സാമൂഹികമായ പരിചരണം മാനസിക രോഗമുള്ളവരെ സുഖപ്പെടാന്‍ കൂടുതല്‍ സഹായിക്കും
സൗഖ്യം

സാമൂഹികമായ പരിചരണം മാനസിക രോഗമുള്ളവരെ സുഖപ്പെടാന്‍ കൂടുതല്‍ സഹായിക്കും

രോഗിയെ അവരുടെ സ്വന്തം സാമൂഹിക ചുറ്റുപാടില്‍ തന്നെ രോഗമുക്തി നേടാന്‍ സഹായിക്കുന്നതിലൂടെ രോഗമുക്തി നേടലിന്‍റെ വേഗത കൂട്ടാനും സാമൂഹിക മായ അപമാനത്തിനെതിരെ പൊരുതാനും സാധിക്കും.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

കര്‍ണാടകയിലെ പാവഗഡ താലൂക്കില്‍ മംഗളവാഡയില്‍ തന്‍റെ കുടിലില്‍ ചുറ്റം കൂടിയിരിക്കുന്നവരെ ശ്രദ്ധിക്കാതെ ഒരൊറ്റ ഇരിപ്പിരിക്കുകയായിരുന്നു ഹനുമന്തരായ എന്ന 32 വയസുകാരന്‍. ഹനുമന്തരായ കുട്ടിയായിരിക്കുമ്പോള്‍ അയാള്‍ക്ക് ബുദ്ധിമാന്ദ്യവും ചിത്തഭ്രമവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അവനെ പരിചരിക്കാന്‍ ആകെയുള്ളത് അവന്‍റെ അമ്മ ലക്ഷ്മമ്മ മാത്രമായിരുന്നു. 80 വയസു കഴിഞ്ഞ ആ അമ്മ ആകെ ആവശയായിരുന്നു. "എപ്പോഴും അവന്‍റെ മേല്‍ ഒരു കണ്ണുണ്ടായിരിക്കണം എന്നത് എന്നെ വല്ലാതെ  തളര്‍ത്തിക്കളയുന്നു.  ചിലപ്പോളൊക്കെ അവനു ചുറ്റുമുള്ള ആളുകളോട് അവന്‍ ദേഷ്യപ്പെടുകയും അക്രമാസക്തനാകുകയും ചെയ്യുന്നു. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഇവനെ ആര് നോക്കും?" അവര്‍ ചോദിക്കുന്നു. ലക്ഷ്മമ്മ മംഗളവാഡയിലെ വൈകല്യമുള്ളവര്‍ക്കായുള്ള സ്വയം -സഹായക സംഘത്തിന്‍റെ ഭാഗമായിരുന്നു.  പാവഗാഡയിലെ നരേന്ദ്ര ഫൗണ്ടേഷന്‍റേയും ബാംഗ്ലൂര്‍ ആസ്ഥാനമാക്കി   മാനസികാരോഗ്യമേഖലയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ബേസിക് നീഡ്സ് ഇന്ത്യ (ബി എന്‍ ഐ) യുടേയും സഹായത്തോടെ രൂപീകരിച്ചിട്ടുള്ളതാണ് ഈ സംഘം. ഈ സംഘടനകള്‍ മംഗള വാഡ പോലുള്ള ഗ്രാമങ്ങളില്‍ മാനസികാരോഗ്യ പരിപാലനത്തിന് സാമൂഹ്യമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. 
