Others

ഞാനെഴുതാന്‍ തുടങ്ങിയപ്പോള്‍, കൂടുതല്‍ പേര്‍ അവരുടെ അനുഭവങ്ങളുമായി എന്നിലേക്കെത്തുന്നത് ഞാന്‍ കണ്ടെത്തി

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

മാനസ്സികപ്രശ്നങ്ങളനുഭവിക്കുന്ന വ്യക്തികള്‍ക്ക് ചികില്‍സയ്ക്കും സൈക്കോതെറാപ്പിക്കും ഒപ്പം വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയും തങ്ങളുടെ അസ്വാസ്ഥ്യങ്ങളില്‍ നിന്ന് മോചനം നേടാനാകും. തന്റെ ചിന്തകള്‍ കുറിച്ചുവയ്ക്കുന്നതിലൂടെ എപ്രകാരമാണ് ഇത്തരത്തിലൊരു മോചനം സാധ്യമായതെന്ന് ബ്ലോഗറായ ശൈലജ വിശ്വനാഥ് വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്റെ സഞ്ജയ് പട്നായിക്കിനോട് സംസാരിക്കുന്നു. 
നിങ്ങളുടെ രോഗം നിര്‍ണയിക്കപ്പെട്ട കാലഘട്ടത്തെപ്പറ്റി ഒന്നു പറയാമോ? നിങ്ങളുടെ കുടുംബവും പങ്കാളിയും എങ്ങനെയാണ് ഇതിനോടു പ്രതികരിച്ചത്? 

വിഷാദവും വിഷാദോന്മാദവും (Depressive and Manic depressive- വിഷാദാവസ്ഥയും വിഷാദവും ഉന്മാദവും ഇടവിട്ടുണ്ടാകുന്ന മാനസ്സികാവസ്ഥയും) നിര്‍ണയിക്കപ്പെടുന്ന  സമയത്ത് അവയൊക്കെ എന്റെ അറിവില്ലാതെ സംഭവിക്കുന്ന കാര്യങ്ങളായിരുന്നു. ഇത് കണ്ടെത്തുമ്പോള്‍ ഞാന്‍ അഗാധമായ മാനസിക പ്രശ്നത്താല്‍ വിഷമിക്കുകയായിരുന്നു. ചിലപ്പോള്‍ മതിഭ്രമത്തിന്റെ അങ്ങേയറ്റം, മറ്റുചിലപ്പോള്‍ അക്രമാസക്തം, കരച്ചില്‍... ചിലപ്പോള്‍ അതൊക്കെ രണ്ടുമണിക്കൂര്‍വരെ തുടര്‍ച്ചയായി നീളും. ഇത് അവിശ്വസനീയമായ രീതിയില്‍ പേടിപ്പെടുത്തുകയും അതേസമയം അശക്തയാക്കുകയും ചെയ്യുന്നതായിരുന്നു. 

ഒരു തെറാപ്പിസ്റ്റിനെ കാണുകയെന്നത് എനിക്ക് ബോധ്യപ്പെടാന്‍ അല്‍പകാലമെടുത്തു. തുടക്കത്തില്‍ മാതാപിതാക്കളെയും പിന്നെ എന്നെയും കാണുന്നതിനായി ഒരാള്‍ വീട്ടിലെത്തി. ആ ഘട്ടം കടുത്ത പ്രതിഷേധവും അമര്‍ഷവും ദേഷ്യവും ദുര്‍മുഖവും എന്നുവേണ്ട, ഇതിനപ്പുറം മറ്റൊന്നും എന്നെ കീഴടക്കാനില്ലെന്ന തോന്നലിന്റെ വേദന ഇല്ലാതാക്കാന്‍ സ്വയം അവസാനിപ്പിക്കാന്‍പോലും ഞാന്‍‌ ശ്രമിക്കുന്ന സമയമായിരുന്നു. 

ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിച്ചുവെന്നതിനാല്‍തന്നെ എന്നെ സംബന്ധിച്ച് സാധ്യമായ ഏറ്റവും നല്ല സംഗതി ഒരു പ്രൊഫഷണലിലൂടെ രോഗനിര്‍ണയം നടത്താനായി എന്നതായിരുന്നു. ഒന്നാമത്തെ വസ്തുതയെന്താണെന്നുവച്ചാല്‍ തലച്ചോറിലെ ഹോര്‍മോണുകളുടെ രാസസമതുലനം അവതാളത്തിലാക്കുന്ന കൃത്യമായ ശാരീരിക രോഗാവസ്ഥതന്നെയാണിതെന്നതാണ്. രണ്ടാമത്തേത്, എന്നിട്ടും ഞാന്‍ നന്നായി മനസ്സിലാക്കാതിരുന്ന ഒരു കാര്യം, എന്റെ മാതാപിതാക്കളുടെ പരിചരണത്തിന്റെ പരിധിക്കുള്ളിലായിരുന്നപ്പോള്‍ എനിക്കുണ്ടായ സൗഖ്യമാണ്. എനിക്ക് ഏറെ ആശ്വാസംപകര്‍ന്ന അതിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നത് ഞാനോര്‍മിക്കട്ടെ.  മൂന്നാമതായി, എന്റെ തീവ്രമായ അപകടകാരികളായ പെരുമാറ്റ രീതികളെ നിയന്ത്രിക്കാന്‍ ചികില്‍സയിലൂടെ സാധിച്ചതും മരുന്നുകള്‍ മേല്‍നോട്ടത്തിനധീനയായി കഴിക്കാന്‍ കഴിഞ്ഞതുമാണ്. ഇത് എന്റെ അത്യസാധാരണമായ മോചനത്തിന് വളരെയേറെ സഹായിച്ചു. 

ഇതേപ്പറ്റി ഇപ്പോള്‍ സംസാരിക്കാനും, എന്തിന് ഞാന്‍ ജീവിച്ചിരിക്കാന്‍പോലും ഏക കാരണം എന്റെ കുടുംബമാണ്. എന്റെ പങ്കാളിയും ഇക്കാര്യത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ഒരു നവവരനെ സംബന്ധിച്ചിടത്തോളം തന്റെ ഭാര്യ എന്തിലൂടെയൊക്കെയാണ് കടന്നുപോകുന്നതെന്നു നിരീക്ഷിക്കുന്നതും, തീവ്രമായ ഉത്ക്കണ്ഠയോ കരച്ചിലിന്റെ മൂര്‍ധന്യമോ മരവിപ്പിക്കുന്ന ഭയമോ പോലെ ആരിലും ആശങ്കയുണ്ടാക്കുന്ന അവളുടെ ദൈനംദിനസാഹചര്യങ്ങളില്‍ വിവേകത്തോടെ കഴിയുകയെന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റേതൊരാളാണെങ്കിലും വളരെ മുന്‍പേതന്നെ ഉപേക്ഷിച്ചുപോയേക്കാവുന്ന സാഹചര്യത്തില്‍, എന്റെയൊപ്പം അവന്‍ ഉറച്ചുനിന്നതുകൊണ്ടുതന്നെ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. 
നിങ്ങള്‍ മനോരോഗചികില്‍സയിലൂടെ കടന്നുപോയിട്ടുണ്ടോ? അത് അത്യാവശ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ക്ക് ഇപ്പോഴും മരുന്നോ കൗണ്‍സിലിംഗോ ആവശ്യമായിട്ടുണ്ടോ? 

തുടക്കത്തില്‍, രോഗം കണ്ടെത്തുന്നതിന് മുന്‍പുള്ള ആദ്യത്തെ മൂന്നുമാസം ഞാന്‍ മാനസ്സികവും ശാരീരികവുമായി അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയിരുന്നത്. വൈകാരികമായ തകര്‍ച്ചയിലേക്ക് എറിയപ്പെടുന്ന ആ അവസ്ഥ നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിനുപോലും സംഭവിക്കരുതേ എന്ന് ആഗ്രഹിച്ചുപോകുന്ന ഒന്നാണ്.
 
ഏകാന്തതയും, ഉറക്കമില്ലായ്മയും, ഭ്രമാത്മകമായ പെരുമാറ്റവും ഏതാണ്ട് മൂന്നുമാസത്തോളം എന്റെ ദിനചര്യപോലായിരുന്നു. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലുള്ള, ചിലപ്പോള്‍ ഉള്‍വലിഞ്ഞ രീതിയിലും, എന്റെ ഒട്ടേറെ ദിവസങ്ങളില്‍ എന്റെ സമീപത്ത് ശാന്തനായിരുന്നു കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എങ്ങിനെ എന്റെ ഭര്‍ത്താവിനു സാധിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. സത്യം പറയാം, ഞാനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ കുഴങ്ങിപ്പോകുമായിരുന്നു, അത്രയും നാള്‍ പിടിച്ചുനില്‍ക്കുവാനാകുമായിരുന്നില്ല.

