അഭിമുഖം: യോഗയും മാനസിക ആരോഗ്യവും

അഭിമുഖം: യോഗയും മാനസിക ആരോഗ്യവും

ചിത്തഭ്രമമുള്ളവർക്ക് ചികിത്സയുടെ ഭാഗമായി മെഡിക്കേഷനോടൊപ്പവും മാനസികരോഗ ചികിത്സയോടൊപ്പവും ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒന്നാണ് യോഗ.
പലതരത്തിലുള്ള മാനസികരോഗങ്ങൾക്ക് യോഗ മികച്ച ചികിത്സാരീതിയാണെന്ന് വിവിധ ഗവേഷണഫലങ്ങൾ തെളിയിക്കുന്നുണ്ട്. കഴിഞ്ഞ ദശാബ്ദങ്ങളിൽ ഇത് സംബന്ധിച്ചുള്ള നിരവധി ഗവേഷണങ്ങൾ നടക്കുകയും അത് മികച്ച ഫലങ്ങൾ നൽകുന്നതായി തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വൈറ്റ് സ്വാൻ ഫൗണ്ടേഷനിലെ പട്രീഷ്യാ പ്രീതം ഈ വിഷയത്തിൽ നിംഹാൻസിലെ മനോരോഗ വിദഗ്ദ്ധൻ ഡോ. ശിവരാമ വാരംപള്ളിയുമായി നടത്തിയ അഭിമുഖം. 
യോഗ എങ്ങനെയാണ് മാനസിക രോഗ ചികിത്സയ്ക്ക് പ്രയോജനപ്പെടുന്നത്.? 
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ വിഷയത്തിൽ കാര്യമായ പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ചില മാനസികരോഗികളിൽ മറ്റ് മരുന്നുകളോടൊപ്പം യോഗ പരിശീലിക്കുന്നത് മികച്ച ഫലം നൽകുന്നതായി തെളിഞ്ഞിട്ടുണ്ട്. ചില രോഗികൾക്ക് യോഗ തന്നെ മരുന്നായി മാറുന്നതും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. മരുന്നു കഴിക്കാന്‍ താല്‍പര്യം കാണിക്കാത്ത രോഗികളിലും ബദൽ ചികിത്സാരീതിയായി ഇത് പരീക്ഷിക്കാറുണ്ട്. യോഗ ഒരു ചികിത്സാരീതിയെന്നനിലയില്‍ പരീക്ഷിക്കുന്ന രോഗികളിൽ ഭൂരിപക്ഷം പേരിലും മികച്ച ഫലമാണ് ഉണ്ടാക്കിയിട്ടുള്ളത്. പക്ഷേ, ഇത്തരമാളുകള്‍ കുറഞ്ഞ ശതമാനമേയുള്ളു. മാനസിക രോഗ ചികിത്സയും മറ്റ് മരുന്നുകളും നൽകുന്നതിനോടൊപ്പമാണ് യോഗയും പരിശീലിപ്പിക്കുന്നത്. ഇതൊരു ചികിത്സാരീതിയായി തന്നെ മാറുന്നുണ്ട്. 
വിഷാദരോഗം, സ്‌കിസോഫ്രീനിയ, അമിത ഉത്കണ്ഠ, കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്- ADHD തുടങ്ങിയ രോഗങ്ങൾക്ക് യോഗ ചികിത്സ കൊണ്ട് മികച്ച ഫലമുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. 
മാനസികരോഗ ചികിത്സയ്ക്ക് യോഗ മികച്ച ശമനൗഷധമാകുന്നതിന് എന്തെങ്കിലും ശാസ്ത്രിയമായ അടിത്തറയുണ്ടോ? 