ലക്ഷ്മമ്മ തനിക്ക് വീട്ടില്‍ നിന്നും ദൂരേക്ക് ഒന്നു മാറിനില്‍ക്കേണ്ട ആവശ്യം വരുമ്പോള്‍ ആ ദിവസങ്ങളില്‍ തന്‍റെ മകന്‍റെ  പരിചരണം ഏല്‍പ്പിക്കുവാനായി ഈ സംഘത്തെ സമീപിക്കാറുണ്ട്. "പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് അവര്‍ക്ക് ഒറ്റപ്പെടലും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടാകാം. ഇവരെപ്പോലുള്ള പരിചരിക്കുന്നവര്‍ക്ക് ഒരു വിശ്രമം എടുക്കാനും അവരുടെ മറ്റ് കാര്യങ്ങള്‍ ഒന്ന് ഗൗനിക്കാനും ഞങ്ങള്‍ സഹായിക്കുന്നു. അവര്‍ക്ക് പകരം ഞങ്ങള്‍ ആ ദിവസങ്ങളില്‍ അവരുടെ കുടുംബത്തിലെ മാനസികാരോഗ്യ പ്രശ്നമുള്ള വ്യക്തിയുടെ സംരക്ഷണം ഏറ്റെടുക്കുന്നു," ഈ  സഹായക സംഘത്തിലെ ഒരംഗമായ സതീഷ് പറയുന്നു. പക്ഷെ അടുത്ത കടയില്‍ ഒന്നു പോയിവരുക പോലുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് അയല്‍വാസികളുടെ സഹായം തേടാനാകുന്നുണ്ട്. 
മാനസികാരോഗ്യ വിദഗ്ധര്‍ ജില്ലാ തലത്തില്‍ നടത്തിയ നിരവധി മെഡിക്കല്‍ ക്യാമ്പുകളിലൂടേയും അതോടൊപ്പം വികസന പ്രവര്‍ത്തകര്‍ നിരവധി തവണ സംഘടിപ്പിച്ച അവബോധ പരിപാടികളിലൂടേയും ഈ ഗ്രാമത്തിലെ അംഗങ്ങളും മറ്റ് നിരവധി പേരും മാനസിക രോഗമുള്ളവരുടെയും അവരെ പരിചരിക്കുന്നവരുടേയും  ആവശ്യങ്ങളെക്കുറിച്ച് മനസിലാക്കുകയും അവയോട് സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരുന്നു. ഈ തിരിച്ചറിവ് അല്ലെങ്കില്‍ സഹാനുഭൂതി ലക്ഷമമ്മയെപ്പോലെ പരിചരിക്കുന്നവര്‍ക്ക് ഗുണകരമാകുന്നു. 
സാമൂഹ്യമായ മാനസികാരോഗ്യ പരിചരണം പ്രസക്തമാകുന്നത് എന്തുകൊണ്ട്? 
മാനസിക രോഗമുള്ളവരെ പരിചരിക്കുക 
എന്നത്  കേവലം മരുന്നു കൊടുക്കുന്നതുകൊണ്ട് അവസാനിക്കുന്നില്ല. അവരുടെ രോഗമുക്തിക്ക് ആവശ്യമായ ഒരു പ്രധാനപ്പെട്ട കാര്യം പുനരധിവാസവും പരിചരിക്കുന്നവരുടേയും രോഗി താമസിക്കുന്ന ചുറ്റുപാടുമുള്ളവരുടെയും പിന്തുണയുമാണ്. മാനസിക രോഗമുള്ളവര്‍ക്ക് വൈദ്യ ചികിത്സ നേടിക്കഴിഞ്ഞ്, അവരുടെ ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചു വരാനും ജോലി ചെയ്തു തുടങ്ങാനും സ്വയവും കുടുംബത്തേയും സഹായിക്കാനും സാമൂഹികമായ കാര്യങ്ങളില്‍ പങ്കാളിയാകാനും പുനരധിവാസവും ആവശ്യമാണ.് 
സാമൂഹ്യമായ മാനസികാരോഗ്യ പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മതിയായ വൈദ്യ സഹായം ലഭ്യമല്ലാതെ ഓരോരോ പ്രദേശത്തും താമസിക്കുന്ന വലിയൊരു സമൂഹത്തെ എത്തിപ്പിടിക്കുന്നതിനായി മാനസികാരോഗ്യ പരിചരണം പ്രഥമികാരോഗ്യ പരിചരണത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ്.ബി എന്‍ ഐ പോലുള്ള സംഘടനകള്‍ അവരുടെ പങ്കാളിത്ത സംഘടനകളും മാനസികാരോഗ്യ വിദഗ്ധരുമായി ഒത്തുചേര്‍ന്ന് ഇത്തരം  മേഖലകളില്‍ മാനസികാരോഗ്യ പരിചരണ സേവനം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ ബോധവത്ക്കരണം നടത്തുക, രോഗികളെ സമീപിക്കുക, അവരെ ചികിത്സയ്ക്കായി മെഡിക്കല്‍ ക്യാമ്പുകളില്‍ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. തെരുവ് നാടകങ്ങളിലൂടേയും പാട്ടുകളിലൂടേയും മറ്റുമുള്ള ബോധവത്ക്കരണം   ഗ്രാമീണര്‍ക്കിടയില്‍ വളരെ യോജിക്കുന്ന രീതിയാണ്. 
