സൗഖ്യം

മാനസികവും വൈകാരികവുമായ ആരോഗ്യത്തോടെ ഇരിക്കാനുള്ള പത്ത് വഴികൾ

മാനസിക ആരോഗ്യത്തെ സംരക്ഷിക്കുക എന്നത് ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ്.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

മാനസികവും വൈകാരികവുമായ ആരോഗ്യം നമ്മുടെ പൂർണ്ണ ആരോഗ്യത്തിനും സൗഖ്യത്തിനും അവശ്യഘടകമാണ്. ജിമ്മിൽ പോകുക, നടക്കാൻ പോകുക, നീന്തുക, മറ്റെന്തെങ്കിലും കളികളിൽ ഏർപ്പെടുക തുടങ്ങി ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനുള്ള വിവിധ പ്രവൃത്തികളിൽ നമ്മൾ പങ്കുചേരാറുണ്ട്. അതുപോലെതന്നെ മാനസികവും വൈകാരികവുമായ ആരോഗ്യം സംരക്ഷിക്കുവാനുള്ള പ്രവൃത്തികളിൽ ഏർപ്പെടാനും നമ്മൾക്ക് സാധിക്കും. 
മാനസിക ആരോഗ്യത്തെക്കുറിച്ച് സാധാരണയായുള്ള തെറ്റിദ്ധാരണയാണ് മാനസികരോഗം ഇല്ലാത്ത ഒരു വ്യക്തി മാനസികമായി ആരോഗ്യവാനാണെന്നും വൈകാരിക പ്രശ്‌നങ്ങൾ ഇല്ലെന്നതും. വിഷാദരോഗം, ഉത്കണ്ഠ, അല്ലെങ്കിൽ മറ്റ് അസുഖങ്ങൾ ഇല്ലാതിരിക്കുക എന്നിവകൊണ്ട് മാത്രം ഒരു വ്യക്തി മാനസികവും വൈകാരികവുമായി ആരോഗ്യവാനാണെന്ന് പറയാൻ കഴിയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വായിക്കുക: ‘വാട്ട് ആര്‍ ദി സയന്‍സ് ഓഫ് മെന്റല്‍ വെല്‍ബീയിംഗ്’/ മാനസ്സികാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍. 
എന്തുകൊണ്ട് വൈകാരിക ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കണം?
വികാരങ്ങളെ കൈകാര്യം ചെയ്യുന്നതും വൈകാരിക സന്തുലനാവസ്ഥ നിലനിർത്തുന്നതും ഒരു പ്രധാനപ്പെട്ട കഴിവാണ്. വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത് ജീവിതരീതി പ്രശ്‌നങ്ങൾ, ബന്ധങ്ങളിലേയും മാനസിക ആരോഗ്യത്തിലേയും പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മാനസികവും വൈകാരികവുമായി ആരോഗ്യവാനായിരിക്കുന്നത് വെല്ലുവിളികളെയും മാനസിക സംഘർഷത്തേയും തിരിച്ചടികളെയും നേരിടാൻ നമ്മളെ പ്രാപ്തരാക്കുന്നു. ദൈംനംദിന ജീവിതത്തിൽ പ്രവർത്തനക്ഷമമായിരിക്കാൻ അത് നമ്മളെ സഹായിക്കുന്നു. മാനസികവും വൈകാരികവുമായി ആരോഗ്യവാനായ ഒരു വ്യക്തിക്ക് അവരുമായും മറ്റ് വ്യക്തികളുമായും ബന്ധം പുലർത്താനും തങ്ങളുടെ ജീവിതത്തിലെക്ക് കടന്ന് വരുന്ന വെല്ലുവിളികളെ തരണം ചെയ്യുവാനും സാധിക്കുന്നു. 
“ഞങ്ങൾക്ക് പലതരം വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളെയും കാര്യങ്ങളേയും കൈകാര്യം ചെയ്യേണ്ടിവന്നേക്കാം. ഞങ്ങൾ സാഹചര്യങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഞങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്യാന്‍ മാത്രമാണ് ഞങ്ങൾക്ക് കഴിയുന്നത്. വെല്ലുവിളികളുമായി യോജിച്ച് പോകാൻ സാധിക്കുന്തോറും മാനസികമായും വൈകാരികവുമായി ഞങ്ങൾ ആരോഗ്യവാന്മാരാകുന്നു”- ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൗൺസിലറായ മൗലിക ശർമ്മ പറയുന്നു. 
