മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

മനോരോഗചികിൽസയുടെ ശാസ്ത്രം

സ്ട്രാപ്പ്: മനോരോഗ ചികിൽസയെന്നത് ചികിൽസാരംഗത്തെ മറ്റേതൊരു വിഭാഗത്തിൽ നിന്നും വ്യത്യസ്തമല്ലാത്ത, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേക ചികിൽസാ വിഭാഗമാണ്.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഡോ. പ്രഭ എസ്. ചന്ദ്ര
പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ആശയിൽ കുറച്ചു മാസങ്ങളായി അപ്രതീക്ഷിത ആലസ്യവും, തലകറക്കവും അസാധാരണമായ പെരുമാറ്റങ്ങളും കാണുന്നു. ആശങ്കാകുലരായ മാതാപിതാക്കൾ അവളെയുംകൊണ്ട് പോകാത്ത അമ്പലങ്ങളില്ല, മന്ത്രവാദികളില്ല. ആശയ്ക്ക് ബാധകൂടിയതാണെന്നാണ് അവരുടെയെല്ലാം അഭിപ്രായം. കുറേയേറെ പണവും പരിശ്രമങ്ങളും വൃഥാവിലായശേഷമാണ് ആശയെ മാതാപിതാക്കൾ ഒരു ജനറൽ ഫിസിഷ്യനെ കാണിച്ചതും അദ്ദേഹം ഒരു മനോരോഗവിദഗ്ദ്ധനെ കാണാൻ നിർദ്ദേശിച്ചതും. ആശയുടെ മാതാപിതാക്കൾക്ക് ഭയമുണ്ടായിരുന്നു. മനോരോഗചികിൽസകനെങ്ങാനും അവൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റോ ഉറക്കഗുളികകളോ നൽകിയാലോ? അവളെ ഹിപ്‌നോട്ടൈസ് ചെയ്താലോ? ഒരു ഭ്രാന്തിയെന്ന് അവളെ മുദ്രകുത്തിയാലോ? 

എന്റെയടുക്കൽ വരുമ്പോൾ, ആശ ശോകമൂകയായിരുന്നു. ഓരോരോ മന്ത്രവാദികളുടെ അരികിലേക്ക് മാറിമാറിക്കൊണ്ടുപോയത് അവളെ ക്ഷീണിപ്പിച്ചിരുന്നു. പതിനൊന്നാം ക്ലാസിലെ പഠന സമ്മർദ്ദവും  കുടുംബത്തിന്റെ അമിതപ്രതീക്ഷകളുടെ ഭാരവുമാണ് അവളെ തളർത്തിയിരിക്കുന്നതെന്ന് കൃത്യമായ അന്വേഷണങ്ങളിലൂടെ ബോധ്യപ്പെട്ടു. ഓരോ പരീക്ഷക്കു മുമ്പും അവൾ പരിഭ്രാന്തയാകും, വർഷാന്ത്യപരീക്ഷ അടുത്തതോടെ ഉത്ക്കണ്ഠ അതിന്റെ മൂർധന്യത്തിലെത്തി. ആലസ്യത്തിലേക്കും മയങ്ങിവീഴുന്നതിലേക്കും അസാധാരണമായ പെരുമാറ്റങ്ങളിലേക്കുമെല്ലാം ഇത് അവളെ നയിച്ചു. അതിന്റെ ഫലമായി അവൾ ശരിക്ക് ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയുമായി. 
വിഷാദത്തെ ചെറുക്കുന്ന മരുന്നുകൾ, മികച്ച രീതിയിൽ ചെറുത്തുനിൽക്കാനുള്ള കഴിവുകളുടെ അധ്യാപനം, മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ചർച്ചകൾ, അതിനോടനുബന്ധിച്ച് കുടുംബത്തിന്റെ ആശങ്കകൾ അവൾക്കു മനസ്സിലാക്കിക്കൊടുക്കൽ, മാനസ്സിക സമ്മർദ്ദം അവളിലുണ്ടായ ലക്ഷണങ്ങൾക്ക് എങ്ങിനെ കാരണമാകുന്നുവെന്ന വിശദീകരണം തുടങ്ങിയവയെല്ലാംകൂടി ചേർന്നപ്പോൾ വളരെ വേഗത്തിലാണ് പുരോഗതിയുണ്ടായത്.  