എന്താണ് സാമൂഹ്യമായ പരിചരണം? 
ശാന്താറാം, ഒരു മാനസിക രോഗമുള്ള വ്യക്തിയായിരുന്നു. കുറച്ചുനാള്‍ മുമ്പ് ഇയാള്‍ ഈറോഡ് ജില്ലയിലെ താല്‍വാഡി പ്രദേശത്ത് അലഞ്ഞുതിരിയുന്നതായി കാണപ്പെട്ടു. ഒരു സര്‍ക്കാരേതര സന്നദ്ധ സംഘടന ശാന്താറാമിനെ അടുത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അയാള്‍ക്കുള്ള മരുന്ന് കൊടുത്തു,  പക്ഷെ തുടര്‍ന്നും അയാളെ മരുന്നു കഴിപ്പിക്കാന്‍ ആരും ഇല്ലായിരുന്നു. അങ്ങനെ വന്നപ്പോള്‍ അവിടത്തെ പോലീസ് സ്റ്റേഷന്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ഏതാണ്ട് മൂന്നു മാസം എല്ലാ ദിവസവും പോലീസുകാര്‍  അയാള്‍ക്ക് മരുന്നു കൊടുത്തു. അങ്ങനെ ശാന്താറാം തന്‍റെ രോഗത്തില്‍ നിന്നും മുക്തനാകുകയും താന്‍ എവിടെ നിന്നാണ് വന്നതെന്ന കാര്യം ഓര്‍ത്തെടുക്കുകയും ചെയ്തു. പോലീസുകാര്‍ ശാന്താറാമിനെ ആയാളുടെ ഗ്രാമത്തില്‍ കൊണ്ടുചെന്നാക്കി. 
(ഇത് ഒരു സംഭവ കഥയാണ്, സ്വകാര്യത സംരക്ഷിക്കുന്നതിനായി വ്യക്തിയുടെ പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്). 
വിട്ടുമാറാത്ത മാനസിക രോഗമുള്ള ഒരു വ്യക്തിക്ക് അയാളുടെ ചുറ്റുമുള്ള ജനസമൂഹത്തിലെ  വ്യക്തികള്‍ പിന്തുണയും പരിചരണവും നല്‍കുന്നതിനെയാണ് സാമൂഹികമായ പരിചരണം എന്ന് പറയുന്നത്. പരിചരിക്കല്‍ എന്നതില്‍ സാധാരണായി ഈ വ്യക്തിക്ക് മരുന്ന് കൊടുക്കുക, അയാളുടെ സുരക്ഷയും മാനസിക സൗഖ്യവും ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുന്നു. മാനസിക രോഗമുള്ള വ്യക്തിയുടെ പ്രധാന പരിചാരകന് ഒരു താത്ക്കാലിക വിശ്രമം അല്ലെങ്കില്‍ ഇടവേള എടുക്കുന്നതിനായി തങ്ങളുടെ സമയവും അധ്വാനവും ചെലവഴിക്കാന്‍ സ്വയം സന്നദ്ധരായ കുടുംബാംഗങ്ങള്‍, അകന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അല്ലെങ്കില്‍ അയല്‍ക്കാര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. 
