ജോലിസ്ഥലം

നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനാകും

ഒരു സഹപ്രവര്‍ത്തകന് മാനസിക സംഘര്‍ഷവും നിരാശയും മറ്റുമുണ്ടാകുമ്പോള്‍ സഹായിക്കാനുള്ള ശേഷിയുള്ളത് മാനസികാരോഗ്യ വിദഗ്ധര്‍ക്കോ എച്ച് ആര്‍ പ്രൊഫഷണലുകള്‍ക്കോ മാത്രമല്ല. നിങ്ങള്‍ക്കും അതിനുള്ള കഴിവുണ്ട്. എന്നാല്‍ എങ്ങനെയാണ് സഹായത്തിനായി നിലവിളിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ നിങ്ങള്‍ക്ക് സഹായിക്കാനാകുക?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ തോത് കൂടി വരുന്നതിനാല്‍ ഓരോ തൊഴിലിടവും ആത്മഹത്യ തടയുന്നതിനുള്ള  ഒരു നിര്‍ണായക ഇടമായി മാറിയിരിക്കുന്നു. ഈ ലേഖനത്തില്‍, ഒരു സ്ഥാപനത്തിന് എങ്ങനെയെല്ലാം തൊഴിലാളികളുടെ ആത്മഹത്യ തടയാനാകുമെന്നും ആത്മഹത്യയ്ക്ക് വഴങ്ങിയേക്കാവുന്ന തൊഴിലാളികളെ അതില്‍ നിന്ന് രക്ഷപെടാന്‍ എങ്ങനെ സഹായിക്കാനാകുമെന്നും വിശദീകരിക്കുകയാണ് ശ്രീരഞ്ജിത ജയോര്‍കര്‍.
ഒരു വ്യക്തി തീവ്രമായ ദുഃഖത്തിനും മാനസിക സംഘര്‍ഷത്തിനും നിരാശയ്ക്കും മറ്റും അടിപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോള്‍ അയാളോട് ഏറ്റവും അടുത്ത് പെരുമാറുന്ന ആളുകള്‍ക്കായിരിക്കും ആ വ്യക്തിയുടെ പെരുമാറ്റത്തില്‍ നിന്നും ഈ പ്രശ്നങ്ങളുടെ സൂചന പിടിച്ചെടുക്കാന്‍ കഴിയുക. നമ്മുടെ ജോലിസ്ഥലത്ത് നമ്മള്‍ നമ്മുടെ ടീം ലീഡര്‍മാര്‍ക്കും എച്ച് ആര്‍ മാനേജര്‍ക്കുമൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് നമ്മുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ്. ഒരു സഹപ്രവര്‍ത്തകന്‍ പതിവില്ലാത്ത തരത്തിലുള്ള പെരുമാറ്റം പ്രകടിപ്പിക്കുന്നു എങ്കില്‍, അയാള്‍ക്ക് വീട്ടിലോ ജോലിസ്ഥലത്തോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടെങ്കില്‍ ഇത് ആദ്യം അറിയുന്നത് നമ്മളായിരിക്കും. ആ വ്യക്തിയുടെ ഈ സാഹചര്യത്തോട് നമ്മള്‍ അനുഭാവപൂര്‍വമായ സമീപനം പുലര്‍ത്തുകയാണെങ്കില്‍ ആ സഹപ്രവര്‍ത്തകനെ സഹായിക്കുന്നതിനും ഒരു ആത്മഹത്യ തടയുന്നതിനും നമുക്ക് നിര്‍ണായകമായ ഒരു പങ്ക് വഹിക്കാനാകും.
ആരാണ് ഒരു കാവല്‍ക്കാരന്‍ (ഗേറ്റ്കീപ്പര്‍)? 
