സൗഖ്യം

ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളില്‍ ഫ്ളോ കണ്ടെത്തുന്നത്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

"എല്ലാ കാര്യങ്ങളും മന്ദഗതിയിൽ (സ്ലോ മോഷനിൽ) സംഭവിക്കുന്നു എന്നതു പോലെയാണ്," അമേരിക്കൻ ബാസ്‌ക്കറ്റ് ബാൾ സൂപ്പർസ്റ്റാർ ആയ കോബി ബ്രയന്റ് പറയുന്നു, "നിങ്ങൾ യഥാർത്ഥത്തിൽ ആ നിമിഷത്തിൽ തന്നെ കഴിയുവാനും ആഗ്രഹിക്കുന്നു. നിങ്ങൾ നിങ്ങളിൽ നിന്നു തന്നെ പുറത്തേക്കു വരുന്നതിനു ആഗ്രഹിക്കുന്നില്ല, കാരണം അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ താളം നഷ്ടപ്പെടുവാൻ പോകുകയാണ്." അരനൂറ്റാണ്ടോളം മുമ്പ്, വളരെ വ്യത്യസ്തമായ തൊഴിലിൽ ഏർപ്പെട്ടിരുന്ന വിഖ്യാതനായ കലാകാരൻ പോൾ ക്ലീ അത് ബന്ധപ്പെടുത്തിയത് ഇങ്ങനെയാണ്, "എനിക്കു ചുറ്റുമുള്ളതെല്ലാം അപ്രത്യക്ഷമാകുന്നു, ശൂന്യതയിൽ നിന്ന് എന്ന വണ്ണം ജോലികൾ ഉണ്ടാകുന്നു..... എന്‍റെ കൈ, ദൂരസ്ഥമായ ഒരു നിശ്ചയത്തിന്‍,റെ അനുസരിക്കുന്ന ഉപകരണം മാത്രമായി തീരുന്നു."

നിങ്ങൾ ഒരു പ്രൊഫഷണൽ അത്‌ലറ്റ് അല്ലെങ്കിൽ ചിത്രം എഴുത്തുകാരൻ, ഇനി ഇതൊന്നും അല്ലെങ്കിൽ കൂടി നിങ്ങൾ എപ്പോഴെങ്കിലും "സ്വയം നഷ്ടപ്പെട്ടു" എന്നു തോന്നത്തക്ക വിധത്തിൽ ഒരു പ്രവർത്തിയിൽ അത്ര മേൽ മതിമറന്നു മുഴുകിയിട്ടുണ്ടോ - സമയം മുഴുവനായും അപ്രത്യക്ഷമായി എന്നു തോന്നിയിട്ടുണ്ടോ?  ഉണ്ട് എങ്കിൽ, ഇന്ന് ആ *'ഫ്ളോ'  അനുഭവത്തിന്‍റെ  വ്യക്തിപരവും സംഘടനാപരവുമായ പ്രയോജനങ്ങളെ പറ്റിയുള്ള ഗവേഷണത്തിന് ഗണ്യമായ വിഷയമായി പാത്രീഭവിച്ചിട്ടുള്ള ആ വിഷയം നിങ്ങൾക്ക് അപരിചിതമല്ല. ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന അത്തരം നിമിഷങ്ങൾ മുഷിപ്പ് അല്ലെങ്കിൽ വൈരസ്യം എന്നതിന്‍റെ എതിരായിട്ടുള്ളത് ആകുന്നു, അത് നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിന് ഒരു നിർണ്ണായക ഉപകരണവും ആകുന്നു. 