പരിചരിക്കുന്നയാള്‍ രോഗിയെ പരിചരിക്കുകയും മരുന്നു കൊടുക്കുകയും ചെയ്യുന്ന കാര്യത്തില്‍  മാനസികാരോഗ്യ വിദഗ്ധന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഓര്‍ക്കണം. അതുപോലെ തന്നെ ഒരു രോഗിക്കുള്ള ചികിത്സാ മുറ മറ്റൊരു രോഗിയുടേത് പോലെയായിരിക്കില്ല എന്ന കാര്യവും പ്രത്യേകം ഓര്‍ക്കണം. 
സാമൂഹികമായ പരിചരണം നഗരപ്രദേശങ്ങളില്‍ സാധ്യമാണോ? 
നഗരങ്ങളില്‍, പരിചരിക്കുന്നവര്‍ തങ്ങള്‍ക്ക് ഒത്തുകൂടാനും പരിചരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും തങ്ങള്‍ക്കിടയില്‍ നിന്നു തന്നെ പിന്തുണ കണ്ടെത്താനും ഉപകരിക്കുന്ന സഹായക സംഘങ്ങള്‍ രൂപീകരിക്കുന്നുണ്ട്.  പക്ഷെ സാമൂഹികമായ പിന്തുണ എന്നത് നഗരപ്രദേശങ്ങളില്‍ ഇനിയും സാധാരണമായിട്ടില്ല. " ഗ്രാമീണര്‍ക്കിടയില്‍ സമൂഹം എന്ന ഒരു ധാരണ നഗരത്തിലേക്കാള്‍  ശക്തമാണ്. ഗ്രാമപ്രദേശങ്ങളില്‍ മറ്റൊരാളെ സഹായിക്കാനും പരിചരിക്കാനും ആളുകള്‍ സ്വയം സന്നദ്ധരാകുന്നു. എന്നാല്‍ നഗരത്തില്‍ അത്തരത്തില്‍ അടുത്തിടപഴകുന്ന  സാമൂഹ്യ കൂട്ടായ്മകള്‍ ഇല്ല എന്നു തന്നെ പറയാം. അതിന് കാരണം നഗരത്തിലെ ആളുകള്‍ ഒട്ടുമുക്കാലും അവരവരുടെ ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നവരും അതുകൊണ്ടൊക്കെ തന്നെ ഒരു 'സമൂഹം' എന്നൊരു വിചാരം ഇല്ലാത്തവരുമാണ്. പക്ഷെ അങ്ങനെയൊരു സംവിധാനം ഉണ്ടായിരിക്കുന്നത് രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും വലിയ സഹായമായിരിക്കും," നിംഹാന്‍സിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജനാര്‍ദ്ദന പറയുന്നു. 
വിദഗ്ധര്‍ പറയുന്നത്, മാനസിക രോഗമുള്ള ആളുകളുടെ പരിചരണത്തില്‍ സമൂഹത്തിന്‍റെ വലിയ പങ്കാളിത്തം ഉണ്ടാകുമ്പോള്‍ അവിടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുകയും അതിന്‍റെ ഫലമായി മറ്റുള്ളവരുടെ പ്രശ്നങ്ങളോടുള്ള സഹാനുഭൂതി കൂടുകയും  ചെയ്യും എന്നാണ്. 
