മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

മാനസികരോഗത്തില്‍ നിന്നും മുക്തിനേടല്‍

മാനസിക രോഗത്തില്‍ നിന്നും മുക്തിനേടുന്നവരെ അതിന് സഹായിക്കുന്ന കാര്യത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരു വലിയ പങ്ക് വഹിക്കാനാകും.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് രോഗമുക്തി?
പൊതുവായി പറഞ്ഞാല്‍, ശാരീരികമോ മാനസികമോ ആയ രോഗത്തില്‍ നിന്നും മുക്തി നേടുക എന്നാല്‍~~ഒരു വ്യക്തിയെ അവന്‍റെ/അവളുടെ ശാരീരികവും മാനസികവുമായ സൗഖ്യം തിരികെ നേടാനും രോഗം ബാധിക്കുന്നതിന് മുമ്പത്തേതു പോലെ തന്നെ അവരുടെ ജീവിത പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ പ്രവേശിക്കാനും പ്രാപ്തമാക്കുന്ന തരത്തിലുള്ള രോഗശമനത്തിന്‍റേയും മാറ്റത്തിന്‍റേയും പ്രക്രിയയാണ് രോഗമുക്തി. 
മാനസികാരോഗ്യ പ്രശ്നങ്ങളെച്ചൊല്ലി ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അപമാനവും വിവേചനപരമായ പെരുമാറ്റവും മൂലം മാനസികാരോഗ്യ പ്രശ്നങ്ങളുള്ള നിരവധിയാളുകള്‍ തങ്ങള്‍ അപഹാസ്യരാക്കപ്പെടുകയോ സാമൂഹ്യമായ ഒറ്റപ്പെടലോ വിവേചനമോ അനുഭവിക്കേണ്ടി വരുകയോ ചെയ്യുമെന്ന് ഭയക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍  പ്രാരംഭഘട്ടത്തില്‍ തങ്ങളുടെ പ്രശ്നം ആരോടെങ്കിലും പറയുകയോ മാനസികാരോഗ്യ വിദഗ്ധരില്‍ നിന്നും ചികിത്സയോ സഹായമോ തേടുകയോ ചെയ്യുന്നില്ല. പിന്നീട് രോഗാവസ്ഥ വഷളാകുകയും രോഗലക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതരത്തില്‍ ഗുരുതരമാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ പ്രശ്നം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും വിദഗ്ധസഹായം തേടുകയും ചെയ്യുന്നത്. 
എന്തായാലും, രോഗമുക്തിയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്, തനിക്ക് ഒരു പ്രശ്നമുണ്ടെന്ന് തിരിച്ചറിയുകയും സഹായം തേടാന്‍ തീരുമാനിക്കുകയും ചെയ്യുക എന്നതാണ്. ഈ തീരുമാനം രോഗത്തില്‍ നിന്ന് മുക്തി നേടാമെന്നും സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുകയും സ്വയം നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പ്രവര്‍ത്തനനിരതമായ ജീവിതം നയിക്കാനാകുമെന്നുമുള്ള പ്രതീക്ഷയെ ശക്തിപ്പെടുത്തും.
രോഗമുക്തിയെന്നാല്‍ യഥാര്‍ത്ഥത്തില്‍ രോഗലക്ഷണങ്ങളെ ചികിത്സിച്ച് ഭേദമാക്കാല്‍ മാത്രമല്ല, ആ വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ ആകെ പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രക്രിയയായിരിക്കണം. പതിവുള്ള വൈദ്യചികിത്സയോടൊപ്പം  തെറാപ്പി, മരുന്നുകഴിക്കല്‍, സുഹൃത്തുക്കളില്‍ നിന്നും  കുടുംബാംഗങ്ങളില്‍ നിന്നുമുള്ള വൈകാരിക പിന്തുണ, സാമൂഹ്യാംഗീകാരം തുടങ്ങിയ മറ്റ് ഘടകങ്ങളും കൂടിച്ചേരുന്നത് ഒരു വ്യക്തിയെ വേഗത്തിലും കൂടുതല്‍ നന്നായും രോഗമുക്തി നേടാന്‍ സഹായിക്കുന്നു. 
