മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

വിവിധ തരം ചികിത്സാ രീതികള്‍

മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ തരത്തിലുള്ള ചികിത്സകള്‍ ഉപയോഗപ്പെടുത്തുന്നു.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

വിവിധ തരം ചികിത്സകള്‍ എന്തൊക്കെയാണ്? 
ചികിത്സയുടെ  ആദ്യ ഘട്ടമെന്ന നിലയ്ക്ക്  ഡോക്ടര്‍മാര്‍ വിശദമായ പരിശോധനയും സൂക്ഷ്മമായ രോഗ നിര്‍ണയവും നടത്തുന്നു. ഈ രോഗനിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ രോഗിക്ക് ഉചിതമായ ചികിത്സാ രീതി നിര്‍ദ്ദേശിക്കുന്നു. നിയന്ത്രിതമായ ലക്ഷണങ്ങളോട് കൂടിയ ലഘുമായ മാനസിക രോഗങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്കുള്ള ചികിത്സയായേക്കാം നിര്‍ദ്ദേശിക്കപ്പെടുന്നത്. കടുത്ത മനോരോഗമുള്ള വ്യക്തികള്‍ക്ക് ചികിത്സ നല്‍കുന്നതിനായി പ്രധാനമായും സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ മനോരോഗ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു സംഘം ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ചികിത്സയെന്നത് താഴെ പറയുന്നവയില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ പല ചികിത്സാ രീതികള്‍ കൂട്ടി ചേര്‍ത്തുകൊണ്ടുള്ള സംയോജിയ ചികിത്സയോ ആയേക്കാം.  
ശ്രദ്ധിക്കുക : ഏത് തരത്തിലുള്ള ചികിത്സയായാലും ചികിത്സിക്കപ്പെടാനുള്ള രോഗിയുടെ സന്നദ്ധത രോഗമുക്തിക്ക് സഹായിക്കുന്നു. ചില തകരാറുകള്‍ തലച്ചോറിലെ രാസഅസംതുലനം മൂലം ഉണ്ടാകുന്നതാണ്. ചിലപ്പോള്‍ അസന്തുലനം കടുത്ത വൈകാരിക സംഘര്‍ഷം മൂലം ഉണ്ടായതാകാം.  രോഗിയുടെ അവസ്ഥയോട് താദാത്മ്യം പ്രാപിക്കലും സഹാനുഭൂതി പുലര്‍ത്തലും കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമുള്ള വൈകാരികമായ പിന്തുണയും രോഗിയെ ചികിത്സയ്ക്കും രോഗമുക്തിക്കും വളരെയധികം സഹായിക്കുന്നു.  
ചില ചികിത്സാ രീതികള്‍ താഴെ പറയുന്നു : 
മരുന്നു കഴിക്കല്‍/ ഫാര്‍മകോതെറാപ്പി
മരുന്നു കഴിക്കല്‍ രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുകയും രോഗമുക്തിക്ക് സഹായിക്കുകയും ചെയ്യും. മിക്കവാറും പേരുടെ കാര്യത്തില്‍ മരുന്നു കഴിക്കലാണ് മനോരോഗ ചികിത്സയുടെ ആദ്യ ചുവടായി സ്വീകരിക്കപ്പെടുന്നത്. മരുന്നു കഴിക്കല്‍ കൊണ്ടുള്ള ഗുണം രോഗത്തിന്‍റെ തീവ്രതയേയും രോഗിയുടെ ശരീരം മരുന്നിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനേയും ആശ്രയിച്ചിരിക്കും.
സാധാരണയായി മനോരോഗ ചികിത്സയ്ക്ക് ഏറ്റവുമധികം ഉപയോഗിക്കുന്ന ചില മരുന്നുകള്‍ താഴെ പറയുന്നു :
 • ആന്‍റിഡിപ്രെസ്സന്‍റുകള്‍- വിഷാദരോഗത്തിന്‍റേയോ ഉത്കണ്ഠാ രോഗത്തിന്‍റേയോ ലക്ഷണങ്ങള്‍ ശമിപ്പിക്കുന്നതിനോ അവ നിയന്ത്രിക്കുന്നതിനോ ആയി മനോരോഗ ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന്. ആന്‍റിഡിപ്രെസ്സന്‍റുകള്‍ ദീര്‍ഘനാള്‍ ഉപയോഗിച്ചാല്‍ പോലും അത്യാസക്തി (അഡിക്ഷന്‍) ഉണ്ടാക്കുന്നതോ അതിനോട് ആശ്രിതത്വം (കിട്ടാതെ വയ്യ എന്ന അവസ്ഥ) വളര്‍ത്തുന്നതോ അല്ല.
