സൗഖ്യം

തലച്ചോറിലെ ഗ്രേ മാറ്റർ വർധിക്കും  - സ്വാഭാവികമായി

ഒരൊറ്റ തവണ യോഗ ചെയ്യുന്നത് കൊണ്ട് തന്നെ ബുദ്ധി ശക്തി ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്ന തലച്ചോറിലെ കോശങ്ങളുടെ  പ്രവർത്തനം മെച്ചപ്പെടുത്താം.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

യോഗ പരിശീലിക്കുന്നതിലൂടെ ലഭിക്കുന്ന ശാരീരിക ഗുണങ്ങൾ സംബന്ധിച്ച് നമ്മിൽ മിക്കവർക്കും ധാരണകളുണ്ട് .- യോഗ ശക്തിയുള്ളതും  വഴങ്ങുന്നതുമായ ശരീരം രൂപപ്പെടുത്താൻ സഹായിക്കും. കൂടുതൽ  സഹനശക്തിയും ശാരീരിക ക്ഷേമവും ലഭിക്കും. ഇതെല്ലാം കൊണ്ട് വ്യായാമത്തിന്റെ മറ്റൊരു വകഭേദമാണ് യോഗ എന്നുള്ള തെറ്റായ ചിന്ത ഉണ്ടാകാം.തുടക്കത്തിൽ യോഗയിലൂടെ മനസിനെ (അല്ലെങ്കിൽ തലച്ചോറിനെ) പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ കഴിഞ്ഞ കുറെ നൂറ്റാണ്ടുകളിലായാണ് യോഗയിലൂടെയുള്ള ശാരീരിക മേന്മക്കു ഇത്ര മാത്രം പ്രാധാന്യം കൈവന്നിരിക്കുന്നത്. 
ധ്യാനവും, ശ്രദ്ധയുമായി ബന്ധപ്പെട്ട തന്ത്രങ്ങളും യോഗയിൽ ഉപയോഗിക്കുന്നത് മനസിനെ പരിശീലിപ്പിക്കുന്നതിനാണ് എന്ന് വിദഗ്ധർ പറയുന്നു. മനസിനുള്ള ആരോഗ്യദായകമായ മരുന്നാണ് യോഗയെന്ന് പതാഞ്ജലി വ്യക്തമാക്കുന്നു.യോഗ പരിശീലിക്കുന്നതിന്റെ ലക്‌ഷ്യം മനസിന് മേൽ ആധിപത്യം ലഭിക്കുക എന്നതാണ്. യോഗാ പരിശീലനത്തിന്റെ ഉപോത്പന്നം എന്ന നിലയിൽ പല തരത്തിലുള്ള ഗുണങ്ങൾ ശാരീരിക തലത്തിൽ ലഭിക്കും, എന്നാൽ ഇവയെക്കാളും തലച്ചോറിനാണ് കൂടുതൽ ഗുണം. ഇത് സമ്മർദ്ദം കുറയ്ക്കും, ശ്രദ്ധിക്കാനുള്ള കഴിവ് (ഏകാഗ്രത ) ഉയർത്തും,തലച്ചേറിലെ ഗ്രേ മാറ്റർ വികസിപ്പിക്കുകയും നാഡികൾ കൂടുതൽ വളരാൻ സഹായിക്കുകയും ചെയ്യും.വിഷാദ രോഗം, പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം (സ്‌കീസോ ഫ്രീനിയ) തുടങ്ങിയ മാനസിക തകരാറുകളെ നിയന്ത്രിക്കാനുള്ള കഴിവും ഇത് നൽകുമെന്നു നിംഹാൻസിലെ സൈക്യാട്രി വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. ശിവരാമ വരമ്പള്ളി പറഞ്ഞു. 
എന്റെ തലച്ചോറിന് യോഗ കൊണ്ട് ഗുണം ലഭിക്കുമോ? 