മനസ്സ് എങ്ങിനെയാണ് പ്രവര്‍ത്തിക്കുകയെന്നു മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് ഈ പരിതസ്ഥിയുടെ നിര്‍ഭാഗ്യകരമായ ഒരു ഭാഗം. നമ്മളാരും യോഗ്യതയുള്ള മാനസികാരോഗ്യവിദഗ്ദ്ധരല്ല. ഭയത്തിന്റെ വല്ലാത്ത അവസ്ഥയിലൂടെയും ഉത്കണ്ഠയുടെ ആക്രമണത്തിലൂടെയും ആളുകള്‍ ​എങ്ങിനെയാണ് കടന്നുപോകുകയെന്ന് ശരിക്കു മനസ്സിലാക്കാന്‍ നമുക്കുമുന്നില്‍ മാര്‍ഗമൊന്നുമില്ല.
സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നു മനസ്സിലാക്കാനാകാതെപോയതിനാല്‍ എന്റെ മാതാപിതാക്കള്‍ സ്വമേധയാ ഒരു മനോരോഗവിദഗ്ദ്ധന്റെ ഉപദേശം തേടുകയായിരുന്നു. എന്റെ അഭിപ്രായത്തില്‍ എന്റെ കാര്യത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല സംഗതിയായിരുന്നു അത്. 

ഒരു മനോരോഗവിദഗ്ദ്ധന്‍തന്നെ എന്റെ മാനസ്സികാരോഗ്യം നിര്‍ണയിച്ചത് രോഗചികില്‍സയില്‍ വലിയ പങ്കുവഹിച്ചിരുന്നു. സാഹചര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവും പിന്നെ അനുഭവജ്ഞാനവും ചേര്‍ന്നപ്പോള്‍ എനിക്ക് എന്റെ സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചു. 

നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍, ശരിയാണ്, ഞാന്‍ ഒരു മനോരോഗവിദഗ്ദ്ധനെ കണ്ടിരുന്നു, ഒന്‍പതു മാസം മുഴുവനും ഞാന്‍ ചികില്‍സയിലുമായിരുന്നു.  ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ഈ കാലമത്രയും അത് പ്രയോജനപ്പെടുന്നുണ്ടെന്നുറപ്പിക്കാന്‍ ഞാന്‍ നിരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. കാലക്രമത്തില്‍ മരുന്നിന്റെ ഡോസ് ഘട്ടംഘട്ടമായി കുറയ്ക്കുകയും അവസാനം, ഒന്‍പതുമാസ കാലയളവുകൊണ്ട് അത് പൂര്‍ണമായും നിറുത്തുകയും ചെയ്തു.
 
ഇന്നുവരെ, 13 വര്‍‌ഷമായി ഞാന്‍ മരുന്നുപയോഗിക്കുന്നില്ലെന്നുമാത്രമല്ല, എന്തെങ്കിലും കൗണ്‍സിലിംഗ് പോലും എനിക്കാവശ്യമായി വന്നിട്ടില്ല. ഞാന്‍ എന്നെ സ്വയം നിരീക്ഷിക്കുകയും ചില ലക്ഷണങ്ങള്‍ എന്നെ ആക്രമിക്കുംമുന്‍പുതന്നെ എനിക്കു മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഒരു നിയന്ത്രണമുണ്ടാകുന്നില്ലെങ്കില്‍ മനോരോഗചികില്‍സ ആവശ്യവും അനുയോജ്യവുമാണെന്ന് തീര്‍ത്തു പറയാനാകും. 
എഴുത്ത് നിങ്ങള്‍ക്കുള്ള ഒരു രോഗശമനിയാണെന്ന് എങ്ങിനെയാണ് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടത്? 

