മാനസിക രോഗത്തിനുള്ള ചികിത്സകള്‍

മാനസിക രോഗത്തിനുള്ള ചികിത്സകള്‍

ഉചിതമായ പിന്തുണയും കൃത്യമായ ചികിത്സാ പദ്ധതിയും കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ആരോഗ്യം തിരികെ നേടാനും ഒരു സാധാരണ ജീവിതം നയിക്കാനും കഴിയും
Published on
മാനസിക രോഗത്തിനുള്ള ചികിത്സ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?  
 സാധ്യമാകുന്നത്ര നേരത്തേ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് ഉപദേശവും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയാണെങ്കില്‍ മാനസിക രോഗം ചികിത്സിക്കാനും നന്നായി നിയന്ത്രിക്കാനും കഴിയും. ശാരീരിക രോഗങ്ങള്‍ക്ക്  സവിശേഷമായ  ചികിത്സകള്‍ ഉള്ളതുപോലെ തന്നെ മിക്കവാറും എല്ലാ മാനസിക രോഗങ്ങള്‍ക്കും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ളതുമായ ചികിത്സകള്‍  ലഭ്യമാണ്.
മാനസിക രോഗത്തിനുള്ള ചികിത്സ എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നമുക്ക് നോക്കാം. 
പനി, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങള്‍, ഹൃദ്രോഗം എന്നിവ പോലുള്ള ശാരീരിക രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നത് അല്ലെങ്കില്‍ ശസ്ത്രക്രിയ, ഒരു ചികിത്സയായി അല്ലെങ്കില്‍ പ്രതിവിധിയായി പ്രവര്‍ത്തിക്കുകയും രോഗികളെ തങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നേരേമറിച്ച്, മാനസിക രോഗങ്ങള്‍ക്ക് മറ്റൊരു തരത്തിലുള്ള ചികിത്സ ആവശ്യമായിരിക്കും. മാനസിക രോഗമുള്ള മിക്കവാറും പേരുടെ കാര്യത്തില്‍, ആ വ്യക്തിക്ക് മരുന്ന് കഴിക്കുന്നതിന് ഒപ്പം തന്നെ  രോഗത്തിന്‍റെ തീവ്രതയുടേയും ശാരീരികവും വൈകാരികവുമായ അവസ്ഥയുടേയും അടിസ്ഥാനത്തില്‍ മനഃശാസ്ത്രപരമായ രോഗ നിയന്ത്രണവും വേണ്ടി വന്നേക്കും.
പ്രധാനകാര്യം: ഒരു വ്യക്തിക്ക് മാനസിക രോഗം ഉണ്ട് എന്നതിന് അയാള്‍ക്ക് സ്വതന്ത്രവും സജീവവുമായ ഒരു ജീവിതം നയിക്കാന്‍ കഴിവില്ലായിരിക്കും എന്നര്‍ത്ഥമില്ല. ഇത് സൂചിപ്പിക്കുന്നത് ആ വ്യക്തി വൈകാരികമായി എളുപ്പത്തില്‍ പരിക്കേല്‍ക്കുന്ന ഒരവസ്ഥയിലാണെന്നും കുറച്ചുകാലത്തേക്ക് അയാള്‍ക്ക് സഹായം ആവശ്യമായി വന്നേക്കാമെന്നും മാത്രമാണ്. കൃത്യമായ  പിന്തുണയും ഉചിതമായ ചികിത്സാ പദ്ധതിയും ഉണ്ടെങ്കില്‍ അവര്‍ക്ക്  അവരുടെ ആരോഗ്യം തിരിച്ചുപിടിക്കാനും രോഗം വരുന്നതിന് മുമ്പുണ്ടായിരുന്നതുപോല തന്നെയുള്ള  ഒരു സാധാരണ ജീവിതം നയിക്കാനും  കഴിയും.
എന്തുകൊണ്ടാണ് ചികിത്സ അനിവാര്യമാകുന്നത്? 
