വിദ്യാഭ്യാസം

പണി മാത്രം കളിയില്ല

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

പണിമാത്രം കളിയില്ല, അത് ജാക്കിനെ ഒരു ചുറുചുറുക്കില്ലാത്ത കുട്ടിയാക്കുന്നു. നമ്മളെല്ലാവരും കേട്ടിട്ടുള്ള വളരെ പഴക്കം ചെന്ന ഈ പഴഞ്ചൊല്ല് നമ്മളെ ഒരു പ്രധാനപ്പെട്ട പാഠം പഠിപ്പിക്കുന്നു- പതിവായുള്ള കായിക പ്രവര്‍ത്തനങ്ങള്‍ മാനസിക സൗഖ്യം വര്‍ദ്ധിപ്പിക്കുന്നു. പരീക്ഷാക്കാലമാകുമ്പോള്‍ ഇതിന്‍റെ പ്രധാന്യം വര്‍ദ്ധിക്കുന്നു, കാരണം അപ്പോള്‍ നമ്മളെല്ലാം കായികമായ പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിക്കുകയും നമ്മുടെ പുസ്തകങ്ങളില്‍ സ്വയം തലപൂഴ്ത്തുകയും ചെയ്യുന്നു. 
" ജിം എനിക്കുള്ളതല്ല" 
നമ്മള്‍ പൊതുവില്‍ വ്യായാമത്തെ കണക്കാക്കുന്നത് അവസാനത്തില്‍ ഒരു വ്യക്തിയില്‍ വിയര്‍പ്പും തളര്‍ച്ചയും അവശേഷിപ്പിക്കുന്ന ഒരു കഠിനമായ കായിക പ്രവര്‍ത്തി എന്നാണ്. ഒരാള്‍ക്ക് സ്വയം ക്ഷീണിപ്പിക്കാന്‍ വേണ്ടി ഈ വഴി തെരഞ്ഞെടുക്കാമെങ്കിലും വ്യയാമം ഇങ്ങനെയാകണം എന്നില്ല.  കായികക്ഷമത നിലനിര്‍ത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് നീന്തുകയോ, സൈക്ലിംഗ് നടത്തുകയോ അല്ലെങ്കില്‍ പതിവായി നടക്കാന്‍ പോകുകയോ ചെയ്യാം. ഇവയെല്ലാം വിരസമായതായി നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ നിങ്ങള്‍ക്ക് നൃത്തം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു കളി പോലെ പുതിയൊരു  പ്രവര്‍ത്തി പഠിക്കുകയുമാകാം. പതിവായി നിങ്ങളെ സജ്ജീവമാക്കി നിര്‍ത്തുന്നതിനുള്ള ഏതാനും ചില വഴികള്‍ താഴെ പറയുന്നു:  
  •  ചെറിയ ദൂരത്തേക്ക് പോകേണ്ടി വരുമ്പോള്‍ നടക്കുകയോ സൈക്കിള്‍ ചവുട്ടി പോകുകയോ ചെയ്യുക.
  • ലിഫ്റ്റിന് പകരം ഗോവണിപ്പടി ഉപയോഗപ്പെടുത്തുക. 
  • വാരാന്ത്യങ്ങളില്‍ കുറച്ച് സമയം വീടിന് പുറത്തുള്ള പ്രവര്‍ത്തികള്‍ക്കായി സമര്‍പ്പിക്കുക. 
" പക്ഷെ എനിക്ക് പഠിക്കാനുണ്ട്. എനിക്ക് ഇതിനൊന്നും സമയമില്ല"
പരീക്ഷാക്കാലത്ത് സമയം വളരെ വിലയേറിയതാണ്, അങ്ങനെ കരുതുകയും ചെയ്യുക. എന്നിരുന്നാലും, നിങ്ങളുടെ കായികമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അല്‍പം സമയം മാറ്റി വെയ്ക്കുന്നത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സമയം നന്നായി ഉപയോഗപ്പെടുത്താന്‍ നിങ്ങളെ സഹായിക്കുകയാകും ചെയ്യുക. വ്യായാമം നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുകയും നിങ്ങളെ ഊര്‍ജസ്വലനാക്കുകയും അങ്ങനെ കൂടുതല്‍ കാര്യക്ഷമതയും ഉത്പാദനക്ഷമതയും ഉള്ളവനാകാന്‍ സഹായിക്കുകയും ചെയ്യും.   അതുപോലെ തന്നെ അത് നിങ്ങളെ ശാന്തമായിരിക്കാനും മാനസിക പിരിമുറുക്കം നന്നായി കൈകാര്യം ചെയ്യാനും സഹായിക്കും. പ്രഭാതങ്ങളില്‍ കളില്‍ ചില തരം വ്യായാമങ്ങള്‍ ചെയ്യുന്നത് ദിവസം മുഴുവന്‍ ഊര്‍ജസ്വലനായിരിക്കാന്‍ നിങ്ങളെ സഹായിക്കും. 
"എന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത് ഞാന്‍ വീട്ടില്‍ അടങ്ങിയിരുന്ന് പഠിക്കണം എന്നാണ്" 
 പരീക്ഷാക്കാലത്ത് മാതാപിതാക്കളും വളരെ ഉത്കണ്ഠാകലരാകും. ചില മാതാപിതാക്കള്‍ കുട്ടികളോട് പരീക്ഷാക്കാലത്ത് (പഠനമല്ലാത്ത) എല്ലാത്തരത്തിലുള്ള വിനോദങ്ങളും മറ്റ് പ്രവര്‍ത്തികളും മറ്റും നിയന്ത്രിക്കാന്‍ ആവശ്യപ്പെടും. ചുറുചുറുക്കോടെയുള്ള ഒരു നടത്തത്തിനോ ചെറുതായി ഓടുന്നതിനോ നിങ്ങളോടൊപ്പം ചേരാന്‍ അവരോട് ആവശ്യപ്പെടുക. ഇതിലൂടെ നിങ്ങള്‍ നിങ്ങളുടെ സമയം പാഴാക്കുകയല്ല എന്ന് അവര്‍ക്ക് ഉറപ്പാകും. നിങ്ങളുടെ അമ്മയുടെ പലവ്യജ്ഞന ലിസ്റ്റ് എടുത്ത് അത് വാങ്ങിക്കൊടുക്കാമെന്ന് പറയുകയും അതിനായി മാര്‍ക്കറ്റിലേക്ക് പതുക്കെ ഓടുകയും ചെയ്യുക. ഇത് വ്യായാമത്തിന്‍റെ ഗുണത്തെക്കുറിച്ചും അതെങ്ങനെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു എന്നതിനെക്കുറിച്ചും അവരോട് സംസാരിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിവസം നന്നായി ആസൂത്രണം ചെയ്യുക, അതിലൂടെ കായികമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കുറച്ചു സമയം മാറ്റിവെയ്ക്കാന്‍ നിങ്ങള്‍ക്കാകും.
White Swan Foundation
malayalam.whiteswanfoundation.org