എഴുത്ത് എല്ലായ്പോഴും എനിക്ക് രോഗശമനി തന്നെയാണ്. ഹൃദയം പറിച്ചെടുക്കുന്ന മാനസ്സിക രോഗത്തിനു മുമ്പ് വിഷാദവും ബൈപോളാര്‍ ഡിസോര്‍ഡറും (ഉന്മാദവും വിഷാദവും ഇടവിട്ടുണ്ടാകുന്ന മാനസ്സികാവസ്ഥ) ആക്രമിച്ച സമയത്തും ചിന്തകള്‍ കടലാസില്‍ പകര്‍ത്തുന്നത് വലിയൊരു ആശ്വാസമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ചികില്‍സക്കിടയില്‍, എപ്പോഴോ എഴുതുന്നതിലൂടെ ആത്മപ്രകാശനം നടത്താന്‍ എന്നോടാവശ്യപ്പെട്ടത് ഞാനോര്‍ക്കുന്നു. എന്നിരുന്നാലും പേനയും പേപ്പറും കയ്യിലെടുക്കാനാകാത്തവിധത്തില്‍ ഞാന്‍ ദുഃഖത്തിലാണ്ടുപോയെന്നതാണ് വാസ്തവം. 2002ന്റെ തുടക്കമാണതെന്നും ചിന്തകള്‍ പകര്‍ത്തിത്തുടങ്ങാന്‍ ആളുകള്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചുതുടങ്ങുന്നതേയുള്ളുവെന്നും ഓര്‍‌ക്കണം. പരമ്പരാഗതരീതിയില്‍ മാത്രം എഴുത്തുനടന്നിരുന്ന അക്കാലത്ത് പേനയെടുക്കലും ആസുര ചിന്തകള്‍ക്ക് ശബ്ദം കൊടുക്കലും ഒന്നും സ്വാഭാവികമായോ എളുപ്പത്തിലോ എനിക്കു സാധിക്കുന്ന കാര്യമായിരുന്നില്ല. എന്നാല്‍ ആ സമയത്തിനു മുന്‍പ് എന്റെ ദേഷ്യത്തെയും പ്രശ്നങ്ങളേയും അഭിമുഖീകരിക്കുന്നതിനുള്ള സ്വാഭാവികമാര്‍ഗമായിരുന്നു എഴുത്ത്. 
മകള്‍ ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞ ആ വര്‍ഷമായിരുന്നു ഞാന്‍ നാളേട് എഴുതുന്നതിലേക്കു കടന്നതും ബ്ലോഗ് എഴുതാന്‍ ആരംഭിച്ചതും.
ആദ്യശ്രമമെന്ന നിലയ്ക്ക് എങ്ങിനെയാണ് എന്നിലെ രക്ഷകര്‍ത്താവ്, പുതിയ അമ്മ, പ്രവര്‍ത്തിക്കുന്നതെന്നതിനെപ്പറ്റിയുള്ള ദിനസരികള്‍ കുറിച്ചിടുകയാണ് ചെയ്തത്. പിന്നെ പതിയെപ്പതിയെ ആത്മപരിശോധനാപരവും ചിന്താപരവുമായ മേഖലകളിലേക്ക് എഴുത്ത് കടന്നു. 2013 പകുതിയോടെ എന്റെ ബ്ലോഗിലെ എഴുത്തിന്റെ ആഴവും വ്യക്തിപരമായ ആശയങ്ങളും മറ്റും ഞാന്‍ സ്വയം തിരിച്ചറിയുകയും അത് പലരിലും അനുരണനങ്ങള്‍ സൃഷ്ടിച്ചതായി ഞാന്‍ മനസ്സിലാക്കുകയും ചെയ്തു. 

എന്നാല്‍ 2015 തുടക്കത്തിലാണ് വിഷാദാവസ്ഥയോടും ബൈപോളാര്‍ ഡിസോര്‍ഡറിനോടുമുള്ള എന്റെ പോരാട്ടത്തെപ്പറ്റി പരസ്യമായി സംസാരിക്കാന്‍ ഞാന്‍ ശരിക്കും തീരുമാനമെടുത്തത്. അതോടെ കാര്യങ്ങള്‍ക്ക് ഒരാക്കം കൈവന്നുവെന്നു പറയാം. പെട്ടെന്നാണ്, കൂടുതല്‍ പേര്‍ തങ്ങളുടെ വേദനകളെ എന്റേതുമായി കൂട്ടിച്ചേര്‍ത്തത്, എന്നോട് അനുകമ്പ കാണിച്ചതും. ഒട്ടേറെപ്പേര്‍ മാനസിക രോഗവുമായുള്ള തങ്ങളുടെ പോരാട്ടങ്ങള്‍, അത് അതിജീവിച്ചവരെന്ന നിലയിലും അത്തരക്കാരെ സംരക്ഷിച്ചവരെന്ന നിലയിലും, എന്നോടു പങ്കുവച്ചു. 

