ഫോട്ടോഗ്രാഫിക്ക് നിങ്ങളുടെ ജീവിതസൗഖ്യം മെച്ചപ്പെടുത്തുവാന്‍ സാധിക്കുമോ?

ഒരു ക്യാമറയോ അല്ലെങ്കിൽ സ്മാർട്ട് ഫോണോ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുന്നത് നിങ്ങൾ ആസ്വദിക്കാറുണ്ടോ? എങ്കിൽ, എപ്പോഴെങ്കിലും ഫോട്ടോഗ്രാഫി വെറും ഒരു ഹോബി എന്നതിനപ്പുറം മറ്റെന്തെങ്കിലും ആയിത്തീർന്നേക്കുമോ എന്ന് നിങ്ങൾ സന്ദേഹിച്ചിട്ടുണ്ടോ: വ്യക്തിപരമായ ക്ഷേമത്തിന് ഉതകുന്ന - ഒരു പക്ഷേ ആത്മസാക്ഷാത്ക്കാരത്തിലേക്കു വരെ നയിച്ചേക്കാവുന്ന ഒരു വഴി എന്നുവരെ തോന്നുന്ന തരം മഹത്വപൂർണ്ണമായ മറ്റെന്തോ ഒന്ന്?

ഇന്ന് ശുഭാത്മക മനഃശാസ്ത്രം ഉയർത്തുന്ന, ജിജ്ഞാസ ഉണർത്തുന്ന ഈ ചോദ്യം, ഹോളിവുഡിന്‍റേയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. വോൾട്ടർ മിറ്റിയുടെ രഹസ്യജീവിതം (The Secret life of Walter Mitty) എന്ന ചിത്രത്തിൽ ഷാൻ പെൻ (Sean Penn) എന്ന അഭിനേതാവ് അവതരിപ്പിക്കുന്ന ഷാൻ ഓ കാനോൽ (Sean O'Connel)  ഒരു പ്രശസ്ത സാഹസിക ഫോട്ടോ പത്രപ്രവർത്തകനാണ്,   ഓഫീസിലിരുന്നു ജോലി ചെയ്യുന്ന തന്‍റെ ഭീരുവായ സഹായി വാൾട്ടറിന്‍റെ ആരാദ്ധ്യപുരുഷനും. മെയിലുകളിലൂടെ മാത്രം വർഷങ്ങളോളം പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരുന്ന അവർ ഹിമാലയ പർവ്വതത്തിന്‍റെ ഉയരങ്ങളിലെങ്ങോ വച്ച് അവസാനം കണ്ടുമുട്ടുകയാണ്. അവിടെ വച്ച്, ഒരു ഭീമാകാരനായ ഹിമപ്പുലിയെ ചിത്രത്തിലാക്കുന്നതു കാണുന്ന ഷാനിന്‍റെ സന്ദേശം  വോൾട്ടറിനെ -ഒരു സ്ഥിരദിവാസ്വപ്നക്കാരന്‍ - പരിവർത്തനപ്പെടുത്തുകയാണ്: എപ്പോഴും പൂര്‍ണ്ണമായും ആ നിമിഷത്തിൽ ആമ​ഗ്നനാവുക, ഇപ്പോൾ, ഇവിടെ വച്ച്, ഈ വർത്തമാന കാലത്തിൽ തന്നെ. ജാ​​ഗ്രതയോടെയുള്ള  ഈ ഛായാ​ഗ്രഹണം, അങ്ങനെയാണ് അത് പൊതുവായി അറിയപ്പെടുന്നത്, ആരംഭിച്ചത് മൈനർ വൈറ്റ് ആണ്, ആൽഫ്രഡ് സ്റ്റൈ​ഗ്ലിറ്റ്സ് (Alfred Stieglitz), ഏൻസൽ ആഡംസ് (Ansel Adams), എഡ്വേഡ് വെസ്റ്റൺ (Edward Weston) തുടങ്ങിയ,  കലാപര ഛായാ​ഗ്രഹണമേഖലയിൽ (Artistic Photography) തിളങ്ങി നിന്നിരുന്ന ഉജ്ജ്വല വ്യക്തികളോടൊപ്പം, 1940 കളിൽ പഠിച്ചിരുന്ന ആളാണ് മൈനർ വൈറ്റ്. സ്റ്റൈ​ഗ്ലിറ്റ്സ് വിഭാവനം ചെയ്തിരുന്ന "തുല്യനിലവാരം" എന്ന ആശയം - ഛായാ​ഗ്രഹണം നടത്തപ്പെട്ടിട്ടുള്ള ഒരു പ്രതിച്ഛായ,  നിലനിൽക്കുന്നു എന്ന അവസ്ഥയുടെ ഒരു ദൃശ്യാലങ്കാരം ആണ് - വൈറ്റിനെ സ്വാധീനിച്ചിരുന്നു. പിന്നീട് എംഐറ്റിയിൽ (MIT) ഒരു അദ്ധ്യയനവിഭാ​​ഗത്തിലെ അം​ഗം ആയി മാറിയ വൈറ്റ്, ധ്യാനത്തിനും മനസ്സിന്‍റെ ഏകാ​ഗ്രാവസ്ഥയ്ക്കും ഛായാ​ഗ്രഹണത്തിലും - ഒരു ജീവിതരീതി എന്ന നിലയിലും - ഉള്ള പ്രാധാന്യത്തെ പറ്റി പഠിപ്പിച്ചു വന്നു. "നിങ്ങളുടെ ശ്രദ്ധാകേന്ദ്രമായ വസ്തു നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതു വരെ നിങ്ങൾ നിങ്ങളോടു തന്നെ നിശ്ചലനായിരിക്കുക," വൈറ്റ് ഉപദേശിച്ചു, കൂടുതൽ വിശാലമായി അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുകയും ചെയ്തു, "കണ്ണിന്‍റെ നിഷ്കളങ്കതയക്ക് അതിന്‍റേതായ ഒരു ​ഗുണമേന്മയുണ്ട്. അതിന്‍റെ അർത്ഥം ഒരു ശിശു എന്ന പോലെ, നവമായും അത്ഭുതം അം​ഗീകരിച്ചുകൊണ്ടും കാണണം എന്നതാണ്."

