സമൂഹ പരിപാലനത്തിന് മാനസികരോഗമുള്ളവരെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സുഖപ്പെടുത്തുവാൻ കഴിയും

താൻ ജീവിക്കുന്ന അതേ അന്തരീക്ഷത്തിൽ തന്നെ ജീവിച്ചുകൊണ്ടു രോഗം സുഖപ്പെടുന്നതിന് സഹായിക്കുന്നത്, രോഗമുക്തി വേഗത്തിലാക്കുന്നതിനും സാമൂഹിക ദുഷ്‌കീർത്തി ഭയത്തെ ചെറുത്തുനിൽക്കുന്നതിനും സഹായകമാകും

കർണാടകത്തിലെ പവഗഡ താലൂക്കിലെ മംഗളവഡ എന്ന ഗ്രാമത്തിലുള്ള ഒരു കുടിലിൽ, 32 വയസ്സുകാരനായ ഹനുമന്തരയ്യ തനിക്കു ചുറ്റും ഇരിക്കുന്ന അയൽക്കാരെ പതറിയ മട്ടിൽ നോക്കുന്നുണ്ടായിരുന്നു. ഹനുമന്തരയ്യ കുട്ടിയായിരിക്കുമ്പോൾ അയാൾക്ക് ബുദ്ധിപരിമിതിയും ബുദ്ധിഭ്രമവും ഉണ്ടെന്ന് നിർണ്ണയിച്ചിരുന്നു. അയാളുടെ അമ്മ ലക്ഷ്മമ്മയാണ് അയാളുടെ ഏറ്റവും പ്രധാനപ്പെട്ട എന്നാൽ ഒരേയൊരു പരിപാലകയും. 80 വയസ്സായ ലക്ഷ്മമ്മ തികച്ചും തളർന്നു കഴിഞ്ഞു. "എല്ലായ്‌പ്പോഴും അവന്‍റെ മേൽ ഒരു കണ്ണുണ്ടായിരിക്കണം എന്നത് വളരെ തളർത്തുന്നതാണ്. അവന് ദേഷ്യം പിടിക്കും, ചുറ്റുമുള്ളവരോട് ചിലപ്പോൾ ആക്രമണസ്വഭാവം കാണിക്കും. ഞാൻ പോയി കഴിഞ്ഞാൽ പിന്നെ അവന്‍റെ കാര്യം ആരു നോക്കും?" അവർ പറയുന്നു. പാവഗഡയിലെ നരേന്ദ്ര ഫൗണ്ടേഷന്‍റേയും ബംഗളുരു ആസ്ഥാനമായുള്ള, മാനസികാരോഗ്യത്തിനു വേണ്ടി സ്ഥാപിതമായ, ബേസിക് നീഡ്‌സ് ഇന്ത്യ (ബിഎൻഐ) എന്ന ലാഭേച്ഛ ഇല്ലാതെ പ്രവര്ത്തിക്കുന്ന സംഘടനയുടേയും സഹായത്തോടെ മംഗൾവാഡയിലെ അംഗപരിമിതരുടെ സ്വയം സഹായ കൂട്ടായ്മയുടെ (അഥവാ സംഘത്തിന്‍റെ) ഭാഗമാണ് ലക്ഷ്മമ്മ. മംഗൾവാഡ പോലെ ഉള്ള ഗ്രാമങ്ങളിൽ മാനസികാരോഗ്യ പരിപാലനത്തിൽ സാമൂഹിക പങ്കാളിത്തത്തിനു വേണ്ടി ഈ സംഘടനകൾ സംയുക്തമായി പ്രവർത്തിക്കുന്നു. 