 ഒരോ വ്യക്തിക്കും ആയാളുടേതുമാത്രമായ സവിശേഷമായ കഴിവുകളും സംസ്കാരവും, മുന്‍ഗണനകളും മാനസികാവസ്ഥയും  പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവും ഉണ്ടെന്ന കാര്യവും നമ്മള്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട്, ഓരോ വ്യക്തിക്കും സ്വന്തം ജീവിതം പരിപാലിക്കുന്നതിന് അവരുടേതായ ഒരു ശൈലിയും ശേഷിയും രോഗമുക്തിയെക്കുറിച്ച് തന്‍റേതായ ഒരു ധാരണയും ഉണ്ടായിരിക്കും. അതിനാല്‍, രോഗമുക്തിയെന്ന പ്രക്രിയയും അതിനെടുക്കുന്ന സമയവും ആ വക ഘടകങ്ങളെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാല്‍ അത് പലയാളുകളിലും പലതരത്തിലായേക്കും.
ചിരസ്ഥായിയായ, അല്ലെങ്കില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗമുള്ളവരുടെ കാര്യത്തില്‍ രോഗമുക്തിയെന്നാല്‍ തന്‍റെ അവസ്ഥ അംഗീകരിക്കലും തന്‍റെ പരിമിതികളെ കൂട്ടാക്കാതെ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതം നയിക്കാന്‍ പഠിക്കലുമാണ്. 
പ്രധാനപ്പെട്ട കാര്യം: എല്ലാ മനുഷ്യനും സ്നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും ആഗ്രഹിക്കുന്നു. മാനസിക രോഗമുള്ള വ്യക്തിയും രോഗമുക്തിയുടെ കാലത്ത് സ്നേഹവും ശ്രദ്ധയും മറ്റും ആശിക്കുന്നുണ്ട്. അതിനാല്‍ വൈകാരികമായ സുഖപ്പെടല്‍ രോഗമുക്തിയെപ്പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ്.
" ഗുരുതരമായ മാനസിക രോഗമുള്ള ആളുകളും ജീവിതത്തില്‍നിന്നും മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന അതേ  കാര്യങ്ങള്‍ തന്നെ ആഗ്രഹിക്കുന്നു- അതായത്, അര്‍ത്ഥമുള്ള ബന്ധങ്ങള്‍, ജീവിക്കാന്‍ സുരക്ഷിതമായ ഒരിടം, സംതൃപ്തി നല്‍കുന്ന പ്രവര്‍ത്തികള്‍, മതിയായ വരുമാനം, ജോലിയിലുള്ള സംതൃപ്തി, ആസ്വാദ്യകരമായ ഒരു സാമൂഹ്യ ജീവിതം എന്നിവ അവരും ആഗ്രഹിക്കുന്നു.
 "എങ്കിലും, ഗുരുതരമായ മാനസിക രോഗമുള്ള പല വ്യക്തികള്‍ക്കും ഈ ദൈനംദിന ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കാനായേക്കില്ല. വര്‍ഷങ്ങളുടെ ഗവേഷണം കാണിക്കുന്നത് രോഗമുക്തിയും സംതൃപ്തമായ ജീവിതവും സാധ്യമാണെന്നാണെങ്കിലും മേല്‍പ്പറഞ്ഞ കാര്യം ഇപ്പോഴും വാസ്തവമാണ്. ഇതിന് നാണക്കേട്, സാമൂഹികമായ പുറന്തള്ളപ്പെടല്‍, ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ചികിത്സാ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് എന്നിവയുള്‍പ്പെടെ പല കാരണങ്ങളും ഉണ്ട്." അമേരിക്കല്‍ സൈക്യാട്രിക് അസോസിയേഷന്‍.
  രോഗമുക്തിക്ക് തടസമായി നില്‍ക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ശരിയായ ചികിത്സ രോഗമുക്തിക്ക് സഹായകരമാകും എന്നതുപോലെ തന്നെ തന്നെ രോഗമുക്തി നേടുന്ന കാലയളവില്‍ മാനസിക രോഗമുള്ള ഒരു വ്യക്തിക്ക് നിരവധി വെല്ലുവിളികളും നേരിടേണ്ടി വരുന്നു എന്നതും നമുക്ക് അറിയാവുന്ന കാര്യമാണ്. ഇതില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതും ആ രോഗം തന്നെയാണ്,  അതായത് സമൂഹത്തിന്‍റെ തെറ്റിദ്ധാരണകളും  നേരല്ലാത്ത വിശ്വാസങ്ങളും മൂലം രോഗം തന്നെ ഒരു വ്യക്തിക്ക് മുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുന്നു. മാനസിക രോഗവുമായി ബന്ധപ്പെട്ട് സമൂഹം വെച്ചുപുലര്‍ത്തുന്ന വിവേചനവും അപമാനവും ഒരു വ്യക്തിയുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുകയും അയാളെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഈ വെല്ലുവിളികള്‍ക്ക് ഒരു തുടര്‍ സ്വാധീനം ഉണ്ടാകുകയും അതിനെതുടര്‍ന്ന് രോഗം കൂടുതല്‍ വഷളാകുകയും ആ വ്യക്തിക്ക് രോഗം നിയന്ത്രിക്കാനാകും എന്ന പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്തേക്കാം. 