ആത്മഹത്യ തടയാനാകുമെന്ന് വിശ്വസിക്കുകയും ഇതിനായി അല്‍പം സമയവും ഊര്‍ജവും ചെലവഴിക്കാന്‍ സന്നദ്ധമാകുകയും ചെയ്യുന്ന ആളാണ് ഒരു 'കാവല്‍ക്കാരന്‍'. ഇത് ഒരു അദ്ധ്യാപകനാകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, രക്ഷകര്‍ത്താവ്, അയല്‍വാസി, തൊഴിലുടമ, വാച്ച്മാന്‍, ബസ് കണ്ടക്റ്റര്‍, കടയുടമ, ഒരു സമുദായ നേതാവ് ഇങ്ങനെ ആരുമാകാം.  വളരെ കരുതലോടെയിരിക്കുകയും ആരെങ്കിലും വളരെ അസ്വസ്ഥരായി കാണപ്പെടുന്നു എങ്കില്‍ ഒരു 'കാവല്‍ക്കാരന്‍' എന്ന നിലയ്ക്ക് അപായസൂചന മുഴക്കാന്‍ കഴിവുണ്ടാകുകയും വേണം, ആ വ്യക്തിക്ക്  വൈകാരികമായ പിന്തുണ നല്‍കുകയും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുത്തേക്ക് അവരെ പറഞ്ഞു വിടുകയും വേണം. ഈ വ്യക്തി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ -  "ജീവിതത്തിന് ഒരര്‍ത്ഥവുമില്ല എന്ന ചിന്ത ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് ഉണ്ടാകാറുണ്ടോ?" എന്ന മട്ടിലുള്ള ചില ചോദ്യങ്ങള്‍ ചോദിക്കുകയുമാകാം. ഇത് അത്മഹത്യാ ചിന്തയെക്കുറിച്ച് നിങ്ങളോട് ചര്‍ച്ച ചെയ്യാന്‍ ആ വ്യക്തിയെ സഹായിച്ചേക്കാം. പലരും കരുതുന്നതുപോലെ ഇത്തരത്തിലുള്ള ചോദ്യം ഒരിക്കലും ആ വ്യക്തിയെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കില്ല. വാസ്തവത്തില്‍, ഇതുപോലുള്ള  ചോദ്യങ്ങള്‍ ആത്മഹത്യയെക്കുറിച്ചും മറ്റുമുള്ള ചിന്തകള്‍ വെളിപ്പെടുത്താന്‍ ആ വ്യക്തിക്കുള്ള പ്രയാസം കുറയ്ക്കുകയാണ് ചെയ്യുക. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ആ ചിന്തയെക്കുറിച്ച് നാണക്കേടും അനുഭവപ്പെടുന്നുണ്ടാകാം. അതുപോലെ തന്നെ വിമര്‍ശിക്കുകയോ വിലയിരുത്തകയോ ദുര്‍ബലനെന്ന് മുദ്രകുത്തുകയോ ചെയ്യാതെ ഇതിനെക്കുറിച്ച് സംസാരിച്ചാല്‍ അവര്‍ക്ക് ആശ്വാസം അനുഭവപ്പെടുകയും ചെയ്യും.
അപകടാവസ്ഥയിലുള്ള ആളെ കണ്ടെത്തല്‍
ആത്മഹത്യയെന്നത് പെട്ടെന്നൊരു ദിവസം ആകാശത്തുനിന്നും  മനസിലേക്ക് ഒരു ചിന്ത പൊട്ടിവീഴുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്നതല്ല. സാധാരണ, ഒരു മനുഷ്യനെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തയിലേക്ക് തള്ളിവിടുന്ന ഒരു സംഭവം അല്ലെങ്കില്‍ അസഹ്യമായ വിവിധ സംഭവങ്ങളുടെ ഒരു ഘട്ടം ഉണ്ടായിരിക്കും. ഇവ മിക്കവാറും- പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടല്‍, ഒരു ബന്ധം അവസാനിക്കല്‍, പണം ഭൂസ്വത്ത് മുതലായവ നഷ്ടപ്പെടല്‍, അപമാനകരമോ അധിക്ഷേപിക്കപ്പെടുന്നതോ ആയി തോന്നുന്ന ഏതെങ്കിലും അനുഭവം- എന്നിങ്ങനെയുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവങ്ങളായിരിക്കും. ഇന്ത്യയില്‍, വിഷാദം, വ്യക്തി ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, കടുത്ത നഷ്ടങ്ങള്‍ എന്നിവയാണ് ആത്മഹത്യയ്ക്ക് ഏറ്റവും സാധാരണായി കാരണമാകുന്ന, പ്രേരക ശക്തികള്‍. സാധാരണയായി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍  താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം: 
ഇവര്‍ തങ്ങളിലേക്കു തന്നെ ഉള്‍വലിഞ്ഞേക്കാം, ക്രമം തെറ്റിയ തരത്തില്‍ പെരുമാറിയേക്കാം, മറ്റുള്ളവര്‍ക്ക് വളരെ സാധാരണമായി തോന്നിയേക്കാവുന്ന സംഭവങ്ങളോട് അതിവൈകാരികമായി പ്രതികരിച്ചേക്കാം.