നിങ്ങളുടെ മാനസിക ക്ഷേമത്തെ സംരക്ഷിക്കുക
നിങ്ങളുടെ മാനസികക്ഷേമത്തെ സംരക്ഷിക്കുക എന്ന ആശയം അമൂര്‍ത്തവും വെല്ലുവിളികൾ നിറഞ്ഞതും പ്രശ്‌നഭരിതവുമായി തോന്നിയേക്കാം. എന്നിരുന്നാലും നിങ്ങളുടെ ദിനചര്യയിലേക്ക് ലളിതമായ ചില പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുകയോ നിങ്ങളുടെ ജീവിതരീതിയിൽ നിസ്സാരമായ ചില മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിങ്ങൾക്ക് ചെയ്ത് തുടങ്ങാൻ പറ്റുന്ന ചില വഴികളിതാ. 
1. നിങ്ങളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുക
മാനസികമായി നിങ്ങൾ ആരോഗ്യവാനാണ് എന്ന് ഉറപ്പ് വരുത്തുന്നതിന് ശാരീരിക ആരോഗ്യത്തിന് കൃത്യമായ പങ്കുണ്ട്. നന്നായി ഭക്ഷണം കഴിക്കുകയും കൃത്യമായി വിശ്രമിക്കുകയും ശാരീരിക ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യവാനായി ഇരിക്കാവുന്നതാണ്. പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നത് ദൈംനംദിന മാനസിക സംഘർഷങ്ങളെ കൈകാര്യം ചെയ്യുവാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കും. വിറ്റാമിൻ ബി 12, ഒമേഗ 3 ഫാറ്റി ആസിഡ്സ് തുടങ്ങിയവ ഉൾപ്പെട്ട ഭക്ഷണങ്ങൾ മാനസികനില നിയന്ത്രിക്കുന്ന തലച്ചോറിലെ രാസപദാർത്ഥങ്ങളെ കൃത്യമായി നിലനിർത്തുന്നു. മതിയായ വിശ്രമം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ദൈംനംദിന ജീവിതത്തിന്റെ ഭാഗമായ ക്ഷീണവും തളർച്ചയുമൊക്കെ മാറുന്നത് ശരിയായി ഉറങ്ങുമ്പോൾ മാത്രമാണ്. ഉറക്കക്കുറവ് നിങ്ങളിൽ ക്ഷീണവും മാനസിക സംഘർഷവും ഉണ്ടാക്കി ഭ്രാന്ത് പിടിച്ച അവസ്ഥയിൽ എത്തിക്കുന്നു. മതിയായ വ്യായാമം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും നല്ല വിശപ്പുണ്ടാക്കുന്നതിനും സഹായിക്കുന്നു. മാനസിക ക്ഷേമത്തിന് അതൊരു പ്രധാന കാര്യമാണ്. 
2. വ്യായാമവും അല്പം ശുദ്ധവായുവും
മാനസികാവസ്ഥകളെ നിയന്ത്രിക്കുന്ന രാസപദാർത്ഥമായ സൊറാട്ടോണിന്റെ ഉത്പാദനത്തെ സൂര്യപ്രകാശം വർദ്ധിപ്പിക്കുന്നുണ്ട്. ദിവസവും സൂര്യപ്രകാശം ഏൽക്കുന്നത് വിഷാദരോഗം ഒഴിവാക്കാൻ സഹായിക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ മനസിനും ഗുണകരമാണ്. വ്യായാമം ചെയ്യുന്നത് ഊർജ്ജം വർദ്ധിപ്പിക്കുകയും മാനസിക സംഘർഷവും തളർച്ചയും കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് സന്തോഷത്തോടെ ചെയ്യാൻ സാധിക്കുന്ന ഒരു പ്രവർത്തനം കണ്ടെത്തുക, അത് നിങ്ങളെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കും.