അത് അത്ഭുതകരം എന്നു തോന്നിയേക്കാം, പക്ഷേ ശുഭാത്മക മനഃശാസ്ത്രത്തിലെ ഈ ആശയം ഒരിക്കൽ ജനപ്രിയമായിരുന്ന 'ഒഴുക്കിനൊത്തു നീന്തുക' എന്ന ഉപവാക്യവുമായി ബന്ധപ്പെടുന്നില്ല. അതിനേക്കാൾ ഉപരിയായി, തന്‍റെ തന്നെ ജീവിതാനുഭവങ്ങൾ ആസ്പദമാക്കി, വർഷങ്ങൾ നീണ്ടു നിന്ന പഠനത്തിനു ശേഷം മിഹൈ ചിക്‌സെന്റ്മിഹൈ (Mihaly Csikszentmihalyi) വികസിപ്പിച്ചതത്രേ അത്. ഹംഗറിയിൽ ജനിച്ച അദ്ദേഹം തന്‍റെ ബാല്യകാലത്തിന്‍റെ ഒരു ഭാഗം ചെലവഴിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ജയിൽ പാളയത്തിൽ ആയിരുന്നു, തനിക്കു ചുറ്റുമുള്ള ക്ലേശത്തെ അതിജീവിക്കുന്നതിന് ചെസ്സ് കളിക്കു കഴിയും എന്ന് അയാൾ കണ്ടുപിടിച്ചത് അവിടെ വച്ചായിരുന്നു. പിൽക്കാലത്ത് ഒരു അഭിമുഖകാരനോട് ഡോ ചിക്‌സെന്റ്മിഹൈ ഓർമ്മിച്ചെടുത്തതു പോലെ, "ആ ഭീതിദമായ കാര്യങ്ങൾ എന്നെ ബാധിക്കുന്നതേയില്ല എന്ന വണ്ണം മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുക എന്നതിന്‍റെ ഒരു വിസ്മയാവഹ വഴിയായിരുന്നു  അത്. മണിക്കൂറുകളോളം, വ്യക്തമായ നിയമങ്ങളും ലക്ഷ്യങ്ങളും ഉള്ള ഒരു യാഥാർത്ഥ്യത്തിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുമായിരുന്നു." ഒരു കൗമാരക്കാരനെന്ന നിലയിൽ പെയിന്‍റിംഗ് ചെയ്തു വരുമ്പോഴും ഈ പ്രവർത്തിയും ഒരു ആനന്ദകരമായ മുഴുകൽ എന്ന അവബോധം ആവാഹിച്ചിരുന്നുവെന്ന്  മനസ്സിലാക്കി - 1965 ൽ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതിനു ശേഷം, കലാകാരന്മാരേയും അങ്ങേയറ്റം സർഗ്ഗശക്തിയുള്ള മറ്റ് ആളുകളേയും കുറിച്ച് മാർഗ്ഗദീപകമായ പഠനങ്ങൾ അദ്ദേഹം നടത്തി. അവസാനം അങ്ങനെയുള്ള ഗവേഷണം, ഫ്ളോ - അത് അദ്ദേഹം നിർവ്വചിച്ചത് "മറ്റൊന്നും പ്രശ്‌നമേയല്ല എന്ന മട്ടിൽ ഒരു പ്രവർത്തിയിൽ നമ്മൾ അത്രത്തോളം മതിമറന്ന് മുഴുകി പോകുന്ന അവസ്ഥ; ആ അനുഭവം അത്രത്തോളം ആനന്ദദായകമാണ്, അതിനാൽ കൂടുതൽ വില കൊടുത്തും ആളുകൾ അതു തുടരും, അതു ചെയ്യുക എന്നതിനു വേണ്ടി മാത്രം" - എന്ന ആശയത്തിലേക്ക് നയിച്ചു. ശുഭാത്മക ജീവിതം എന്ന ഈ പ്രധാനപ്പെട്ട ആശയത്തെ കുറിച്ച് അന്നു മുതൽ ചിക്‌സെന്റ്മിഹൈ ഒരു ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു. 

ഫ്ളോയുടെ ഘടകങ്ങൾ

നിങ്ങൾക്ക് ഒരു ഫ്ളോ അനുഭവം ഉണ്ട് എന്ന് നിങ്ങൾ എങ്ങനെയാണ് അറിയുക? അധികവും "മണ്ഡലത്തിൽ തന്നെ നിലനിൽക്കുക" എന്ന അനുഭവം സംബന്ധിച്ച് അത്‌ലറ്റുകളുടെ ഇടയിൽ  സൂസൻ ജാക്‌സൺ, ഹെർബെർട്ട് മാഷ് എന്നീ ഡോക്ടർമാർ ആസ്‌ട്രേലിയയിൽ നടത്തിയ ഗവേഷണം അനുസരിച്ച് രൂപപ്പെടുത്തിയതാണ് ഇന്നത്തെ വിശിഷ്ടമായി മാറിയ ഈ മാതൃക. അത് താഴെ പറയുന്ന ഒമ്പത് വിശേഷലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്:

