മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

കളിയിലൂടെ സുഖപ്പെടുക: പ്ലേ തെറപ്പി എങ്ങനെയാണ് ഗുണഫലം പ്രദാനം ചെയ്യുക?

കുട്ടികളുടെ വൈകാരിക പ്രശ്‌നങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിനും ഫലപ്രദമായ രീതിയിൽ അവ കൈകാര്യം ചെയ്യുന്നതിനും പ്ലേ തെറപ്പിക്ക് കഴിയും

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

​മുതിർന്നവർ എന്ന നിലയ്ക്ക്, നമുക്ക് വൈകാരിക പ്രശ്‌നങ്ങളോ മാനസികാരോഗ്യ പ്രശ്‌നങ്ങളോ നേരിടേണ്ടി വരുമ്പോൾ, എന്തോ ചിലത് ക്രമം തെറ്റിയ നിലയിൽ ആണ് എന്നു പലപ്പോഴും നമുക്കു തിരിച്ചറിയുവാൻ കഴിയുന്നു.  പക്ഷേ കുട്ടികളെ - പ്രത്യേകിച്ചും വളരെ ചെറിയ കുട്ടികൾ - സംബന്ധിച്ച്,  ഇതു സാദ്ധ്യമായെന്നു വരണമെന്നില്ല. മറ്റു ചില കുട്ടികൾക്ക് തങ്ങളെ തന്നെ വാക്കുകളിലൂടെ വെളിപ്പെടുത്തുവാൻ സാധിച്ചെന്നു വരില്ല, ചിലർക്ക് ലജ്ജയുണ്ടാകും, മറ്റു ചിലർക്കാകട്ടെ തങ്ങളുടെ പ്രശ്‌നങ്ങൾ പങ്കു വയ്ക്കുന്നത് സുഖകരമായി തോന്നുകയുമില്ല. അതുകൊണ്ട് അവരുടെ പ്രശ്‌നങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിന്, കളി - കുട്ടിക്ക് വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഒരു മാദ്ധ്യമം - ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം. 

പ്ലേ തെറപ്പി എന്നു പറയുന്നത് കുട്ടികളെ തങ്ങളുടെ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു സഹായിക്കുന്നതിനു കളിയെ ഉപയോഗിക്കുന്ന സൈക്കോ തെറപ്പി - മനഃശാസ്ത്ര രീതിയിലുള്ള ചികിത്സ - യുടെ ഒരു വകഭേദമാണ്. കളിയെ ഒരു മാദ്ധ്യമം എന്ന നിലയ്ക്ക് ഉപയോഗിക്കുന്നതു മൂലം, കുട്ടികൾക്ക് തങ്ങളുടെ തോന്നലുകൾ അന്വേഷിച്ചു കണ്ടെത്തുന്നതിനും തെറപ്പിസ്റ്റിനോടോ മാതാപിതാക്കളോടോ അതു പങ്കു വയ്ക്കുന്നതിനും കഴിയുന്നു. 

"നമ്മൾ മുതിർന്നവർ എന്ന നിലയിൽ പോലും, നമുക്ക് എങ്ങനെയാണ് തോന്നുന്നത് എന്നതിനെ പറ്റി സംസാരിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.  ഇതു വ്യക്തമായി പ്രകാശിപ്പിക്കുന്നതിന് കുട്ടികൾക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ലോകം അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനും ദൈനംദിന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കുന്നതിനും ഉള്ള ഏറ്റവും സ്വാഭാവികമായ വിധമാണ് കുട്ടിയെ സംബന്ധിച്ച് കളി എന്നത്. വെറുതെ കളിക്കുന്നതു തന്നെ കുട്ടിക്ക് വികാരം ശുദ്ധീകരിച്ചെടുക്കൽ ആയി മാറാം. ജീവിതത്തിലെ അനുഭവങ്ങൾ കളിയിലൂടെ ആവിഷ്‌കരിക്കുകയും വികാരങ്ങൾ കളിയിലൂടെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് തങ്ങൾ വിധിക്കപ്പെടുന്നു എന്നോ പരിവർത്തനപ്പെടുന്നതിന് നിർബന്ധിതരാക്കപ്പെടുന്നു എന്നോ തോന്നാതെ തന്നെ തങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് ഒരു സുരക്ഷിത അകലം സൃഷ്ടിക്കുന്നതിനും അതു വഴി അവയെ മനസ്സിലാക്കുന്നതിനും അവയോടു സമരസപ്പെടുന്നതിനും സാധിക്കുന്നു. പ്ലേ തെറപ്പിയിൽ ആകുമ്പോൾ, കുട്ടിയുടെ മേലും, കുട്ടിക്ക് ഏറ്റവും നല്ലത് എന്തിനാണ് എന്നതിലുമാണ് ഊന്നൽ. തെറപ്പി നയിക്കുന്നത് കുട്ടിയാണ്, തന്‍റെ ജീവിതത്തിന്‍റെ പുറത്ത് നിയന്ത്രണം തിരികെ എടുക്കുന്നതിനും തനിക്ക് ദുരവസ്ഥ ഉണ്ടാക്കുന്നത് എന്താണോ അതു തന്‍റെ തന്നെ രീതിയിലും തനിക്ക് സൗകര്യപ്രദമായതും സ്വാഭാവികമായതും പരിചിതമായതുമായ ഒരു മാദ്ധ്യമത്തിലൂടെ പരിഹരിക്കുന്നതിനും കുട്ടിക്ക് സ്വയംഭരണാധികാരം നൽകുന്നു,"  നാഷണൽ അസോസിയേഷൻ ഓഫ് പ്ലേ തെറപ്പി, ഇൻഡ്യ എന്ന സ്ഥാപനത്തിന്‍റെ എക്‌സിക്യൂട്ടിവ് ഡറക്ടർ ആയ ലൂസി ബവിൻ പറയുന്നു. 