ചിട്ടയായ ഗവേഷണം ഇപ്പോഴും വിരളമാണെങ്കിൽ കൂടി, ആരോഗ്യവിദഗ്ദ്ധർ ഛായാഗ്രഹണത്തെ അതിന്‍റെ വൈകാരിക പ്രയോജനങ്ങൾ മൂലം കൂടുതലായി ഉപോയഗിച്ചു വരുന്നുണ്ട്. 2008 ൽ, ഫോട്ടോതെറപ്പി, സവിശേഷ ചികിത്സാപര ഫോട്ടോഗ്രഫി (Therapeutic Photography) എന്നീ വിഷയങ്ങളിന്മേലുള്ള ആദ്യ അന്തർദ്ദേശീയ സമ്മേളനം നടന്നത് നോർവേയിൽ വച്ചാണ്, കലാപര ചികിത്സകർ (Art therapists), മനഃശാസ്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ എന്നിവർ അതിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അതിന്‍റെ നേതാക്കളിൽ ഒരാളായിരുന്നു ജൂഡി വൈസർ (Judy Weiser), വൈസറിന്‍റെ ഫോട്ടോതെറപ്പി ടെക്‌നിക്‌സ് എന്ന പുസ്തകം ആത്മപ്രതിഫലനം പ്രചോദിപ്പിക്കുന്നതിനും വൈദ്യശാസ്ത്രചികിത്സാപരമായ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി വ്യക്തിപരമായ ഛായാപടങ്ങൾ, കുടുംബ ആൽബങ്ങൾ, എന്നിവ ഉപയോഗിച്ചുള്ള പ്രവർത്തനരീതികൾ വിവരിക്കുന്നുണ്ട്. ആരംഭത്തിൽ കലാപരമായ ചികിത്സാരീതിയുടെ ഒരു ശാഖയായിരുന്ന ഫോട്ടോഗ്രാഫി, മുതിർന്നവർക്കുള്ള ക്ലാസ്സുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ബഹുജനസമ്മതി നേടിയെടുത്തുകൊണ്ട്, ഇപ്പോൾ ജീവിതസൗഖ്യത്തിനായി ഉപയോഗിക്കപ്പെടുന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. സ്വന്തം ഉൾക്കാഴ്ച്ചയ്ക്കു വേണ്ടിയുള്ള ഒരു ദൃശ്യ ഡയറി ആയി എങ്ങനെ ഫോട്ടോകൾക്ക് വർത്തിക്കുവാൻ കഴിയും, ശുഭാത്മകമായ ഓർമ്മകൾ വർദ്ധിപ്പിക്കുന്നതിനും, സൃഷ്ടിപരത മെച്ചപ്പെടുത്തുന്നതിനും നമുക്ക് മറ്റുള്ളവരുമായി ഉള്ള അടുപ്പം ശക്തിപ്പെടുത്തുന്നതിനും എങ്ങനെ കഴിയും എന്നതിനെ കുറിച്ചും അങ്ങനെയുള്ള പരിപാടികൾ ഊന്നിപ്പറയുന്നു. 