ഏതൊരു ചികിത്സയുടേയും ഉദ്ദേശ്യം രോഗിയെ തന്‍റെ രോഗത്തില്‍ നിന്ന് മുക്തി നേടാനും ഒരു സാധാരണ ജീവിതവും ദൈനം ദിന പ്രവര്‍ത്തികളും പുനരാരംഭിക്കാനും സഹായിക്കുക എന്നതാണ്. ഒരു പ്രമേഹ രോഗിക്കുള്ള ചികിത്സാ പദ്ധതിയില്‍ മരുന്നുകൊണ്ടുള്ള നിയന്ത്രണവും ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള നിയന്ത്രണവും ഒത്തൊരുമിപ്പിച്ചിട്ടുണ്ടാകും. അതുപോലെ തന്നെ കാന്‍സര്‍, എച്ച് ഐ വി അല്ലെങ്കില്‍ എയ്ഡ്സ് പോലുള്ള മാരക രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സാ പദ്ധതി  ഈ അവസ്ഥയെ നേരിടാനും കഴിയുന്നത്ര സ്വതന്ത്രമായ ഒരു ജീവിതം നയിക്കാനും അവരെ സഹായിക്കാനുള്ളതായിരിക്കും. 
മാനസിക രോഗം ചികിത്സിക്കുക എന്നത് പലപ്പോഴും ശാരീരിക രോഗം ചികിത്സിക്കുക എന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ കാര്യമായിരിക്കും. ഇതിന് മരുന്നും തെറാപ്പിയും ചേര്‍ന്ന ഒരു സംയോജിത ചികിത്സ  ഉള്‍പ്പെടുത്തേണ്ടി വരികയും ചെയ്തേക്കും. ചികിത്സയുടെ രീതി ഏതായിരിക്കും എന്നത് പലപ്പോഴും രോഗത്തിന്‍റെ തീവ്രതയേയും  രോഗി ഒരു പ്രത്യേക ചികിത്സയെ എത്തരത്തിലാണ് സ്വീകരിക്കുന്നത് എന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്. ഏത് തരത്തിലുള്ള ചികിത്സാ പദ്ധതിയാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നതിന് മുമ്പ് നിങ്ങളുടെ മാനസികാരോഗ്യ വിദഗ്ധര്‍ കൃത്യമായ രോഗ നിര്‍ണയം നടത്തും. 
ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍
ഒരു വ്യക്തിയുടെ രോഗം വളരെ കഠിനമായ അവസ്ഥയിലായിരിക്കുകയും ആ രോഗിക്ക് സ്ഥിരവും തുടച്ചയായതുമായ വൈദ്യ ശുശ്രൂഷയും മേല്‍നോട്ടവും ആവശ്യമായിരിക്കുകയും ചെയ്യുമ്പോഴാണ് ഡോക്ടര്‍ ആ രോഗിയെ ചികിത്സിക്കാനായി ആശുപത്രിയില്‍ കിടത്താന്‍ നിര്‍ദ്ദേശിക്കുന്നത്. അതുപോലെ തന്നെ ഒരു വ്യക്തി സ്വയം അപകടപ്പെടുത്താനുള്ള സാധ്യതയുള്ളപ്പോഴും അയാളെ ആശുപത്രിയില്‍ കിടത്തേണ്ടതായി വന്നേക്കാം. ഇക്കാര്യത്തില്‍ രോഗത്തിന്‍റേയും രോഗിയുടേയും അവസ്ഥയനുസരിച്ച് 24 മണിക്കൂറും ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ, അതീവ ശ്രദ്ധയോടെയുള്ള പുറം രോഗി (ഔട്ട്പേഷ്യന്‍റ്) ചികിത്സ, ഭാഗികമായി അല്ലെങ്കില്‍ പകല്‍ മാത്രം ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ എന്നിങ്ങനെയുള്ള ചികിത്സ തെരഞ്ഞെടുക്കാവുന്നതാണ്. 
മാനസിക-സാമൂഹിക പുനരധിവാസം
പുനരധിവാസ കേന്ദ്രമെന്നത് (പകല്‍ പരിചരണം നല്‍കുന്ന ഡെ കെയര്‍ സൗകര്യമാണെങ്കിലും  താമസിപ്പിച്ചുകൊണ്ടുള്ള റെസിഡന്‍ഷ്യല്‍ സൗകര്യമാണെങ്കിലും) രോഗിക്ക് താമസിക്കാനും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ അല്ലെങ്കില്‍ തെറാപ്പി ചെയ്യാനും താത്ക്കാലികമായ  ഇടം കൊടുക്കുന്ന ഒരു ആരോഗ്യ പരിപാലന സംവിധാനമാണ്. രോഗിക്ക് മുഖ്യധാരാ സമൂഹവുമായി യോജിച്ച് പോകുന്നതിന് ആവശ്യമായ സാമൂഹികവും ബുദ്ധിപരവും പ്രവര്‍ത്തനപരവുമായ നൈപുണ്യം വികസിപ്പിച്ചെടുക്കാന്‍ രോഗിയെ സഹായിക്കുക എന്നതാണ് പുനരധിവാസം ലക്ഷ്യം വെയ്ക്കുന്നത്. ഇത് കഴിയുന്നത്ര സ്വതന്ത്രമായി തങ്ങളുടെ ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും വീട്ടിലും ജോലിയിലും അര്‍ത്ഥപൂര്‍ണമായ ഒരു സ്ഥാനം അല്ലെങ്കില്‍ വഹിക്കാനാകുന്ന ഒരു പങ്ക് സ്വയം കണ്ടെത്തുന്നതിനും ആ വ്യക്തിയെ സഹായിക്കുന്നു. 