കുട്ടിയുടെ ആവശ്യങ്ങൾ ഒരു മാര്‍ഗ്ഗനിർദ്ദേശക സമീപനത്തിലൂടെ അല്ലാതെ തെറപ്പിസ്റ്റിനു മനസ്സിലാക്കുന്നതിന് കളി സഹായിക്കുന്നു. ഇതു കൂടാതെ,മറ്റുതരം മനഃശാസ്ത്രപരമായ ചികിത്സാനിർണ്ണയ രീതികളിലും പ്ലേ തെറപ്പി ഉപയോഗിക്കാവുന്നതാണ്. കുട്ടിയുടെ വികാരങ്ങൾ മൂടി നീക്കി പുറത്തു വരു ന്നതിന് ചിലപ്പോൾ തെറപ്പിസ്റ്റ് കളിക്കൊപ്പം കലകളും ഉപയോഗിച്ചുവെന്നു വരാം. മൂന്നു വയസ്സിലും അതിനു മുകളിലും പ്രായമുള്ള കുട്ടികളിൽ പ്ലേ തെറപ്പി ഉപയോഗിക്കുന്നതിനു സാധിക്കും. 

എന്തുകൊണ്ട് കളി?

മിയ്ക്ക ആശുപത്രി പശ്ചാത്തലങ്ങളും ചികിത്സാ പശ്ചാത്തലങ്ങളും മുതിർന്നവരെ മാത്രം ഉദ്ദേശിച്ചു രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. തെറപ്പിസ്റ്റ് കക്ഷിക്ക് അഭിമുഖമായി ഇരിക്കുന്നു, കക്ഷിയുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും വെളിപ്പെടുത്തത്തക്ക വിധത്തിൽ ഉള്ള സംഭാഷണങ്ങളിലേക്ക് നയിക്കത്തക്ക വിധമുള്ള ചോദ്യങ്ങൾ ചോദിക്കുന്നു. ഈ രീതി കുട്ടികൾക്ക് ഫലിക്കണം എന്നില്ല, ഈ പശ്ചാത്തലം അവരെ ഭയചകിതരാക്കിയെന്നു വരാം, അപ്പോൾ തങ്ങളുടെ വികാരങ്ങൾ വെളിപ്പെടുത്തുവാൻ അവർ തയ്യാറായെന്നും വരില്ല. 

താഴെ പറയുന്ന രീതിയിൽ ആണ് പ്ലേ തെറപ്പി സഹായകമാകുക:

