സാങ്കേതിക വിദ്യയോടുള്ള ആസക്തി

Q

എന്റെ കൌമാരക്കാരനായ കുട്ടിക്ക് സാങ്കേതികവിദ്യയോട് ആസക്തിയുണ്ടെങ്കിൽ എന്തുകൊണ്ട് അതിന്റെ ഉപയോഗം പൂർണ്ണമായും നിർത്തിക്കൂടാ?

A

ഇന്റർനെറ്റിന്റെയോ സെൽഫോണിന്റെയോ ഉപയോഗം തടയുന്നത് നിങ്ങളുടെ കുട്ടിയെ ശുണ്ഠിപിടിപ്പിക്കുകയും ദേഷ്യം ഉണ്ടാക്കുകയും ചെയ്യും. ചിലപ്പോൾ ഫോണിൽനിന്നോ കമ്പ്യൂട്ടർ സ്‌ക്രീനിൽനിന്നോ മാറ്റിനിർത്തപ്പെടുകയാണെങ്കിൽ കൌമാരക്കാർ സുഹൃത്തുക്കളിൽനിന്നോ കുടുംബത്തിൽനിന്നോ അകന്ന് അവരോട് സംസാരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് മാനസിക ആരോഗ്യ വിദഗ്ദ്ധർ പൂർണ്ണമായ നിരോധനത്തിന് പകരം ഉപയോഗത്തെ പരിമിതപ്പെടുത്താൻ പറയുന്നത്. ഒരുവൻ അടിമപ്പെട്ടിരിക്കുന്ന വസ്തുവിനെ പൂർണ്ണമായും നിരോധിക്കാൻ ഒരിക്കലും സാധ്യമല്ല. ഉദാഹരണത്തിന്, പുകവലി നിരോധനം എടുക്കുക. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി ആത്മനിയന്ത്രണവും പ്രേരണയുമാണ്- നിംഹാൻസ്, ഷട്ട് ക്ലിനിക്കിൽ നിന്നുള്ള ഡോ. മനോജ് ശർമ്മ പറയുന്നു. 

Q

ഞാൻ അടിമപ്പെട്ടിരിക്കുകയാണെന്ന് എങ്ങനെ തിരിച്ചറിയാം?

A

ആവശ്യത്തിലധികം സമയം നിങ്ങൾ ഫോണിൽ ചിലവഴിക്കുകയാണെങ്കിൽ അത് അനാരോഗ്യകരമാണെന്ന് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ചില ചോദ്യങ്ങൾ ഇവിടെ കൊടുക്കുന്നു. (ആസക്തിയുടെ അടയാളങ്ങളെയും ലക്ഷണങ്ങളെയുംകുറിച്ച് ഇവിടെ വായിക്കുക).

Q

എനിക്ക് തോന്നുന്നത് ഞാൻ ഫോണിന് അടിമപ്പെട്ടിരിക്കുകയാണെന്നാണ്. എന്താണ് ഞാൻ ചെയ്യേണ്ടത്? 

A

നിങ്ങൾക്ക് നിങ്ങളുടെ ഉപയോഗത്തെ പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നുണ്ടെങ്കിൽ ചില വഴികൾ: 

  • അവശ്യഘട്ടങ്ങളിൽ മാത്രം നിങ്ങളുടെ സെൽഫോൺ ഉപയോഗിക്കുക.
  • ഫോൺ വിളികളുടെ സമയം കുറയ്ക്കാൻ ശ്രമിക്കുക.
  • നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക.
  • വാഹനം ഓടിക്കുക, പഠിക്കുക, ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഫോൺ മാറ്റിവെയ്ക്കുക. 
  • നിങ്ങളുടെ സെൽഫോണിന് വേണ്ടി ചെലവഴിക്കാൻ ദിവസവും കുറച്ച് സമയവും പണവും മാറ്റിവെയ്ക്കുകയും അത് പരിധി വിടാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. 
  • ഫോൺ ഉപയോഗത്തെ നിയന്ത്രിക്കുവാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങളൊരു കൗൺസിലറെയോ മാനസിക ആരോഗ്യ വിദഗ്ദ്ധനെയോ കാണാവുന്നതാണ്.
  • ദിവസം മുഴുവനും ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനായി ഒരു നിശ്ചിത സമയത്ത് (എല്ലാ രണ്ട് മണിക്കൂറിലോ മറ്റോ) നിങ്ങളുടെ ഇമെയിലും വാട്‌സ് ആപ്പും  സന്ദേശങ്ങളും പരിശോധിക്കാൻ ശ്രമിക്കുക.