ഒരു വ്യക്തി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു എന്ന് തിരിച്ചറിയാന്‍ ഉപകരിച്ചേക്കാവുന്ന ചില അപായ സൂചനകള്‍ താഴെ പറയുന്നു : 
 • മരണത്തെക്കുറിച്ച്, ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അല്ലെങ്കില്‍ ജീവിച്ചിരിക്കാന്‍ ആഗ്രഹമില്ല, ജീവിതത്തിന്‍റെ എല്ലാ അര്‍ത്ഥവും നഷ്ടപ്പെടുന്നു എന്നൊക്കെ പരാതിപ്പെടല്‍.
 • കൊലപാതകം, മരണം, ആത്മഹത്യ എന്നിവയുടെ വിശദാംശങ്ങളിലുള്ള അതിയായ താല്‍പര്യം.
 • കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താന്‍ ഒരു ബാധ്യതയായിരിക്കുന്നു, അല്ലെങ്കില്‍ ഭാരമായിരിക്കുന്നു എന്നൊക്കെയുള്ള സംസാരം.
 • ആത്മഹത്യ ചെയ്യുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കല്‍, വിവിധ മാര്‍ഗങ്ങളുടെ ഗുണദോഷങ്ങള്‍ പരിഗണിക്കലും വിശകലനം ചെയ്യലും.
 • ദീര്‍ഘ നാളായി അനാവശ്യമോ അപ്രസക്തമോ ആയ തരത്തില്‍ ഒതുങ്ങിക്കൂടുന്നതായോ വിഷാദം അനുഭവിക്കുന്നതായോ കാണപ്പെടുക.
 • കൂടെക്കൂടെ മനോഭാവത്തില്‍(മൂഡില്‍)  ചാഞ്ചാട്ടമുണ്ടാകുന്നതായി തോന്നുക.
 • മദ്യം, മയക്കുരുന്ന് പോലുള്ള വിനാശകരമായ സംഗതികളെ അമിതമായി ആശ്രയിക്കുക.
 • ജോലിയിലും വ്യക്തി ശുചിത്വത്തിലും ഉത്തരവാദിത്തങ്ങളിലും അശ്രദ്ധ കാണിക്കുക.
 • വില്‍പ്പത്രം തയ്യാറക്കല്‍, ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയുടെ നേട്ടങ്ങള്‍, സ്വന്തം ശവസംസ്ക്കാരം ആസൂത്രണം ചെയ്യല്‍ എന്നിവ പോലെ മരണവുമായി ബന്ധപ്പെട്ട പ്രായോഗിക കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുക. 
 നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ അസ്വസ്ഥതയോ മാനസിക സംഘര്‍ഷമോ അനുഭവിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുകയോ അയാള്‍ ദുഷ്കരമായ ഒരു ഘട്ടത്തിലൂടെ ( ഏതെങ്കിലും വ്യക്തി ബന്ധത്തില്‍ പ്രശ്നം, പെട്ടന്നുള്ള വിയോഗം, വിരഹം അല്ലെങ്കില്‍ മരണം മൂലമുള്ള തീവ്രദുഃഖം, ജീവിത പങ്കാളിയുമായോ മാതാപിതാക്കളുമായോ ഉള്ള സംഘര്‍ഷം, സാമ്പത്തിക ദുരിതങ്ങള്‍ ) കടന്നു പോകുന്നതായി അറിഞ്ഞാല്‍ അവര്‍ക്ക്  പിന്തുണയും സഹായവും കൊടുക്കാന്‍  നിങ്ങള്‍ക്കാകും.
ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് കണ്ടെത്തുന്നതിനുള്ള മറ്റു ചില സൂചനകളും ഉണ്ട്, അവ എച്ച് ആര്‍, മാനേജര്‍ എന്നിവര്‍ക്ക് വേഗത്തില്‍ പിടിച്ചെടുക്കാവുന്നവയാണ്. 
 • മുന്‍കൂട്ടി പറയാതെ പെട്ടെന്ന് ജോലിക്ക് ഹാജരാകാതിരിക്കുന്ന പ്രവണത, അല്ലെങ്കില്‍ ജോലി ചെയ്യുന്ന രീതിയില്‍ വരുന്ന പ്രകടമായ മാറ്റം. ഉദാഹരണത്തിന്- സാധാരണായി കൃത്യസമയത്തുതന്നെ ജോലിക്കെത്തുകയും നിഷ്കര്‍ഷിച്ചിരിക്കുന്ന സമയത്തിനും മുമ്പേ തന്നെ കൃത്യമായി ജോലി ചെയ്തു തീര്‍ക്കുകയും ചെയ്തിരുന്ന ഒരാള്‍ പെട്ടെന്ന് ഓഫീസ് സമയവുമായും ജോലിയുടെ സമയക്രമവുമായും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുക. 
 • ഒരാള്‍ക്ക് ഓഫീസിലെ തന്‍റെ സ്ഥാനത്തിന് ഇടിവ് സംഭവിക്കുക, ഉത്തരവാദിത്തങ്ങളില്‍ കുറവ് വരുക എന്നിങ്ങനെയുള്ള സാഹചര്യം: ജോലി നഷ്ടപ്പെടാന്‍ പോകുന്ന ജീവനക്കാര്‍, അല്ലെങ്കില്‍ ഉത്തരവാദിത്തങ്ങളില്‍ വലിയ മാറ്റം നേരിട്ടേക്കാവുന്നവര്‍. 
 • അന്യദേശത്തു നിന്നുള്ളവരും പുതിയ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുന്നതിനായി ജീവിത ശൈലിയില്‍ വലിയ മാറ്റം വരുത്തേണ്ടി വരുന്നവരുമായ ജീവനക്കാര്‍.
ഈ സാഹചര്യങ്ങളും സാധ്യതകളും എല്ലായ്പ്പോഴും ഒരു വ്യക്തിയെ ആത്മഹത്യയ്ക്ക് വഴങ്ങുന്നയാളാക്കുന്നില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. എന്നാല്‍ ഇവയെ, ഒരു വ്യക്തിക്ക് താന്‍ എത്തിപ്പെട്ടിരിക്കുന്ന പുതിയ സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ സഹായവും പിന്തുണയും ആവശ്യമുണ്ട് എന്നതിന്‍റെ സൂചനകളായി പരിഗണിക്കേണ്ടതുമാണ്.
മൗനം ഭേദിക്കല്‍
 നമ്മളില്‍ മിക്കവാറും പേര്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നവരെ സമീപിക്കാനും സഹായിക്കാനും മനസുള്ളവരാണ്, എന്നാല്‍ ചില ഉത്കണ്ഠകളും വിലക്കുകളും നമ്മളെ പുറകോട്ട് പിടിച്ചു വലിക്കുന്നു. നമ്മള്‍ ഒരാളോട് - എല്ലാം ഓകെയാണല്ലോ അല്ലെ, സുഖമായിപ്പോകുന്നോ- എന്ന് ചോദിക്കുന്നത് അല്ലെങ്കില്‍ സഹായം വാഗ്ദാനം ചെയ്യുന്നത് ആ വ്യക്തിക്ക് ഇഷ്പ്പെടുമോ എന്ന് നമുക്ക് ഉറപ്പില്ല എന്നതാണ് ഇവിടെ അനുഭവപ്പെടുന്ന പ്രധാന പ്രശ്നം.
കാവല്‍ക്കാര്‍(ഗേറ്റ്കീപ്പര്‍) എന്ന നിലയ്ക്ക്, ഒരു സുഹൃത്തിനെ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനെ സമീപിക്കുന്നതിന് മുമ്പ് നമ്മള്‍ സ്വന്തം പ്രതിബന്ധങ്ങളും സ്ഥാപനത്തില്‍ നിലനില്‍ക്കുന്ന വിലക്കുകളും പ്രതിബന്ധങ്ങളും മനസിലാക്കുന്നത് സ്വയം സഹായകരമാകും.