 • കുട്ടിക്ക് ആശ്വാസകരം എന്നു തോന്നുന്ന ഒരു ഇടം സൃഷ്ടിക്കുക: പലേ വിധത്തിൽ ഉള്ള കളിപ്പാട്ടങ്ങളും കളി സഹായകങ്ങളായ സാധനങ്ങളും (പ്ലേ എയ്ഡ്സ്) ഉള്ള ഒരു മുറി. സഹായകങ്ങൾ ആയ സാധനങ്ങളിൽ കളിപ്പാട്ടങ്ങൾ - ഉദാഹരണത്തിന് അപ്പൂപ്പൻ, അമ്മൂമ്മ, മാതാപിതാക്കൾ, കുട്ടികൾ, അകം നിറച്ചു വച്ചിട്ടുള്ള മൃഗങ്ങൾ, ബൊമ്മകൾ അല്ലെങ്കിൽ മറ്റു കളിപ്പാട്ടങ്ങൾ എന്നിവരെയെല്ലാം ചിത്രീകരിച്ചു വെച്ചിട്ടുള്ള പാവ വീട് - അതേ പോലെ കലാരൂപങ്ങൾ, കരകൗശലരൂപങ്ങൾ (പേപ്പർ, പേനകൾ, ചായങ്ങൾ, പെയിന്‍റുകൾ, മറ്റു സാമഗ്രികൾ), ഇവയിലൂടെ കുട്ടികൾ തങ്ങളെ സ്വയം പ്രകാശിപ്പിക്കുന്നു. ചുറ്റി കറങ്ങി നടക്കുന്നതിനും ആ ഇടം സ്വയം അന്വേഷിച്ചു കണ്ടെത്തുന്നതിനും തനിക്കു താൽപ്പര്യം ഉളവാകുന്ന ഏത് പ്രവർത്തനത്തിലും വ്യാപൃതമാകുന്നതിനും കുട്ടിക്കു സ്വാതന്ത്യമുണ്ട്.
 • കുട്ടിയുടെ മുൻഗണനകളും ആവശ്യങ്ങളും അനുവദിക്കുന്നതാണ് തെറപ്പിയുടെ ക്രമം നിശ്ചയിക്കുന്നത്, അല്ലാതെ തെറപ്പി എങ്ങനെയാണ് പുരോഗമിക്കേണ്ടത് എന്ന് വിദ്ഗ്ദ്ധൻ മുൻകൂട്ടി നിശ്ചയിച്ച തീരുമാനങ്ങളും ആശയങ്ങളും പ്രകാരം ആയിരിക്കില്ല.  
 • പ്ലേ തെറപ്പി കൂടിക്കാഴ്ച്ചയ്ക്ക് ഇടയിൽ സംഭവിക്കുന്നത് എന്താണ്?

  45 മിനിട്ടുകൾ മുതൽ ഒരു മണിക്കൂർ വരെയാണ് ഓരോ പ്ലേ തെറപ്പി യോഗത്തിന്‍റേയും ദൈർഘ്യം.

  ഒരു കൂടിക്കാഴ്ച്ചയ്ക്കിടെ കുട്ടിയെ കുട്ടികൾക്കു കളിക്കാനായി നീക്കി വച്ച സ്ഥലത്തേക്കു കൊണ്ടു പോകുന്നു, കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ ചില കളിപ്പാട്ടങ്ങൾ കണ്ടുപിടിക്കുവാൻ കുട്ടിയോട് ആവശ്യപ്പെടുന്നു. കളിയിലൂടെ നൈസർഗ്ഗികമായ പ്രകടിപ്പിക്കൽ അനുവദിക്കപ്പെടുുമ്പോൾ, അവർ തങ്ങളുടെ വൈകാരിക അവസ്ഥകൾക്ക് അനുസൃതമായ കളിപ്പാട്ടങ്ങൾ എടുത്തെന്നു വരാം, അല്ലെങ്കിൽ അവരുടെ വെല്ലുവിളികൾ പ്രദർശിപ്പിക്കും വിധം എന്തെങ്കിലും വരച്ചെന്നും വരാം. സംഘർഷങ്ങൾ നിലനിൽക്കുന്ന കുടുംബങ്ങൾ ഒരു സന്തുഷ്ട കുടുംബത്തിന്‍റെ ചിത്രം വരച്ചുവെന്നു വരാം; പെരുമാറ്റ പ്രശ്‌നങ്ങൾ ഉള്ള കുട്ടികൾ, ഒരു പാവയെ വെടി വയ്ക്കുവാനായി കളിത്തോക്ക് എടുത്തേക്കാം, അല്ലെങ്കിൽ നൽകിയ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് അക്രമപ്രവർത്തികൾ അനുകരിച്ചേക്കാം.  

  കുട്ടി കളിപ്പാട്ടങ്ങളുമായി കളിക്കുന്നത് തെറപ്പിസ്റ്റ് നിരീക്ഷിക്കുന്നു. (ചില ചികിത്സാ പശ്ചാത്തലങ്ങളിൽ, കുട്ടി കളിക്കുന്നത് തെറപ്പിസറ്റിനു മാത്രം കാണത്തക്ക വിധത്തിൽ ഒരുക്കിയിരിക്കുന്ന കണ്ണാടി ഉണ്ടാകാം.) ചിലപ്പോൾ, കുട്ടിക്ക് ഒരു പ്രേരണ നൽകുകയോ, ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ആവശ്യപ്പെടുകയോ ചെയ്‌തേക്കാം. കൂടിക്കാഴ്ച്ചയുടെ അവസാനത്തിൽ, അല്ലെങ്കിൽ ഓരോ കൂടിക്കാഴ്ച്ചാ യോഗങ്ങൾ കഴിയുമ്പോഴും, കുട്ടിയുടെ ഭാവപ്രകടനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുന്നതിനായി തെറപ്പിസ്റ്റ് കുട്ടിയോടോ കുടുംബത്തോടോ സംസാരിച്ചെന്നു വരാം.