കഴിഞ്ഞ നാലു ദശകങ്ങൾക്കുള്ളിലാണ് മനോരോഗചികിൽസ ഒരു പ്രത്യേക ചികിൽസാവിഭാഗമായി വികസിച്ചുവന്നത്. 1930കളിലും 40കളിലും മിക്കവാറും ചികിൽസകൾ മനഃശ്ശാസ്ത്രപരവും മനോവിശകലനങ്ങളിലൂടെയും (മണിക്കൂറുകൾ നീളുന്ന അഭിമുഖങ്ങളിലൂടെ രോഗിയെ ശ്രവിക്കുന്നതിന് പ്രാധാന്യം നൽകി, വർഷങ്ങൾ മുന്നോട്ടുപോകുന്ന ചികിൽസാരീതി ബാല്യകാലത്ത് അനുഭവിച്ച പ്രശ്‌നങ്ങളും കഷ്ടപ്പാടും മൂലമാണ് കുഴപ്പങ്ങളൊക്കെയെന്ന് വ്യാഖ്യാനിക്കുകയാണ് ചെയ്തിരുന്നത്) ആയിരുന്നു. എന്നിരുന്നാലും, ആദ്യത്തെ ഉൽസാഹവും താൽപര്യവുമൊക്കെ അനിശ്ചിതത്വത്തിനു വഴിമാറി. ചികിൽസ നീണ്ടുപോകുന്നതും രോഗമുക്തിയിൽ എല്ലായ്‌പോഴും ഉറപ്പില്ലാതിരുന്നതുമായിരുന്നു ഇതിന്റെ പ്രധാന കാരണം. 

1950കളിൽ മാനസികരോഗത്തിനുള്ള ആദ്യ മരുന്നുകൾ കണ്ടെത്തിയതോടെ മാനസ്സികാസ്വാസ്ഥ്യം കൈകാര്യം ചെയ്യുന്ന രീതിക്ക് വിപ്ലവകരമായ മാറ്റമാണുണ്ടായത്. നേരത്തേ ഭ്രാന്താലയങ്ങളിൽ അടയ്ക്കപ്പെട്ടിരുന്ന രോഗികളെ ഇതോടെ വീട്ടിൽ ചികിൽസിക്കാമെന്നും സമൂഹത്തിൽ സാധാരണയോടടുത്ത ജീവിതത്തിന് പ്രാപ്തരാക്കാമെന്നും വന്നു. 
അതുമുതൽ, മാനസികമായ താളംതെറ്റലുകളെ മനസ്സിലാക്കുന്നതിലും ചികിൽസിക്കുന്നതിലും ഒട്ടേറെ പുരോഗതിയുണ്ടായി. തലച്ചോറിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള പഠനത്തിന്റെ പുതിയതും ഏറെ മുന്നേറിയതുമായ രീതികൾ മനസ്സിന്റെ താളംതെറ്റലുകളെപ്പറ്റി മികച്ചരീതിയിൽ മനസ്സിലാക്കാൻ സഹായകമായി. സവിശേഷ പ്രശ്നങ്ങള്‍ക്കായി മാത്രം പ്രത്യേകം മരുന്നുകളും മനോരോഗ ചികിൽസയും വികസിപ്പിച്ചെടുക്കുന്നതിന് സമഗ്രമായ ഗവേഷണങ്ങൾ ഉപകരിച്ചു. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനുമൊപ്പം പകർച്ചേതര രോഗങ്ങളുടെ (NCDs) നാല് പ്രധാന വിഭാഗങ്ങളിലൊന്നായി മാനസികാരോഗ്യത്തെയും തരംതിരിക്കാനായെന്നതാണ് ഇതിന്റെ പ്രാധാന്യം.      
മനോരോഗവിദഗ്ദ്ധനെ കാണുമ്പോൾ ഒരാൾക്ക്പ്രതീക്ഷിക്കാൻ കഴിയുന്നതെന്താണ്? 