നമ്മുടെ പ്രതിബന്ധങ്ങള്‍ നമ്മുടെ ഭയവും ഉത്കണ്ഠകളുമാണ്:
 • ഞാന്‍ സഹായം വാഗ്ദാനം ചെയ്യുകയും അയാള്‍ ദേഷ്യപ്പെടുകയും ചെയ്താല്‍ എന്തു ചെയ്യും? 
 • ആ വ്യക്തി അയാളുടെ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് പറയുകയും അക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാതിരിക്കുകയും ചെയ്താല്‍ എന്തു പറ്റും? 
 • അവരെ അലട്ടുന്ന  പ്രശ്നം എന്താണെന്ന് അറിയുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാതിരിക്കുകയും ഞാന്‍ തളര്‍ന്നു പോകുകയും ചെയ്താല്‍ എന്തു സംഭവിക്കും? 
 • എങ്ങനെയാണ് എനിക്ക് ഒരേ സമയം തന്നെ കാര്യങ്ങള്‍ രഹസ്യമാക്കി വെയ്ക്കാനും ആ വ്യക്തിയെ സഹായിക്കാനും കഴിയുക?
 • ഈ വ്യക്തി മാനസിക സംഘര്‍ഷം അല്ലെങ്കില്‍ മനോവ്യഥ അനുഭവിക്കുകയാണ് അല്ലെങ്കില്‍ സ്വയം അപകടപ്പെടുത്താന്‍ ആലോചിക്കുകയാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞ് സ്ഥാപനം ഈ വ്യക്തിയെ വേറിട്ട് കാണുകയാണെങ്കില്‍ എന്തു പറ്റും? ഇയാളെ സഹായിക്കാനായി സ്ഥാപനം എന്ത് ചെയ്യും?
 • ഇത് എച്ച് ആറിന്‍റെ ഒരു പ്രശ്നമാണ്, സഹപ്രവര്‍ത്തകര്‍ ഇതില്‍ ഇടപെടേണ്ടതില്ല എന്നതാണ് സ്ഥാപനത്തിന്‍റെ നിലപാടെങ്കില്‍ എന്ത് ചെയ്യും?
 ഇത്തരം പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിന് മുമ്പ് സഹായം വാഗ്ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് നിസ്സഹായതയും തളര്‍ച്ചയും അനുഭവപ്പെടാന്‍ ഇടയാക്കിയേക്കും.
നിങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തിനായി ഉപയോഗപ്പെടുത്താവുന്ന എന്തെല്ലാം വിഭവങ്ങളും സ്രോതസുകളുമാണ് നിങ്ങള്‍ക്കുള്ളത് എറ വിലയിരുത്തുന്നത് ഗുണകരമാകും. നിങ്ങള്‍ ആ വ്യക്തിയോട് സംസാരിച്ചുകഴിഞ്ഞാല്‍, പിന്നെ അയാളെ എങ്ങനെയാണ് സഹായിക്കുക? അവരെ നിങ്ങള്‍ ആരുടെ അടുത്തേക്ക് അയയ്ക്കും? ആ വ്യക്തിക്ക് സഹായം നല്‍കാനും ആവശ്യമെങ്കില്‍ ചികിത്സിക്കാനും കഴിയുന്ന ഒരു വിദഗ്ധന്‍ നിങ്ങളുടെ അറിവിലുണ്ടോ?
കാവല്‍ക്കാര്‍ക്ക് ചെയ്യാവുന്നതും അരുതാത്തതുമായ കാര്യങ്ങള്‍
പ്രശ്നം എന്താണെന്ന് ഉറപ്പിക്കുന്നതിലോ പരിഹാരം കണ്ടെത്തുന്നതിലോ അധികം ശ്രദ്ധയൂന്നരുത്. ചിലപ്പോള്‍, ആ വ്യക്തി പറയുന്നത് കേള്‍ക്കുക മാത്രം ചെയ്യുക അല്ലെങ്കില്‍ അവരുടെ ദുഃഖം, മാനസിക സംഘര്‍ഷം മനസിലാക്കുക എന്നതു മാത്രം മതിയാകും. 