വീട്ടിൽ നിന്നു പുറത്തു പേകേണ്ട ദിവസങ്ങളിൽ ലക്ഷ്മമ്മ മകനു വേണ്ടി സംഘത്തിലെ അംഗങ്ങളെ സമീപിക്കുന്നു. "ഒരു പരിപാലക എന്നനിലയ്ക്ക് അവർക്ക് ഏകാന്തതയും ക്ഷീണവും അനുഭവപ്പെടാം. അവരെ പോലെയുള്ള പരിപാലകർ ഒരു ഒഴിവ് എടുക്കുന്നതിന് ഞങ്ങൾ സഹായിക്കുന്നു, അവരുടെ മറ്റു കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. അവരുടെ കുടുംബത്തിലെ മാനസിക രോഗമുള്ള വ്യക്തിയെ പരിപാലിക്കുന്നതിന് ഞങ്ങൾ മാറി മാറി എത്തുന്നു," പരിമിതി സംഘത്തിലെ അംഗമായ സതീഷ് പറയുന്നു. പക്ഷേ തൊട്ടടുത്തുള്ള കടയിലേക്ക് പെട്ടെന്നൊന്നു പോകുക തുടങ്ങിയ പെട്ടെന്നു വേണ്ടി വരുന്ന ദൗത്യങ്ങൾക്ക് അവർക്ക് സഹായാർത്ഥം അയൽക്കാരേയും സമീപിക്കാം.

മാനസികാരോഗ്യ വിദഗ്ദ്ധർ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാംപുകളും അവയ്‌ക്കൊപ്പം വികസന പ്രവർത്തകർ സംഘടിപ്പിക്കുന്ന അവബോധ പരിപാടികളിലെ വർഷങ്ങളായുള്ള പങ്കാളിത്തവും കൂടി ഈ ഗ്രാമത്തിലെ അംഗങ്ങളേയും മറ്റ് അനേകം പേരേയും മാനസിക രോഗമുള്ളവരുടേയും അവരുടെ പരിപാലകരുടേയും ആവശ്യങ്ങളെ കുറിച്ച് സംവേദനക്ഷമത ഉള്ളവരാക്കി മാറ്റിയിട്ടുണ്ട്. ലക്ഷ്മമ്മയെ പോലുള്ള പരിപാലകയ്ക്ക് ഗുണകരമായ വിധത്തിൽ ഈ സംവേദനക്ഷമത ഉപയോഗപ്പെടുന്നു. 

എന്തുകൊണ്ടാണ് മാനസികാരോഗ്യത്തിൽ പരിപാലനം പ്രധാനമാകുന്നത്

മാനസിക രോഗങ്ങൾ ഉള്ളവരുടെ പരിപാലനം ഔഷധോപയോഗം കൊണ്ടു മാത്രം അവസാനിക്കുന്നില്ല. സുഖപ്പെടലിന്‍റെ ഒരു പ്രധാനപ്പെട്ട വശം പുനരധിവാസവും പരിപാലിക്കുന്നവരിൽ നിന്നും അവർ ജീവിക്കുന്ന സമൂഹത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയുമാണ്. ഔഷധ ചികിത്സ ലഭിച്ചതിനു ശേഷം, മാനസിക രോഗങ്ങളുള്ള വ്യക്തികൾക്ക് പുനരധിവാസവും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് ഉള്ള മടക്കവും ജോലി ചെയ്യുവാൻ ആരംഭിക്കലും അവരവരെ തന്നെയും  അവരുടെ കുടുംബങ്ങളേയും പിന്തുണയ്ക്കലും പിന്നെ സമൂഹകാര്യങ്ങളിൽ ഉള്ള പങ്കാളിത്തവും ആവശ്യമാണ്. 

