എന്താണ് ഏറ്റവുമടുത്ത ബന്ധുവിന്റെ അതിക്രമം?

ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന, തടയാവുന്ന പൊതു ആരോഗ്യപ്രശ്‌നമാണ് ഏറ്റവും അടുപ്പമുള്ള ബന്ധുക്കളിൽ നിന്നുള്ള അതിക്രമങ്ങൾ. (ഇന്റിമേറ്റ് പാർട്ണർ വയലൻസ്- ഐപിവി)
ഡോ. വൃന്ദ എം.എൻ
ഏറ്റവും അടുത്ത ബന്ധുവിൽ നിന്നുണ്ടാകുന്ന ശാരീരികമായ അതിക്രമം, ലൈംഗികാതിക്രമം, മാനസ്സികപീഡനം, പെരുമാറ്റ നിയന്ത്രണം തുടങ്ങി ശാരീരികമോ ലൈംഗികമോ മാനസ്സികമോ ആയ ഏതൊരു അതിക്രമത്തേയും ലോകാരോഗ്യസംഘടന (2010) ഇന്റിമേറ്റ് പാർട്ണർ വയലൻസ് (ഐപിവി) എന്ന് നിർവ്വചിച്ചിരിക്കുന്നു. ഏതു വർഗത്തിലും പ്രായത്തിലും ലിംഗത്തിലും വിഭാഗത്തിലും പെടുന്ന ഏതൊരാൾക്കും സംഭവിക്കാവുന്ന ഒന്നാണിത്. ദമ്പതികൾക്കിടയിലോ ഒരുമിച്ചു ജീവിക്കുന്നവർക്കിടയിലോ ഏറെ അടുപ്പംപുലർത്തുന്നവർക്കിടയിലോ ഒക്കെ ഇതു സംഭവിക്കാം. എല്ലാ സാമൂഹ്യസാമ്പത്തിക പശ്ചാത്തലമുള്ളവരേയും വ്യത്യസ്ത വിദ്യാഭ്യാസനിലവാരമുള്ളവരേയുമെല്ലാം ഇത് ബാധിക്കുന്നു. 

സ്ത്രീകൾക്കെതിരായ അതിക്രമം പൊതുആരോഗ്യരംഗത്തെ ഏറ്റവും വലിയ ആശങ്കയാണ്. ഇന്ത്യയിലെ ദി നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്-3) വെളിപ്പെടുത്തുന്നതനുസരിച്ച് 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ മൂന്നിലൊന്നുപേർ ശാരീരികാക്രമണങ്ങൾക്കും പത്തിലൊരാൾ ലൈംഗികാതിക്രമത്തിനും ഇരകളാകുന്നുണ്ട്. അതിലെല്ലാമുപരി, വിവാഹിതരായ സ്ത്രീകൾ ഏറ്റവുമധികം ശാരീരികവും ലൈംഗികവുമായ അതിക്രമത്തിനിരയാകുന്നത് ഭർത്താക്കന്മാരിൽ നിന്നാണ്. വിവാഹിതരായ സ്ത്രീകളിൽ ആറിൽ ഒരാൾ വീതം ഭർത്താവിൽ നിന്നുള്ള വൈകാരികാതിക്രമത്തിന് ഇരയാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. 

ഐപിവിക്ക് ഇരയാകുന്ന സ്ത്രീകൾ കഠിനവും ഏറെക്കാലം നിലനിൽക്കുന്നതുമായ ഒട്ടേറെ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. കഠിനമായ വിഷാദം, ഉത്കണ്ഠ, ചേർന്നുപോകാതിരിക്കൽ,  സോമാറ്റോഫാം ഡിസോർഡർ (വേദനയുൾപ്പെടെയുള്ള ശാരീരിക ലക്ഷണങ്ങൾ പ്രകടമാക്കുന്ന മാനസികരോഗം), കൊഗ്നിറ്റീവ് ഇംപെയർമെന്റ്‌സ് (ഓർമയിലും ചിന്താശേഷിയിലും കുറവു സംഭവിക്കുന്ന മാനസികാവസ്ഥ), മരുന്നുകളോടുള്ള അടിമത്തം, മാനസികവും വൈകാരികവുമായ സമ്മർദ്ദത്തിന് അടിപ്പെടുന്ന പോസ്റ്റ് ട്രുമാറ്റിക് സ്‌ട്രെസ് ഡിസോർഡർ തുടങ്ങിയവയെല്ലാം ഇതിൽപെടും. 