1) വെല്ലുവിളി - കഴിവ് സന്തുലനം. ഒരു അവസ്ഥയുടെ വെല്ലുവിളിയ്ക്കും ഒരാളുടെ കഴിവുകൾക്കും - ഇവ രണ്ടും ഏറ്റവും ഉയർന്ന തോതിൽ വർത്തിക്കുമ്പോൾ തന്നെ - ഇടയിൽ ഒരു വ്യക്തി സന്തുലിതാവസ്ഥ ദർശിക്കുന്നു. വെല്ലുവിളി ഏറെ ബുദ്ധിമുട്ട് ഉളവാക്കുന്നത് ആണെങ്കിൽ, നമ്മൾ നിരാശരോ ഉത്കണ്ഠാകുലരോ ആകസ്മികമായി തകിടം മറിഞ്ഞ അവസ്ഥയിലോ ആയിരിക്കും. പക്ഷേ വെല്ലുവിളി വളരെ എളുപ്പം ആണെങ്കിലോ, നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കപ്പെടുന്നു - അന്തിമമായി നമുക്ക് മടുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.

2) പ്രവർത്തിയും അവബോധവും ലയിപ്പിക്കുന്നത്. ഫ്ളോ പ്രക്രിയയിൽ ഒരാളുടെ പങ്കാളിത്തം വളരെ തീവ്രമാണ്, അതിനാൽ അതു നൈസർഗ്ഗികമായി തീരുകയും ചെയ്യുന്നു. പ്രൊഫഷണൽ അത്‌ലറ്റുകൾ പലപ്പോഴും ഈ വശത്തെ പറ്റി സംസാരിക്കാറുള്ളത് "ചാലിൽ അകപ്പെട്ടു" എന്നതു പോലെ എന്നും "കാര്യങ്ങൾ സ്വയമേവ അങ്ങു സംഭവിക്കുകയും ചെയ്യുന്നു," എന്നും ആണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ അഹം എന്ന ഭാവം ഉരുകി ഇല്ലാതാകുന്നു.

3) വ്യക്തമായ ലക്ഷ്യങ്ങൾ. താൻ എന്താണ് ചെയ്യുവാൻ പോകുന്നത് എന്നതു സംബന്ധിച്ച് അയാൾക്കോ അവൾക്കോ ശക്തമായ അവബോധമുണ്ട്. ലക്ഷ്യങ്ങൾ വ്യക്തമായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്- ഒന്നുകിൽ നേരത്തെ തന്നെ ക്രമീകരിക്കുന്നു, അല്ലെങ്കിൽ പ്രവർത്തനത്തിലെ പങ്കാളിത്തം മൂലം വികസിപ്പിച്ചെടുക്കുന്നു.  മത്സരപരമായ സ്‌പോർട്ട്‌സ് തീർച്ചയായും  ഫ്ളോയുടെ ഈ സാമാന്യതലത്തിലേക്ക് അവരവരെ തന്നെ കടം കൊടുക്കുന്നു, കാരണം കളി ജയിക്കുക എന്നതാണല്ലോ ആത്യന്തികമായ ലക്ഷ്യം.

4) അസന്ദിഗ്ദ്ധമായ പ്രതികരണം. വ്യക്തിക്ക് പെട്ടന്നു തന്നെ സ്പഷ്ടമായ പ്രതികരണം ലഭിക്കുന്നു, അത് മിയ്ക്കവാറും ആ പ്രവർത്തനത്തിൽ നിന്നു തന്നെ ഉത്ഭവിക്കുന്നത് ആയിരിക്കും താനും. അങ്ങനെ, തന്നെ ഏൽപ്പിക്കപ്പെട്ട കഠിന ജോലി താൻ എത്ര നന്നായി ചെയ്യുന്നു എന്ന് അയാൾക്കോ അവൾക്കോ നന്നായി മനസ്സിലാകുകയും ചെയ്യുന്നു. ഒരു വള്ളം ഊന്നുകാരൻ ഗവേഷകരോടു പറഞ്ഞതു പോലെ,"{ഞാൻ} ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്ന് എന്‍റെ   ചലനങ്ങളിൽ നിന്നു തന്നെ എനിക്കു പ്രതികരണം ലഭിക്കുന്നു."