എല്ലാ പ്രതിബന്ധങ്ങളേയും നേരിട്ട് അതിജീവിച്ച ഒരാളുടെ ആരോഗ്യകരമായ കാഴ്ചപ്പാടില്‍ നിന്ന് സാഹചര്യങ്ങളെ വീക്ഷിക്കാന്‍ സ്വയം അനുവദിച്ചതിലൂടെയും തങ്ങള്‍ കടന്നുപോയ അവസ്ഥയെപ്പറ്റി പറയാന്‍പോലുമാകാത്ത വേറേ കുറേപ്പേരുമായി ബന്ധപ്പെടാന്‍ പറ്റിയതിലൂടെയും രണ്ടുതരത്തിലാണ് രോഗത്തെപ്പറ്റിയുള്ള എന്റെ എഴുത്തുകള്‍ എന്നെ സഹായിച്ചത്. എഴുത്ത് എന്നത് അങ്ങോട്ടുമിങ്ങോട്ടും പോകാവുന്ന വഴിയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. നാം നമുക്കുവേണ്ടി എഴുതുന്നതിനൊപ്പം മറ്റുള്ളവര്‍ക്കു വായിക്കാന്‍ കൂടിയാണ് അങ്ങിനെ ചെയ്യുന്നത്. ഈ രണ്ടുകാര്യങ്ങളും സഹജീവിപരമായി സംഭവിക്കുമ്പോള്‍ അവിടെ പരിപൂര്‍ണതയുടെ അഭിമാനകരമായ ബോധം നമ്മിലേക്ക് സ്വയം അവതരിപ്പിക്കപ്പെടും. 
നിങ്ങളുടേതുപോലുള്ള രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് എന്തു സന്ദേശമാണ് കൈമാറാനുള്ളത്?

അതിപ്പോള്‍, എനിക്ക് ഏറെ പറയാനുണ്ട്. എങ്കിലും പരമാവധി ചുരുക്കി ഞാനതു പറയാം. 

ആദ്യത്തേതും പരമപ്രധാനവുമായ കാര്യം നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നു തിരിച്ചറിയണമെന്നതാണ്. സത്യത്തില്‍ നാമൊരിക്കലും ഒറ്റയ്ക്കല്ല. രോഗാവസ്ഥയില്‍ ഒരു നല്ല പിന്തുണാസംവിധാനം കണ്ടെത്തുക. നിങ്ങളുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യമാണ് ഒരു അനുയോജ്യമായ ഘടകം. അത് സാധ്യമായില്ലെങ്കില്‍, ആ സമയത്ത് നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന വിശ്വസ്തരായ കുറച്ച് സുഹൃത്തുക്കളെ കണ്ടെത്തുക.  

രണ്ടാമതായി, നിങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നതു മനസ്സിലാക്കലാണ്. പ്രമേഹരോഗിയാകാനോ അര്‍ബുദരോഗിയാകാനോ ആരും ആവശ്യപ്പെടുന്നില്ലെന്നതുപോലെതന്നെ മാനസ്സിക രോഗിയാകാനും നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ രോഗാവസ്ഥയെ നിങ്ങളുടെ ഭാവനാസൃഷ്ടിയാണെന്ു പറയാന്‍ ആരേയും അനുവദിക്കരുത്. നൊടിയിടയില്‍ ഈ സ്ഥിതിയില്‍ നിന്ന് പുറത്തുകടക്കാനും കഴിയില്ല. അതിജീവിച്ചവരെ കണ്ടെത്തി നിങ്ങളുടെ കഥ അവരുമായി പങ്കുവയ്ക്കുക. ഇരുണ്ട ഘട്ടങ്ങളില്‍ സഹായിക്കാനാകുന്നവരെ കണ്ടെത്തി ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ ഒരു സഹായകസംഘത്തിന് രൂപംകൊടുക്കുക. 