സമ്മർദ്ദം കുറക്കാനും പ്രായമേറുന്തോറും ശരീരം ക്ഷയിക്കുന്നതു കുറക്കുന്നതിനു യോഗ മുറകൾ ഫലപ്രദമാണെന്ന് പൊതുവെ എല്ലാവർക്കും അറിയാം. അത് നിങ്ങളുടെ ഓർമ ശക്തി മെച്ചപ്പെടുത്താനും  ശ്രദ്ധിക്കാനുള്ള കഴിവുകളുടെ  മൂർച്ച കൂട്ടാനും സഹായിക്കും. ഇത് തലച്ചോറിലേക്കുള്ള രക്ത ഓട്ടം വർധിപ്പിക്കും,പക്ഷാഘാത സാധ്യതകൾ കുറയ്ക്കും, പ്രത്യേകിച്ച് പ്രമേഹം, രക്ത സമ്മർദ്ദം, ഉയർന്ന കൊഴുപ്പു എന്നിവ ഉള്ളവരിൽ. ആരോഗ്യകരമായ നിലയിലേക്ക് നിങ്ങളുടെ ഹൃദയമിടിപ്പ് കൊണ്ടുവരാനും,ശാന്തനായി തുടരാനും അടിയന്തിര ഘട്ടങ്ങളിൽ വിവേക പൂർവം പെരുമാറാനും നിങ്ങളെ സഹായിക്കും. ഒരു ലക്ഷ്യത്തിലേക്കു ദീർഘകാലം ശ്രദ്ധ കേന്ദ്രീകരിച്ച്  മുന്നേറാനും ഇത് നിങ്ങളെ സഹായിക്കും. 
ഫലം കാണാൻ എത്ര കാലം വേണ്ടി വരും? 
ഒരൊറ്റ തവണയുള്ള  യോഗയുടെ പരിശീലനം പോലും തലച്ചോറിൽ മാറ്റങ്ങൾക്കു കാരണമാകും. നിങ്ങളുടെ മാനസിക ക്ഷേമത്തിന്റെ മെച്ചപ്പെടൽ  ആദ്യത്തെ  ഒരാഴ്ചക്കകം വ്യക്തമാകും. നിങ്ങൾക്ക് കൂടുതൽ ഉണർവും ശാന്തതയും കൈവരും, വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വിശ്വാസം തോന്നും, മാനസിക സമ്മർദ്ദത്തിന്റെ തോത് കുറഞ്ഞതായി അനുഭവപ്പെടും. ചില ആഴ്ചകൾക്കകം നിങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ഗ്രഹിക്കാൻ കഴിയുന്നുവെന്ന് മനസിലാകും, ഓർമ്മ കുറച്ചു കൂടി സൂക്ഷ്മമാകും. ഏകാഗ്രതയും ശ്രദ്ധയും വർധിക്കും. 
ആറു മാസക്കാലത്തിനിടെ ആഴ്ചയിൽ മൂന്നു ദിനം വീതം  യോഗ മുറകളിൽ തുടർച്ചയായി ഏർപ്പെട്ടാൽ ദീർഘകാലത്തേക്ക് അതിന്റെ പ്രയോജനം ലഭിക്കുകയും നില നിൽക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ശ്രദ്ധയൂന്നലും ശ്വസന പ്രക്രിയ നിയന്ത്രണവും കേന്ദ്രീകരിച്ചുള്ള യോഗ പരിശീലനങ്ങൾ മൂലം നിങ്ങൾക്ക് ഉയർന്ന ഗുണ ഫലം ലഭ്യമാകും. 
സമ്മർദ്ദവും ഉത്കണ്ഠയും കുറക്കുക 
വിശ്രമവും, പ്രവർത്തനവും നിയന്ത്രിക്കുന്ന നാഡീ വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ സംതുലനാവസ്ഥയിൽ ആക്കി സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാൻ യോഗ സഹായിക്കും. 