  ചിലപ്പോൾ, കുട്ടിയുടെ ആവശ്യങ്ങൾ അനുസരിച്ച് ഒരു ഗ്രൂപ്പ് തെറപ്പി യോഗം നടപ്പിലാക്കുന്നതിനു തന്നെ തീരുമാനിച്ചേക്കാം. ഗ്രൂപ്പ് തെറപ്പിയിൽ കുട്ടി സമാനപ്രായക്കാരായ മറ്റു കുട്ടികൾക്കൊപ്പമോ അതല്ലെങ്കിൽ കുടുംബത്തിലെ തന്നെ കുട്ടികൾക്കൊപ്പമോ കളിക്കുന്നതു കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകാം.

  ചികിത്സാപരമായ ബന്ധത്തിനിടെ ഒരു തെറപ്പിസ്റ്റ് എല്ലായ്‌പ്പോഴും ചില ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു: ഈ മാർഗ്ഗനിർദ്ദേശങ്ങൾ, കുട്ടി എന്താണോ അങ്ങനെ തന്നെ കുട്ടിയെ അംഗീകരിക്കുന്നതിനും, തന്‍റെ തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കുട്ടിയുടെ കഴിവുകളെ കുറിച്ച് ബഹുമാനം നിലനിർത്തുന്നതിനും കുട്ടി വഴി കാണിച്ചു തരുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  "ഈ ബന്ധപ്പെടുത്തൽ കുട്ടിയും തെറപ്പിസ്റ്റും ആയിട്ടുള്ള വിശ്വാസം സ്ഥാപിക്കുന്നു, അന്തർലീനമായിരിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും കുട്ടിക്ക് സുരക്ഷിതത്വബോധം നൽകുന്നു. കുട്ടിയെ വിധിക്കുക, അല്ലെങ്കിൽ കുട്ടിയുടെ കളി സംബന്ധിച്ച് കൂടുതൽ വ്യാഖ്യാനം ചമയ്ക്കുക എന്നതല്ല തെറപ്പിസ്റ്റിന്‍റെ ഭാഗം, പകരം, കാണുന്നതും അനുഭവപ്പെടുന്നതും എന്താണോ അതിനെ കുറിച്ചു ചിന്തിക്കുക എന്നതാണ്. ഏറ്റവും പ്രധാനമായത് കുട്ടിയുടെ വിശ്വാസം, സുരക്ഷിതത്വബോധം എന്നതിനാണ്. തങ്ങളെ തന്നെ അന്വേഷിച്ചു കണ്ടെത്തുന്നതിനും മാറ്റം കൊണ്ടുവരുന്നതിനും കുട്ടിക്കുള്ള പ്രാപ്തി സൃഷ്ടിക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്യുക - കളിയെ പറ്റിയുള്ള തെറപ്പിസ്റ്റിന്‍റെ വ്യാഖ്യാനത്തേക്കാൾ പ്രധാനമായിട്ടുള്ളത് കുട്ടിയുടെ പ്രക്രിയകളും ഉള്ളിൽ നിന്നു തന്നെയുള്ള സുഖപ്പെടലും അല്ലെങ്കിൽ പ്രശ്‌നപരിഹാരങ്ങളും അത്രേ. തന്‍റെ കളിയിലൂടെ, പിന്നെ തെറപ്പിസ്റ്റിന്‍റെ സഹായത്തോടെ, തനിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന തോന്നലുകളെ പറ്റിയും, താൻ ആരാണ്, തന്‍റെ ചുറ്റുമുള്ള ലോകം എന്താണ് എന്നതിനെ കുറിച്ചും മെച്ചപ്പെട്ട ധാരണ ഉണ്ടാവുകയും കുട്ടി അവയുമായി സമരസപ്പെടുകയും ചെയ്യുന്നു," ബവിൻ പറയുന്നു. 

  കുട്ടിയുടെ പ്രശ്‌നങ്ങൾ മനസ്സിലാകുന്നതിന്  കളി തെറപ്പിസ്റ്റിനെ സഹായിക്കുന്നത് എങ്ങനെയാണ്?