3. നിങ്ങളെ പരിപാലിക്കുക

മാനസിക വൈകാരിക ക്ഷേമത്തിന് നിങ്ങളെത്തന്നെ പരിപാലിക്കൽ ആവശ്യമാണ്. നിങ്ങളുടെ വികാരങ്ങൾ ക്രിയാത്മകമായി പ്രകടിപ്പിക്കുന്നത് സംഘർഷങ്ങളെയും പ്രശ്‌നങ്ങളെയും തരണം ചെയ്യുവാൻ സഹായിക്കുന്നു. നിങ്ങൾക്കുവേണ്ടി കുറച്ചുസമയം നീക്കിവെയ്ക്കുക. നിങ്ങളുടെ വൈകാരിക ആവശ്യങ്ങളെ മുഖവിലയ്ക്ക് എടുക്കുക. പുസ്തകം വായിക്കുക, നിങ്ങളെത്തന്നെ താലോലിക്കുക, സ്‌നേഹിക്കുക, ദൈംനംദിന ജോലികളെക്കുറിച്ച് ഓർക്കാതെ കുറച്ചുസമയം വിശ്രമിക്കുക. 
കൂടുതൽ മാനസിക നിറവുണ്ടാകാൻ നിങ്ങളുടെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ മാറ്റിവെച്ച് നിങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 'പൂർവ്വകാലത്തേയോ ഭാവിയെക്കുറിച്ചോ ചിന്തിക്കാതെ ഇന്നുകളിൽ ജീവിക്കുക. നിങ്ങളുടെ അനുഭവങ്ങളിലേക്കോ മനസിലേക്കോ കടന്നുവരുന്ന എന്തും സ്വീകരിക്കാതെ നിങ്ങൾക്ക് ആവശ്യമായ കാര്യങ്ങളിൽ മാത്രം പ്രതികരിക്കുക, ഒരേസമയം ഒരുകാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, മുൻവിധികളില്ലാതിരിക്കുക, വസ്തുക്കളോടും സാഹചര്യങ്ങളോടും നിർമമമായ മനോഭാവം വളർത്തിയെടുക്കുക തുടങ്ങിയവയാണ് മാനസിക നിറവ് അല്ലെങ്കില്‍ ആത്മാവബോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് അനുഭവങ്ങളോട് തുറന്ന സമീപനം ഉണ്ടാകാനും അവമൂലം അധികം ബാധിക്കപ്പെടാതിരിക്കാനും നിങ്ങളെ സഹായിക്കുന്നു.' നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം മഞ്ജുള പറയുന്നു. 
4. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആളുകളുടെ കൂടെ സമയം ചെലവഴിക്കുക
നിങ്ങൾ സ്‌നേഹിക്കുന്നവരോടൊപ്പം സമയം ചെലവഴിക്കുന്നത് വിലപ്പെട്ടതും അഭിനന്ദനം അർഹിക്കുന്നതുമായ കാര്യമാണ്. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അയൽക്കാർ തുടങ്ങിയവരുമായി ആരോഗ്യപരമായ ബന്ധം നിലനിർത്തുന്നത് നിങ്ങളുടെ വൈകാരികക്ഷേമം വർദ്ധിപ്പിക്കുകയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവെന്ന തോന്നൽ ഉളവാക്കുകയും ചെയ്യുന്നു. ഒരു സഹപ്രവർത്തകനുമായി ഭക്ഷണം കഴിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് കുറച്ച് കാലമായി സമയം ചെലവഴിക്കാൻ കഴിയാതെ പോയ ഒരു സുഹൃത്തിനെ കാണുവാൻ ശ്രമിക്കുക. ഒരു സാങ്കേതികവിദ്യയും ഒരു പുഞ്ചിരിക്കോ ആലിംഗനത്തിനോ പകരമാകുന്നില്ല.
5. വിനോദങ്ങളിലോ പുതിയ പ്രവർത്തനങ്ങളിലോ ഏർപ്പെടുക
നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളെ മാനസികോല്ലാസത്തിന് സഹായിക്കുന്നു. അത് നിങ്ങളുടെ മനസിനെ പ്രവര്‍ത്തനനിരതമാക്കാന്‍ സഹായിക്കുന്നതിനൊപ്പം നിങ്ങളുടെ വികാരങ്ങളെ, പ്രധാനമായും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളതുമായ വികാരങ്ങളെ തുറന്ന് വിടാനുള്ള ഉപാധിയായി മാറുന്നു. ഇത്തരം വിനോദങ്ങൾ മാനസിക സംഘർഷം തടയാനും ആത്മാഭിമാനം വർദ്ധിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നു. 
പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നല്ല കാഴ്ചപ്പാട് ഉണ്ടാകുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ സൗകര്യപ്രദമായ ഇടത്തിൽനിന്ന് പുറത്തുകടന്ന് പ്രവര്‍ത്തനനിരതനാകാന്‍ അത് നിങ്ങളെ സഹായിക്കുന്നു. പുതിയ കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നത് നിങ്ങളുടെ ചിന്താഗതി വ്യത്യാസപ്പെടുന്നതിന് സഹായിക്കുന്നു. ഒരു പുതിയ കഴിവ് (Skill) തെരഞ്ഞെടുക്കുമ്പോൾ പുതിയൊരു വെല്ലുവിളി തിരഞ്ഞെടുക്കുകയാണ്. അത് നിങ്ങളുടെ ശ്രദ്ധ കൂട്ടുകയും പുതിയ കാര്യം ചെയ്യുന്നതിനു കാരണമാകുകയും ചെയ്യുന്നു. അത് പുതിയ സാഹചര്യങ്ങളേയും വെല്ലുവിളികളെയും ആളുകളെയും അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം വർദ്ധിപ്പിക്കുന്നു.
6. നിങ്ങളുടെ മാനസിക സമ്മർദ്ദത്തെ കൈകാര്യം ചെയ്യുക
നമുക്കെല്ലാവർക്കുംതന്നെ നമ്മളെ സമ്മർദ്ദത്തിലാക്കുന്ന ആളുകളോ സംഭവങ്ങളോ ഉണ്ട്. എന്തുകൊണ്ടാണ് ഇത്തരം സമ്മർദ്ദങ്ങൾ നിങ്ങളിൽ ഉണ്ടാകുന്നതെന്ന് കണ്ടെത്തുകയും അത്തരം സാഹചര്യങ്ങളെ പുനർ വിശകലനവും പുനർ മൂല്യനിർണ്ണയവും നടത്തുക. ചിലപ്പോൾ അത്തരം സാഹചര്യങ്ങളിൽനിന്ന് മാറി നിൽക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം. പക്ഷേ എല്ലായ്പോഴും ഇത് ശരിയായി നടക്കണമെന്നോ പ്രായോഗികമാകണമെന്നോ ഇല്ല. ചിലപ്പോൾ സമ്മർദ്ദം ഉണ്ടാകുന്നത് ഇത്തരം സാഹചര്യങ്ങളെയോ സംഭവങ്ങളെയോ കൈകാര്യം ചെയ്യുവാനുള്ള വഴികൾ ഇല്ലെന്നത് കൊണ്ടാവും. ഇതുകൊണ്ടാണ് നിങ്ങളുടെ സമ്മർദ്ദത്തെ കൈകാര്യം ചെയ്യാനും തിരിച്ചറിയാനുമുള്ള വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. 
'ഒരു പരീക്ഷയെച്ചൊല്ലി നിങ്ങൾ സമ്മർദ്ദത്തിലാകുമെന്ന് അറിയാമെങ്കിൽ അതിന് ജീവിതഗതി നിർണ്ണയിക്കുന്ന കാര്യമെന്ന ചിന്താഗതി മാറ്റി പരീക്ഷയുടെ കാഴ്ചപ്പാടിൽ മാത്രം കാണുക. എന്തുകൊണ്ടെന്നാൽ പരീക്ഷയെന്നത് നിങ്ങൾ അഭിമുഖീകരിക്കേണ്ട ഒരു കാര്യം മാത്രമാണ്. ചില വിഷയങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നത് ഫലമുണ്ടാക്കിയേക്കാം. എപ്പോഴാണ് നിങ്ങൾക്കത് ഒഴിവാക്കാൻ കഴിയുന്നതെന്നും കഴിയാത്തതെന്നും കൃത്യമായി വേർതിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കണം. അതുകൊണ്ട് നിങ്ങളുടെ സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള വഴി തിരഞ്ഞെടുക്കുക. അതിലൂടെ നിങ്ങൾക്ക് നിങ്ങളെ സംരക്ഷിക്കുവാൻ സാധിക്കും. ഒരു സുഹൃത്തിനോട് സംസാരിക്കുക, നിങ്ങളെത്തന്നെ വിശ്വസിക്കുക, നിങ്ങളുടെ സാഹചര്യത്തെ വിശകലനം ചെയ്യുകയും പുനർ മൂല്യനിർണ്ണയം നടത്തുകയും ചെയ്യുക, നടക്കാൻ പോകുക, ധ്യാനിക്കുക, പാട്ട് കേൾക്കുക, കായിക പരിശീലനം ചെയ്യുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു- മല്ലിക ശർമ്മ പറയുന്നു. 