മാനസിക ആരോഗ്യത്തിന്റെ താളം തെറ്റലുകളെ മരുന്നും മനശ്ശാസ്ത്രപരമായ ചികിൽസകളും ഉപയോഗിച്ച് നിർണയിക്കുകയും ചികിൽസിക്കുകയും ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയിട്ടുള്ള മെഡിക്കൽ ഡോക്ടറാണ് മനോരോഗവിദഗ്ദ്ധൻ അഥവാ സൈക്യാട്രിസ്റ്റ്. ആദ്യമായി നിങ്ങളൊരു മനോരോഗവിദഗ്ദ്ധനെ കാണുമ്പോൾ നിങ്ങളുടെ നിലവിലുള്ള പ്രശ്‌നങ്ങളുടെ വിശദമായ ചരിത്രം അദ്ദേഹം എടുക്കുകയും കുട്ടിക്കാലം, കുടുംബം, മുൻകാല ചികിൽസാപ്രശ്‌നങ്ങൾ തുടങ്ങിയവയെപ്പറ്റി ചോദിക്കുകയും ചെയ്യും. തുടർന്ന് അവർ, മാനസ്സികപ്രശ്‌നംമൂലം ഏതെങ്കിലുംതരത്തിൽ മറച്ചുവയ്ക്കപ്പെട്ടിട്ടുള്ള ചികിൽസാപ്രശ്‌നങ്ങൾ ഉണ്ടോ എന്നു മനസ്സിലാക്കുന്നതിനായി ഒരു ശാരീരികപരിശോധന നടത്തും. അതിനുശേഷം മാനസ്സികസ്ഥിതിയെപ്പറ്റി അവർ ഒരു പരീക്ഷ നടത്തും- ഇവിടെയാണ് നിങ്ങളുടെ മാനസ്സികാവസ്ഥ, ചിന്തകൾ, ബുദ്ധിസാമർഥ്യം, ബൗദ്ധികമായ കഴിവുകൾ തുടങ്ങിയവ നിർണയിക്കുന്നതും മറ്റ് കാര്യങ്ങൾ പരിശോധിക്കുന്നതും പ്രശ്‌നത്തെപ്പറ്റിയുള്ള നിങ്ങളുടെ സ്വന്തം നിഗമനമെന്തെന്ന് മനസ്സിലാക്കുന്നതും. 

രോഗിയായ വ്യക്തിയെ മനോരോഗവിദഗ്ദ്ധൻ ഒരു പൂർണവ്യക്തിയായിത്തന്നെ കണ്ട് രോഗത്തിനോ ലക്ഷണത്തിനോ കാരണമായേക്കാവുന്നതോ നിലനിർത്തുന്നതോ ആയ വ്യക്തിയുടെ പങ്കിനെപ്പറ്റിയും പരിതസ്ഥിതിയുമായുള്ള ആശയസംവേദനത്തെപ്പറ്റിയും പഠിക്കുകയും ചെയ്യുന്നു. മരുന്നുകളുടെയും മനശ്ശാസ്ത്രപരമായ ചികിൽസയുടെയും സംയുക്തമായിരിക്കും ചികിൽസയിലുണ്ടായിരിക്കുക. ചികിൽസയിൽ കുടുംബത്തിനും പ്രധാനമായ പങ്കുവഹിക്കാനാകും. ഇത്തരത്തിലൊരു സമഗ്രസമീപനം പുലർത്തുമ്പോൾ മനോരോഗവിദഗ്ദ്ധന് ഒരിക്കലുംതന്നെ ഏകാന്തനായി ജോലിചെയ്യേണ്ടി വരികയില്ല; സാധാരാണയായി ചികിൽസ മനോരോഗവിദഗ്ദ്ധനും സോഷ്യൽ വർക്കറും നഴ്‌സും ഉൾപ്പെടുന്ന മാനസികാരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ സംഘമായിരിക്കും നിർവ്വഹിക്കുക. പലപ്പോഴും ഒരു ജനറൽ ഫിസിഷ്യനും ഇതിൽ ഉൾപ്പെട്ടേക്കാം. 