  കളിയിലൂടെയുള്ള കൂടിക്കാഴ്ച്ചാ യോഗങ്ങളിൽ നിന്ന് കുട്ടിയുടെ സ്വഭാവത്തെ പറ്റി നിരീക്ഷിക്കുന്നതിനും, കുട്ടിയുടെ പ്രശ്‌നങ്ങൾ അന്വേഷിച്ചു മനസ്സിലാക്കുന്നതിനും, ലക്ഷണങ്ങൾ കൊണ്ട് രോഗനിർണ്ണയം നടത്തുന്നതിനും കുട്ടിയെ സുഖപ്പെടലിനു സഹായിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നിർമ്മിക്കുന്നതിനും തെറപ്പിസ്റ്റിന് പരിശീലനം സിദ്ധിച്ചിട്ടുണ്ട്. കുട്ടികൾ സ്വാഭാ വികമായും തങ്ങളുടെ വികാരങ്ങളും വെല്ലുവിളികളും കളിയിലൂടെ പ്രകടിപ്പിക്കുന്നു, തെറപ്പിസ്റ്റിന് അവ കണ്ടെടുത്ത് മനസ്സിലാക്കുവാൻ കഴിയുന്നു. 

  • ലൈംഗിക അധിക്ഷേപത്തിനു വിധേയയായ ഒരു ഏഴു വയസ്സുകാരി പെൺകുട്ടിക്ക് തന്‍റെ വികാരങ്ങള്‍ വാക്കുകളിലൂടെ വ്യാഖ്യാനിക്കുവാൻ കഴിഞ്ഞില്ല. കളിസ്ഥലത്തു വച്ച്, അവൾ ഒരു തുണിപ്പാവയെ എടുത്ത് അതിന്‍റെ ഉടുപ്പുകൾ ഊരിക്കളഞ്ഞു. അവളോട്  സൗമ്യമായി നടത്തിയ ഒരു സംഭാഷണത്തിലൂടെ തെറപ്പിസ്റ്റിനു ഇതേ കുറിച്ചു അന്വേഷണം നടത്തുന്നതിനു കഴിഞ്ഞു. അവസാനം കുട്ടി പങ്കു വച്ചു, "മാമന്‍ ഇങ്ങനെ എന്നോടു ചെയ്തു," ആ അനുഭവത്തെ പറ്റി കുട്ടി അപ്പോഴാണ് ആദ്യമായി സംസാരിച്ചത്.
  • ഒരു കൂടിക്കാഴ്ച്ചാ യോഗത്തിന്‍റെ ആരംഭത്തിൽ ഒരു അഞ്ചു വയസ്സുകാരൻ പാവ വീടു കുടുംബവുമായി കളിക്കുവാൻ തുടങ്ങി. മറ്റു പാവകളെ (അമ്മ പാവ, അച്ഛൻ പാവ, മകൻ പാവ, അപ്പൂപ്പൻ അമ്മൂമ്മ പാവകൾ) പാവ വീട്ടിൽ ഒന്നിച്ചിരുത്തിക്കൊണ്ട് അവൻ ഒരു പാവക്കുഞ്ഞിനെ എടുത്ത് മണൽക്കുഴിയിൽ മൂടിയിട്ടു എന്ന് തെറപ്പിസ്റ്റ് നിരീക്ഷിച്ചു. പാവക്കുഞ്ഞിനെ അവൻ ഒളിപ്പിച്ചു വയ്ക്കകയാണോ എന്ന് തെറപ്പിസ്റ്റ് ചോദിച്ചപ്പോൾ, അവൻ ഇങ്ങനെ പ്രതിവചിച്ചു, "ഇത് എന്‍റെ ഇളയ സഹോദരിയാണ്. അവൾ കാരണം എന്‍റെ അമ്മ എന്നെ അടിക്കുകയും എന്നെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു." ഇത് സഹോദര മാത്സര്യത്തിന്‍റെ ഒരു അവസ്ഥയാണ് എന്ന്  തിരിച്ചറിയുന്നതിനും അതുമായി സമരസപ്പെടുന്നതിന് കുട്ടിയെ സഹായിക്കുന്നതിനും തെറപ്പിസ്റ്റിനു കഴിഞ്ഞു.

  (ഈ വിവരണങ്ങൾ, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായത്തോടെ, ലക്ഷണങ്ങളും അനുഭവങ്ങളും പരിഗണിച്ച്, മാതാപിതാക്കളടെ ഒരു പരിച്ഛേദത്തിൽ നിന്ന് തയ്യാറാക്കിയതാണ്.)