 •  ആ വ്യക്തിയുടെ പ്രശ്നത്തെ നിസാരമാക്കരുത്. നമുക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ സഹന ശക്തിയും  തെറ്റായ തരത്തില്‍ പോകുന്ന കാര്യങ്ങളെ നേരിടുന്നതിന് വ്യത്യസ്തമായ വഴികളുമാണുള്ളത്.
 • സംസാരിക്കുമ്പോള്‍- " എനിക്ക് ഉറപ്പുണ്ട്, നിങ്ങള്‍ക്കിത് കൈകാര്യം ചെയ്യാന്‍ പറ്റും", "ധൈര്യമായിരിക്ക്", "ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല", " എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്,- എന്നിങ്ങനെയുള്ള മുഷിപ്പന്‍ വാക്കുകള്‍ ഒഴിവാക്കണം. 
 • ആത്മഹത്യ ഒരു മോശം കാര്യമാണ്, അല്ലെങ്കില്‍ " ഒരു ഭീരു ആകരുത്, എന്നിങ്ങനെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതായി തോന്നിയേക്കാവുന്ന വാക്കുകള്‍ ഒഴിവാക്കണം.
 • ആത്മഹത്യക്കുള്ള മാര്‍ഗങ്ങളെക്കുറിച്ച് സൂചന നല്‍കുന്ന തരത്തില്‍ സംസാരിക്കരുത്.
 • " നിങ്ങളുടെ മാതാപിതാക്കള്‍ക്ക്/കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് നോക്കു..." എന്നിങ്ങനെ ആ വ്യക്തിക്ക് തന്‍റെ ചിന്തകളെക്കുറിച്ചോര്‍ത്ത് കുറ്റബോധമോ അപമാനമോ അനുഭവപ്പെട്ടേക്കാവുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും പറയരുത്. 
 • നിങ്ങള്‍ ആ വ്യക്തിയെ പരിഗണിക്കുന്നു എന്നും അയാളുടെ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട് എന്നും അയാളെ അറിയിക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെ അയാള്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട വ്യക്തിയാണ്, അയാളുടെ ജീവിതം വിലമതിക്കുന്നതാണ് എന്ന വിചാരം അയാളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. എന്നാല്‍,  "ഇതിനേക്കാള്‍ വലിയ പ്രശ്നങ്ങളുള്ള ആളുകള്‍ ജീവിച്ചിരിക്കുന്നുന്നു",  അല്ലെങ്കില്‍ " എനിക്ക് തോന്നുന്നത് നിങ്ങള്‍  പ്രശ്നങ്ങളോട് അമിതമായി പ്രതികരിക്കുന്നു എന്നാണ്, എന്നതുപോല കേള്‍ക്കുന്നയാള്‍ വിമര്‍ശനമായെടുത്തേക്കാവുന്ന കാര്യങ്ങള്‍ പറയരുത്.
 • ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ കൊടുക്കണം  എന്ന് നിങ്ങളോട് ആവശ്യപ്പെടുന്നില്ലായെങ്കില്‍ അങ്ങനെ ചെയ്യാതിരിക്കുക. നിങ്ങള്‍ ആ വ്യക്തി പറയുന്നത് കേള്‍ക്കുകയും അതിന് ശേഷം (ആവശ്യമെങ്കില്‍ മാത്രം) നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുക എന്നതാണ് നല്ലത്.
 • ആ വ്യക്തി മുമ്പ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് അയാളെ സൗമ്യമായി ഓര്‍മ്മപ്പെടുത്തുക, അതിലൂടെ അവര്‍ക്ക് സ്വയം വിലമതിക്കാനാകും. 
 • ആ വ്യക്തിയുടെ മാനസിക വ്യഥ അല്ലെങ്കില്‍  അയാളെ അലട്ടുന്ന തീവ്ര ദുഃഖം വകവെച്ചുകൊടുക്കുക. ജീവിതത്തെ വിലമതിക്കത്തക്കതാക്കുന്നത് എന്താണെന്ന് അയാളോട് ചോദിക്കുക. ഇങ്ങനെ ചോദിക്കുന്നത് ആ വ്യക്തിക്ക് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാനും താന്‍ മാനസികമായി തളര്‍ന്നുപോകുമ്പോള്‍ ഇത് നോക്കി ജീവിതത്തിന്‍റെ മൂല്യം ഓര്‍ത്തെടുക്കാനും പ്രേരകമാകും. 