മനസ്സ് അര്‍പ്പിച്ചു കൊണ്ടുള്ള, ഏകാഗ്രതയോടെയുള്ള ഫോട്ടോഗ്രാഫി രീതി ക്ലാസ്സ് മുറിയിലും ഉപയോഗിച്ചു വരുന്നുണ്ട്. ഉദാഹരണത്തിന്, ജീവിതസൗഖ്യം എന്ന വിഷയത്തെ പറ്റി കുട്ടികളെ പഠിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പദ്ധതിയിൽ, അയർലണ്ടിലെ അന്തർദ്ദേശീയ സർവ്വകലാശാലയിൽ ഡോക്ടർമാരായ സീർഷാ ഗവൻ (Saoirse Gabhainn), ജെയ്ൻ സിക്‌സ്മിത്ത് (Jane Sixmith) - എന്നിവർ 8 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള ഒരു സംഘത്തോട്, "തങ്ങൾക്ക് ഇഷ്ടപ്പെട്ടവയുടെ" ഫോട്ടോഗ്രാഫുകൾ എടുക്കുവാൻ ആവശ്യപ്പെട്ടു, ഒരു തുടർ നടപടി സംഘം ഇവയെ  "ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ആളുകൾ," " ഭക്ഷണവും പാനീയങ്ങളും,"  "മൃഗങ്ങൾ/ വളർത്തു മൃഗങ്ങളും പക്ഷികളും," എന്നിങ്ങനെ പലേ വിഭാഗങ്ങളായി അതു ചിട്ടപ്പെടുത്തുകയും ചെയ്തു. ഗവേഷകരുടെ അഭിപ്രായത്തിൽ, ജീവിതസൗഖ്യം എന്ന ആശയത്തെ കുറിച്ചു വിശദീകരിക്കുന്നതിനുള്ള ഒരു പ്രയോജനപ്രദമായ ഉപകരണമാണ് ഫോട്ടോഗ്രാഫി എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവരുടെ ഇടയിൽ പങ്കാളിത്തത്തോടെയുള്ള ഫോട്ടോ എടുക്കൽ സഹായകമാകുന്നുണ്ട് എന്നും, ന്യൂസിലാൻഡിലെ മൗറി (Maori) എന്ന ആദിമ മനുഷ്യരിലെ  8 മുതൽ 10 വയസ്സു വരെ പ്രായത്തിലുള്ളവരുടെ ഇടയിൽ നടത്തിയ പഠനം ഫോട്ടോഗ്രാഫി തങ്ങളുടെ ജീവിതങ്ങളിലെ പ്രധാന വശങ്ങൾ തിരിച്ചറിയുന്നതിനു സഹായകമായിട്ടുണ്ട് എന്നും ഇംഗ്ലണ്ടിലെ ഷെഫീൽഡ് ഹാലം യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിൽ വെളിപ്പെട്ടതായി ഡോ ആന്‍ കെലാക്(Anne Kellock) കണ്ടുപിടിച്ചിട്ടുണ്ട്. ഈ മേഖലയിൽ സജീവമായി പ്രവര്‍ത്തിക്കുന്ന മനഃശാസ്ത്രജ്ഞർ, മുതിർന്ന വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്കിടയിലും ഫോട്ടോഗ്രാഫി ഉപയോഗിച്ചു വരുന്നുണ്ട്.