പരിചരിക്കുന്നവര്‍ക്കും രോഗിക്കുമുള്ള  പ്രയോജനങ്ങള്‍
സ്കിസോഫ്രീനിയ, ബൈപോളാര്‍ തകരാര്‍ എന്നിവ പോലുള്ള ഗുരുതരവും ദീര്‍ഘകാലം തുടരുന്നതുമായ മാനസിക രോഗങ്ങളുള്ളവരെ പരിചരിക്കുക എന്നത്  വലിയ തളര്‍ച്ചയും മാനസിക പിരിമുറുക്കവും മറ്റും ഉണ്ടാക്കുന്ന കാര്യമാണ്. രോഗമുള്ള വ്യക്തിയോടൊപ്പം എപ്പോഴും ഉണ്ടാകേണ്ടി വരും എന്നതിനാല്‍  അവര്‍ക്ക് അവരുടെ ജോലിക്ക് പോകുന്നതിനോ സാമൂഹ്യമായ ഒത്തുചേരലുകള്‍ക്കോ ആഘോഷങ്ങള്‍ക്കോ പോകുന്നതിനോ ഒന്നും കഴിയാതെ വന്നേക്കും. എന്നാല്‍ കുടുംബത്തിന്‍റേയോ അയല്‍ക്കാരുടേയോ പിന്തുണയും സഹായവും ഉണ്ടെങ്കില്‍ പരിചരിക്കലിന്‍റെ ഭാരം കുറച്ച് ലഘൂകരിക്കപ്പെട്ടേക്കും. ഇത് ലക്ഷമമ്മയെപ്പോലുള്ള പരിചാരകരെ ജോലിക്ക് പോകാനും കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നു.  പല ഗ്രാമീണ ജീവിത സംവിധാനങ്ങള്‍ക്കകത്തും കാണപ്പെടുന്നതുപോലുള്ള ശക്തമായ പരസ്പര സഹായ സംഘങ്ങളില്‍, അയല്‍ക്കാര്‍ പലപ്പോഴും രോഗമുള്ള വ്യക്തിക്കുമേല്‍ ഒരു ശ്രദ്ധവെയ്ക്കുന്നു. ഒരു സാമൂഹികമായ കൂട്ടായ്മ ഉണ്ടെങ്കില്‍ പരിചരിക്കുന്നയാള്‍ക്ക് ഒരു ആശ്വാസം തോന്നുകയും താന്‍ ഒറ്റയ്ക്കാണ് എന്ന തോന്നലിന് കുറവ് വരുകയും ചെയ്യും. രോഗിയും തനിക്ക് സമൂഹത്തിന്‍റെ ഭാഗമായിരിക്കുന്നതിനുള്ള ശക്തമായ ഒരു സഹായക സംവിധാനമായി ഇതിനെ കാണുകയും അയാളെ അറിയാവുന്ന സമൂഹത്തിന് രോഗംമൂലം ആള്‍ക്കുണ്ടായിരിക്കുന്ന പെരുമാറ്റം എളുപ്പത്തില്‍ അംഗീകരിക്കാവുന്നതാകുകയും ചെയ്യും. അതുകൊണ്ടു തന്നെ ആ വ്യക്തി രോഗത്തില്‍ നിന്നും മുക്തി നേടുമ്പോള്‍ അയാളെ സമൂഹത്തിലെ ഒരു സജീവ അംഗമാക്കി മാറ്റാന്‍ അയാളുടെ ചുറ്റുമുള്ള പരിചിത സമൂഹത്തിന് സാധിക്കുകയും ചെയ്യും.
സമൂഹത്തിലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എങ്ങനെയാണ് സഹായിക്കാനാകുക? 
  • ഒരു വ്യക്തി അയാളുടെ രോഗത്തില്‍ നിന്ന് മുക്തി  നേടിയെങ്കില്‍ അയാളെ ഒരു ജോലിക്ക് ശുപാര്‍ശ ചെയ്യാനോ അല്ലെങ്കില്‍ അയാളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒരു ജോലി നല്‍കാനോ നിങ്ങള്‍ക്ക് കഴിയും.
