച ജീവിതനിലവാരം ഉണ്ടെങ്കിൽ സാധാരണ കണ്ടുവരാറുള്ള പല മാനസികരോഗങ്ങളും തടയുന്നതിന് സാധിക്കും. 
മിത്ത്: മതവുമായി മാനസികരോഗങ്ങൾ ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു. പിശാചോ ആത്മാവോ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണോ മാനസികരോഗങ്ങൾ ഉണ്ടാകുന്നത്.
വസ്തുത: ഇത് മാനസികരോഗങ്ങളെ സംബന്ധിച്ചുള്ള വളരെ പഴയ പുരാവൃത്തമാണ്. ഇത് പൂർണ്ണമായും മനസിൽനിന്ന് കളയേണ്ട സംഗതി കൂടിയാണ്. ഇതിന് സത്യവുമായി യാതൊരു ബന്ധവുമില്ല. മാനസികരോഗം മനസിനെയാണ് ബാധിക്കുന്നത്, അത് ഏത് മതത്തിൽ പെട്ടയാളെയും ബാധിക്കാം. നിങ്ങൾ മതവിശ്വാസി അല്ലെങ്കിലും മാനസികരോഗം ബാധിക്കാം. മാനസികരോഗവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങളുള്ള ഒരാളാണെങ്കിൽ രോഗാവസ്ഥ മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് മാത്രമല്ല അത് നിങ്ങളെ മോശമായി രീതിയിൽ ബാധിക്കാനും സാധ്യതയുണ്ട്.
മിത്ത്: നിങ്ങൾ എല്ലാത്തരം മാനസികരോഗങ്ങൾക്കും മനശാസ്ത്രജ്ഞനെ കാണേണ്ടതുണ്ട്. 
വസ്തുത: മനശാസ്ത്രജ്ഞരെന്നാൽ മാനസികരോഗങ്ങളെ ചികിത്സിക്കുന്നവർ എന്നാണർത്ഥം, നിങ്ങളുടെ എല്ലാത്തരം മാനസികരോഗങ്ങളും അവർ ചികിത്സിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലർമാർ, തെറാപിസ്റ്റുകൾ എന്നിവർക്ക് ചികിത്സിക്കാവുന്ന പല മാനസികവിഭ്രാന്തികളും ഉണ്ട്. അവർ, സാധാരണയായി വരാറുള്ള എല്ലാത്തരും മാനസികരോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാൻ പരിശീലനം ലഭിച്ചവരാണ്. മിക്കവാറും മാനസികരോഗ ചികില്‍സാരീതികളിലും  മനശാസ്ത്രജ്ഞരുടെയോ സൈക്കോളജിസ്റ്റുകളുടെയോ കൗൺസിലർമാരുടെയോ കൂട്ടായ പരിശോധന അനിവാര്യമാണ്.  
മിത്ത്: മാനസികരോഗം ബാധിച്ചയാളെ സഹായിക്കാൻ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല.
വസ്തുത: നിങ്ങൾ മാനസികരോഗം ബാധിച്ച ഒരാളെ പരിചരിക്കുന്നആളാണെങ്കിൽ അയാളുടെ രോഗശമനത്തിൽ നിങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. നിങ്ങളുടെ സ്‌നേഹപൂർണ്ണമായ കരുതലും പരിചരണവുമാണ് മാനസികരോഗിയായ ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ചികിത്സ. മാനസികരോഗികൾക്ക് രോഗശമനം ലഭിക്കാൻ ഏറ്റവും നല്ല വഴി അവരെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യം തന്നെയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പമുള്ള അന്തരീക്ഷമാണെങ്കിൽ പെട്ടെന്ന് രോഗശമനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവരെ സാധാരണ മനുഷ്യരെപ്പോലെ കാണുന്നു എന്ന തോന്നൽ ഉളവാക്കുക, അവരെ പരിചരിക്കുന്നതായും സ്‌നേഹിക്കുന്നതായും അവര്‍ക്കു തോന്നുക, അവർ സുരക്ഷിതരാണെന്ന ബോധ്യമുണ്ടാക്കുക. ഇതൊക്കെ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതി. മാനസികരോഗത്തിൽനിന്ന് മുക്തി നേടാൻ ഇതൊക്കെ തന്നെ ധാരാളമാണ്. ഇതൊക്കെ ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് മാനസികാരോഗ്യക്കുറിച്ച് കൃത്യമായ ബോധ്യം ആവശ്യമാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org