 • ആ വ്യക്തിയുടെ ശേഷികളിലും ഗുണവശങ്ങളിലും ശ്രദ്ധവെയ്ക്കുകയും അയാള്‍ക്കുള്ളിലും അയാളുടെ ചുറ്റുവട്ടത്തുമുള്ള സാധ്യതകളും സ്രോതസ്സുകളും തിരിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്യുക. 
 • ഈ വ്യക്തിയുടെ, പ്രശ്നങ്ങളെ വിജയകരമായി അതിജീവിക്കാനുള്ള അനുകൂല ശേഷിയെ തിരിച്ചറിയുകയും അവര്‍ എങ്ങനെയാണ് മുമ്പ് പ്രശ്നങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക. 
 • ഉപാധികളില്ലാത്ത പിന്തുണ ഉറപ്പ് നല്‍കുക.
 • ആ വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും നിങ്ങളെ സമീപിക്കാവുന്ന സാഹചര്യം ഉണ്ടാക്കുകയും മാനസിക സംഘര്‍ഷം ഉയര്‍ന്നതാകുമ്പോള്‍ ഏതു സമയത്തും നിങ്ങളെ വിളിക്കാന്‍ പറയുകയും ചെയ്യുക.
ഒരു വ്യക്തിയില്‍ ആത്മഹത്യാ ചിന്ത ഉയരുന്നത് അയാളുടെ വൈകാരികമായ പ്രക്ഷുബ്ധാവസ്ഥയില്‍ നിന്നും ആ നിമിഷത്തെ അതിജീവിക്കാനുള്ള അവരുടെ ശേഷിക്കുറവില്‍ നിന്നുമാണ്. ആ വ്യക്തിയുടെ തീവ്രവ്യഥയെ നിയന്ത്രിക്കാനാകുന്ന ഒരു നിലയിലേക്ക് കുറയ്ക്കാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. അവരെ അനുഭാവപൂര്‍വം കേള്‍ക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും അവരെ സഹായിക്കാനുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് അവരുടെ മാനസിക സംഘര്‍ഷവും തീവ്രദുഃഖവും  കുറയ്ക്കാനാകും.
കാവല്‍ക്കാര്‍ക്ക് (ഗേറ്റ് കീപ്പര്‍ക്ക്)  തളര്‍ച്ച തോന്നുമ്പോള്‍
ചിലപ്പോഴൊക്കെ, ഒരു മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു എന്നാലോചിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു തളര്‍ച്ചയും സംഭ്രമവുമൊക്കെ അനുഭവപ്പെട്ടേക്കാം. ഇവിടെ നിങ്ങള്‍ ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ടതുണ്ട്- 
 ഇതിന് ആവശ്യമായ എല്ലാ കാര്യങ്ങളും നിങ്ങള്‍ തന്നെ ചെയ്യേണ്ടതില്ല. ചിലപ്പോള്‍ ഏതാനും മിനിറ്റുകളുടെ സംസാരം തന്നെ ആ വ്യക്തിയില്‍ വലിയ സ്വാധീനം ചെലുത്തുകയും അവര്‍ അവരുടെ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകുകയും ചെയ്തേക്കാം. 
നിങ്ങള്‍ക്ക് പ്രശ്നം ഇല്ലാതാക്കാന്‍ കഴിയില്ല എന്നകാര്യം പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുന്ന ആ വ്യക്തിക്ക് അറിയുമായിരിക്കാം. അയാള്‍ നിങ്ങളെ സമീപിച്ചത് അവര്‍ക്ക് ഏകാന്തതയും നിസ്സഹായതയും അനുഭവപ്പെടുന്നതുകൊണ്ടും വൈകാരികമായ പിന്തുണ ആവശ്യമായതുകൊണ്ടുമായിരിക്കും. നിങ്ങള്‍ അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ട ആവശ്യമില്ല, അവരുടെ അപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിച്ചുകൊണ്ട് നിങ്ങള്‍ക്കവരെ സഹായിക്കാനാകും.