സാമൂഹ്യ മാനസികാരോഗ്യത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്, മാനസികാരോഗ്യത്തെ പ്രാഥമിക ചികിത്സയിൽ ഉൾപ്പെടുത്തുക, ആവശ്യത്തിനുള്ള വൈദ്യശാസ്ത്ര സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ ജീവിക്കുന്ന വലിയ സമൂഹങ്ങളിലേക്ക് എത്തിപ്പെടുക എന്നതാണ്. അങ്ങനെയുള്ള പ്രദേശങ്ങളിൽ ബിഎൻഐ പോലെയുള്ള സ്ഥാപനങ്ങൾ പങ്കാളിത്തമുള്ള മറ്റു സംഘടനകൾക്കും മാനസികാരോഗ്യ വിദഗ്ദ്ധർക്കും ഒപ്പം സാമൂഹിക മാനസികാരോഗ്യ സേവനങ്ങൾ പിന്തുണയ്ക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്തുന്നു. അവബോധം പരത്തുന്നതിലും രോഗികളിലേക്ക് എത്തിപ്പെടുന്നതിനും മെഡിക്കൽ ക്യംപുകളിൽ വച്ച് അവർ ചികിത്സിക്കപ്പെടുന്നതിനും സാമൂഹ്യ പ്രവർത്തകർ സജീവമായ പങ്കു വഹിക്കുന്നുണ്ട്. തെരുവു നാടകങ്ങളും ഗാനങ്ങളും വഴി അവബോധ പരിപാടികൾ അവതിപ്പിച്ച് തദ്ദേശീയരെ ഇക്കാര്യങ്ങളിൽ കൂടുതൽ പ്രസക്തി ഉള്ളവരാക്കി മാറ്റുന്നുണ്ട്. 

എന്താണ് സാമൂഹ്യ പരിപാലനം?

ശാന്താറാം എന്നൊരു മനാസിക രോഗമുള്ള വ്യക്തി ഈറോഡ് ജില്ലയിലെ തൽവഡി പ്രദേശത്ത് അലഞ്ഞുതിരിയുന്നുണ്ടായിരുന്നു. ഒരു എൻജിഒ പ്രതിനിധി ശാന്താറാമിനെ അവിടെയുള്ള ഒരു മെഡിക്കൽ ക്യാംപിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാൾക്ക് സമയത്ത് ഔഷധങ്ങൾ നൽകുന്നതിന് പരിപാലകരുടെ അഭാവം ഉണ്ടായിരുന്നതിനാൽ, ആ ചുമതല പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഏറ്റെടുത്തു. മൂന്നു മാസത്തോളം പൊലീസുകാർ എല്ലാ ദിവസവും അയാൾക്ക് മരുന്നുകൾ കൊടുത്തു വന്നു. ശാന്താറാം അസുഖമോചിതനായി, എവിടെ നിന്നാണ് താൻ വരുന്നത് എന്ന് അയാൾക്ക് ഓർമ്മ കിട്ടി. പൊലീസുകാർ ശാന്താറാമിനെ അയാളുടെ ഗ്രാമത്തിൽ എത്തിച്ചു കൊടുത്തു.

(ഈ വിവരണം യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. സ്വകാര്യത സംരക്ഷിക്കുന്നതിനായി പേരുകൾ മാറ്റിയിട്ടുണ്ട്)

സാമൂഹ്യ പരിപാലനം അഥവാ പരിപാലിക്കൽ എന്നത് ചിരസ്ഥായിയായ രോഗമുള്ള വ്യക്തിക്ക് പിന്തുണയും പരിചരണവും നൽകുന്നതിന്‍റെ ചുമതല സമൂഹത്തിലെ അംഗങ്ങൾ കൂടി ഏറ്റെടുക്കുന്നതാണ്. ഔഷധങ്ങൾ നലകുന്നതിന്‍റേയും വ്യക്തിയുടെ സുരക്ഷയുടേയും സൗഖ്യത്തിന്‍റേയും ചുമതല കൂടി പലപ്പോഴും പരിപാലനത്തിൽ ഉൾപ്പെടുന്നുണ്ട്. പ്രഥമ പരിപാലകന് ഒരു താൽക്കാലിക വിശ്രമം നൽകുന്നതിനു വേണ്ടി തങ്ങളുടെ സമയവും പരിശ്രമവും സ്വേച്ഛയാ ദാനം ചെയ്യുവാൻ തയ്യാറുള്ള കൂട്ടുകുടംബാംഗങ്ങൾ, സുഹൃത്തുക്കൾ അയൽക്കാർ തുടങ്ങിയവർക്ക് സാമൂഹ്യപരിപാലകരിൽ ഉൾപ്പെടാൻ സാധിക്കും. 