  • ആ വ്യക്തി, ഇപ്പോഴും ചികിത്സിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കില്‍, പരിചരിക്കുന്നയാള്‍ക്ക് ഇടയ്ക്ക് ഒരു ആശ്വാസം കൊടുക്കാന്‍ ശ്രമിക്കുക, പരിചരിക്കുന്നയാളെ സഹായിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക് ചെറിയൊരു വിശ്രമം എടുക്കാനാകും.
  • രോഗിക്ക്/പരിചരിക്കുന്നവര്‍ക്ക്  സര്‍ക്കാരില്‍ നിന്നും മറ്റുമുള്ള ആനുകൂല്യങ്ങളും വൈകല്യ സാക്ഷ്യപത്രവും മറ്റും നേടാന്‍ ആവശ്യമായ എഴുത്തുകുത്തുകള്‍ ചെയ്തുകൊടുത്ത് സഹായിക്കാനാകും.
  • പരിചരിക്കുന്നവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെട്ടേക്കും. അവരെ കുടുംബത്തിലെ ആഘോഷങ്ങളിലേക്കും ചടങ്ങുകളിലേക്കും ഒത്തുചേരലുകളിലേക്കും മറ്റും ക്ഷണിക്കുകയും അതില്‍ പങ്കുചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
സാമൂഹിക അവബോധം വളര്‍ത്തിയെടുക്കുക
സ്വന്തം വീട്ടില്‍, അല്ലെങ്കില്‍ തന്‍റെ ചുറ്റിനുമുള്ള സമൂഹത്തില്‍ മാനസിക രോഗത്തിന്‍റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന്, അവര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളും പിന്തുണാ ശൃംഖലകളും ഉപയോഗപ്പെടുത്തി വിഷാദ രോഗം, സ്കിസോഫ്രീനിയ എന്നിവ പോലുള്ള പല മാനസികാരോഗ്യപ്രശ്നങ്ങളും ഫലപ്രദമായി ചികിത്സിപ്പിക്കാവുന്നതാണ്. അവബോധം വളര്‍ത്തുന്നതിനുള്ള  പരിപാടികളും വലിയ തോതില്‍  അറിവും നൈപുണ്യവും പ്രചരിപ്പിക്കുന്നതും മാനസിക രോഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അപമാനം കുറയ്ക്കാന്‍ സഹായിക്കും.(1) മാനസിക രോഗവുമായി ബന്ധപ്പെട്ടുള്ള തെരുവു നാടകം, ചുമരെഴുത്ത് തുടങ്ങിയവ സമൂഹത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം പ്രയോജനപ്പെടും. " ഇത്തരം വിവരങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നത് അളുകള്‍ക്കിടയില്‍ മാനസിക രോഗത്തെക്കുറിച്ചുള്ള അവബോധം കൊണ്ടുവരികയും അതിന്‍റെ ഫലമായി അപമാനം കുറയുകയും ചെയ്യും," ഡോ. ജനാര്‍ദ്ദന പറയുന്നു. " വിവിധ തരം ചികിത്സകളും മരുന്നു കഴിക്കലും കൊണ്ട് മാനസിക രോഗം മാറിയിട്ടുള്ള ആളുകള്‍ക്കും ആളുകള്‍ക്കിടയില്‍ അനുകൂലമായ ഒരു സ്വാധീനം ചെലുത്താന്‍ സാധിക്കും," എന്ന്  അദ്ദേഹം കൂട്ടി ചേര്‍ക്കുകയും ചെയ്യുന്നു.  
പരിശോധനയ്ക്ക്: 
(1) ജനാര്‍ദ്ദന, എന്‍ & നായിഡു, ഡി എം (2012).
സാമൂഹ്യാടിസ്ഥാനത്തിലുള്ള പുനരധിവാസത്തില്‍ മനോരോഗമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തല്‍: ഇന്നത്തെ ആവശ്യം. ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് സൈക്കോസോഷ്യല്‍ റിഹാബിലിറ്റേഷന്‍. വോള്യം 16(1)117-124.
White Swan Foundation
malayalam.whiteswanfoundation.org