യോഗ ഒരു ചികിത്സാരീതിയെന്ന തരത്തിലും മാനസിക രോഗികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള നിരവധി തെളിവുകൾ ഇപ്പോൾ ലഭ്യമാണ്, കൂടാതെ നിരവധി പ്രസിദ്ധീകരണങ്ങളും പഠനങ്ങളും ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്. അതേസമയം വ്യക്തിപരമായ പഠനങ്ങളിൽനിന്ന് യോഗകൊണ്ട് മാനസികരോഗികൾക്ക് പ്രയോജനം ഉണ്ടായോ എന്നത് കണ്ടുപിടിക്കാൻ സാധിക്കില്ല. കാരണം അതിന്റെ പ്രയോജനം മറ്റ് മരുന്നുകളുടെയും ചികിത്സകളുടെയും കൂടി ഭാഗമായാണ് ഉണ്ടാകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും യോഗ കൊണ്ട് മികച്ച ചികിത്സാഫലങ്ങൾ ഉണ്ടാകുന്നതായി വിവരങ്ങളുണ്ട്. സ്‌കിസോഫ്രീനിയ, വിഷാദരോഗം തുടങ്ങിയവയ്ക്ക് യോഗ പരിശീലിക്കുന്നത് നല്ലതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നത്. നിംഹാൻസിൽ തന്നെ ഇത് സംബന്ധിച്ചുള്ള നിരവധി പഠനങ്ങൾ നടന്നിട്ടുള്ളതാണ്. നിരവധി ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിംഹാൻസിൽ വിവിധ മാനസിക രോഗങ്ങൾക്ക് യോഗ പരിശീലനം വഴി ഉണ്ടായ ഗുണഫലങ്ങളെക്കുറിച്ച് 25ലധികം പഠനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷവും ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമാണ്. ഇന്ത്യൻ ജേർണൽ ഓഫ് സൈക്യാട്രിയുടെ 2013 ജുലൈ സെപ്തംബർ എഡിഷനിൽ ഈ വിഷയത്തിലുള്ള സൂക്ഷ്മപഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ യോഗ എങ്ങനെയാണ് മനോരോഗ ചികിത്സയ്ക്ക് സഹായകമാകുക എന്ന് ഇതിൽ വിശദമായി വ്യക്തമാക്കുന്നു. 
യോഗ ഇന്ത്യയിൽ രൂപംകൊണ്ട ഒരു പരിശീലനമാണ്. എന്തുകൊണ്ടാണ് ഇത്രയും കാലം ഇതൊരു ചികിത്സാരീതിയായി പ്രചാരം ലഭിക്കാതെ പോയത്? 
നല്ല ചോദ്യമാണ്. പല വേദികളിലും ഈ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. രണ്ട് പ്രശ്‌നങ്ങളാണ് ഇവിടെ പ്രധാനമായും മുന്നോട്ട് വരുന്നത്. പരിശീലനം നൽകുന്ന യോഗ ഗുരുക്കന്മാരോടും യോഗ സ്കൂളുകളില്‍ പരിശീലനം നേടുന്നവരോടും ചോദിച്ചാൽ അവർ ഇതൊരു ചികിത്സാരീതിയാണെന്ന് സമ്മതിക്കില്ല. ഇതാണ് ഒന്നാമത്തെ പ്രശ്‌നം. അവർ യോഗ ഒരു ജീവിതരീതിയാണെന്ന് വാദിക്കുന്നവരാണ്. അതിനെ ചികിത്സാരീതിയായി പരിഗണിക്കുന്നതിനെ എതിർക്കുന്നവരുമാണ്. വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിച്ച് അയാളെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമാണ് യോഗ എന്നാവും അവരുടെ വാദം. യോഗ ഒരു ചികിത്സാരീതിയായി പ്രയോഗത്തിൽ വരുത്താൻ തുടങ്ങിയിട്ട് രണ്ടുമൂന്ന് ദശ്ശാബ്ദങ്ങൾ ആയിട്ടേയുള്ളൂ. അതിന് മുമ്പ് യോഗ ഒരു ജീവിതരീതിയും പരിശീലന പദ്ധതിയും മാത്രമായിരുന്നു. ഇതാണ് യോഗ ഒരു ചികിത്സാപദ്ധതി എന്ന നിലയിൽ മാറാത്തതിനുള്ള പ്രധാന കാരണം. 
മറ്റൊരു കാരണം യോഗയിലുള്ള വൈവിധ്യമാണ്. ഏത് തരത്തിലുള്ള യോഗാ പരിശീലന രീതിയാണ് ഓരോ വ്യക്തിക്കും വേണ്ടത് എന്ന കാര്യത്തിലുള്ള സംശയങ്ങളും ഇതിന് കാരണമാണ്. ചികിത്സയുടെ ഭാഗമായി യോഗ പരിശീലനം ഏർപ്പെടുത്താമെങ്കിലും എല്ലാവർക്കും ഒരേതരത്തിലുള്ള യോഗ പരിശീലനം ഏർപ്പെടുത്തിയത് കൊണ്ട് കാര്യമില്ല. മനോരോഗം പലർക്കും പല തരത്തിലാകും എന്നത് കൊണ്ടുതന്നെ അതിന് നൽകുന്ന മരുന്നും പല തീവ്രതയിൽ ഉള്ളതാകും. ഒരു രോഗിക്ക് ശരിയായ രീതിയിലുള്ള മരുന്നും മറ്റൊരാള്‍ക്ക് അതുപോലെ തോന്നിപ്പിക്കുന്ന എന്നാല്‍ മരുന്നിന്റെ അംശമില്ലാത്ത ഗുളികയുമാണ് കൊടുക്കുന്നത്. 