5)ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽ ഉള്ള ശ്രദ്ധ. ഫ്ളോയ്ക്ക് ഇടയിൽ, ചെയ്യുന്ന കാര്യത്തിൽ പരിപൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായും ശ്രദ്ധ പതറുന്നില്ലെന്നും വ്യക്തിക്കു അനുഭവപ്പെടുന്നു. യഥാർത്ഥത്തിൽ പരിപൂർണ്ണ ശ്രദ്ധയുടെ സാമാന്യലക്ഷണം എന്നത് ഫ്ളോ അനുഭവങ്ങളുടെ ഏറ്റവും വിശിഷ്ട ലക്ഷണങ്ങളിൽ പരാമർശിക്കപ്പെടുന്നവയാണ്. 

6) നിയന്ത്രണത്തിന്‍റെ അവബോധം. ചെയ്യുന്ന കാര്യത്തിന്മേൽ വ്യക്തിക്ക് ഒരു മേൽക്കൈയ്യും പരിപൂർണ്ണമായ കാര്യക്ഷമതയും അനുഭവപ്പെടുന്നു - എന്നാലും വിരോധാഭാസമെന്നോണം, ഒരാളുടെ കഴിവിനെ ഒന്നു തള്ളിക്കൊടുക്കണം എന്നോ നിർബന്ധിക്കണം എന്നോ ഉള്ള അവബോധം അകമ്പടിയായി ഇല്ലാതെ തന്നെ. 

7)ആത്മബോധം നഷ്ടപ്പെടൽ. ഫ്ളോ അനുഭവങ്ങൾക്കിടയിൽ, മറ്റുള്ളവരുമായി താരതമ്യം ചെയ്ത് തന്‍റെ പ്രകടനത്തെ കുറിച്ച് ആകുലപ്പെടുന്നത് സാമാന്യേന വ്യക്തി നിർത്തുന്നു. അതല്ലെങ്കിൽ, അത് പ്രവർത്തിയുമായി ഒരു തരം താദാത്മ്യം പ്രാപിക്കൽ പോലെ ആകുകയും ഞാനെന്ന ഭാവം കുറഞ്ഞു കുറഞ്ഞു മറയുകയോ പൂർണ്ണമായും അപ്രത്യക്ഷമാകുകയോ ചെയ്യുന്നു. 

8) സമയത്തിന്‍റെ പരിവർത്തനം. ഏതാണ്ട് ഒരു നിഗൂഢമായ രീതിയിൽ, സമയം കാണത്തക്ക രീതിയിൽ തന്നെ വ്യത്യസ്തമാകുന്നതായി തോന്നുന്നു, നാടകീയമായെന്നോണം ഒന്നുകിൽ മെല്ലെ ആകുന്നതു പോലെ അല്ലെങ്കിൽ അതിവേഗം ആകുന്നതു പോലെ. ഉദാഹരണത്തിന് ബേസ് ബാൾ കളിക്കാർ പലപ്പോഴും പന്ത് എറിയുന്നവരുടെ പന്ത് അവർക്കു മീതേ "ഒഴുകുക" ആണ് എന്നതു പോലെ തോന്നിപ്പിക്കുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട്, സൈക്കിളിസ്റ്റുകളാണെങ്കിലോ, ഒരു "മിന്നിമറയൽ" എന്നതു പോലെ സംഭവിച്ചത് എങ്ങനെയാണ് എന്ന് പലപ്പോഴും വിവരിക്കാറുണ്ട്. 

9) ഓട്ടോടെലിക് അനുഭവം. ചിക്‌സെന്റ്മിഹൈ ആദ്യമായി കണ്ടുപിടിച്ച ഈ സാങ്കേതിക സംജ്ഞ ഓട്ടോ (അഹം) ടെലോസ് (ലക്ഷ്യം) എന്നീ രണ്ടു ഗ്രീക്കു വാക്കുകളിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. അനുഭവം അതിന്‍റെ ഉദ്ദേശ്യത്തിനു വേണ്ടി തന്നെ തൃപ്തികരമായി ഭവിക്കുന്നു എന്നേ ഉള്ളു അതിന്‍റെ അർത്ഥം - മറ്റെന്തിലേക്കോ വേണ്ടിയുള്ള ഒരു ചവിട്ടുപടി എന്ന നിലയക്കു പകരം പ്രവർത്തി എന്ന അനുഭവം തന്നെ ലക്ഷ്യം എന്നാണ് അർത്ഥം. 