മറ്റൊന്ന് അറിവില്ലായ്മയാണ്. രോഗികള്‍ക്കിടയിലും അവരുടെ കുടുംബങ്ങള്‍ക്കും ചിലപ്പോഴൊക്കെ ആരോഗ്യ സേവന പ്രവര്‍ത്തകര്‍ക്കും ഇടയിലും നിലനില്‍ക്കുന്ന അറിവുകുറവ് രോഗമുക്തി നേടുന്ന കാര്യത്തില്‍ വലിയൊരു പ്രതിബന്ധമായി വരുന്നു. രോഗത്തേക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ട് രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിലും പെരുമാറ്റങ്ങളിലും ഏതാണ് രോഗം മൂലം ഉണ്ടാകുന്നത് ഏതാണ് ആ വ്യക്തിയുടെ മനോവികാരങ്ങള്‍ മൂലം ഉണ്ടാകുന്നത്, അല്ലെങ്കില്‍ ഏതാണ് ഈ രോഗത്തോടുള്ള രോഗിയുടേയോ സമൂഹത്തിന്‍റേയോ പ്രതികരണം മൂലം ഉണ്ടാകുന്നത്  എന്ന് അവര്‍ക്ക് തിരിച്ചറിയാനാകാതെ പോകുന്നു. അതുപോലെ തന്നെ ഇതിന് എന്ത് പരിഹാരമാണുള്ളത് എന്നതിനെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടാകില്ല. ഇത് പലപ്പോഴും രോഗമുക്തിയെ തടസപ്പെടുത്തുകയും ഇതിന്‍റെ ഫലമായി രോഗിക്ക് വലിയ ആഘാതം ഉണ്ടാകുകയും ചെയ്യുന്നു. 
ഒരു വ്യക്തിയെ അയാളുടെ മാനസിക രോഗത്തില്‍ നിന്നും മുക്തി നേടാന്‍ ചുറ്റുമുള്ളവര്‍ക്ക് എങ്ങനെയെല്ലാം സഹായിക്കാനാകും? 
മാനസികരോഗത്തില്‍ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് ആയാളുടെ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നത് വളരെയധികം ഗുണകരമായിരിക്കും. മാനസിക രോഗം ഏതൊരു ശാരീരിക രോഗത്തേയും പോലെ തന്നെ ഏതൊരാളേയും ബാധിച്ചേക്കാവുന്നതാണ്.  നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ബോധപൂര്‍വം തന്നെ നമ്മള്‍ അവരുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുകയും അവരെ കഴിവുകെട്ടവരായി മുദ്രകുത്തുകയും  അവരോട് വിവേചനപരമായി പെരുമാറുകയും ചെയ്യുന്നു.ഇത് മാനസികാരോഗ്യ  തകരാറുള്ള ഒരു വ്യക്തിയെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നു.സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന അപമാനവും രോഗംമൂലം ദുരിതമനുഭവിക്കുകയും സഹായം തേടാനാഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ വലിയൊരു തടസമായി വരുന്നു. രോഗം ഉണ്ടായിരിക്കുന്ന കാലത്തിനിടയില്‍ പലര്‍ക്കും അവരുടെ കുടുംബ സുഹൃത്തുക്കള്‍, സംരക്ഷണയിലിരുന്ന കുട്ടികള്‍, സ്വത്ത്, സ്വകാര്യത, നിയമപരമായ അവകാശങ്ങള്‍ എന്നിവ നഷ്ടമാകുന്നു. ഇവ തിരിച്ചു പിടിക്കുക എന്നതിന്, അല്ലെങ്കില്‍ സാമൂഹ്യമായ അവകാശങ്ങളും സ്വന്തം വ്യക്തിത്വവും തിരികെ നേടുകയോ നിലനിര്‍ത്തുകയോ ചെയ്യുക എന്നതിന് മാനസിക രോഗമുള്ള ഒരു വ്യക്തി രോഗമുക്തി നേടുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കാനാകും. 