 മനോരോഗചികിത്സകന്‍, നേഴ്സ്, മനഃശാസ്ത്രജ്ഞന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ ഒരു സംഘം ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാണ് പുനരധിവാസ കേന്ദ്രങ്ങളില്‍ ഓരോ രോഗിക്കും ആവശ്യമായ സേവനം നല്‍കുന്ന്. 
 സ്കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവ പോലെ തീവ്രവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ മനോരോഗങ്ങളുള്ള  വ്യക്തികള്‍ രോഗം മൂലം മാനസികമായി ദുര്‍ബലപ്പെടുകയും ദൈനംദിന ജീവിതത്തിന് ആവശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നൈപുണ്യം ഉണ്ടാക്കിയെടുക്കുന്നതിനായി അവര്‍ക്ക് പുനരധിവാസം ആവശ്യമായി വരികയും ചെയ്തേക്കാം. ബുദ്ധിമാന്ദ്യം അഥവാ ബുദ്ധിപരമായ വളര്‍ച്ചാക്കുറവ് പോലെയുള്ള തകരറുകള്‍ ഉള്ളവര്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ നൈപുണ്യം വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്നതിനുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുന്നത്. മദ്യം മയക്കുമരുന്ന് എന്നിവയോട് അത്യാസക്തി (അഡിക്ഷന്‍) യുള്ളവര്‍ക്കും മറ്റ് പെരുമാറ്റപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പുനരധിവാസം ഗുണകരമായിരിക്കും. 
ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ ഗുണകരമായിരിക്കുമോ എന്ന് എനിക്ക് എങ്ങനെ അറിയാന്‍ കഴിയും? 
ഒരു വ്യക്തി മാനസിക രോഗത്തിനുള്ള ചികിത്സയ്ക്കായി എത്തുമ്പോള്‍ അയാളുടെ രോഗം എന്താണെന്ന് കൃത്യമായി കണ്ടെത്തുന്നതിനും അതിനെ തുടര്‍ന്ന് അയാള്‍ക്ക് എന്തു ചികിത്സയാണ് നിര്‍ദ്ദേശിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുമായി  മാനസികാരോഗ്യ വിദഗ്ധന്‍  ആ വ്യക്തിയുടെ അതുവരേയുള്ള ചികിത്സാ ചരിത്രം പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യുകയും പരിശോധനകളും വിലയിരുത്തലുകളും നടത്തുകയും കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്യും. അതിന്‍റെ  അടിസ്ഥാനത്തിലായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്. ഇതുസംബന്ധിച്ച എല്ലാം നടപടിക്രമങ്ങളും വിവരങ്ങളും രോഗിയേയും പരിചരിക്കുന്നവരേയും അറിയിക്കുകയും ചെയ്യും. രോഗി ഒരു ചര്‍ച്ചയ്ക്ക് അല്ലെങ്കില്‍ സംഭാഷണത്തിന് തയ്യാറാകുന്ന അവസ്ഥയിലാണെങ്കില്‍ ഒരു നിര്‍ദ്ദിഷ്ട  ചികിത്സ രോഗിയെ രോഗമുക്തി നേടാന്‍ സഹായിക്കുമോ എന്ന് മനസിലാക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധന്‍ രോഗിയുമായി ഇതുസംബന്ധിച്ച് വിശദമായി സംസാരിക്കും. രോഗി അത്തരമൊരു അവസ്ഥയിലല്ലായെങ്കില്‍ പിന്നെ മാനസികാരോഗ്യ വിദഗ്ധന് സഹായം സ്വീകരിക്കാനാകുന്നത് രോഗിയുടെ കുടുംബത്തില്‍നിന്നാണ് (പരിചിരിക്കുന്നയാളില്‍ നിന്ന്). അവര്‍ക്ക് രോഗിയുടെ രോഗത്തെക്കുറിച്ച് മതിയായ അറിവുണ്ടായിരിക്കുന്നതും ആ രോഗം എങ്ങനെ ചികിത്സിക്കാം എന്ന് മനസിലാക്കിയിരിക്കുന്നതും സഹായകരമായിരിക്കും. അത്തരത്തില്‍ ഒരു വിവരം ഉണ്ടായാല്‍ ഡോക്ടര്‍ക്കും പരിചരിക്കുന്നവര്‍ക്കും തമ്മില്‍ രോഗിക്ക് ഏതു തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് ഒരു ധാരണയിലെത്താനാകും.