ജീവിതരീതിയിൽ കൃത്യമായ മാറ്റം വരുത്തുന്നത് മൂന്ന് മുതൽ ആറുമാസത്തിനുള്ളിൽ ഒരു  ആരോഗ്യകരമായ ദിനചര്യ രൂപപ്പെടുത്തുവാൻ  സഹായിക്കുന്നു. 

http://www.nimhans.kar.nic.in/ncw/leaflets2.pdf. എന്നതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ പട്ടിക. 

Q

ഒരു കുട്ടിയുടെ സാങ്കേതിക വിദ്യയോടുള്ള ആസക്തി കൈകാര്യം ചെയ്യുന്നതിൽ രക്ഷാകർത്താക്കൾക്ക് എന്ത് പങ്കാണ് വഹിക്കാൻ പറ്റുക? 

A

കുട്ടികൾ ഇന്റർനെറ്റിനോട് അടിമപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തുമ്പോൾ രക്ഷാകർത്താക്കൾ അവരുടെ ആരോഗ്യത്തേയും വിദ്യാഭ്യാസ കാര്യങ്ങളിലെ പ്രകടനത്തേയും ഓർത്ത് പരിഭ്രാന്തരായേക്കാം. സാങ്കേതികവിദ്യയോടുള്ള ആസക്തിയുള്ള ഒരു കുട്ടിയുടെ രക്ഷാകർത്താവാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അവരെ ഇങ്ങനെ സഹായിക്കാം: 

  •  ഭയപ്പെടാതിരിക്കുക. സഹായം തേടുകയാണെങ്കിൽ സാങ്കേതിക വിദ്യയോടുള്ള ആസക്തി നിങ്ങൾക്ക് കുറയ്ക്കുവാൻ സാധിക്കും. 
  • കൂടുതൽ പോസിറ്റീവായ രീതിയിൽ ആശയവിനിമയം നടത്തുക. നിങ്ങളുടെ കുട്ടിയുടെ സാങ്കേതിക വിദ്യയുടെ അമിത ഉപയോഗത്തെ സംബന്ധിച്ച് ആരോഗ്യപരമായ വിമർശനാത്മകമല്ലാത്ത ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ ഇത് നിങ്ങളെ സഹായിക്കുന്നു. 
  • ജീവിതരീതിയിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് നിങ്ങളുടെ കുട്ടിയെ സഹായിക്കുവാനായി സാങ്കേതിക വിദ്യയിൽ കേന്ദ്രീകരിച്ചല്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടാൻ സഹായിക്കുക. ഈ പദ്ധതികളിലും തീരുമാനങ്ങളിലുമെല്ലാം നിങ്ങളുടെ കുട്ടിയുടെ അഭിപ്രായം തേടേണ്ടത് പ്രധാനമാണ്. 
  • ഓൺലൈനിൽ ചിലവഴിക്കുന്നതിലൂടെ എന്താണ് അവൻ/അവള്‍ തേടുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക. 
  • നിങ്ങളുടെ കുട്ടിയെ നന്നായി പിന്തുണയ്ക്കുന്നതിനായി നിങ്ങളുടെ ഭയത്തിനും വിഷമത്തിനും സഹായം തേടുക.
  • പ്രശ്‌നത്തെക്കുറിച്ച് ബോധവാനായിരിക്കുകയും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലാക്കുകയും ചെയ്യുക. 
  • ഭക്ഷണസമയത്തോ ആഴ്ചയിൽ മുൻകൂട്ടി തീരുമാനിച്ച ഒരു ദിനമോ അല്ലെങ്കില്‍ ആഴ്ചയവസാനമോ മുഴുവൻ കുടുംബവും ഇന്റർനെറ്റിൽനിന്ന് മാറി നിൽക്കാൻ അവസരമൊരുക്കുക.
  • കുടുംബം ഒന്നായി സമയം ചിലവഴിക്കുമ്പോൾ നിങ്ങളുടെ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാതെ നല്ലൊരു മാതൃക കാണിക്കുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org