കോപം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ പരിഹൃതമാണോ?

എപ്പോഴാണ് കോപം നമ്മെ സഹായിക്കുന്നത് എന്നും എപ്പോഴാണ് അതു നമുക്കു ഹാനികരമായി തീരുന്നത് എന്നും മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.

കോപം, അത് ഒരു പ്രശ്‌നം ആയി തീരുമ്പോൾ

നമ്മൾ എല്ലാവരും നമ്മുടെ ജീവിതങ്ങളിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ കോപം അനുഭവിച്ചിട്ടുണ്ട്. കോപം എന്ന വികാരം അനുഭവിക്കുക എന്നത് സ്വാഭാവികവും ന്യായയുക്തവും ആവശ്യമുളളതും ഉചിതവും ആണ്. ബാഹ്യമോ ആന്തരികമോ ആയ സംഭവങ്ങൾ കൊണ്ട് തിരികൊളുത്തപ്പെടാവുന്ന ഒരു അടിസ്ഥാനപരമായ വികാരം ആണ് കോപം. നമ്മൾ ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ, താഴെ വിവരിക്കുന്നവയിൽ ഒന്നോ അതിൽ കൂടുതലോ ഘടകങ്ങൾ ആയിരിക്കും നമ്മുടെ ഉള്ളിൽ കോപ പ്രതികരണം വെളിവാക്കിയിട്ടുണ്ടാവുക:

ബാഹ്യമായ സംഭവങ്ങൾ

  • മാനസിക പിരിമുറുക്കത്തിനു കാരണമാകുന്ന ഒരു അനഭിമതകരമായ അവസ്ഥ
  • മറ്റൊരു വ്യക്തിയുടെ അഭികാമ്യമല്ലാത്ത അല്ലെങ്കിൽ നീതിരഹിതമായ പ്രവർത്തി
  • നമ്മുടെ ആവശ്യങ്ങൾ മറ്റൊരു വ്യക്തി സാധിച്ചു തരുന്നില്ല എന്നുള്ളപ്പോള്‍

ആന്തരികമായി സംഭവിക്കുന്നവ

  • ഒരു വ്യക്തിയുമായോ അവസ്ഥയുമായോ ബന്ധപ്പെട്ട് വ്രണപ്പെട്ടതായി തോന്നുമ്പോള്‍, അസുഖകരമായതോ അല്ലെങ്കില്‍ ഇച്ഛാഭംഗം തോന്നത്തക്കതോ ആയ എന്തെങ്കിലും കാര്യം സംഭവിക്കുമ്പോൾ
  • ചില ഓർമ്മകൾ, പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ അല്ലെങ്കിൽ രണ്ടു വ്യക്തികൾക്കിടയിൽ ഉള്ള സംഘർഷങ്ങൾ 
  • മറ്റുള്ളവരിൽ നിന്നും ജീവിതത്തിൽ നിന്നു തന്നെയും അയഥാർത്ഥകരമായ പ്രതീക്ഷകൾ വച്ചു പുലർത്തുന്നത്

കോപം അനുഭവിക്കുക എന്നത്, അതിർത്തി ലംഘിക്കൽ, അനീതി, ബഹുമാനമില്ലായ്മ അല്ലെങ്കിൽ കായികമോ മാനസികമോ ആയ അനിശ്ചിതമായ ഹാനി തുടങ്ങിയ ആസന്നമായ ഭീഷണികളെ കുറിച്ച് നമുക്കു മുന്നറിയിപ്പു നൽകുന്നുണ്ട്. കോപം അനുഭവിക്കുന്നത് ഒരു അതൃപ്തികരമായ സംഭവത്തോടോ അവസ്ഥയോടോ ഉള്ള സ്വാഭാവികമായ യോജിക്കൽ പ്രക്രിയ ആണ് എങ്കിൽ കൂടിയും  താഴെ പറയുന്ന ചില സന്ദർഭങ്ങളിൽ അത് ഒരു പ്രശ്‌നമാകാൻ സാദ്ധ്യതയുണ്ട്:

  • അത് വളരെ അമിതമാകുമ്പോൾ
  • അത് അനുചിതമായി പ്രകടിപ്പിക്കപ്പെടുമ്പോൾ
  • അത് പ്രകടിപ്പിക്കപ്പെടുകയേ ചെയ്യുന്നില്ല അല്ലെങ്കിൽ അത് ഉള്ളിൽ തന്നെ അടക്കി വയ്ക്കുമ്പോള്‍

അമർഷത്തിന്‍റേയും ക്രോധത്തിന്‍റേയും രൂപത്തിൽ ഒരു വ്യക്തിയുടെ കോപം അമിതമായി പ്രകടിപ്പിക്കുന്നത് ആ വ്യക്തിയെ ഹൃദയ ബന്ധിത പ്രശ്‌നങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം തുടങ്ങിയ അപകട സാദ്ധ്യതകളിലേക്കു എത്തിച്ചെന്നു വരും. വളരെ തീവ്രമായും കൂടെക്കൂടെയും കോപം അനുഭവപ്പെടുകയോ അതു പ്രകടിപ്പിക്കുകയോ ചെയ്യുമ്പോൾ അതു നമ്മുടെ ശരീരത്തിനും മനസ്സിനും സ്പഷ്ടമായ ആയാസം സൃഷ്ടിക്കുന്നതിനു കാരണമാകുന്നു. 