 • ഉത്കണ്ഠാ വിരുദ്ധ (ആന്‍റി ആങ്ക്സൈറ്റി) മരുന്നുകള്‍ - ഇവ മനക്ഷോഭശമന ഔഷധം അല്ലെങ്കില്‍ മയക്കമരുന്ന,് ട്രാന്‍ക്വിലൈസര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവ ഉത്കണ്ഠ ശമിപ്പിക്കുന്നു, അതിനാല്‍ ഇവ ഉത്കണ്ഠാ തകരാറുകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ മരുന്നുകള്‍ക്ക് മനസിനെ ശാന്തമാക്കാനും ആശ്വസം വരുത്താനുമുള്ള കഴിവുണ്ട്. അതുപോലെ തന്നെ ഇവ അസ്വാസ്ഥ്യവും ഉറക്കമില്ലായ്മയും കുറയ്ക്കാനും സഹായിക്കുന്നു.
 • മൂഡ് സ്ഥിരപ്പെടുത്തുന്നതിനുള്ള  മരുന്നുകള്‍-  മൂഡ് (മനോഭാവം) സംബന്ധമായ തകരാറുകള്‍  ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു.ഇവ വികാരങ്ങളേയും പെരുമാറ്റത്തേയും നിയന്ത്രിക്കുന്ന തലച്ചോറിലെ ചില ന്യൂറോട്രാന്‍സ്മിറ്ററുകളുടെ സംതുലനത്തിന് സഹായിക്കുന്നു.  ഈ മരുന്ന് ബൈപോളാര്‍ തകരാറുകള്‍ ചികിത്സിക്കാനും ഈ തകരാറുള്ളവരില്‍ വിഷാദത്തിന്‍റേയും അമിതഭ്രമത്തിന്‍റേയും വന്യതയുടേയുമൊക്കെ ഘട്ടം തിരിച്ചു വരുന്നതിനെ തടയുന്നതിനും ഉപയോഗിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് കടുത്ത വിഷാദരോഗം അല്ലെങ്കില്‍ സ്കിസോഫ്രീനിയ മൂലം ഉണ്ടാകുന്ന വിഷാദം ചികിത്സിക്കാനും ഉപയോഗിക്കുന്നു.
 • ആന്‍റിസൈക്കോട്ടിക് മരുന്നുകള്‍ - ഇവ ന്യൂറോലെപ്റ്റിക്കുകള്‍ അല്ലെങ്കില്‍ മേജര്‍ ട്രാന്‍ക്വിലൈസറുകള്‍ എന്നും വിളിക്കപ്പെടുന്നു. ഇവ പൊതുവില്‍ സ്കിസോഫ്രീനിയ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ ( വിഭ്രാന്തി, മിഥ്യാബോധം, ക്രമരഹിതമായ ചിന്ത, മനോഭാവത്തിലെ (മൂഡ്) ചാഞ്ചാട്ടം ) ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു.  ഈ മരുന്നുകള്‍ ബൈപോളാര്‍  തകരാറും കടുത്ത വിഷാദരോഗവും ചികിത്സിക്കാനും ഉപയോഗിക്കാറുണ്ട്. 
തെറാപ്പികള്‍ 
ഏത് തെറാപ്പിയുടേയും ലക്ഷ്യം ആളുകളെ മാനസികാരോഗ്യവും സൗഖ്യവും വീണ്ടെടുക്കാനും മെച്ചപ്പെടുത്താനും സഹായിക്കുക എന്നതാണ്.  ചില ആളുകള്‍ക്ക് മരുന്നും ഒരു തരം തെറാപ്പിയും നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ചിലര്‍ക്ക് മരുന്നിനോടൊപ്പം രണ്ടു തരം തെറാപ്പിയും നിര്‍ദ്ദേശിക്കപ്പെടുന്നു. തെറാപ്പി ഏതു തരമായിരിക്കും എന്നത് രോഗത്തിന്‍റെ തീവ്രതയേയും ആളുടെ ശാരീരികവും വൈകാരികവുമായ അവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. 