രോഗിക്ക് ഔഷധങ്ങളും പരിചരണവും നൽകുന്ന കാര്യത്തിൽ മാനസികാരോഗ്യ വിദ്ഗദ്ധരുടെ ഉപദേശം കൃത്യമായി അനുസരിക്കുന്നതിന് പരിപാലിക്കുന്ന വ്യക്തി ഓർമ്മ വയ്‌ക്കേണ്ടതാണ്. ഒരു രോഗിയുടെ ചികിത്സാ പദ്ധതി ആയിരിക്കില്ല മറ്റൊരു രോഗിയുടേത് എന്ന് അവർ ഓർമ്മിക്കേണ്ടതുമുണ്ട്. 

നഗര സംവിധാനങ്ങളിൽ സാമൂഹ്യ പരിപാലനം നടപ്പിൽ വരുത്തുവാൻ കഴിയുമോ?

നഗരങ്ങളിൽ, പരിപാലകർ പിന്തുണ സംഘങ്ങൾ ഉണ്ടാക്കുന്നു, അവിടെ അവർ ഒന്നിച്ചു കൂടി പരിപാലനത്തെ കുറിച്ചു ചർച്ച ചെയ്യുകയും തങ്ങൾക്കിടയിൽ നിന്നു തന്നെ പിന്തുണ കണ്ടുപിടിക്കുകയും ചെയ്യുന്നു. എങ്കിലും നഗരപ്രദേശങ്ങളിൽ സാമൂഹ്യ പിന്തുണ എന്ന ആശയം ഇനിയും സാധാരണത്വം കൈവരിച്ചിട്ടില്ല. "ഒരു ഉൾപ്രദേശ പശ്ചാത്തലത്തിൽ സമൂഹം എന്ന ആശയം കൂടുതൽ ശക്തിമത്താണ്, അവിടെ മറ്റൊരു വ്യക്തിയെ സേവിക്കുന്നതിലും   സഹായിക്കുന്നതിലും പരിചരിക്കുന്നതിലും പ്രകൃത്യാ തന്നെ താൽപ്പര്യമുള്ള ആളുകളുണ്ട്. ഒരു നാഗരിക പശ്ചാത്തലത്തിൽ, ആളുകൾ തങ്ങളുടെ തന്നെ ജോലികളിൽ ഏര്‍പ്പെട്ടിരിക്കുന്നതിനാലും ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കുടിയേറി പാർക്കുന്നതിനാലും സമൂഹം എന്നൊരു അവബോധം ഇല്ലാത്തതിനാലും, നിശ്ചിത താൽപ്പര്യങ്ങൾ ഉള്ളവരുടെ ഒരു സമൂഹസംഘം ഇല്ല.പക്ഷേ അങ്ങനെയുള്ള ഒരു സംവിധാനത്തിന്‍റെ നിലനിൽപ്പ് രോഗികൾക്കും പരിപാലകർക്കും അങ്ങേയറ്റം സഹായകമായി തീർന്നേക്കാം,:' നിംഹാൻസിലെ (NIMHANS) സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ആയ ഡോ എൻ ജനാർദ്ദന പറയുന്നു.

മാനസിക രോഗങ്ങളുള്ള ആളുകളുടെ പരിപാലനത്തിൽ കൂടുതൽ സാമൂഹിക ഇടപെടലുകൾ ഉൾപ്പെടുന്നതിന് മാനസികാരോഗ്യ പ്രശ്‌നങ്ങളെ പറ്റി കൂടുതൽ അവബോധവും അതുവഴി ഉണ്ടാകുന്ന തന്മയീഭാവവും വേണ്ടതുണ്ട് എന്ന് വിദ്ഗദ്ധര്‍ പറയുന്നു.