കോളേജ് പരിശീലകർക്കായി ഈയിടെ പ്രസിദ്ധീകരിച്ച  ഒരു കൈപ്പുസ്തകത്തില്‍, ജെയിംസ് മാഡിസൺ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർ ജെയ്മീ കുഴ്‌സ് (Jaime Kurtz), റിവര്‍സൈഡ് കാലിഫോര്‍ണിയ   യൂണിവേഴ്‌സിറ്റിയിലെ ഡോ. സോണിയ ല്യൂബോര്‍മിസ്കി(Sonia Lyubomirsky), എന്നിവര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് തങ്ങള്‍ക്ക് ആനന്ദം നല്‍കുന്ന ദൈനംദിന കാര്യങ്ങളുടെ ഫോട്ടോകള്‍ കുട്ടികള്‍ എടുക്കണം  - പിന്നീട് ഒരു സംഘം എന്ന നിലയില്‍ അവര്‍ തങ്ങളുടെ കൂട്ടായ ശ്രമഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വേണം  എന്നാണ്.

സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളുടെ പരക്കെയുള്ള ലഭ്യതയ്ക്ക് നമ്മുടെ മനഃശാസ്ത്രപരമായ സൗഖ്യം വര്‍ദ്ധിപ്പിക്കുന്നതിനു സാധിക്കുമോ? ഇര്‍വിനിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ഡോ യൂ ചെന്‍ (Yu Chen) ന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനം ഈ ചോദ്യം സംബന്ധിച്ച് പ്രോത്സാഹജനകമായ കണ്ടുപിടിത്തങ്ങള്‍ നല്‍കുന്നുണ്ട്. താഴെ പറയുന്ന മൂന്നു വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഒരു മാസത്തേക്ക് എല്ലാ ദിവസവും ഒരു ഫോട്ടോ എടുക്കുവാന്‍ കോളേജ് വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടു: പുഞ്ചിരി പ്രകാശിപ്പിക്കുന്ന ഭാവത്തോടെയുള്ള ഒരു സെല്‍ഫി, തങ്ങളെ സന്തോഷിപ്പിക്കുന്ന എന്തിന്‍റെയെങ്കിലും ഒരു ഫോട്ടോ, മറ്റൊരു വ്യക്തിയെ സന്തോഷിപ്പിക്കും എന്ന് തങ്ങള്‍ കരുതുന്ന ഒരു ഫോട്ടോ എന്നിവ എടുക്കുക, പിന്നീട് അത് ആ ആളിനു അയയ്ക്കുക. മാസം അവസാനിപ്പിക്കുമ്പോഴേയ്ക്കും മൂന്നു സംഘങ്ങളിലും പങ്കെടുത്തിരുന്നവരുടെ ദൈനംദിന മാനസികാവസ്ഥ മെച്ചപ്പെട്ടിരുന്നു. അതു കൂടാതെ മറ്റൊരു വ്യക്തിയെ സന്തോഷിപ്പിക്കുന്നതിനായി എന്നും ഫോട്ടോ അയച്ചുകൊണ്ടിരുന്നവര്‍ എടുത്തു പറയത്തക്ക വിധം ശാന്തരാകുകയും ചെയ്തു, പക്ഷേ മറ്റു രണ്ടു അവസ്ഥകളില്‍ ആയിരുന്നവരില്‍ അതു ദര്‍ശിക്കാനായില്ല തന്നെ. പിന്നീടുള്ള ഈ കണ്ടുപിടുത്തം അത്ഭുതപ്പെടുത്തുന്ന ഒന്ന് അല്ല, കാരണം ചിരസ്ഥായിയായ ഉത്കണ്ഠയും വിഷാദാവസ്ഥയും അവനവനില്‍ തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇടയാക്കും.  മാനവികതാവാദപര  മനഃശാസ്ത്രത്തിന്‍റെ (Humanistic Psychology) ഒരു  പ്രധാനപ്പെട്ട സ്ഥാപകനായ  എബ്രഹാം മാസ്ലോ (Abraham Maslow) നിരീക്ഷിച്ചതു പോലെ, ലോകത്ത് താന്‍ തനിച്ചാകുന്നു എന്ന  തോന്നലാണ് ഏറ്റവും വേദനാജനകമായ മാനസികാവസ്ഥകളില്‍ ഒന്ന്.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കൂടെക്കൂടെ ഫോട്ടോ എടുക്കുന്നത് ഏറ്റവും എളുപ്പവും പ്രലോഭിപ്പിക്കുന്നതും ആണെങ്കില്‍ കൂടി താക്കീത് നല്‍കുന്ന ചില ഉപദേശങ്ങള്‍ കൂടി  എനിക്ക് നല്‍കാനുണ്ട്. കണക്ടിക്കട്ട് എന്ന സ്ഥലത്തുള്ള ഫെയര്‍ഫീല്‍ഡ് യൂണിവേഴ്സിറ്റി, പരീക്ഷണാര്‍ത്ഥം നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്, തങ്ങള്‍ സന്ദര്‍ശിച്ച ഒരു മ്യൂസിയത്തിലുള്ള സാധനങ്ങളുടെ - ആഭരണങ്ങള്‍, പെയിന്‍റിംഗുകള്‍, മണ്‍പാത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയവ - ഫോട്ടോകള്‍ എടുത്ത  ചെറുപ്പക്കാരുടെ ഇടയില്‍, പിറ്റേന്നു നടത്തിയ ഓര്‍മ്മ പരീക്ഷയില്‍, അവരുടെ പ്രകടനം, ഫോട്ടോകള്‍ എടുക്കാതെ അവ നോക്കി കാണുക മാത്രം ചെയ്തവരുടേതിനേക്കാള്‍ മോശപ്പെട്ട തരത്തിലുള്ളതായിരുന്നു എന്നായിരുന്നു. എങ്കിലും താത്പര്യമുണര്‍ത്തിയ ഒരു കാര്യം, ഇതോടനുബന്ധിച്ചു നടത്തിയ ഒരു പഠനം കണ്ടെത്തിയത്, അതേപോലെ  പങ്കെടുക്കുന്നവരോട് സാധനങ്ങളുടെ ഫോട്ടോഗ്രാഫ് എടുക്കുക മാത്രമല്ല, ചില പ്രത്യേക ഭാഗങ്ങള്‍ വലുതാക്കി കാണിക്കുക കൂടി വേണം എന്ന് നിര്‍ദ്ദേശിച്ചപ്പോള്‍, അവര്‍ മുഴുവനും സാധനങ്ങളും ഓര്‍മ്മിക്കുക തന്നെ ചെയ്തു, അവയുടെ ഫോട്ടോഗ്രാഫ് എടുക്കാതിരുന്നവരെ പോലെ തന്നെ എന്നതു കൂടിയാണ്. 