7. നിങ്ങളെ അംഗീകരിക്കുകയും നിങ്ങളില്‍ വിശ്വാസമർപ്പിക്കുകയും ചെയ്യുക
നമ്മൾ എല്ലാവരും തന്നെ വ്യത്യസ്ഥരാണ്. നമുക്ക് എല്ലാവർക്കും ശക്തികളും ദൗർബല്യങ്ങളുമുണ്ട്. നിങ്ങളുടെ ശക്തികളെ തിരിച്ചറിയുകയും അധീനതയിൽ ആക്കുകയും, ദൗര്‍ബല്യങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നത് സ്വയം വിശ്വസിക്കുവാനും മുന്നോട്ട് പോകാനുമുള്ള ശക്തിയും ധൈര്യവും നൽകുന്നു. എല്ലാവർക്കും ദൗർബല്യങ്ങളുണ്ട്; അതുപോലെ തന്നെ നിങ്ങൾക്കും. ഒരാളും പൂർണ്ണനല്ല. ഒന്നുകിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആ ദൗർബല്യത്തെ മാറ്റുവാൻ ശ്രമിക്കാം. അല്ലെങ്കിൽ അതിനെ അംഗീകരിച്ച് അതോടൊപ്പം ജീവിക്കാൻ ശ്രമിക്കാം. പക്ഷേ, മറ്റെല്ലാവരെയും പോലെ നിങ്ങൾക്കും ദൗർബല്യങ്ങളുണ്ടെന്ന് അംഗീകരിക്കുന്നതും നിങ്ങൾ പരിപൂർണ്ണനല്ലെന്ന് സമ്മതിക്കുന്നതും മാനസിക വൈകാരിക ക്ഷേമത്തിനുള്ള പ്രധാന വഴിയാണ്. യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങളുണ്ടാക്കുക, നിങ്ങളുടെ തന്നെ പരിമിതികളെ വിശകലനം ചെയ്ത് അതിന് അനുസൃതമായ അതിർത്തികൾ ഉണ്ടാക്കുക. പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാനും പരവശനാകുന്ന അവസരത്തിൽ ഇല്ലെന്ന് പറയാനും പരിശീലിക്കുക. നിങ്ങള്‍ക്ക് സൗഖ്യമാണെന്നും അതിന് അര്‍ഹനാണെന്നും മനസ്സിലാക്കുക. 
8. നിങ്ങളുടെ അനുഗ്രഹങ്ങളെ തിരിച്ചറിയുക
ഇതൊരു പറഞ്ഞ് പഴകിയ കാര്യമായി തോന്നിയേക്കാം. നിങ്ങളുടെ കൈവശമുള്ളതിന് നിങ്ങൾ നന്ദിയുള്ളവനാണെങ്കിൽ ഇല്ലാത്തവയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ കഴിയും. നിങ്ങളുടെ പക്കലുള്ളതിനെ ഓർത്ത് നന്ദിയുള്ളവനാകുന്നത് നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ ഉയർത്തുവാനും മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ദിവസവും നന്ദി പറയേണ്ടവയുടെ ലിസ്റ്റ് തയ്യാറാക്കുക, എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് അന്നത്തെ ദിവസം നിങ്ങൾക്ക് എന്തിനോടാണ് നന്ദി പറയാനുള്ളതെന്ന് എഴുതുക. എപ്പോഴും നന്ദിയുള്ളവനായിരിക്കുവാനും നിങ്ങളുടെ അനുഗ്രഹങ്ങളെ ഓർക്കുകയും ചെയ്താൽ നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആണെങ്കിലും ഒരു ദിവസം പോലും നന്ദി പ്രകടിപ്പിക്കേണ്ട എന്തെങ്കിലും ഇല്ലാതെ കടന്നുപോകുകയില്ലെന്ന് നിങ്ങൾ തിരിച്ചറിയും. 