സ്ത്രീകൾക്കിടയിൽ ആത്മഹത്യാപ്രവണത വർധിപ്പിക്കുന്നതിനും ഐപിവി കാരണമാകുന്നുണ്ട്. പലപ്പോഴും ഐപിവിക്ക് ഇരയായ സ്ത്രീകൾക്ക് അക്രമകാരിയായ ബന്ധത്തിൽ നിന്നു പുറത്തുകടക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തങ്ങൾ വിട്ടുപോയാൽ പങ്കാളി തങ്ങളെ തെരഞ്ഞെുകണ്ടെത്തി ആക്രമിച്ചേക്കുമെന്ന് അവർ ഭയപ്പെടുന്നു. തങ്ങളുടെ കുട്ടികളെ തങ്ങൾക്ക് നഷ്ടപ്പെട്ടേക്കാമെന്നും അവർ ഭയക്കുന്നു. തങ്ങളുടെ കൂട്ടാളിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കുമ്പോൾ പലപ്പോഴും അവർ അതിക്രമത്തിന്റെ ചാക്രികതയിൽ പെട്ടുപോകുകയാണ് ചെയ്യുന്നത്.

ഐപിവി അനുഭവിക്കുന്ന സ്ത്രീകളെ നിരീക്ഷിച്ച് കണ്ടെത്താനും അവർക്കാവശ്യമായ മാനസ്സിക പിന്തുണ നൽകാനും മാനസിക, ശാരീരിക ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന വിദഗ്ദ്ധർക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാനാകും. ഫലപ്രദവും സമഗ്രവുമായ മാനസ്സികമായ ഇടപെടലുകൾ
ഇനിപ്പറയുന്ന കാര്യങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക: 
  • ബിഹേവിയറൽ ഡൊമൈൻ (പെരുമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ)- ഇടപാടുകാരുടെ സുരക്ഷ വർധിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടും. 
  • കൊഗ്നിറ്റീവ് ഇന്റർവെൻഷൻസ് (കൗൺസിലിംഗിലൂടെയുള്ള മാനസികമായ ഇടപെടലുകൾ) – അതിക്രമത്തിന്റെ കാരണവും അവബോധവും സ്വയം ബഹുമാനവും മാനസികാവസ്ഥകളും പ്രതീക്ഷകളും സ്വയാർജിതത്വവും ഉൾപ്പെടെയുള്ളവയെപ്പറ്റിയുള്ള ഇടപാടുകാരുടെ വിവിധ വിശ്വാസങ്ങളെ പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
  • സൈക്കോളജിക്കൽ ഇന്റർവെൻഷൻസ് (മാനസികമായ ഇടപെടലുകൾ) - ഇടപാടുകാരുടെ ഉത്കണ്ഠ, വിഷാദം, മാനസികവും വൈകാരികവുമായ സമ്മർദ്ദത്തിന് അടിമപ്പെടൽ ,  അപകടാവസ്ഥ തുടങ്ങിയ വൈഷമ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് ഇത് ശ്രദ്ധപതിപ്പിക്കുന്നത്. 
അതിനുമപ്പുറം, സുരക്ഷാ പദ്ധതിരൂപീകരണത്തിൽ സാമൂഹ്യപിന്തുണ നിർണയിക്കുന്നതും പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ സമീപിക്കാവുന്ന ക്രൈസിസ് സെന്ററുകൾ, ഷെൽട്ടർ ഹോമുകൾ, നിയമപരമായ സഹായങ്ങൾ തുടങ്ങിയവയെപ്പറ്റി വിവരങ്ങള്‍ നൽകുന്നതും പൊലീസിന് റെഫർ ചെയ്യുന്നതുമെല്ലാം സമഗ്രമായ ചികിൽസാപദ്ധതിയുടെ ഭാഗമാണ്. 
ഡോ. വൃന്ദ എംഎൻ, നിംഹാൻസിലെ സൈക്യാട്രിക് സോഷ്യൽ വർക്ക് (പിഎസ്ഡബ്‌ള്യു) വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അവരും സംഘവും ചേർന്ന് നിംഹാൻസ് സെന്റർ ഫോർ വെൽബീയിംഗിൽ അവെയ്ക് ഫോർ വിമൻ വിത് ഇന്റിമേറ്റ് പാർട്ണർ വയലൻസ് എന്ന പ്രത്യേക ക്ലിനിക്കും പ്രവർത്തിപ്പിക്കുന്നു. (എൻ സി ഡബ്ലിയൂബി) കൂടുതൽ വിവരങ്ങൾക്ക് ദയവായി 080 26685948 എന്ന നമ്പറിൽ വിളിക്കുക.  

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org