  കുട്ടിയുടെ പ്രശ്‌നത്തെ പറ്റി കൂടുതൽ അറിയുന്നതിനായി തെറപ്പിസ്റ്റ് തന്‍റെ നിരീക്ഷണത്തെ പറ്റി മാതാപിതാക്കളോടും കുടുംബത്തോടും സംസാരിച്ചുവെന്നു വരാം. എത്ര ഇടവേളകൾക്ക് ഇടയിലാണ് കുട്ടി ഇത്തരം പ്രത്യേക പെരുമാറ്റം പ്രദർശിപ്പിക്കാറുള്ളത്? പൊതുവായി പലേ അവസരങ്ങളിലും കുട്ടി ഇങ്ങനെ പെരുമാറുക പതിവാണോ, അതോ ഈ പ്രശ്‌നം വളരെ സ്പഷ്ടമാകുന്നത് ചില പ്രത്യേക അവസരങ്ങളിൽ മാത്രമാണോ? ഈ വിവരങ്ങൾ അനുസരിച്ച് തെറപ്പിസ്റ്റിന് ഒരു രോഗനിർണ്ണയം നടത്തുന്നതിനും കുട്ടിയെ സമരസപ്പെടുത്തുന്നതിനു സഹായിക്കുന്നതിനും കഴിയും.

  എങ്ങനെയുള്ള തരം പ്രശ്‌നങ്ങൾക്കാണ് പ്ലേ തെറപ്പി പ്രയോജനപ്രദമായി ഭവിക്കുക?

  വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെ ചികിത്സിക്കുന്നതിന് പ്ലേ തെറപ്പി ഉപയോഗിക്കുവാൻ കഴിയും. താഴെ പറയുന്ന തരം കുട്ടികൾക്ക് അത് പ്രത്യേകിച്ചും പ്രയോജനപ്രദമാകും:

  • ശാരീരികമോ വൈകാരികമോ ആയ ആഘാതം അനുഭവിച്ചിട്ടുള്ളവർക്ക്
  • ശാരീരികമോ വൈകാരികമോ ലൈംഗികമോ ആയ അധിക്ഷേപം അനുഭവിച്ചിട്ടുള്ളവർക്ക്
  • സംഘട്ടനങ്ങൾക്കു സാക്ഷിയാകേണ്ടി വന്നവർക്ക് അല്ലെങ്കിൽ മുഠാളത്തരത്തിനു വിധേയരാകേണ്ടി വന്നവർക്ക്
  • അദ്ധ്യാപകരിൽ നിന്നോ അധികാരസ്ഥാനങ്ങളിൽ ഉള്ളവരിൽ നിന്നോ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളവർക്ക്
  • സായുധ സംഘട്ടനങ്ങൾക്കോ പ്രകൃതി ദുരന്തങ്ങൾക്കോ സാക്ഷികൾ ആകേണ്ടി വന്നവർക്ക്
  • പെരുമാറ്റ പ്രശ്‌നങ്ങളോ സ്വഭാവ പ്രശ്‌നങ്ങളോ പ്രദർശിപ്പിക്കുന്നവർക്ക്
  • ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള  മുഖ്യമായ മാറ്റങ്ങൾ (മാതാപിതാക്കളെ നഷ്ടപ്പെടൽ, മാതാപിതാക്കളുടെ വിവാഹമോചനമോ കുടുംബത്തിൽ നിന്നുള്ള വേർപിരിയലോ) അനുഭവിച്ചിട്ടുള്ളവർക്ക്
  • വളർച്ചാപരമായ നാഴികക്കല്ലുകൾ എത്തുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക്
  • ഉത്കണ്ഠ അല്ലെങ്കിൽ ദുഃഖം തുടങ്ങിയവ മൂലമുള്ള പ്രശ്‌നങ്ങൾ നേരിടുന്നവർക്ക്
  • തങ്ങളുടെ തൊട്ടടുത്ത പരിസരങ്ങളുമായി സമരസപ്പെടുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക്

  ഒരു പ്രത്യേക കുട്ടിക്ക് ഔഷധോപയോഗമോ തെറപ്പിയോ എത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്ന് നിർണ്ണയിക്കുന്നതിനായും ചിലപ്പോൾ തെറപ്പി ഉപയോഗിക്കാറുണ്ട്. കളി കൂടിക്കാഴ്ച്ചകളിലൂടെ  സൂചകങ്ങൾ ശേഖരിക്കുന്നതിനും കുട്ടിക്ക് എത്രത്തോളം ഗുണഫലം ലഭിച്ചിട്ടുണ്ട് എന്നു താരതമ്യം ചെയ്യുന്നതിനും തെറപ്പിസ്റ്റിനു കഴിയും. 