പരിപലാകനും രോഗമുളള വ്യക്തിക്കും ലഭ്യാമാവുന്ന ആനുകൂല്യങ്ങൾ

സ്‌കിസോഫ്രീനിയ, ബൈപോളാർ ഡിസോഡർ തുടങ്ങിയ ഗൗരവതരമായ മാനസികരോഗങ്ങൾ അനുഭവിക്കുന്ന വ്യക്തികളുടെ പരിപാലനം എന്നത് സാധാരണയായി ദീർഘകാലം വേണ്ടതാണ്, കാലം ചെല്ലുമ്പോൾ അത് പരിപാലകന് അങ്ങേയറ്റം തളർത്തുന്ന അനുഭവം ആയി തീരാനും മതി.. ആ വ്യക്തിക്ക് നിരന്തര പിന്തുണ വേണം എന്നുള്ളതിനാൽ തങ്ങളുടെ പതിവു ജോലി തുടരുന്നതിനോ ഏതെങ്കിലും സാമൂഹ്യ കൂടിച്ചേരലുകളിൽ പങ്കു ചേരുന്നതിനോ അവർക്കു സാധിച്ചെന്നു വരില്ല. പക്ഷേ അയൽപക്കക്കാരുടേയോ കുടുംബാംഗങ്ങളുടേയോ പിന്തുണയോടെ, പരിപാലനം എന്ന ഭാരം ലഘൂകരിക്കുവാൻ സാധിക്കും. ഇത് ലക്ഷ്മമ്മയെ പോലുള്ളവർക്ക് ഒരു ജോലി ഏറ്റെടുക്കുന്നതിനും തങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനും അനുവദിക്കുന്നു. നമ്മുടെ ഗ്രാമീണ പശ്ചാത്തലങ്ങളിൽ കാണപ്പെടുന്നതു പോലെയുള്ള ഒരു സമർത്ഥമായ സാമൂഹിക സംവിധാനത്തിൽ, രോഗമുള്ള വ്യക്തിയുടെ മേൽ പലപ്പോഴും അയൽക്കാർക്ക് ഒരു ശ്രദ്ധയുണ്ടാകും. ഒരു സാമൂഹിക സംവിധാനം ഉള്ളപ്പോൾ, ഒരു പരിപാലകന് ആശ്വാസം തോന്നും, അയാളുടെ ഒറ്റപ്പെടൽ കുറഞ്ഞതായും അനുഭവപ്പെടും. രോഗം മൂലമുള്ള അവരുടെ പെരുമാറ്റം എളുപ്പത്തിൽ അംഗീകരിക്കുന്ന, അവരെ അറിയാവുന്ന ഒരു സമൂഹത്തിന്‍റെ ഭാഗമായി ഇരിക്കുക എന്നതിൽ രോഗിയും ഒരു ശക്തമായ പിന്തുണ സംവിധാനം കണ്ടെത്തും. അതിനാൽ, വ്യക്തി രോഗത്തിൽ നിന്നു മുക്തി നേടുമ്പോൾ, അയാളെ ഒരു പ്രവർത്തിക്കുന്ന അംഗമാക്കുന്നതിന് സഹായിക്കുന്നതിനും ആ സമൂഹത്തിനു കഴിയും. 

സമൂഹത്തിലെ ഒരു അംഗത്തിനു എങ്ങനെയാണ് സഹായിക്കുവാൻ കഴിയുക?