സൈക്കോതെറാപ്പി : സൈക്കോതെറാപ്പിയില്‍ പരിശീലനം നേടിയിട്ടുള്ള ഒരു  സൈക്യാട്രിസ്റ്റോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റോ ശാസ്ത്രീയമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള മുറകളനുസരിച്ച് ചെയ്യുന്ന ഒരു തരം ചികിത്സയാണിത്. ഇത് ആളുകളെ അവരുടെ തകാറിലായതും യുക്തിരഹിതവുമായ ചിന്താരീതികള്‍ക്ക് പകരം അനുകൂലവും പ്രായോഗികവും യുക്തിസഹവുമായ ചിന്താരീതി പിന്തുടരാനും അതോടൊപ്പം തന്നെ അനുകൂലവും ഉചിതവുമായ ഒരു പെരുമാറ്റരീതി കൈവരിക്കാനും സഹായിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. തെറാപ്പിസ്റ്റ് ഇതിന് വിധേയനാകുന്ന വ്യക്തിയെ അയാളുടെ രോഗലക്ഷണങ്ങളും അതിനോട് ബന്ധപ്പെട്ട പ്രശ്നങ്ങളും പറയാന്‍ പ്രോത്സാഹിപ്പിക്കുന്നു, അവരുടെ മൂഡ് (മനോഭാവം), വികാരങ്ങള്‍, ചിന്താരീതി, പെരുമാറ്റം എന്നിവ വിശകലനം  ചെയ്യാനും മനസിലാക്കാനും സഹായിക്കുന്നു, ഇത്തരത്തില്‍ നേടുന്ന ഉള്‍ക്കാഴ്ചയിലൂടേയും അവനവനെക്കുറിച്ച് മനസിലാക്കുന്നതിലൂടേയും തന്‍റെ അവസ്ഥയെ എങ്ങനെ നേരിടുകയും അതില്‍ നിന്ന് മുക്തി നേടുകയും ചെയ്യാമെന്ന് പഠിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തും. വിവിധ തരത്തിലുള്ള സൈക്കോതെറാപ്പികള്‍ ഉണ്ട്. എല്ലാ രോഗത്തിനും  ഫലപ്രദമായുള്ള ഒരു  ഒറ്റ തെറാപ്പിയില്ല.
കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി-സിബിടി (ധാരണാധിഷ്ഠിത പെരുമാറ്റ ചികിത്സ) : 
ഇത് രണ്ടു തരം തെറാപ്പികളുടെ ഒരു സംയുക്തമാണ്- കോഗ്നിറ്റീവ് തെറാപ്പി(സി ടി) യും ബിഹേവിയറല്‍ തെറാപ്പി (ബി ടി)യും. കോഗ്നിറ്റീവ് തെറാപ്പി ഒരു വ്യക്തിയുടെ ചിന്തകളിലും വിശ്വാസങ്ങളിലും അവ മനോഭാവത്തിലും (മൂഡ്) പ്രവര്‍ത്തികളിലും ചെലുത്തുന്ന സ്വാധീനത്തിലും ശ്രദ്ധയൂന്നുന്നതും ഒരു വ്യക്തിയുടെ ചിന്താരീതി കൂടുതല്‍ യുക്തവും ആരോഗ്യകരവുമാക്കി മാറ്റാന്‍ ലക്ഷ്യം വെച്ചുള്ളതുമാണ്.  ബിഹേവിയറല്‍ തെറാപ്പി ഒരു വ്യക്തിയുടെ പ്രവര്‍ത്തികളില്‍ ശ്രദ്ധയൂന്നുന്നതും അനാരോഗ്യകരമായ പെരുമാറ്റ രീതികളില്‍ മാറ്റം വരുത്താന്‍ ലക്ഷ്യം വെച്ചുള്ളതുമാണ്. 