എല്ലാ മാനസ്സിക പ്രശ്‌നങ്ങൾക്കും ഒരേതരത്തിലുള്ള ചികിൽസ ആവശ്യമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ പ്രശ്‌നങ്ങൾ തെറാപ്പിയിലൂടെ മാറ്റാവുന്നതേയുള്ളു. ചില മാനസിക ആരോഗ്യാവസ്ഥകൾ മരുന്നും തെറാപ്പിയും ഒരുപോലെ ആവശ്യപ്പെടുമ്പോൾ മിക്കവാറും ഗുരുതരമായ മാനസ്സികപ്രശ്‌നങ്ങൾക്ക് മരുന്ന് അത്യന്താപേക്ഷിതമാണ്. 
കുറച്ചു സമയത്തേക്കുള്ള ഉത്കണ്ഠ, നേരിയതും ലളിതവുമായ വിഷാദം തുടങ്ങി ലഘുവായ മാനസികാരോഗ്യപ്രശ്‌നങ്ങൾക്ക് ഒരു മനോരോഗവിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമായ കാര്യമല്ല. ഒരു കൗൺസിലറേയോ ജനറൽ ഫിസിഷ്യനേയോ മറ്റൊരു മാനസികാരോഗ്യപ്രവർത്തകനേയോ സന്ദർശിക്കാവുന്നതേയുള്ളു. ആവശ്യമെങ്കിൽ അവർ നിങ്ങളെ ഒരു മനോരോഗവിദഗ്ദ്ധന്റെ സമീപത്തേക്ക് പറഞ്ഞയച്ചുകൊള്ളും. 
മനോരോഗചികിൽസയെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ
മനോരോഗചികിൽസാരീതി ഏറെ മെച്ചപ്പെട്ട ചികിൽസാവിഭാഗമാണെന്നതാണ് യാഥാർഥ്യമെന്നിരിക്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായംതേടുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഒട്ടേറെ തെറ്റിദ്ധാരണകൾ നിലവിലുണ്ട്. പ്രശ്‌നത്തിന്റെ കാരണം, എന്താണു ഗുണം ചെയ്യുക. മനോരോഗവിദഗ്ദ്ധൻ എന്താണ് ചെയ്യുക, മരുന്നിനോടും ആശുപത്രിവാസത്തോടുമുള്ള ഭയം, മനോരോഗ വിദഗ്ദ്ധനെ കാണുന്നതുമായി ബന്ധപ്പെട്ടുള്ള അപമാനം, മനോരോഗവിദഗ്ദ്ധനെ കാണുന്നവരെല്ലാം ഭ്രാന്തരായി മുദ്രകുത്തപ്പെടുമെന്ന കാഴ്ചപ്പാട് തുടങ്ങി ഒട്ടേറെ അനാവശ്യധാരണകളുമായി ബന്ധപ്പെട്ടതാണ് ഈ തടസ്സങ്ങൾ. 

മാനസ്സിക താളംതെറ്റലുകളുടെ ലക്ഷണങ്ങൾ പലപ്പോഴും ദുരൂഹവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാകുമ്പോഴാണ് ആളുകൾ മന്ത്രവാദികളുടെയും ക്ഷേത്രങ്ങളുടെയും ദർഗകളുടെയുമെല്ലാം സഹായം തേടുന്നത്.
 
ചിലയാളുകളാകട്ടെ വിഷാദവും ഉത്ക്കണ്ഠയുമെല്ലാം ഉണ്ടെന്നു സമ്മതിക്കുന്നത് ദൌർബല്യത്തിന്റെ ലക്ഷണമാണെന്നു ഭയക്കുകയും ചികിൽസ തേടാതിരിക്കുകയും ചെയ്യും. 

എന്നിരുന്നാലും ഇത്തരം തടസ്സങ്ങളൊക്കെ തരണം ചെയ്ത് എത്രയും നേരത്തേ മാനസികാരോഗ്യവിദഗ്ദ്ധന്റെ ഉപദേശം തേടുകയെന്നത് അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും രോഗിയുടെ കുടുംബം മനോരോഗവിദഗ്ദ്ധന്റെ സമീപത്തെത്തുന്നത് അൽപം വൈകിയായിരിക്കും, അതും പണവും ഊർജ്ജവുമെല്ലാം നഷ്ടപ്പെടുത്തിയശേഷം. ചികിൽസ തേടാൻ വൈകുന്നത് ഗുരുതരവും ദൂരവ്യാപകവുമായ പ്രശ്‌നങ്ങൾക്കായിരിക്കും വഴിതെളിക്കുക. പെട്ടെന്നുള്ള ഇടപെടലിലൂടെ മോചനം നേടാൻ കഴിയുന്ന വൈഷമ്യങ്ങളും ലക്ഷണങ്ങളും ചിലപ്പോൾ ശരിയായ വിവരങ്ങളുടെയും സേവനത്തിന്റെയും കുറവുമൂലം ഗുരുതരമായി മാറിയേക്കാം.
 
ഭാഗ്യത്തിന്, ആശയുടെ കാര്യത്തിൽ പ്രശ്‌നങ്ങൾ വഷളാകുന്നതിനുമുൻപുതന്നെ അവർ ഒരു ജനറൽ ഫിസിഷ്യനെ കാണുകയും അദ്ദേഹം അവരെ മനോരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഇപ്പോൾ അവൾ തന്റെ ഉത്ക്കണ്ഠകൾ കൈകാര്യംചെയ്യാൻ പ്രാപ്തയാണെന്നു മാത്രമല്ല അവൾക്ക് മരുന്നുകൾ അധികകാലം കഴിക്കേണ്ടി വന്നതുമില്ല.   
നിംഹാൻസിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ഡോ. പ്രഭ എസ്. ചന്ദ്ര
White Swan Foundation
malayalam.whiteswanfoundation.org