കേന്ദ്ര നാഡീ വ്യൂഹം രണ്ടു ഭാഗങ്ങളായാണ് രൂപീകരിച്ചിട്ടുള്ളത്. സിമ്പതെറ്റിക്, പാരാ സിമ്പതെറ്റിക് എന്നിവയാണ് ഇവ.  പാരാ സിമ്പതെറ്റിക്  നാഡികൾ നമ്മുടെ ശരീരത്തെയും മനസിനെയും പ്രവർത്തന ക്ഷമമാക്കുകയും അപകട  സന്ദർഭങ്ങളിൽ നേരിടാനോ  ഓടി  രക്ഷപെടാനോ  പ്രേരിപ്പിക്കുകയും ചെയ്യുന്നു. സിമ്പതെറ്റിക് സിസ്റ്റം ഹൃദയ മിടിപ്പ് കുറക്കാനും ശാന്തമാകാനും  വിശ്രമ നിലയിൽ ആകാനും സഹായിക്കുന്നു. ഈ രണ്ടു നാഡീ വ്യൂഹങ്ങളുടെ പ്രവർത്തനം സംതുലനാവസ്ഥയിൽ ആകുന്നതു നമ്മെ സാധാരണ നിലയിൽ  പ്രവർത്തിക്കുവാൻ സഹായിക്കുന്നു. നമ്മുടെ ആധുനിക ജീവിത ശൈലി,അത് മൂലമുള്ള സമ്മർദ്ദം , അമിത ഉത്തേജനം തുടങ്ങിയവ സിമ്പതെറ്റിക് നാഡീ വ്യവസ്ഥയെ പ്രവർത്തിപ്പിക്കുന്നത് മൂലം ഇരു നാഡീ വ്യൂഹങ്ങളും തമ്മിലുള്ള സംതുലനാവസ്ഥ നഷ്ടപ്പെടുത്തുന്നു.  യോഗ തുടർച്ചയായി പരിശീലിക്കുമ്പോൾ പാരാ സിമ്പതെറ്റിക് വ്യൂഹത്തെ  അത് പ്രവർത്തന  നിരതമാക്കുകയും ശ്വസനം, ഹൃദയമിടിപ്പ്, എന്നിവയെ നിയന്ത്രിക്കുകയും സമ്മർദ്ദം, ഉത്കണ്ഠ നിലകളെ ചുരുക്കുകയും ചെയ്യും. 
ഓർമ ശക്തി വർധിപ്പിക്കുക, ചിന്തകളുടെ മൂർച്ച കൂട്ടുക 
യോഗ ക്രമമായി പരിശീലിക്കുന്നത് തലച്ചോറിലെ ഗ്രേ  മാറ്റർ  വികസിക്കാൻ  ഇട  നൽകുമെന്ന  വസ്തുത  നിങ്ങൾക്ക്  അറിയാമോ ? തലച്ചോറിൽ  ഓർമ ശക്തിയും ക്രിയാത്‌മക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഹിപ്പോ ക്യാമ്പസ് ഭാഗം  നമുക്ക് പ്രായമാകുന്തോറും  ചുരുങ്ങും. അതാണ് പ്രായമേറുന്തോറും നമ്മൾ കാര്യങ്ങൾ മറക്കുന്നതിനും  നമ്മുടെ ബുദ്ധി ശക്തി കുറയുന്നതിനും കാരണം.ബാംഗ്ലൂരിലെ വിവിധ വൃദ്ധ സദനങ്ങളിൽ  നിംഹാൻസ് നടത്തിയ പഠനത്തിൽ ഈ കേന്ദ്രങ്ങളിൽ താമസിക്കുന്നവരുടെ തലച്ചോറിൽ യോഗയുടെ പ്രസക്തി പരിഗണിച്ചിരുന്നു.ഇതിനായി അവർക്ക്‌ ആറ് മാസം യോഗ പരിശീലനം നൽകി.ക്രമമായ യോഗ പരിശീലനം പ്രായാധിക്യം മൂലമുണ്ടാകുന്ന ശാരീരിക പ്രവർത്തനങ്ങൾക്ക് പരിഹാരമാകുന്നതായും  ഹിപ്പോ ക്യാമ്പസിന്റെ വലുപ്പം വർധിപ്പിച്ചതായും ഗവേഷകർ കണ്ടെത്തി. അവരുടെ  പഠനം ഉപസംഹരിക്കുന്നതു  ഇപ്രകാരമാണ്.  പ്രായമേറിയവരിൽ  മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഓർമ കുറവ് പോലെ  ഉള്ളവരിൽ യോഗ മുറകൾ പരിശീലിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും.  അവ വരാതെ തടുക്കുകയും ചെയ്യും.