സിബിടി ഒരു വ്യക്തിയെ തന്‍റെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയാനും അത് പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാനും  സഹായിക്കുന്നു. രോഗിയും തെറാപ്പിസ്റ്റും ഈ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കുന്നു. തെറാപ്പിസ്റ്റ് രോഗിയെ ക്രമരഹിതവും സഹായകരമല്ലാത്തതുമായ ചിന്താരീതി എങ്ങനെ മാറ്റാനാകുമെന്ന് പഠിക്കാന്‍ സഹായിക്കുന്നു.  അതുപോലെ തന്നെ യുക്തിരഹിതവും അര്‍ത്ഥശൂന്യവും കൃത്യമല്ലാത്തതുമായ വിശ്വാസങ്ങള്‍ തിരിച്ചറിയാനും മാറ്റാനും, പെരുമാറ്റത്തില്‍ മാറ്റം വരുത്താനും മറ്റുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പഠിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 
സി ബി ടിക്ക് ഉപയോഗപ്പെടുത്തുന്ന ടെക്നിക്കുകള്‍ പ്രാവര്‍ത്തികമാക്കുവാന്‍ രോഗിയുടെ സജീവമായ പങ്കാളിത്തം തെറാപ്പി പ്രക്രിയയില്‍ ഉടനീളം ആവശ്യമായതിനാല്‍ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ഒരു  ഉള്‍ക്കാഴ്ചയുള്ള രോഗികള്‍ക്ക് പ്രത്യേകിച്ച് ഈ തെറാപ്പി ഫലപ്രദമായിരിക്കും. തെറാപ്പിയുടെ നടപടിക്രമത്തില്‍ ഒരു മൂഡ് ഡയറി എഴുതുക, പ്രവര്‍ത്തനക്ഷമമല്ലാത്ത ചിന്തകള്‍ തിരിച്ചറിയുകയും അനുകൂലമായ അനുഭവങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്യുക പോലുള്ള ചില ഗൃഹപാഠങ്ങള്‍ ഉള്‍പ്പെടുന്നു.
സി ബി ടി  വിഷാദരോഗം, ഉത്കണ്ഠാരോഗം, ഭക്ഷണം കഴിക്കലിലെ തകരാറുകള്‍, ബൈപോളാര്‍ തകരാര്‍ എന്നിവ പോലുള്ള നിരവധി മാനസിക രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. 
ഇന്‍റര്‍പേര്‍സണല്‍ തെറാപ്പി (ഐ പി റ്റി): ഒരു വ്യക്തിയുടെ ആശയവിനിമയവും മറ്റ് വ്യക്തികളുമായുള്ള ഇടപഴകലും മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ള ചികിത്സയാണിത്. ഒരു വ്യക്തിയുടെ പെരുമാറ്റം പ്രശ്നങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ഈ പ്രശ്നം തിരിച്ചറിയാനും അവരുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും ഐ പി റ്റി സഹായിക്കുന്നു. ഐ പി റ്റി മരുന്നിനൊപ്പവും ഉപയോഗപ്പെടുത്താവുന്നതാണ.് ഐ പി റ്റി എത്രമാത്രം ഫലപ്രദമാകും എന്നത് രോഗത്തിന്‍റെ തീവ്രതയേയും തെറാപ്പി സജീവമായി തുടരാനുള്ള രോഗിയുടെ സന്നദ്ധതയേയും ആശ്രയിച്ചിരിക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. 
ഫാമിലി തെറാപ്പി :  ഇത് പ്രധാനമായും രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായാണ് ചെയ്യുന്നത്. പരിചരിക്കലിന് സഹായം നല്‍കുന്ന തരത്തില്‍ കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും രോഗിയുടെ സുഖപ്പെടല്‍ കൂടുതല്‍ എളുപ്പമുള്ളതാക്കുകയും ചെയ്യുക എന്നതിലാണ് ഇത് ശ്രദ്ധയൂന്നുന്നത്.