9. നിങ്ങളെതന്നെ ആവിഷ്‌കരിക്കുക
മിക്കവാറും നെഗറ്റീവ് എന്ന് നമ്മൾ കരുതുന്ന വികാരങ്ങളിലോ തോന്നലുകളിലോ നിന്ന് നമ്മൾ മാറിനിന്നേക്കാം. നമ്മൾക്ക് തോന്നുന്നതോ അല്ലെങ്കിൽ ഇഷ്ടമുള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങളെ പ്രകടിപ്പിക്കുന്നത് മനസിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വികാരങ്ങളെ അടിച്ചമർത്തുന്നത് പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള വഴിയാണ് നമ്മളിൽ പലർക്കും. എങ്കിലും അത് ഹാനികരമായേക്കാം. പഠനങ്ങൾ തെളിയിക്കുന്നത് വികാരങ്ങളെ അടിച്ചമർത്തുന്നത് അവയെ ശക്തമാക്കുകയേയുള്ളുവെന്നാണ്. അമിതമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. വികാരങ്ങൾ നിസാരമോ മറ്റെതെങ്കിലും ബന്ധമില്ലാത്തതോ ആയ കാര്യങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. 
വൈകാരികലോകത്തെ അടിച്ചമർത്തുന്നത് ഉത്കണ്ഠാരോഗത്തിലേക്കും വിഷാദരോഗത്തിലേക്കും നയിക്കുമെന്ന് കരുതപ്പെടുന്നു. ദേഷ്യമോ വിഷാദമോ പോലും പ്രകടിപ്പിക്കാൻ അർഹതയുള്ള വികാരങ്ങളാണ്. നമ്മൾക്കോ നമ്മുടെ ബന്ധങ്ങള്‍ക്കോ ചുറ്റുപാടിനോ ആഘാതമുണ്ടാക്കുന്ന വിധത്തിൽ അത് പ്രകടിപ്പിക്കരുതെന്നതാണ് നമ്മൾ തിരിച്ചറിയേണ്ടുന്ന ഒരു കാര്യം. ‘ഒരു വികാരവും അതിന്റേതായ രീതിയിൽ നല്ലതോ ചീത്തയോ അല്ല. എല്ലാ വികാരങ്ങളും പ്രധാനങ്ങളും അത്യാന്താപേക്ഷിതവുമാണ്. അനുഭവത്തിന്റെ തീവ്രതയെ പ്രകടിപ്പിക്കുന്ന രീതിയോ (ഒരുപാട് കൂടുതലോ കുറവോ) വികാരപ്രകടനത്തിന്റെ കൃത്യതയോ വികാരങ്ങള്‍ തുടര്‍‌ച്ചയായി ഉണ്ടാകുന്നതോ ആണ് അതിനെ ആരോഗ്യകരമോ അനാരോഗ്യകരമോ ആക്കുന്നത്’- ഡോ. മഞ്ജുള പറയുന്നു.
10. നിങ്ങൾ പരവശനായിരിക്കുമ്പോൾ സഹായം തേടുക
മാനസിക സമ്മർദ്ദമോ ഉത്കണ്ഠയോ ഇല്ലാത്ത എല്ലാം തികഞ്ഞ ജീവിതമുള്ള ഒരുവനും ഈ ഭൂമിയിലില്ല. നിങ്ങൾക്ക് വിഷമമോ വെല്ലുവിളികളോ ഇച്ഛാഭംഗമോ ദേഷ്യമോ ആശയക്കുഴപ്പമോ സംഭ്രമമോ ഉണ്ടാകുകയും അവയെ തരണം ചെയ്യാൻ പറ്റാതെ വരുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന പങ്കാളിയോ സുഹൃത്തോ രക്ഷാകർത്താവോ സഹോദരങ്ങളോ ബന്ധുവോ തുടങ്ങി ആരോടെങ്കിലും സംസാരിക്കുക. കൂടുതൽ സഹായം വേണ്ടിവരുമെങ്കിൽ ഒരു ഡോക്ടറെയോ കൗൺസിലറേയോ കാണുക. എത്രയും നേരത്തെ സമീപിക്കുന്നോ അത്രയും നല്ലത്. സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്ന് ഓർക്കുക. അതെപ്പോഴും ചിത്രീകരിക്കപ്പെടുന്നതുപോലെ ദൗര്‍ബല്യത്തിന്റേതല്ല, ശക്തിയുടെ തെളിവാണ്. ജീവിതത്തിന്റെ വെല്ലുവിളികളെ നിങ്ങൾ ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ട ആവശ്യമില്ല. ഉല്പതിഷ്ണുക്കൾ അവരെതന്നെ സഹായിക്കാൻ വേണ്ടി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നു. 
White Swan Foundation
malayalam.whiteswanfoundation.org