  മാനസിക രോഗത്തില്‍ നിന്നും മുക്തി നേടുന്ന ഒരാളെ എനിക്ക് എങ്ങനെ സഹായിക്കാനാകും?  
  മാനസിക രോഗമുള്ള ഒരു വ്യക്തി വൈകാരികമായ പിന്തുണ ആശിക്കുകയും അവരില്‍ വിശ്വാസമുള്ള ഒരാളെ അന്വേഷിക്കുകയും ചെയ്യുന്നുണ്ടാകും. ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടായിരിക്കുന്നത് ഒരു വ്യക്തിയെ ജീവിതത്തില്‍ പ്രത്യാശ കൈവരിക്കുന്നതിനും വേഗത്തില്‍ രോഗമുക്തി നേടുന്നതിനും വളരെയധികം സഹായിക്കും.
ഒരു സുഹൃത്ത്, അല്ലെങ്കില്‍ കുടുംബാംഗം എന്ന നിലയില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ പ്രിയപ്പെട്ടൊരാളെ അല്ലെങ്കില്‍ സുഹൃത്തിനെ അവരുടെ രോഗമുക്തിക്കായി വളരെയധികം സഹായിക്കാനാകും. ഇതിന് വേണ്ടത് കുറച്ച് ക്ഷമയും അയാളുടെ അവസ്ഥയുമായി താദാത്മ്യപ്പെടാനുള്ള മനസും അയാള്‍ക്കൊപ്പം ഉണ്ടാകാനും അയാളെ സഹായിക്കാനുമുള്ള സന്നദ്ധതയും മാത്രമാണ്. 
നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു: 
  • അവര്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോള്‍ അവര്‍ക്കൊപ്പം ഉണ്ടായിരിക്കുക.
  • കുറ്റപ്പെടുത്തുകയോ വിചാരണ നടത്തുകയോ വിമര്‍ശിക്കുകയോ ഒന്നും ചെയ്യാതെ അവര്‍ പറയുന്നത് കേട്ടിരിക്കുക. അവരെ അവരുടെ ആഴമേറിയ വികാരങ്ങളും മനോഭാവങ്ങളും പങ്കുവെയ്ക്കാന്‍ അനുവദിക്കുക. ഒരാളുമായി സംസാരിക്കുകയും അയാളുടെ സങ്കടങ്ങളും വികാരങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് സ്വയം ഒരു തെറാപ്പിയായി പ്രവര്‍ത്തിക്കും.  
  • അവര്‍ ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോള്‍ അവര്‍ക്കൊപ്പം ചെല്ലുക. അവര്‍ക്ക് മരുന്ന് എന്തെങ്കിലും കഴിക്കാനുണ്ടെങ്കില്‍ അത് കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും അത് കഴിക്കുന്നുണ്ടോ അല്ലെങ്കില്‍ ചികിത്സയ്ക്ക് മുടങ്ങാതെ പോകുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുക. 
  • അവരുടെ ദൈനംദിന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ അവരെ സഹായിക്കുകയും ജോലിയില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. എന്തെങ്കിലും നിര്‍മാണപരമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സ്വയം തിരക്കുള്ളയാളായിരിക്കുന്നതിന് ഒരു വഴികണ്ടെത്താന്‍ അവരെ സഹായിക്കുക. 
  • അവരോടൊപ്പം സമയം ചെലവഴിക്കുക, അല്ലെങ്കില്‍ അവരെ പുറത്ത് നടക്കാന്‍ കൊണ്ടുപോകുക. സാധ്യമാകുമ്പോഴൊക്കെ അവരെ ഏതെങ്കിലും സാമൂഹികമായ ഒത്തുചേരലുകള്‍ക്കും വിവാഹങ്ങള്‍  ഉത്സവങ്ങള്‍ പോലെ ഏതെങ്കിലും പരിപാടികള്‍ക്കും കൊണ്ടുപോകുക. അതിലൂടെ അവര്‍ക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ പരിപാലിക്കാനും സാധിക്കും. 
  • അവര്‍ക്ക് പ്രതീക്ഷയും പിന്തുണയും കൊടുക്കുക, അതിലൂടെ അവര്‍ക്ക് അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനും അവരുടെ രോഗത്തില്‍ നിന്ന് മുക്തി നേടാനും കഴിയും. 
White Swan Foundation
malayalam.whiteswanfoundation.org