ഈ കണ്ടുപിടുത്തങ്ങള്‍ എങ്ങനെയാണ് വിശദീകരിക്കുക? ഡോ ഹെങ്കലിന്‍ റെ(Henkel) കാഴ്ച്ചപ്പാടു പ്രകാരം, ഒരു സാധനത്തിന്‍റേയോ ഒരു രംഗത്തിന്‍റേയോ ഫോട്ടോ പകര്‍ത്തുന്നത് - അത് എത്ര തന്നെ മനോഹരമാകട്ടെ - ആ നിമിഷം നമ്മുടെ വ്യക്തിഗത ശ്രദ്ധ അതില്‍ വ്യാപൃതമാക്കുന്നതിന് പകരം ആവില്ല. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തോടെ ഫോട്ടോകളുടെ  പ്രിന്‍റുകള്‍ എടുക്കുക, അവ ബുക്കുകളില്‍ വെട്ടി ഒട്ടിയ്ക്കുക, അവ കുടുംബാംഗങ്ങളോടൊത്തു കാണുക തുടങ്ങിയ പാരമ്പര്യരീതി നമ്മള്‍ ഒരു വലിയ പരിധി വരെ മാറ്റിവച്ചിരിക്കുന്നു. " നമുക്കു വേണ്ടി ഓര്‍മ്മ വയ്ക്കുന്നതിന് നമ്മള്‍ ക്യാമറയെ ആശ്രയിക്കുവാന്‍ പോകുകയാണെങ്കില്‍, ഒരു സാധനത്തെ ശ്രദ്ധാപൂര്‍വ്വം നോക്കുക എന്നുള്ള അധികം ചുവടുവയ്പ്പു കൂടി നമ്മള്‍ നടത്തേണ്ടതായി വരും."