തീർച്ചയായും, ഒരൊറ്റ ഫ്ളോ അനുഭവത്തിനും ഇതിന്‍റെ എല്ലാ വിശേഷഗുണങ്ങളും അനിവാര്യമായി ഉണ്ടാകണം എന്നില്ല, പക്ഷേ ഫ്ളോ സൃഷ്ടിക്കുന്നതിനാൽ ചിലവ മറ്റുള്ളവയേക്കാൾ നിർണ്ണായകമായേക്കാം. ഒരു പൂർണ്ണമായ അഭിപ്രായ സമന്വയം ഇതേവരെ ആവിർഭവിച്ചിട്ടില്ലെങ്കിൽ കൂടി, വെല്ലുവിളി - കഴിവ് സമതുലിതാവസ്ഥ ഉൾപ്പെടുന്ന വിവിധ വശങ്ങൾ, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയിൽ ഉള്ള ശ്രദ്ധ, അഹം ബോധം നഷ്ടപ്പെടൽ, ഓട്ടോടെലിക് അനുഭവം എന്നിവ ആണ് ഏറ്റവും പ്രധാനം എന്നത്രേ പൊതുവായ കാഴ്ച്ചപ്പാട്.

പലേ ആളുകൾക്കും, ഫ്ളോ അനുഭവങ്ങളുടെ വിവരണങ്ങൾ സങ്കീർണ്ണമാണ്, പരിചിതം എന്നു തോന്നുകയും ചെയ്യുന്നു. പക്ഷേ യഥാർത്ഥത്തിൽ ഇവ നമ്മുടെ സൗഖ്യം വർദ്ധിപ്പിക്കുന്നുണ്ടോ? തീർച്ചയായും ഉണ്ട് എന്നാണ് ഉത്തരം. ഉദാഹരണത്തിന്, ഈ ആശയത്തിന്‍റേയോ പഠനത്തിന്‍റേയോ തുടക്കമോ ആദിമരൂപങ്ങളോ സംബന്ധിച്ച് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഡോ ജൂഡിത്ത് ലെഫേവർ നടത്തിയ പഠനം കണ്ടുപിടിച്ചത്,ഫ്ളോയിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, ആ ദിവസം കൂടുതൽ ശുഭാത്മക അനുഭവങ്ങൾ - കൂടുതൽ ശ്രദ്ധ, സൃഷ്ടിപരത, ശുഭ മനോഭാവങ്ങൾ തുടങ്ങിയവ - ഉണ്ടാകുന്നതിനുള്ള പ്രവണതയ്ക്ക് കൂടുതൽ സാദ്ധ്യതയുണ്ട് എന്നത്രേ. പ്രായം കൂടിയ മുതിർന്നവരിലെ  ഫ്ളോ അനുഭവങ്ങളെ കുറിച്ചു സൗൾ യൂണിവേഴ്‌സിറ്റിയിലെ സൗൻഗ്യോൾ ഹാൻ (Seongyeul Han ) നടത്തിയ ഒരു സ്വാധീനകരമായ പഠനത്തിൽ കണ്ടെത്തിയത് കൂടെക്കൂടെ  ഫ്ളോ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുള്ള ചില പ്രായപൂർത്തിയായ കൊറിയിൻ സ്ത്രീകൾ, അത്തരം അനുഭവങ്ങൾ വളരെ വിരളമായി മാത്രം അനുഭവിച്ചിട്ടുള്ളവരോ അല്ലെങ്കിൽ ഒട്ടുമേ അനുഭവിക്കാത്തവരോ ആയ വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സാരവത്തായി സന്തുഷ്ടരായിരുന്നു എന്നാണ് - മാത്രമല്ല, അവർക്ക് അധികം ഏകാന്തതയും അനുഭവപ്പെട്ടിരുന്നില്ല, അവര്‍ തങ്ങളുടെ പ്രായത്തെ കുറിച്ച് കൂടുതൽ സ്വീകാര്യദ്യോതകവും അംഗീകരിക്കുന്ന തരത്തിലും ആയിരുന്നു താനും. 