  "പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികൾക്കും പ്ലേ തെറപ്പിയിൽ നിന്ന് ഗുണഫലങ്ങൾ ലഭിക്കണമെന്നില്ല എന്ന് ഓർമ്മിക്കേണ്ടത് വളരെ നിർണ്ണായകമാണ്. കുട്ടിയുടെ അവസ്ഥയെ പറ്റി തെറപ്പിസ്റ്റ് ഒന്നു കണക്കാക്കും; കുട്ടികൾ വളരെ കൂടുതൽ ആക്രമണോത്സുകത പ്രദർശിപ്പിക്കുകയോ കണക്കിലേറെ പ്രസരിപ്പു കാട്ടുകയോ ചെയ്യുന്നു എങ്കിൽ, ഈ തെറപ്പി അവർക്ക് ആരംഭിക്കുന്നതിനു മുമ്പു തന്നെ അവർക്ക് ഉടനടി വൈദ്യശാസ്ത്ര ഇടപെടൽ ആവശ്യമായിരിക്കാം," നിംഹാൻസിലെ (NIMHANS) ചൈൽഡ് ആൻഡ് അഡോളസന്‍റ് സൈക്യാട്രി യൂണിറ്റിലെ (കുട്ടികൾക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള മനോരോഗ വിഭാഗം)  അസോഷിയേറ്റ്  പ്രൊഫസർ ആയ ഡോ ജോൺ വിജയസാഗർ പറയുന്നു. 

  പ്ലേ തെറപ്പി കൂടിക്കാഴ്ച്ച് നടത്തപ്പെടുന്നത് എവിടെയാണ്?

  കുട്ടികൾക്ക് സൗകര്യപ്രദം എന്നും അവരവരെ തന്നെ പ്രകടിപ്പിക്കുന്നതിന് സുരക്ഷിതത്വമുള്ളത് എന്നു തോന്നുന്നതും ആയ, കളിക്കുന്നതിനായി സജ്ജീകരിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലാണ് പ്ലേ തെറപ്പി കൂടിക്കാഴ്ച്ചകൾ നടത്താറുള്ളത്. വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങളും കളിക്കുന്നതിനു  സഹായകങ്ങളായ സാധനങ്ങളും കൊണ്ട് ആയിരിക്കും മുറി സജ്ജമാക്കിയിരിക്കുക. വിവിധ പ്രായക്കാർക്ക് അനുസൃതമായ വിധത്തിൽ ഉള്ള പലേ കളിപ്പാട്ടക്കൂട്ടങ്ങളും കളികളും അവിടെ സജ്ജമാക്കിയിട്ടുണ്ടാവും. ചില കളിയിടങ്ങളിൽ കുട്ടിയുടെ കളിയിൽ അനാവശ്യമായി തലയിടുന്നു എന്നു തോന്നാത്ത വിധം തെറപ്പിസ്റ്റിനു നിരീക്ഷണം നടത്തുന്നതിനു സഹായകമാകുന്ന വിധത്തിൽ ഒരു വശത്തേക്കു മാത്രം കാണാവുന്ന തരം കണ്ണാടികളും  ചിലയിടങ്ങളില്‍ ഉണ്ടാകും.

  പ്ലേ തെറപ്പി കുട്ടിയെ സഹായിക്കുന്നത് എങ്ങനെയാണ്?

  പ്ലേ തെറപ്പി കുട്ടിക്ക് തന്‍റെ തന്നെ പ്രശ്‌നങ്ങളിലേക്ക് വികാര ശുദ്ധീകരണം നടത്തുന്നതിന് സഹായിക്കുന്നു. താൻ കടന്നു പോകുന്നത് എന്തിലൂടെയാണ് എന്ന് പ്രകടിപ്പിക്കുന്നതിന് ഉള്ള സ്വാതന്ത്ര്യം കുട്ടിക്ക് അനുവദിക്കുന്നതിലൂടെ പ്ലേ തെറപ്പിക്ക് താഴെ പറയുന്ന വിധത്തിൽ കുട്ടിയെ സഹായിക്കുവാൻ കഴിയും:

  • അടിസ്ഥാനപരമായതോ കൂടുതൽ നിലവാരമുള്ളതോ ആയ ചലന കഴിവുകൾ അഭ്യസിക്കുക
  • സാമൂഹ്യപരമായ കഴിവുകൾ പഠിക്കുക
  • അധിക ഊർജ്ജം ബഹിർഗമിപ്പിക്കുക
  • അവരുടെ വികാരങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കുക
  • സ്വയം പ്രകാശനത്തിലൂടെ കൂടുതൽ ആത്മവിശ്വാസം കൈവരിക്കുക
  • അവരുടെ ഭാവനാശക്തിയും സൃഷ്ടിപരതയും വർദ്ധിപ്പിക്കുക

  കുടുംബം ഉള്‍പ്പെടുന്നുണ്ടോ?