രോഗിയുടെ നില കൂടുതല്‍ വഷളാക്കുന്ന,  കുടുംബത്തിലെ സംഘര്‍ഷങ്ങളും പ്രശ്നങ്ങളും തിരിച്ചറിയുന്നതിനായി തെറാപ്പിസ്റ്റ് കുടുംബാംഗങ്ങളോടൊത്ത് പ്രവര്‍ത്തിക്കുന്നു. ഈ പ്രശ്നം പരിഗണിക്കപ്പെടുകയും കുടുംബാംഗങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദ്ദേശങ്ങളുടേയും അവര്‍ മുന്‍കൈയെടുക്കുന്നതിന്‍റേയും അടിസ്ഥാനത്തില്‍ ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. തെറാപ്പിസ്റ്റ് കുടുംബാംഗങ്ങളെ അവരുടെ പ്രിയപ്പെട്ടയാളുടെ രോഗത്തെയും അതിന്‍റെ ലക്ഷണങ്ങളേയും കുറിച്ച് പഠിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍, തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് നേരെ ബോധപൂര്‍വ്വമല്ലാതെ രോഗത്തിന്‍റെ പേരില്‍  പ്രകടിപ്പിക്കുന്ന എതെങ്കിലും ഗുരുതരമോ വിദ്വേഷകരമോ ആയ സമീപനം ഉണ്ടോയെന്ന് തിരിച്ചറിയാനും അത്തരം പ്രതികൂല പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും തെറാപ്പിസ്റ്റ് കുടുംബത്തെ സഹായിക്കുന്നു. അതേസമയം തന്നെ, കുടുംബത്തിന്‍റെ ശ്രദ്ധയ്ക്കും  പിന്തുണയ്ക്കുമൊപ്പം ചികിത്സ തുടരാനും രോഗമുക്തിയുടെ കാര്യത്തിലും രോഗിക്കുള്ള സന്നദ്ധതയും  സുപ്രധാനമായ ഒരു പങ്കുവഹിക്കുന്നുണ്ട് എന്ന കാര്യം തെറാപ്പിസ്റ്റ് എടുത്തുകാണിക്കുകയും ചെയ്യും. ദീര്‍ഘകാലമായി തുടരുന്ന പരിചരിക്കല്‍ മൂലം കുടുംബാംഗങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക പിരുമുറുക്കമോ മറ്റോ ണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിലും ഫാമിലി തെറാപ്പി ശ്രദ്ധകേന്ദ്രീകരിക്കും. 
പ്രധാനകാര്യം:  ഈ തെറാപ്പികളില്‍ ചിലത് സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സംയുക്തം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുന്നു. അതുപോലെ തന്നെ ഭൂരിപക്ഷം കേസുകളിലും ഫാര്‍മകോതെറാപ്പിയും സൈക്കോതെറാപ്പിയും ഒരുമിച്ച് ചെയ്യേണ്ടതുമുണ്ട്. ഉദാഹരണത്തിന്, ലഘുവായ വിഷാദരോഗം പോലുള്ള കേസുകളില്‍ ഉചിതമായ സൈക്കോതെറാപ്പിയോടൊപ്പം സി ബി ടി കൂടി ചേര്‍ക്കുന്നത് കൂടുതല്‍ നല്ല ഫലം ഉണ്ടാക്കും.  അതേസമയം കുറേക്കൂടി കടുത്ത വിഷാദരോഗത്തിന് ഫാര്‍മകോതെറാപ്പി (ചികിത്സയുടെ ആദ്യ ചുവട് എന്ന നിലയില്‍)യും സൈക്കോതെറാപ്പിയും കൂട്ടിചേര്‍ത്ത് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാകും.   എന്നിരുന്നാലും ഒരു കഠിനമായ മാനസിക രോഗത്തിന്‍റെ കാര്യത്തില്‍ സൈക്കോതെറാപ്പികൊണ്ട് ഗുണമുണ്ടായേക്കില്ല, അതിന് മരുന്ന് മാത്രമേ സഹായിക്കു.  
മസ്തിഷ്ക ഉത്തേജന ചികിത്സകള്‍
മരുന്നുകള്‍ അല്ലെങ്കില്‍ സൈക്കോതെറാപ്പി ഒരു ഫലവും കാണിക്കുന്നില്ലായെങ്കില്‍ മാത്രമാണ് മസ്തിഷ്ക (തലച്ചോര്‍)  ഉത്തേജന ചികിത്സകള്‍ ഉപയോഗപ്പെടുത്തുന്നത്. വളരെ വിശദമായ ഒരു വൈദ്യ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം  വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ ഈ ചികിത്സകൊണ്ട് രോഗിക്ക് ഗുണമുണ്ടായേക്കാം എന്ന അനുമാനത്തിലെത്തുകയും ചെയ്താല്‍ മാത്രമാണ്  ചില പ്രത്യേക രോഗാവസ്ഥകള്‍ക്ക് മസ്തിഷ്ക (തലച്ചോര്‍)  ഉത്തേജന ചികിത്സകള്‍ നടത്തുക.