യോഗയെ മാനസിക രോഗത്തിനുള്ള ഒരു  ചികിത്സയായി പരിഗണിക്കാമോ? 
 കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടന്നിട്ടുള്ള നിരവധി ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത് യോഗ വിവിധ തരം മാനസിക രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ (പ്രധാന ചികിത്സയ്ക്ക് ഒപ്പം നടത്താവുന്ന) ഒരു ചികിത്സയാണെന്നാണ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ശിവരാമ വാരമ്പള്ളിയുമായുള്ള അഭിമുഖം വായിക്കുക. 
മാനസികരോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്? 
 എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന കാര്യം നമ്മളില്‍ മിക്കവാറും പേര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. ചില ആളുകള്‍ക്ക് ഈ പാര്‍ശ്വഫലം അനുഭവപ്പെട്ടില്ലെന്നിരിക്കാം, അല്ലെങ്കില്‍ ചിലര്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കാം. അതുപോലെ തന്നെ മാനസികരോഗത്തിന്‍റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം, അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നിങ്ങളുടെ മരുന്നിന് ഒപ്പമുള്ള ലഘുലേഖയില്‍ പറഞ്ഞിട്ടുണ്ടാകും. എന്നിരുന്നാലും പാര്‍ശ്വഫലത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസിലാക്കുക.
മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ചില പാര്‍ശ്വഫലങ്ങള്‍ താഴെ പറയുന്നു:  
  • ഉറക്കം തൂങ്ങലും മന്ദതയും
  • ഭാരം വര്‍ദ്ധിക്കല്‍.
  • പ്രമേഹം ഉണ്ടാകാനുള്ള സാധ്യത.
  • തലചുറ്റിന് കാരണമായേക്കാവുന്ന തരത്തില്‍ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറിച്ചില്‍.
  • താല്‍പര്യക്കുറവ്, ഉത്സാഹമില്ലായ്മ, സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധക്കുറവ് തുടങ്ങിയ പ്രകടമായി കാണാന്‍ കഴിയാത്ത ചില ലക്ഷണങ്ങള്‍. 
നിങ്ങള്‍ ഓര്‍ക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ പറയുന്നു:
  •  മരുന്നു കൊണ്ടുള്ള ഗുണങ്ങള്‍ ചെറിയ ചെറിയ പാര്‍ശ്വഫലങ്ങളേക്കാള്‍ കൂടുതല്‍ പ്രധാനപ്പട്ടവയാണ്.
  • നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സമയത്ത്, നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞിരിക്കുന്നതുപോലെ തന്നെ മരുന്നു കഴിക്കുന്നതാണ് നല്ലത്, അത് രോഗമുക്തിക്ക് കൂടുതല്‍ സഹായകരമാകും. 
  • നിങ്ങള്‍  കുറച്ചുനാള്‍ പതിവായി മരുന്നു കഴിക്കുകയാണെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ചിലപ്പോള്‍ ഇല്ലാതായേക്കാം.
  • നിങ്ങള്‍ക്ക് ഇപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരിക്കുകയും മരുന്ന് തുടര്‍ന്നു കഴിക്കാന്‍ മടിതോന്നുകയും ചെയ്യുന്നു എങ്കില്‍ അക്കാര്യം നിങ്ങളുടെ ഡോക്ടറോട് പറയുക. അങ്ങനെയായാല്‍ നിങ്ങളുടെ മരുന്നിന്‍റെ അളവ് കുറയ്ക്കാനോ മരുന്നില്‍ മാറ്റം വരുത്താനോ ഡോക്ടര്‍ക്ക് കഴിയും. 
  • ചികിത്സയുടെ ഒരു ഘട്ടത്തിലും ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ പെട്ടെന്ന് മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org