മൂന്നാമത്, സാമൂഹ്യഅപമാനം ഭയന്ന് ചികില്‍സകനെ കാണാന്‍ മടിക്കുന്ന പലരേയും എനിക്കറിയാം. ഒരു മനോരോഗവിദഗ്ദ്ധനേയോ കൗണ്‍സിലറേയോ കണ്ടുവെന്ന് എപ്പോഴെങ്കിലും സമ്മതിച്ചാല്‍ തങ്ങള്‍ ഒരു ബുദ്ധിസ്ഥിരതയില്ലാത്തവനായി മുദ്രകുത്തപ്പെടുമോയെന്ന് അവര്‍ ഭയക്കുന്നു. നിങ്ങളോടു ഞാന്‍ പറയാം, ചികില്‍സകനെ കാണാന്‍പോകുന്നതിനായി നിങ്ങളുടെ സമാനചിന്താഗതിക്കാരായ ഒരു സുഹൃത്തിനേയോ കുടുംബാംഗത്തേയോ ഒപ്പം കൂട്ടുക. നിങ്ങള്‍ ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാതെ സമൂഹം സംസാരിക്കും. പക്ഷേ, ഈ രോഗാവസ്ഥകളെയൊക്കെ- ഉത്ക്കണ്ഠയുടെ ആക്രമണം, മരവിപ്പിക്കുന്ന ഭയം, ശക്തി ക്ഷയിപ്പിക്കുന്ന ആശങ്ക- നിങ്ങളൊറ്റയ്ക്കാണ്, അല്ലാതെ സമൂഹമല്ല നേരിടുന്നതെന്നോര്‍മവേണം. അതുകൊണ്ട് വിരല്‍ചൂണ്ടുന്നവരില്‍ നിന്ന് മാറി നിങ്ങള്‍ നിങ്ങളുടെ മികച്ച ആരോഗ്യത്തിനായി മുന്നോട്ടുപോകുക. 

അവസാനമായി പറയാനുള്ളത്, മാനസ്സിക രോഗത്താല്‍ വിഷമിക്കുന്നവര്‍ക്കു മുന്നില്‍ ലഭ്യമായിട്ടുള്ള വ്യത്യസ്തങ്ങളായ മാര്‍ഗങ്ങളെപ്പറ്റി എപ്പോഴും ബോധമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ്. ലഭ്യമായ ഡോക്ടര്‍മാരുടെ വിവരങ്ങളെപ്പറ്റിയും നല്‍കുന്ന മരുന്നുകളെപ്പറ്റിയും അപ്പപ്പോള്‍ മനസ്സിലാക്കുകയും ഇതൊരു ജീവനെടുക്കുന്ന രോഗാവസ്ഥയായിരുന്നെങ്കില്‍ വിശ്വാസമുള്ളിടങ്ങളില്‍ നിന്ന് നിങ്ങള്‍ രണ്ടാമതൊരഭിപ്രായം തേടുമായിരുന്നതുപോലെ മാനസ്സിക രോഗത്തിന്റെ കാര്യത്തിലും ചെയ്യണം. മുന്നറിയിപ്പുകളും ലക്ഷണങ്ങളും പ്രത്യക്ഷമാകുമ്പോള്‍ അവയെ അവഗണിക്കരുത്.  ഞാന്‍ പറയുന്നത് വിശ്വസിക്കുക, ഏറെ വൈകുന്നതിനു മുമ്പ് ചികില്‍സിക്കപ്പെടുന്നത് നിങ്ങള്‍ക്ക് ഗുണകരമാകുകതന്നെ ചെയ്യും. 
സ്വതന്ത്ര എഴുത്തുകാരിയും മുഴുവന്‍ സമയ എഡിറ്ററും മികച്ച ബ്ലോഗറുമാണ് ശൈലജ വിശ്വനാഥ്. രക്ഷാകര്‍തൃത്വം, വായന, എഴുത്ത്, നീന്തല്‍, സാമൂഹ്യ ബന്ധങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് അവരുടെ മുഖ്യ ഇഷ്ടങ്ങള്‍.  
White Swan Foundation
malayalam.whiteswanfoundation.org