പ്രധാന കാര്യം: രോഗിക്കും അവരെ പരിചരിക്കുന്നവര്‍ക്കും ഈ ചികിത്സയെക്കുറിച്ചും അതിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണം. രോഗിയും പരിചരിക്കുന്നവരും അവരുടെ സമ്മതം/അനുമതി നല്‍കിയതിന് ശേഷം മാത്രമായിരിക്കും ഈ ചികിത്സ നല്‍കുന്നത്. 
മസ്തിഷ്ക (തലച്ചോര്‍)  ഉത്തേജന ചികിത്സയില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു: 
 • ഇലക്ട്രോകണ്‍വള്‍സിവ് തെറാപ്പി (ഇ സി ടി) : ചില മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളുടെ ചികിത്സയ്ക്കായി തലച്ചോറിലൂടെ വൈദ്യുതി പ്രവാഹം കടത്തിവിടുന്ന തെറാപ്പിയാണിത്.  എപ്പോള്‍, എന്തുകൊണ്ടാണ് ഇ  സി റ്റി ഒരു ചികിത്സയായി നിര്‍ദ്ദേശിക്കപ്പെടുക എന്നത് അറിയുന്നതിനായി ഈ വിഭാഗത്തിലുള്ള ഇ സി റ്റിയെക്കുറിച്ചുള്ള ലേഖനം വായിക്കുക.
 • ട്രാന്‍സ്ക്രാനിയല്‍ മാഗ്നറ്റിക് സ്റ്റിമുലേഷന്‍ (റ്റി എം എസ് ) : ചില മാനസിക രോഗങ്ങളുടെ ലക്ഷണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തലച്ചോറിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്നതിന് കാന്തിക മണ്ഡലം ഉപയോഗപ്പെടുത്തുന്ന ചികിത്സാരീതിയാണിത്. 
ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ ഗുണകരമായിരിക്കുമോ എന്ന് എനിക്ക് എങ്ങനെ അറിയാന്‍ കഴിയും? 
ഒരു വ്യക്തി മാനസിക രോഗത്തിനുള്ള ചികിത്സയ്ക്കായി എത്തുമ്പോള്‍ അയാളുടെ രോഗം എന്താണെന്ന് കൃത്യമായി കണ്ടെത്തുന്നതിനും അതിനെ തുടര്‍ന്ന് അയാള്‍ക്ക് എന്തു ചികിത്സയാണ് നിര്‍ദ്ദേശിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുമായി  മാനസികാരോഗ്യ വിദഗ്ധന്‍  ആ വ്യക്തിയുടെ അതുവരേയുള്ള ചികിത്സാ ചരിത്രം പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യുകയും പരിശോധനകളും വിലയിരുത്തലുകളും നടത്തുകയും കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്യും. അതിന്‍റെ  അടിസ്ഥാനത്തിലായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്. ഇതുസംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും വിവരങ്ങളും രോഗിയേയും പരിചരിക്കുന്നവരേയും അറിയിക്കുകയും ചെയ്യും. രോഗി ഒരു ചര്‍ച്ചയ്ക്ക് അല്ലെങ്കില്‍ സംഭാഷണത്തിന് തയ്യാറാകുന്ന അവസ്ഥയിലാണെങ്കില്‍ ഒരു നിര്‍ദ്ദിഷ്ട  ചികിത്സ രോഗിയെ രോഗമുക്തി നേടാന്‍ സഹായിക്കുമോ എന്ന് മനസിലാക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധന്‍ രോഗിയുമായി ഇതുസംബന്ധിച്ച് വിശദമായി സംസാരിക്കും. രോഗി അത്തരമൊരു അവസ്ഥയിലല്ലായെങ്കില്‍ പിന്നെ മാനസികാരോഗ്യ വിദഗ്ധന് സഹായം സ്വീകരിക്കാനാകുന്നത് രോഗിയുടെ കുടുംബത്തില്‍നിന്നാണ് (പരിചരിക്കുന്നയാളില്‍ നിന്ന്). അവര്‍ക്ക് രോഗിയുടെ രോഗത്തെക്കുറിച്ച് മതിയായ അറിവുണ്ടായിരിക്കുന്നതും ആ രോഗം എങ്ങനെ ചികിത്സിക്കാം എന്ന് മനസിലാക്കിയിരിക്കുന്നതും സഹായകരമായിരിക്കും. അത്തരത്തില്‍ ഒരു വിവരം ഉണ്ടായാല്‍ ഡോക്ടര്‍ക്കും പരിചരിക്കുന്നവര്‍ക്കും തമ്മില്‍ രോഗിക്ക് ഏതു തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് ഒരു ധാരണയിലെത്താനാകും.