ഫ്ളോ സൃഷ്ടിക്കുന്നത്

ഗവേഷണം വെളിപ്പെടുത്തുന്നത് ഫ്ളോ അനുഭവങ്ങൾ ഫലത്തിൽ എല്ലാ പ്രായക്കാർക്കും സന്തോഷത്തിനും സ്വയ ബഹുമാനത്തിനും താങ്ങായി വർത്തിക്കുന്നു എന്നാണ്. അങ്ങനെയുള്ള നിമിഷങ്ങൾ പരിപോഷിപ്പിക്കുന്നതിന് ഈ ഒരൊറ്റ കാരണം തന്നെ മതിയാകുന്നതാണ് - നമ്മുടെ ദൈനംദിന പതിവുകളിലേക്ക് അവയെ ഇണക്കിച്ചേർക്കുന്നതിനും. എന്തു തന്നെ ആയാലും, കൂടുതൽ സന്തോഷകരമായിരിക്കുന്നതിനും അവരവരെ പറ്റി തന്നെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തോന്നുകയും ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഒരു പക്ഷേ അത്രത്തോളം തന്നെ നിർണ്ണായകമായി ഫ്ളോ അനുഭവങ്ങൾ നമ്മെ വൈരസ്യത്തിൽ നിന്ന് അകറ്റി നിർത്തുന്നു - വൈരസ്യം പലേ വൈകാരികവും ചിലപ്പോൾ ശാരീരികവും പോലും ആയ പ്രശ്‌നങ്ങളുമായി യദൃഛയാ ബന്ധപ്പെടുത്തി കാണാറുണ്ട്. ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടും പോലെ ഫ്ളോ അനുഭവങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതു അസാദ്ധ്യമാണെന്നോ അത് പൂർണ്ണമായും അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒന്നാണ് എന്നോ പറയുന്നത് നിശ്ചയമായും തെറ്റാണ്. മാത്രമല്ല,   തങ്ങളുടെ ജീവിതങ്ങളിൽ ഇത് ഒരു പരിചിത സാന്നിദ്ധ്യം ആക്കി നിർമ്മിക്കേണ്ടത് എങ്ങനെയാണ് എന്നത് പലേ ആളുകൾക്കും അറിയുകയും ചെയ്യാം.

പ്രവർത്തനത്തിനായി മൂന്നു സൂചനകൾ ഇതാ:

1) നിങ്ങൾ ഫ്ളോ അനുഭവിച്ച സമയത്തെ പറ്റി എഴുതുക - കഴിഞ്ഞ കുറച്ചു ആഴ്ച്ചകൾക്ക് ഉള്ളിൽ സംഭവിച്ചതാണെങ്കിൽ കൂടുതൽ ഉത്തമം. ജോലിയിൽ ഒരു ക്രിയാത്മകമായ പ്രയോഗ പദ്ധതി, വീട് മെച്ചപ്പെടുത്തൽ, പ്രകൃതിയിലൂടെയുള്ള ഒരു വിനോദ സഞ്ചാരം, പെയിന്‍റിംഗ്, നൃത്തം തുടങ്ങിയ ഒരു മനോഹര സഹൃദയ പ്രവർത്തനം, മനോരഞ്ജകമായ ഒരു കളിയിൽ പങ്കെടുക്കൽ തുടങ്ങിയതു പോലയുള്ള എന്തെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കും. നിങ്ങൾക്കു ഓർമ്മിച്ചെടുക്കുവാൻ സാധിക്കന്നത്ര പൂർണ്ണമായി ആ അനുഭവങ്ങൾ വിവരിക്കുക:  എവിടെ, എപ്പോൾ ആണ് അതു സംഭവിച്ചത്, നിങ്ങൾക്കൊപ്പം ആരാണ് ഉണ്ടായിരുന്നത്, അത് എത്ര സമയം നീണ്ടു നിന്നു, പ്രത്യേകിച്ചും അതിൽ ഉൾപ്പെട്ടിരുന്ന ലക്ഷ്യം എന്തായിരുന്നു. 

2) ഈ അനുഭവത്തിലേക്ക് നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ, ഫ്ളോയുടെ അടിസ്ഥാനപരമായ മാനദണ്ഡം ആയ വെല്ലുവിളിക്ക് എതിരെ കഴിവിന്‍റെ തോത് എന്നതു കൊണ്ടു വിലയം ചെയ്തിരുന്നുവോ? അതായത്, വൈകാരികമായി, ബുദ്ധിപരമായി, ശാരീരികമായി എത്രത്തോളം വെല്ലുവിളിയിൽ ആയിരുന്നു നിങ്ങൾ? നിങ്ങളുടെ കഴിവിന്‍റെ - മാനസികമോ ശാരീരകമോ ആയത് - പരമാവധി അളവ് ആയിരുന്നുവോ അതോ താരതമ്യേന കൂടുതൽ അളവ് ആയിരുന്നുവോ, മദ്ധ്യമം അളവ് ആയിരുന്നുവോ ആ പ്രവർത്തനം ആവശ്യപ്പെട്ടിരുന്നത്? 

3) ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഫ്ളോ അനുഭവത്തിന്‍റെ അടിസ്ഥാന വിശേഷഗുണങ്ങൾ തിരിച്ചറിഞ്ഞ സ്ഥിതിക്ക്, അതിന്‍റെ സംഭവ്യതയുടെ ഇടവേളകൾ നിങ്ങൾക്ക് വർദ്ധിപ്പിക്കുവാൻ കഴിയുന്നത് എങ്ങനെയാണ് ? നിങ്ങൾ വീടു സംബന്ധമായ ഒരു പദ്ധതി, കല, സംഗീതം തുടങ്ങിയ സഹൃദയ പ്രവർത്തനം, പ്രകൃതിയെ അറിയാനുള്ള യാത്ര തുടങ്ങിയ ഏതെങ്കിലും പ്രവർത്തിയിൽ ആയിരിക്കുമ്പോഴാണോ ഫ്ളോയ്ക്ക് കൂടുതൽ സാദ്ധ്യതയുള്ളത്? ഫ്ളോയുടെ തോത് വർദ്ധിപ്പിക്കുന്നതിന് ദിവസത്തിന്‍റെ സമയം, സ്ഥലം തുടങ്ങിയവയ്ക്ക് എത്രത്തോളം പ്രധാന്യം ഉണ്ട്? നിങ്ങൾ ഒറ്റയ്ക്കാണോ, അതോ നിങ്ങൾക്ക് ഒപ്പം മറ്റാരെങ്കിലും ഉണ്ടോ, അതോ  പ്രത്യേകിച്ച് ഇതൊന്നും തന്നെ ഇല്ല എന്നുള്ളത് ഫ്ളോയെ ബാധിക്കാറുണ്ടോ? അങ്ങനെയുള്ള സ്വയം പ്രകാശനം കൂടുതൽ ഇടവേളകളിൽ ഫ്ളോ സൃഷ്ടിച്ച് നിങ്ങളുടെ ജീവിതത്തിലെ ഒരു ഉന്നമനത്തിനു ഉതകുന്ന സംഭവം ആക്കി മാറ്റുന്നതിന് സഹായിക്കും. 

ന്യൂയോർക്ക് നഗരത്തിലെ യെഷിവ യൂണിവേഴ്‌സിറ്റിയിലെ അനുബന്ധ സൈക്കോളജി പ്രൊഫസർ ആണ് ഡോ എഡ്വേഡ് ഹോഫ്മാൻ. സ്വകാര്യചികിത്സയ്ക്ക് അംഗീകൃത അനുമതി ഉള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അദ്ദേഹം സൈക്കോളജിയിലുംഅനുബന്ധ മേഖലകളിലും ഉൾപ്പെട്ട ഇരുപത്തഞ്ചിൽ പരം പുസ്തകങ്ങളുടെ രചയിതാവോ എഡിറ്ററോ ആണ്. ഡോ വില്യം കോംപ്റ്റൺ ന് ഒപ്പം 'പോസിറ്റീവ് സൈക്കോളജി - ദി സയൻസ് ഓഫ് ഹാപ്പിനെസ്സ് ആൻഡ് ഫ്‌ളറിഷിംഗ്' എന്ന പുസ്തകത്തിന്‍റെ സഹരചയിതാവാണ്, ഇൻഡ്യൻ ജേർണൽ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേർണൽ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നിവയുടെ എഡിറ്റോറിയൽ സമിതികളിലും സേവനം ചെയ്യുന്നുണ്ട്. columns@whiteswanfoundation.org യിലേക്ക് എഴുതിയാൽ നിങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെടുവാൻ കഴിയും. 

*Flow State: ഫ്ളോ അവസ്ഥ:  ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ പരിസരം, കാലം എന്നിവയെല്ലാം പൂര്‍ണ്ണമായി വിസ്മരിക്കപ്പെട്ട് ആ ജോലിയില്‍ മാത്രം  പൂര്‍ണ്ണമായും മതിമറന്ന് മുഴുകി പോകുന്ന അവസ്ഥ. 

White Swan Foundation
malayalam.whiteswanfoundation.org