വാചികമായോ കായികമായോ ആയ രീതിയില്‍ ഉള്ള കോപത്തിന്‍റെ അനുചിതമായ പ്രകടിപ്പിക്കൽ ഒരാളെ ആക്രമണപരതയുള്ള, വിദ്വേഷിയായ, ചിലപ്പോൾ അവഹേളനപരമായ പെരുമാറ്റത്തിന്‍റെ ഉടമ  എന്നു വരെ അവരോധിക്കപ്പെടുന്നതിന് ഇടയാക്കി എന്നു വരാം. ഇത് മറ്റ് ആളുകളെ പ്രതിരോധത്തിലേക്കു നയിച്ചേക്കാം, വ്യക്തിപരവും തൊഴിൽപരവും ആയ ബന്ധങ്ങളെ ഇത് അട്ടിമറിച്ചുവെന്നും വരാം.

ഉള്ളിൽ ഇരുന്നു വളരുന്നതോ ഉള്ളില്‍ അടക്കി വച്ചിരിക്കുന്നതോ ആയ കോപം നമ്മുടെ ശരീരത്തിലും മനസ്സിലും മനഃക്ലേശകരമായ ആയാസം സൃഷ്ടിക്കുന്നതിനു കാരണമായേക്കാം. നിവൃത്തികേടുകൊണ്ട് ബാല്യത്തിൽ പ്രകടിപ്പിക്കുവാൻ കഴിയാതെ പോയ കോപമോ അമർഷമോ അന്നു അടക്കി വെയ്‌ക്കേണ്ടതായി വന്നിട്ടുള്ള അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ടായിരിക്കാം. ഇത്തരം അടക്കി വച്ചിരിക്കുന്ന കോപം നമ്മെ അതേ വ്യക്തിയെ പറ്റിയോ സംഭവത്തെ പറ്റിയോ സ്ഥിരമായി ചിന്തിക്കുന്നതിനു പ്രേരിപ്പിക്കുകയും അത് ഒന്നുകിൽ ഓര്‍ക്കാപ്പുറത്ത് പെട്ടെന്നു കോപം പ്രകടിപ്പിക്കുന്നതിലേക്കോ അല്ലെങ്കിൽ കോപം ഉള്ളിലേക്ക് ഒതുക്കുന്നതിലേയ്‌ക്കോ നയിച്ചുവെന്നും വരാം. ദീർഘകാലം കോപം  അടക്കി വയ്ക്കുന്നതും മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്കു വഴി തെളിക്കുന്നതിനു സാദ്ധ്യതയുണ്ട്. നിയന്ത്രിക്കുകയോ കൃത്യമായി വഴി തിരിച്ചു വിടുകയോ ചെയ്തില്ലെങ്കിൽ ഒരാൾ തന്‍റെ കോപം യഥാർത്ഥമായ സ്രോതസ്സിനു നേര്‍ക്കല്ലാതെ മറ്റൊരു വ്യക്തിയുടെ നേർക്കോ സംഭവത്തിനു നേർക്കോ അനുചിതമായി പ്രകടിപ്പിച്ചുവെന്നു വരാം. ഇത് പലപ്പോഴും തെറ്റിദ്ധാരണകളിലേക്കും വ്യക്തികൾക്കിടയിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നതിലേക്കും നയിക്കും.

കോപബന്ധിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്

കോപം എന്ന വികാരം നിയന്ത്രണാധീനമാക്കുന്നതിനു ഒരു വ്യക്തിക്കു ബുദ്ധിമുട്ടു വരുമ്പോഴാണ് കോപബന്ധ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. കോപം അനുഭവിക്കുക എന്നുള്ളത് തികച്ചും സ്വാഭാവികം ആണ് എന്നിരിക്കെ, അത് പ്രയോജനപ്രദമായ രീതിയിൽ, അവനവനും മറ്റുള്ളവര്‍ക്കും ഹാനികരമല്ലാത്ത രീതിയില്‍ നിയന്ത്രിക്കുന്നതിനും പ്രകടപ്പിക്കുന്നതിനും നമുക്കു കഴിയുകയാണെങ്കിൽ, അത് വളരെ സഹായകമായിരിക്കും.