തലച്ചോറിനെ സുഖപ്പെടുത്തുക 
സ്വയം സുഖപ്പെടുത്താനുള്ള  സവിശേഷമായ കഴിവുള്ള അവയവമാണു തലച്ചോറ്.പരുക്കോ ആഘാതമോ ഏറ്റാൽ തലച്ചോറിന്റെ ശേഷി കുറച്ചു കാലത്തേക്ക് നഷ്ടമാകും. ഈ ഘട്ടത്തിൽ തലച്ചോറ് പരുക്കേറ്റ ഭാഗം സ്വയം കേടുപാട് തീർക്കുകയോ  അല്ലെങ്കിൽ പ്രവർത്തനത്തിന്റെ കേന്ദ്രം മറ്റൊരു ഭാഗത്തേക്ക് മാറ്റുകയോ ചെയ്യും. സ്വയം കേടുപാട് തീർക്കാനുള്ള തലച്ചോറിന്റെ കഴിവ് അല്ലെങ്കിൽ തലച്ചോറിന്റെ വഴങ്ങുന്ന സ്വഭാവം വെളിപ്പെടുത്തുന്നതാണ് ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്ടർ (ബിഡിഎൻഎഫ്.). ഒരു വ്യക്തിയിൽ ഈ ബിഡിഎൻഎഫ്  എത്ര കൂടുതൽ ഉണ്ടാകുന്നോ തലച്ചോറിലെ പരുക്കിന്റെ ശമനവും അത്ര വേഗത്തിൽ ഉണ്ടാകും . 
വിഷാദ രോഗം ഉള്ളവരിലും ബൈപോളാർ രോഗം ഉള്ളവരിലും ബി ഡി എൻ എഫ് നില തീരെ താഴ്ന്നതാകും. സമ്മർദ്ദത്തിന് കാരണമാകുന്ന ഹോർമോൺ കോർട്ടിസോൾ ഇവരിൽ അധികമാകും. വിഷാദ രോഗത്തിനു ഇവർ മരുന്ന് ചികിത്സ നേടുമ്പോൾ  വിഷാദാവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടാകും. ഒപ്പം ബി ഡി എൻ എഫ് (നാഡീ കോശങ്ങളുടെ വളർച്ച , അതി ജീവന പ്രവർത്തനങ്ങൾ,തുടങ്ങിയവ നിയന്ത്രിക്കുന്ന ന്യൂറോട്രോഫിൽ   കുടുംബത്തിലെ പ്രധാന ഘടകമാണ് ) നില ഉയരുകയും ചെയ്യും.അവർ മരുന്ന് കഴിക്കുന്നത് നിർത്തിയാൽ സമ്മർദ്ദം തിരികെ വരാനും നിയന്ത്രിത നില ഉയരാനും സാധ്യതയുണ്ട്. 
നിംഹാൻസ് ഇന്റഗ്രേറ്റഡ് സെന്റർ ഫോർ യോഗ നടത്തിയ പഠനം തെളിയിക്കുന്നത് വിഷാദ രോഗികൾ മരുന്ന് ഉപയോഗം തുടർന്ന് കൊണ്ടോ അല്ലെങ്കിൽ ഉപയോഗിക്കാതെയോ യോഗ പരിശീലിച്ചാൽ അവരിലെ ബി ഡി എൻ എഫ്  സാധാരണ നിലയിലേക്ക് വരികയും കോർട്ടിസോൾ അളവ് കുറയുകയും ചെയ്യുമെന്നാണ് .  ഇത് വെളിപ്പെടുത്തുന്നത് സമ്മർദ്ദം കുറഞ്ഞുവെന്നും അത് തിരികെ വരാനുള്ള സാധ്യതകൾ മങ്ങിയെന്നുമാണ്. 