  • രോഗി തന്‍റെ അസുഖത്തിൽ നിന്നു മോചനം നേടിയെങ്കിൽ, നിങ്ങൾക്ക് അവരെ ഉദ്യോഗത്തിനു ശുപാർശ ചെയ്യാം, അല്ലെങ്കിൽ അയാളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തി അയാൾക്ക് അനുയോജ്യമായ ജോലി നൽകാം. 
  • ആ വ്യക്തിയെ ചികിത്സിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ, നിങ്ങൾ പരിപാലകന് ഒരു ഹ്രസ്വകാല പരിപാലനം നൽകുക. പരിപാലകന് ഒരു ഒഴിവ് എടുക്കത്തക്ക വിധത്തിൽ പരിപാലകനെ സഹായിക്കുന്നതിനു സന്നദ്ധത പ്രകടിപ്പിക്കുക.
  • അംഗപരിമിതി സർട്ടിഫിക്കറ്റുകൾ മുതലായവ നേടുന്നതിനായി സർക്കാർ അധികാരികളെ സമീപിക്കുന്നതിനു വേണ്ടുന്ന കടലാസുകൾ ശരിയാക്കുന്നതിനു നിങ്ങൾക്കു അവരെ സഹായിക്കുവാൻ സാധിക്കും.
  • പരിപാലകർക്കു ഏകാന്തത തോന്നുന്നതിനു സാദ്ധ്യതയുണ്ട്. കുടുംബത്തിലെ ചടങ്ങുകളിലേക്കും സാമൂഹിക ഒത്തു കൂടലുകളിലേക്കും അവരെ കൂടി ക്ഷണിക്കുക, നിങ്ങൾക്കൊപ്പം കൂടുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക.

സാമൂഹിക അവബോധം സൃഷ്ടിക്കുന്നത്

തങ്ങളുടെ സ്വന്തം വീടുകളിലും സമൂഹത്തിലും മാനസിക അസുഖം അനുഭവിക്കുന്ന ആളുകൾക്കൊപ്പം അവർക്ക് ലഭ്യമായ സ്രോതസ്സുകളും പിന്തുണ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിലൂടെ പലേ മാനസികാരാഗ്യ പ്രശ്‌നങ്ങളും (വിഷാദം, സ്‌കിസോഫ്രീനിയയും മറ്റുള്ളവയും) പ്രയോജനപ്രദമായ വിധത്തിൽ ചികിത്സിക്കുന്നതിനു സാധിക്കും. അവബോധം ഉണർത്തുന്ന പ്രചരണങ്ങളും അറിവിന്‍റേയും കഴിവുകളുടേയും വലിയതോതിലുള്ള വിതരണവും മനോരോഗങ്ങളോടു അനുബന്ധിപ്പിച്ചിട്ടുള്ള സാമൂഹ്യദുഷ്‌കീർത്തി അഥവാ കളങ്കം ലഘൂകരിക്കുന്നതിന് സഹായിക്കും1. മാനസിക രോഗങ്ങളോട് ബന്ധിപ്പിച്ചുള്ള തെരുവു നാടകം, ചുവരെഴുത്ത് ചുടങ്ങിയവ മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സമൂഹാംഗങ്ങളെ പ്രയോജനപ്രദമായ രീതിയിൽ ബോധവൽക്കരിക്കുന്നതിനു സഹായകമാകും. "അങ്ങനെയുള്ള അറിവിലേക്കുള്ള നിരന്തര വെളിപ്പെടൽ ആളുകൾക്കിടയിൽ മാനസിക അസുഖത്തെ കുറിച്ചുള്ള ബോധം സൃഷ്ടിക്കുന്നതിനും അങ്ങനെ സാമൂഹ്യ ദുഷ്‌കീർത്തി ലഘൂകരിക്കുന്നതിനും സഹായിക്കും," ഡോക്ടർ ജനാർദ്ദന പറയുന്നു. " ചികിത്സക്കും ഔഷധോപയോഗത്തിനും ശേഷം സുഖപ്പെട്ട രോഗമുള്ള വ്യക്തികൾ സമൂഹാംഗങ്ങളിൽ ഒരു ശുഭദായകമായ പ്രഭാവം സൃഷ്ടിക്കുകയും ചെയ്യും," എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അവലംബം:

1-ജനാർദ്ദന, എൻ & നായിഡു, ഡിഎം (2012). മാനസിക രോഗമുള്ള ആളുകളെ സമൂഹാധിഷ്ഠിതമായ പുനരധിവാസത്തിൽ ഉൾപ്പെടുത്തൽ: ഇന്നിന്‍റെ ആവശ്യം. ഇന്‍റര്‍നാഷണൽ ജേർണൽ ഓഫ് സൈക്കോളജിക്കൽ റിഹാബിലിറ്റേഷൻ. ലക്കം 16(1) 117-124

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org