കോപം നിയന്ത്രാണാധീനമാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും താഴെ പറയുന്ന കാര്യങ്ങൾ സഹായകമായേക്കാം:

  • നിങ്ങളുടെ കോപ സംബന്ധമായ പ്രശ്‌നത്തെ കുറിച്ചു ബോദ്ധ്യം ഉണ്ടായിരിക്കുന്നത്:നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതിലുള്ള ആദ്യ പടിയാണ് ഇത്. നമ്മുടെ കോപബന്ധിത പ്രശ്നത്തെ കുറിച്ച് നമുക്ക് താഴെ വിവരിക്കുന്ന കാര്യങ്ങളിലൂടെ അവബോധം സൃഷ്ടിക്കുന്നതിനു കഴിയും:
  1. കോപത്തിനു തിരി കൊളുത്തുന്നതിന് കാരണമായി തീര്‍ന്നത്  എന്താണ് എന്ന് അറിയുന്നത്.
  2. അനുഭവപ്പെടുന്ന കോപത്തിന്‍റെ കാരണം അറിയുന്നത്
  3. കോപം തോന്നുന്നതിന്‍റെ കാരണം ന്യായീകരിക്കത്തക്കതാണോ അതോ വെറും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണോ എന്ന് അറിയുന്നത്.
  • പിരിമുറുക്കം അയച്ചുവിടുന്നതിനുള്ള സമ്പ്രദായങ്ങൾ പതിവായി അനുവർത്തിക്കുക: കോപത്തിനു നമ്മുടെ ശരീരത്തിൽ സ്പഷ്ടമായ ആയാസം, ഉദാഹരണത്തിന് വർദ്ധിച്ച ഹൃദയ മിടിപ്പ് തോത്, ആഴം കുറഞ്ഞ ശ്വാസോച്ഛ്വാസം (സാധാരണഗതിയിൽ മിനിറ്റിൽ 10-12 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നതിനു പകരം  ഇതിനേക്കാൾ കൂടിയ തോതിൽ ശ്വാസോച്ഛ്വാസം ചെയ്യുക), മുതലായവയ്ക്കു കാരണമാകും എന്ന് നമുക്ക് അറിയാം. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ചെയ്യലും പേശികൾ അയച്ചു വിടുന്നതും നിത്യവും പരിശീലിക്കുന്നത്  കോപം ശാന്തമാക്കുന്നതിനോ അല്ലെങ്കിൽ കോപം പരന്നു ചിതറി പോകുന്നതിനോ സഹായകമായേക്കും.
  • ഉചിതമായ വിധത്തിൽ കോപം പ്രകാശിപ്പിക്കുന്നത് : അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന ഏതു വികാരവും പ്രകാശിപ്പിക്കേണ്ടത് ആവശ്യമാണ്. കോപം എന്ന വികാരത്തിന് ഇതു കൂടുതൽ ബാധകവുമാണ്. അതിനാൽ കോപവുമായി അനുബന്ധിച്ച് ഉണ്ടാകുന്ന തോന്നലുകളും നിരാശയും ശാന്തമായ, മനഃസാന്നിദ്ധ്യത്തോടെയുള്ള ഒരു രീതിയിലൂടെ പ്രകാശിപ്പിക്കുന്നത്, കോപം സംബന്ധിച്ച തോന്നലുകൾ നിയന്ത്രിക്കുന്നതിന് സഹായമാകും. ദിവസേന ഡയറി പോലെ എന്തെങ്കിലും കുറിച്ചു വയ്ക്കുക, കവിത എഴുതുക അല്ലെങ്കിൽ കലാപരമായി എന്തെങ്കിലും ഉണ്ടാക്കുക തുടങ്ങിയതു പോലെയുള്ള പ്രകാശന രീതികൾ അനുവർത്തിക്കുന്നതും കോപം നിയന്ത്രിക്കുന്നതിനു  സഹായകമായേക്കാം.
  • ഒരാളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വെളിപ്പെടുത്തുക: നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞു പ്രവര്‍ത്തിക്കണം എന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നതു ആരില്‍ നിന്നാണോ, ആ ആളിനോടു  ഫലപ്രദമായ വിധത്തിൽ അവ വെളിപ്പെടുത്തുന്നത് ആ വ്യക്തിയില്‍ നിന്ന് ശരിയായ പ്രതീക്ഷകൾ ചിട്ടപ്പെടുത്തി  നിറവേറ്റി  എടു ക്കുന്നതിന് സഹായകമായേക്കും.
  • വിദഗ്ദ്ധരുടെ സഹായം തേടുന്നത്: മുകളിൽ വിവരിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം നിങ്ങൾ പ്രയോഗിച്ചു നോക്കി, പക്ഷേ നിങ്ങളുടെ കോപം എന്നിട്ടും അനിയന്ത്രിതമായി ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ് എന്നു നിങ്ങള്‍ക്കു തോന്നുന്നു എങ്കില്‍, നിങ്ങൾക്ക് വിദഗ്ദ്ധ സഹായം തേടേണ്ടി വന്നേക്കാം. ഒരു അംഗീകൃത ഉപദേഷ്ടാവിനോ മനഃശാസ്ത്ര വിദഗ്ദ്ധനോ നിങ്ങളുടെ കോപസംബന്ധ പ്രശ്‌നങ്ങൾ നിങ്ങളെ മനസ്സിലാക്കി തരുന്നതിനും അവ ഫലപ്രദമായ വിധത്തിൽ കൈകാര്യം ചെയ്യുന്നതിനും നിങ്ങളെ സഹായിക്കുവാന്‍ കഴിഞ്ഞേക്കാം.

അവലംബം:

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org