നിഷേധ വികാരങ്ങൾ കുറക്കുക 
കോപം, സമ്മർദ്ദം, അസൂയ അല്ലെങ്കിൽ വെറുപ്പ് തുടങ്ങിയ നിഷേധ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ  ഭാഗത്തേക്ക് രക്തം ഒഴുകുന്നത് കുറക്കാൻ അഞ്ചു മിനിറ്റ തുടർച്ചയായി 'ഓം' മന്ത്രം ഉച്ചരിച്ചാൽ മതിയാകും. 
നിംഹാൻസിലെ എം ആർ ഐ പഠനത്തിൽ യോഗ പരിശീലനം ലഭിക്കാത്ത വളരെ സാധാരണക്കാരായവരോട്  തുടർച്ചയായി അഞ്ചു മിനിറ്റ്  'ഓം' മന്ത്രം ഉരുവിടാൻ ആവശ്യപ്പെട്ടു. അതെ സമയം മറ്റൊരു മന്ത്രം സമാനമായി 5 മിനിറ്റു ഉരുവിടാനും നിർദ്ദേശിച്ചു. ഇത് നടത്തിയത് നിയന്ത്രിത സാഹചര്യങ്ങളിൽ ആയിരുന്നു. 'ഓം ' മന്ത്രവും അടുത്ത മന്ത്രവും ഉരുവിടുമ്പോൾ നടത്തിയ സ്‌കാനിങ്ങിൽ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളിലേക്കുള്ള രക്ത ഓട്ടം ഓം മന്ത്ര സമയത്തു  കുറഞ്ഞതായി കണ്ടെത്തി. ഇത് വെളിപ്പെടുത്തടുന്നത് വിവിധ തരത്തിലുള്ള മന്ത്രോച്ചാരണം വിവിധ ശ്രദ്ധാ തന്ത്രങ്ങൾക്ക് ( യോഗ അല്ലെങ്കിൽ ശ്രദ്ധാ ധ്യാനം) ക്രമമായി  പരിശീലിച്ചാൽ     നിഷേധ വികാരങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് . 
മുഖ ഭാവങ്ങൾ തിരിച്ചറിയുന്നത് മെച്ചമാക്കൽ 
സ്‌കീസോ ഫ്രീനിയ രോഗികളിൽ യോഗ പരിശീലനം മൂലം മുഖ ഭാവങ്ങൾ മനസിലാക്കാനുള്ള തലച്ചോറിന്റെ കഴിവ് വർധിച്ചു. സ്‌കീസോ ഫ്രീനിയ രോഗികളിൽ മുഖ ഭാവങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതായി തോന്നി. ഫേഷ്യൽ ഇമോഷൻ റെക്കഗ്നീഷൻ ഡെഫിസിറ്സ് എന്ന ഈ നില മൂലം അവർക്കു മുഖ  ഭാവങ്ങളെ മനസ്സിലാക്കാനോ  അല്ലെങ്കിൽ മറ്റുള്ളവരുടെ മുഖത്തെ വികാരങ്ങൾ തിരിച്ചറിയാനോ കഴിയുന്നില്ല. ഉദാഹരണത്തിന് നിഷ്പക്ഷമോ അല്ലെങ്കിൽ മുഖത്തെ   പ്രസന്ന ഭാവമോ സ്‌കീസോ ഫ്രീനിയ ബാധിച്ച ഒരു വ്യക്തി കോപമോ ഭയമോ ആയി തെറ്റിദ്ധരിച്ചേക്കും . 
നിംഹാൻസിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് സ്‌കീസോ ഫ്രീനിയ രോഗം ബാധിച്ച വ്യക്തി യോഗ പരിശീലിക്കുന്നതിലൂടെ    രോഗം മൂലമുള്ള ഈ കുറവുകളെ മറികടക്കാമെന്നാണ്. സ്‌കീസോ ഫ്രീനിയ രോഗികളിൽ ഒരു സംഘത്തെ പരിശീലനം ലഭിച്ച അഭിനേതാക്കൾ വിവിധ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ചലന ചിത്രങ്ങളും നിശ്ചല ദൃശ്യങ്ങളും കാണിച്ചു.  പങ്കെടുത്തവർക്ക് മുഖ ഭാവങ്ങൾ   കൃത്യമായി മനസ്സിലാക്കാനോ  വെളിപ്പെടുത്താനോ കഴിഞ്ഞില്ല.മൂന്നു മാസം തുടർച്ചയായി ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം യോഗ പരിശീലനം നേടിയപ്പോൾ അവരെല്ലാവരും തന്നെ ഈ കഴിവിൽ കാര്യമായ പുരോഗതി നേടി  . ഇത് മുകളിൽ  പറഞ്ഞ  വിധത്തിൽ തലച്ചോറിലേക്കുള്ള രക്ത ഓട്ടത്തിൽ മാറ്റം വന്നത് കൊണ്ടാകാം. അത് പോലെ തന്നെ മറ്റൊരു ഹോർമോൺ ആയ ഓക്‌സിടോസിന്റെ  (ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ) അളവ് കൂടിയതും കാരണമാണ്.   ഓക്‌സിടോസിൻ ഹോർമോൺ അമ്മയും കുഞ്ഞും  തമ്മിലുള്ള  ബന്ധം സുദൃഢമാക്കുന്നതിൽ നിർണ്ണായകമാണ് .  ഇതിനൊക്കെ പുറമെ ബന്ധങ്ങൾ, ശാന്തത, വിശ്വാസം എന്നിവ വര്ധിപ്പിക്കുന്നതിലൂടെ വ്യക്തിയുടെ സാമൂഹിക പെരുമാറ്റ രീതികളെ ക്രമപ്പെടുത്താനും ഇത് കാരണമാകും. 
കടപ്പാട് 
1- ഹരിപ്രസാദ്  വി ആർ , വരമ്പള്ളി  എസ , ശിവകുമാർ  വി , കൽമാഡി  എസ വി , വെങ്കടസുബ്രമണ്യൻ  ജി , ഗംഗാധർ  ബി എൻ  . യോഗ  ഇന്ക്രീസസ്  ദി  വോളിയം  ഓഫ്  ദി  ഹിപ്പോകാമ്പസ്സ്  ഇൻ  എൽഡർലി  സബ്ജക്ട്സ്  . ഇന്ത്യൻ  ജെ  സൈക്യാട്രി   2013; 55:394-6. 
2- ജി എച്    , തിരുതാളി  ജെ , റാവു എം ജി , വരമ്പള്ളി  എസ് , ക്രിസ്റ്റഫർ  ആർ , ഗംഗാധർ  ബി എൻ . പോസിറ്റീവ്  തെരാപ്യൂട്ടിക് ആൻഡ്  ന്യൂറോട്രോഫിക്  എഫക്ട്  ഓഫ്  യോഗ  ഇൻ  ഡിപ്രഷൻ : എ  കംപാരറ്റീവ്  സ്റ്റഡി . ഇന്ത്യൻ  ജെ  സൈക്യാട്രി   2013; 55:400-4. 
3- എഫ്ഫക്റ്റ്  ഓഫ്  യോഗ  തെറാപ്പി  ഓൺ  പ്ലാസ്മ  ഓക്‌സിടോസിൻ    ആൻഡ്  ഫേഷ്യൽ  ഇമോഷൻ  റെഗുലേഷൻ  ഡെഫിസിറ്സ്  ഇൻ  പേഷ്യന്റ്സ്  ഓഫ്  സ്‌കീസോഫ്രേനിയ: ജയറാം  എച്   എൽ  , ഐ ജെ  പി , 2013 ലിങ്ക് : http://www.ncbi.nlm.nih.gov/pubmed/24049210 
White Swan Foundation
malayalam.whiteswanfoundation.org