തൊഴിലുടമകളുടെ ഉത്തരവാദിത്തം
ഒരു 'കാവല്‍ക്കാരന്' സഹായത്തിനായി തന്‍റെ തൊഴില്‍ സ്ഥാപനത്തിലെ തന്നെ സഹായിക്കുന്ന ഒരു പ്രത്യേക വ്യക്തിയെ- എച്ച് ആര്‍ പ്രൊഫഷണല്‍ അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്‍- സമീപിക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. ഇതിനായി ഒരു സംവിധാനം ഉണ്ടായിരിക്കുന്നത് നല്ലതാണ്, കാരണം പ്രതിസന്ധിയില്‍ നില്‍ക്കുന്ന വ്യക്തിയുമായുള്ള പ്രാഥമിക സംസാരം കഴിഞ്ഞാല്‍ തുടര്‍ന്ന് എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് കാവല്‍ക്കാര്‍ക്ക് വ്യക്തമായ ധാരണ കിട്ടുന്നതിന് ഇത് ഉപകാരപ്രദമായിരിക്കും.അതുപോലെ തന്നെഇത് ഓഫീസിലെ പരദുഷണം പറച്ചിലിന് വിഭവമാകുകയും സ്ഥാപനത്തിലെ എല്ലാവരിലേക്കും ഈ വിവരം പടരുകയും ചെയ്യുന്നതിനെ തടയാനും ഉപകരിക്കും. 
ആര്‍ക്കും അല്‍പം പരിശീലനത്തിലൂടെ ഒരു 'കാവല്‍ക്കാരന്‍' ആകാം. തൊഴിലാളികളുടെ ക്ഷേമത്തിനായി സ്ഥാപനത്തിന് നിരവധി കാവല്‍ക്കാരെ സൃഷ്ടിക്കാനും തൊഴിലാളികള്‍ക്ക് ഇവരുടെ സഹായം എളുപ്പത്തില്‍ ലഭ്യമാകുന്നതിനായി സ്ഥാപനത്തിലെമ്പാടുമായി ഇവരെ വിന്യസിക്കാനുമാകും. 
ഒരു സ്ഥാപനത്തില്‍ 'കാവല്‍ക്കാരെ'  സൃഷ്ടിക്കല്‍
ചെന്നൈയിലെ സ്നേഹ, ബാംഗ്ലൂരിലെ നിംഹാന്‍സ് സെന്‍റര്‍ ഫോര്‍ വെല്‍ബിയിംഗ് എന്നിവ പോലുള്ള സ്ഥാപനങ്ങള്‍ കാവല്‍ക്കാര്‍ക്കുള്ള പരിശീലനം നല്‍കുന്നുണ്ട്. ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണ്ടെത്തുക, അപകട സാധ്യത എത്രയുണ്ടെന്ന് വിലയിരുത്തുക, അനുകൂലഘടകങ്ങള്‍ കണ്ടെത്തുക, ഉചിതരായ വിദഗ്ധരിലേക്ക് വിവരം എത്തിക്കുകയോ വ്യക്തിയെ അവരിലേക്ക് നയിക്കുകയോ ചെയ്യുക, വൈകാരിക പ്രക്ഷുബ്ധത കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ എന്നീ കാര്യങ്ങളിലാണ് പരിശീലനം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 
മേല്‍പ്പറഞ്ഞ വിവരങ്ങള്‍- ഡോ.  ഗുരുരാജ് ഗോപാല്‍കൃഷ്ണ ( നിംഹാന്‍സിലെ എപിഡിമിയോളജി വിഭാഗം മേധാവി), ഡോ.പ്രഭ ചന്ദ്ര ( സൈക്യാട്രി പ്രൊഫസര്‍, നിംഹാന്‍സ്), ഡോ. സീമ മെഹ്റോത്രാ (അഡീ. പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. പൂര്‍ണിമ ബോല (അസോസിയേറ്റ് പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. സെന്തില്‍ കുമാര്‍ റെഡ്ഡി (അസോസിയേറ്റ് പ്രൊഫസര്‍, സൈക്യാട്രി, നിംഹാന്‍സ്) എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെ വൈറ്റ്സ്വാന്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയിട്ടുള്ളതാണ്.
White Swan Foundation
malayalam.whiteswanfoundation.org