നിര്‍ദ്ദേശാനുസരണം നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍

ഒരു പ്രത്യേക ആശയം തെരഞ്ഞെടുക്കുക - മൃഗങ്ങള്‍, ആളുകള്‍, സ്മരണ ഉണര്‍ത്തുന്ന ശില്‍പ്പകല, അങ്ങനെ എന്തെങ്കിലും,  ഫോട്ടോകള്‍ എടുക്കുമ്പോള്‍ അനുപമമായ പ്രതിച്ഛായകള്‍ ലഭിക്കുന്നതിനായി പരിശ്രമിക്കുക. നിങ്ങളുടെ മനസ്സിന്‍റെ ഏകാഗ്രത പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനായി, താഴെ പറയുന്ന പൊടിക്കൈകള്‍ പിന്തുടരുക:

1. കളറിലുള്ള പടം എടുക്കുന്നത് നിങ്ങളുടെ കണ്ണുകളും മനസ്സും പരസ്പരം പൊരുത്തപ്പെട്ടു നില്‍ക്കുന്നതിന് ഇടയാക്കും, അതിനാല്‍ എന്തെങ്കിലും വര്‍ണ്ണാഭമായ ഒന്നിനു വേണ്ടി തിരയുക, പിന്നെ അതിനോട് അടുത്തു നില്‍ക്കുക.

2.വെളിച്ചത്തിന്‍റെ  ഗുണമേന്മ ബാധിക്കുന്ന,  ഇഴയടുപ്പം ഉള്ള സാധനങ്ങളുടെ  ഫോട്ടോകള്‍ എടുക്കുക, നിങ്ങള്‍ കാണുന്നവയെ നിങ്ങള്‍ തൊടുന്നുണ്ട് എന്ന് സങ്കല്‍പ്പിക്കുക.

3.ആളുകളുടെ ഫോട്ടോഗ്രാഫുകള്‍ എടുക്കുമ്പോള്‍ ചങ്ങാതിമാരിലോ കുടുംബാംഗങ്ങളില്‍ നിന്നോ തുടങ്ങുക. ക്ഷമ ഉണ്ടായിരിക്കുക. അവസാനം  "നല്ല രീതിയില്‍ കാണപ്പെടുക " എന്നത് അവര്‍ മടുത്തു മതിയാക്കും -- അതോടെ, നിങ്ങള്‍ക്ക് ആ നിമിഷത്തിലെ അവരുടെ യഥാര്‍ത്ഥ ഛായാചിത്രങ്ങള്‍ കിട്ടുകയും ചെയ്യും. 

ന്യൂയോര്‍ക്കിലെ യഷിവാ യൂണിവേഴ്സിറ്റിയില്‍  മനഃശാസ്ത്രത്തില്‍  അനുബന്ധ അസോഷിയേറ്റ് പ്രൊഫസര്‍ ആണ് ഡോ എഡ്വേഡ് ഹോഫ്മാന്‍. സ്വകാര്യ ചികിത്സയ്ക്ക് അനുവാദമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ അദ്ദേഹം, മനഃശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും ആയി  25 ല്‍ അധികം പുസ്തകങ്ങളുടെ  രചയിതാവോ എഡിറ്ററോ ആണ്. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'ശുഭാത്മക മനഃശാസ്ത്രം: സന്തോഷത്തിന്‍റേയും ഉന്നതിയുടേയും സയന്‍സ്:' എന്ന പുസ്തകത്തിന്‍റെ രചനയില്‍ ഡോ വില്യം കോംപ്ടണിനൊപ്പം  സഹരചയിതാവു കൂടിയാണ്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നിവയുടെ എഡിറ്റോറിയില്‍ സമിതികളിലും പ്രവര്‍ത്തിക്കുന്നുണ്ട്.    columns@whiteswanfoundation.org യിലേക്ക് നിങ്ങള്‍ക്കു അദ്ദേഹത്തിനു  എഴുതാവുന്നതാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org