യോഗ ചെയ്യുന്ന ഒരാൾക്ക് താൻ എന്താണ് ചെയ്യുന്നത് എന്ന കാര്യം വ്യക്തമായി അറിയാം എന്നിരിക്കെ കണ്ണടച്ച് അത് പരിശീലിപ്പിക്കാൻ സാധ്യമല്ല. ചികിത്സാരീതിയായി വികസിപ്പിച്ചിട്ടുണ്ടെങ്കിലും യോഗയുടെ വൈവിധ്യങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മരുന്നിന്റെ കാര്യത്തില്‍ ഒരാള്‍ അറിയാതെ തന്നെ അതു കൊടുക്കാന്‍ സാധിക്കും. എന്നാല്‍ യോഗ ഒരാള്‍ പൂര്‍ണമായി അറിഞ്ഞുകൊണ്ടുതന്നെയാണ് ചെയ്യുന്നത്. യോഗ പരിശീലനം ഉണ്ടാക്കുന്ന ഗുണഫലങ്ങൾ ശാസ്ത്രീയമായി തെളിയിച്ച് അത് മനോരോഗ ചികിത്സയുടെ ഭാഗമാക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ല. അതാവണം യോഗ ചികിത്സാരീതി എന്ന നിലയിൽ രൂപം പ്രാപിക്കാത്തത്.
മനോരോഗ ചികിത്സയുടെ ആദ്യഘട്ടങ്ങളിൽ (ഉദാഹരണത്തിന്, വിഷാദരോഗത്തിന്റെ തുടക്കം, അമിത ഉത്കണ്ഠ തുടങ്ങിയവ) യോഗ പരിശീലനം കൊണ്ട് പ്രയോജനം ഉണ്ടാകുമോ? 
യോഗ നേരത്തെ പറഞ്ഞപോലെ ഒരു ചികിത്സാരീതിയെന്ന നിലയിൽ രൂപപരിണാമം സംഭവിക്കുന്നതിന്റെ പ്രാഥമികഘട്ടം മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. യോഗ പരിശീലനം രോഗത്തിന്റെ തുടക്കത്തിൽ ചെയ്താലും താമസിച്ച് ചെയ്താലും ഉണ്ടാകുന്ന ഫലങ്ങളെക്കുറിച്ചുള്ള പരിശോധന നടന്നവരികയാണ്. മാനസിക രോഗ ചികിത്സ തന്നെയാണ് പ്രധാനപ്പെട്ട സംഗതി. രോഗത്തിന്റെ ജനിതകഘടന തന്നെയാണ് എപ്പോഴും പ്രധാനമായും നോക്കുന്നത്. പ്രാരംഭഘട്ടത്തിൽ നോക്കിയാൽ ഏത് തരത്തിലുള്ള അസുഖമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാൻ എളുപ്പമാണെന്നത് വസ്തുതയാണ്. മാനസികരോഗങ്ങളിൽ ഏറ്റവും സാധാരണ വകഭേദങ്ങളായ സ്‌കിസോഫ്രീനിയ, OCD, വിഷാദരോഗം തുടങ്ങിയവയിലും പ്രാരംഭഘട്ടത്തിലുള്ള ചികിത്സ ഒരുപാട് ഗുണം ചെയ്യാറുണ്ട്. യോഗ മാനസികരോഗത്തിന് ഗുണം ചെയ്യുമെങ്കിൽ അത് പ്രാരംഭഘട്ടത്തിൽ ഏറെ ഗുണകരമാകും. ഇത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല, എന്നാൽ അത് ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമില്ലതാനും. അതേസമയം യോഗ മാനസിക രോഗ ചികിത്സയ്ക്ക് ഗുണം ചെയ്യുമോ എന്ന ശാസ്ത്രീയ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ലോകമെങ്ങുമുള്ള മനോരോഗ ചികിത്സകർ ശ്രമിക്കുന്നത്. യോഗ തലച്ചോറിലെ പ്രവർത്തനങ്ങളെ ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നും തലച്ചോറിന്റെ കേടുപാടുകൾ തീർക്കുന്നുണ്ടെന്നുമാണ് ഭൂരിപക്ഷം മനോരോഗ ചികിത്സകരും വിശ്വസിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശാരീരികമായ അഴിച്ചുപണി പോലും യോഗ കൃത്യമായി ചെയ്യുന്നുണ്ട്. ഞാൻ സംസാരിക്കുന്നത് തലച്ചോറിനെക്കുറിച്ച് മാത്രമാണ്. ഈ യുക്തി ഉപയോഗിച്ചാൽ രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ യോഗ പരിശീലനം രോഗിക്ക് തീർച്ചയായും ഒരുപാട് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org