  കൂടുതൽ തെറപ്പി കൂടിക്കാഴ്ച്ചകളും സംഭവിക്കുന്നത് തെറപ്പിസ്റ്റിനും കുട്ടിക്കും ഇടയിലാണ്; അതല്ല, ഗ്രൂപ്പ് തെറപ്പി ആണെങ്കിൽ മറ്റു കുട്ടികളും കൂടി ഉൾപ്പെടുന്നു. വീട്ടിൽ വച്ച് കുട്ടിയുമായി ചേർന്ന് കളിക്കുന്നതിനോ അല്ലെങ്കിൽ കളി സംബന്ധിച്ച് ഏൽപ്പിക്കപ്പെട്ട ചുമതല നിർവ്വഹിക്കുന്നതിനോ മാതാവിനേയോ പിതാവിനേയോ പരിശീലിപ്പിക്കുന്നു.  കുട്ടിയുമായി ഇടപെടേണ്ടത് എങ്ങനെയാണ് എന്നുള്ളതു സംബന്ധിച്ചും അവരെ പരിശീലിപ്പിക്കുന്നു. 

  ചിലപ്പോൾ, തങ്ങളുടെ കുട്ടിയെ പറ്റി മെച്ചപ്പെട്ട രീതിയിൽ മനനസ്സിലാക്കുന്നതിനോ കുടുംബത്തിൽ പരസ്പര ഐക്യം ഉണ്ടാകുന്നതിനോ വേണ്ടി  കുട്ടിയുടെ മാതാപിതാക്കളോട് പ്രത്യേക കുടുംബ തെറപ്പിക്കോ ഗ്രൂപ്പ് തെറപ്പിക്കോ പങ്കുകൊള്ളണം എന്ന് തെറപ്പിസ്റ്റ് ആവശ്യപ്പെട്ടെന്നു വരാം. ഇത് ഫിലിയൽ തെറപ്പി (പുത്രാനുരൂപ ചികിത്സ) എന്ന് അറിയപ്പെടുന്നു. 

  ഒരു പ്ലേ തെറപ്പി കൂടിക്കാഴ്ച്ചയ്ക്കായി ആരെയാണ് എനിക്കു സമീപിക്കാവുന്നത്?

  പ്ലേ തെറപ്പിയിൽ പ്രത്യേക പരിശീലനം നേടിയ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദ്ധന് (സൈക്യാട്രിസ്റ്റ്, സൈക്കോളജിസറ്റ്, അല്ലെങ്കിൽ സൈക്യട്രിക് സാമൂഹ്യപ്രവർത്തക) പ്ലേ തെറപ്പി കൂടിക്കാഴ്ച്ചാ യോഗം നടത്താവുന്നതാണ്. തെറപ്പിസ്റ്റ് സ്വതന്ത്രമായി ജോലി ചെയ്യുന്ന ആൾ ആകാം, അല്ലെങ്കിൽ ഏതെങ്കിലും ആശുപത്രിയോടോ സ്ഥാപനത്തോടോ അനുബന്ധിച്ച് ജോലി ചെയ്യുന്ന ആളും ആകാം. നിങ്ങൾ ഒരു തെറപ്പിസ്റ്റിനെ അന്വേഷിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കുവാൻ ഓർമ്മിക്കുക:

  • അയാൾ/അവർ യോഗ്യത നേടിയ തെറപ്പിസ്റ്റ് ആണോ?
  • കുട്ടികൾക്കൊപ്പം പണി എടുക്കുന്നതിൽ ആ വ്യക്തിക്ക് അനുഭവജ്ഞാനമുണ്ടോ, അതും കൂടുതൽ നീണ്ടു നിൽക്കുന്ന കാലത്തോളം ?

  നിങ്ങൾ കുറച്ചു നീണ്ട കാലയളവോളം തെറപ്പിസറ്റുമായി പ്രവർത്തിക്കേണ്ടതാണ്, അതിനാൽ തെറപ്പിസ്റ്റ് നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും എത്രത്തോളം സ്വീകാര്യം ആണ് എന്ന് തോന്നുന്നു എന്നതും പരമപ്രധാനമാണ്. 

  White Swan Foundation
  malayalam.whiteswanfoundation.org