യോഗയെ മാനസിക രോഗത്തിനുള്ള ഒരു  ചികിത്സയായി പരിഗണിക്കാമോ? 
 കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടന്നിട്ടുള്ള നിരവധി ഗവേഷണങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത് യോഗ വിവിധ തരം മാനസിക രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ (പ്രധാന ചികിത്സയ്ക്ക് ഒപ്പം നടത്താവുന്ന) ഒരു ചികിത്സയാണെന്നാണ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ശിവരാമ വാരമ്പള്ളിയുമായുള്ള അഭിമുഖം വായിക്കുക. 
മാനസികരോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്? 
 എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന കാര്യം നമ്മളില്‍ മിക്കവാറും പേര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. ചില ആളുകള്‍ക്ക് ഈ പാര്‍ശ്വഫലം അനുഭവപ്പെട്ടില്ലെന്നിരിക്കാം, അല്ലെങ്കില്‍ ചിലര്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കാം. അതുപോലെ തന്നെ മാനസികരോഗത്തിന്‍റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം, അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നിങ്ങളുടെ മരുന്നിന് ഒപ്പമുള്ള ലഘുലേഖയില്‍ പറഞ്ഞിട്ടുണ്ടാകും. എന്നിരുന്നാലും പാര്‍ശ്വഫലത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസിലാക്കുക.
മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ചില പാര്‍ശ്വഫലങ്ങള്‍ താഴെ പറയുന്നു:  
 • ഉറക്കം തൂങ്ങലും മന്ദതയും
 • ഭാരം വര്‍ദ്ധിക്കല്‍.
 • പ്രമേഹം ഉണ്ടാകാനുള്ള സാധ്യത.
 • തലചുറ്റിന് കാരണമായേക്കാവുന്ന തരത്തില്‍ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍.
 • താല്‍പര്യക്കുറവ്, ഉത്സാഹമില്ലായ്മ, സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധക്കുറവ് തുടങ്ങിയ പ്രകടമായി കാണാന്‍ കഴിയാത്ത ചില ലക്ഷണങ്ങള്‍. 
നിങ്ങള്‍ ഓര്‍ക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ പറയുന്നു:
 • മരുന്നു കൊണ്ടുള്ള ഗുണങ്ങള്‍ ചെറിയ ചെറിയ പാര്‍ശ്വഫലങ്ങളേക്കാള്‍ കൂടുതല്‍ പ്രധാനപ്പട്ടവയാണ്.
 • നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സമയത്ത്, നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞിരിക്കുന്നതുപോലെ തന്നെ മരുന്നു കഴിക്കുന്നതാണ് നല്ലത്, അത് രോഗമുക്തിക്ക് കൂടുതല്‍ സഹായകരമാകും. 
 • നിങ്ങള്‍  കുറച്ചുനാള്‍ പതിവായി മരുന്നു കഴിക്കുകയാണെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ചിലപ്പോള്‍ ഇല്ലാതായേക്കാം.
 • നിങ്ങള്‍ക്ക് ഇപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരിക്കുകയും മരുന്ന് തുടര്‍ന്നു കഴിക്കാന്‍ മടിതോന്നുകയും ചെയ്യുന്നു എങ്കില്‍ അക്കാര്യം നിങ്ങളുടെ ഡോക്ടറോട് പറയുക. അങ്ങനെയായാല്‍ നിങ്ങളുടെ മരുന്നിന്‍റെ അളവ് കുറയ്ക്കാനോ മരുന്നില്‍ മാറ്റം വരുത്താനോ ഡോക്ടര്‍ക്ക് കഴിയും. 
 • ചികിത്സയുടെ ഒരു ഘട്ടത്തിലും ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ പെട്ടെന്ന് മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്.
White Swan Foundation
malayalam.whiteswanfoundation.org