ടീച്ചര്‍ക്ക് ഒരു കൗണ്‍സിലറാകാനും കഴിയുമോ?

നിങ്ങളുടെ സ്കൂള്‍ അല്ലെങ്കില്‍ കോളേജ് ദിനങ്ങളെക്കുറിച്ച് ഓര്‍ക്കുകയും നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ തിരിച്ചറിയുകയും ചെയ്യുക. എന്താണ് അവരെ അത്തരത്തില്‍ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളില്‍ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം,  എന്നാല്‍ അതുപോലെ  വാത്സല്യത്തോടെ പിന്തുണ നല്‍കിയ പെരുമാറ്റത്തിന്‍റെ പേരിലും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂര്‍വം കേട്ടതിന്‍റെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓര്‍ക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേര്‍ന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചര്‍.
വിദ്യാര്‍ത്ഥികള്‍ അവരുടെ വളര്‍ച്ചയുടെ വര്‍ഷങ്ങളില്‍ പകുതിയും സ്കൂളിലും കോളേജിലുമായാണ് ചെലവഴിക്കുന്നത്. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്ക് വളരെ നിര്‍ണായകമായ ഒരു പങ്കുവഹിക്കാനുണ്ട്.  സ്കൂള്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചകള്‍, മാതാപിതാക്കളുമായുള്ള ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍, ആത്മാഭിമാനം, ശരീരരൂപത്തെക്കുറിച്ചുള്ള ആശങ്കകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോടുള്ള അമിതാസക്തി(അഡിക്ഷന്‍), ആത്മഹത്യാ ചിന്ത, അല്ലെങ്കില്‍ ഭാവി കരിയറിനെ ചൊല്ലിയുള്ള വേവലാതി തുടങ്ങിയ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തഴക്കം വന്നവരായിരിക്കുമ്പോള്‍ കുട്ടികളുമായി നിരന്തരം സമ്പര്‍ക്കപ്പെടുന്ന അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി തുറന്ന സംസാരത്തിലേര്‍പ്പെടാനും മനസ് തുറക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും കഴിയും.  ഒരു അക്കാദമിക് സംവിധാനത്തില്‍ ഇത് ഒരു കൗണ്‍സിലറുടെ പങ്ക് അനുപേക്ഷ്യമായതാക്കുന്നു, ടീച്ചര്‍ക്ക് സ്കൂള്‍/കോളേജ് കാമ്പസിനകത്ത്  വിദ്യാര്‍ത്ഥികള്‍ക്ക്  പിന്തുണ നല്‍കുന്ന പ്രാഥമിക സ്രോതസ്സായി മാറാനും കഴിയുന്നു.
 ഇന്ത്യയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) സ്കൂളുകളോട് ശുപാര്‍ശ ചെയ്തിരിക്കുന്നത് സ്കൂളില്‍ ഒരു മുഴുവന്‍ സമയ കൗണ്‍സിലറെ  നിയമിക്കണം എന്നാണെങ്കിലും മിക്കവാറും സ്കൂളുകളിലും ഇതു നടപ്പിലാക്കിയിട്ടില്ല. ചിലപ്പോള്‍ ഇത് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍പ്പര്യക്കുറവാകാം, ചിലപ്പോള്‍ പരിശീലനം സിദ്ധിച്ച കൗണ്‍സിലര്‍മാരെ കിട്ടാതെ വരുന്നതുകൊണ്ടുമാകാം. തങ്ങള്‍ കുഴപ്പം പിടിച്ച സാഹചര്യത്തിലാകുമ്പോള്‍ സ്കൂള്‍ കൗണ്‍സിലറെ കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനം, അല്ലെങ്കില്‍ ഒരു തള്ള് കിട്ടാത്തതാണ് ഇക്കാര്യത്തില്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ വിടവ് നികത്തുന്നതില്‍ അദ്ധ്യാപകര്‍ ഒരു സുപ്രധാനമായ പങ്ക് നിര്‍വഹിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വാസമുള്ളവരും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരുമായ ടീച്ചര്‍മാര്‍ക്ക് കുട്ടികള്‍ക്കാവശ്യമായ പിന്തുണ കൊടുക്കാനും  കുട്ടികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരെ സ്കൂള്‍ കൗണ്‍സിലറിന്‍റെ അടുത്തേക്ക് നയിക്കാനും കഴിയും. എന്നിരുന്നാലും എല്ലാ ടീച്ചര്‍മാര്‍ക്കും  ഇങ്ങനെയൊരാളാകാന്‍ കഴിയില്ല. 
ആര്‍ക്കാണ് ഇത് ചെയ്യാനാകുന്നത്?  
ഒരു ടീച്ചറോട് തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുക എന്നത് കുട്ടികള്‍ക്ക് അത്ര എളുപ്പമായ കാര്യമായിരിക്കില്ല. ടീച്ചര്‍ക്ക് തുറന്ന മനസ്ഥിതിയുണ്ടായിരിക്കണം എന്നതും അവര്‍ കുട്ടികളെ സഹായിക്കാന്‍ സന്നദ്ധരായിരിക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.    ടീച്ചര്‍ക്ക് ഒരു വിശ്വസ്ത/വിശ്വസ്തന്‍ ആകണം  എന്നാഗ്രഹമുണ്ടെങ്കില്‍ കുട്ടികളുടെ മനസില്‍ വിശ്വാസം കെട്ടിപ്പടുക്കണം എന്നത് വളരെ സുപ്രധാനമായ കാര്യമാണ്.          
 ടീച്ചറോട് സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിന് ടീച്ചര്‍ക്ക് ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ താഴെ പറയുന്നു: 
വസ്തുനിഷ്ഠമായ സമീപനം: ടീച്ചര്‍ കുട്ടിയെ പഠന മികവിന്‍റേയോ വ്യക്തിത്വത്തിന്‍റേയോ അടിസ്ഥാനത്തിലോ പക്ഷപാതപരമായോ കാണാതെ തികച്ചും വസ്തുനിഷ്ഠമായി കാണണം. 
പഴക്കം ചെന്നവര്‍: ഒരു സ്ഥാപനത്തില്‍ വളരെക്കാലമായി പ്രവര്‍ത്തിക്കുന്നയാള്‍ ആ സ്ഥലത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ മനസിലാക്കിയിട്ടുണ്ടാകും, അങ്ങനെയുള്ളയാള്‍ ഒരു കൗണ്‍സിലറുടെ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ പറ്റിയ ആളായിരിക്കും. കുട്ടികള്‍ക്ക് സമീപിക്കാവുന്ന ആളായി കാണപ്പെടുന്ന ടീച്ചറെ തിരിച്ചറിഞ്ഞ് കൗണ്‍സിലിംഗില്‍ പരിശീലനം കൊടുക്കാവുന്നതാണ്. 
സജീവമായ ശ്രവണ പാടവം: കുട്ടി തന്നോട് പറയുന്നത് എന്താണോ അതില്‍ ടീച്ചര്‍ സത്യസന്ധമായ താല്‍പര്യം പ്രകടിപ്പിക്കണം. ടീച്ചര്‍ ആത്മ നിയന്ത്രണം പരിശീലിക്കുകയും  തലയാട്ടുകയും കുട്ടി നല്‍കുന്ന സൂചനകളോടും കുറിവാക്കുകളോടും പ്രതികരിക്കുകയും ചെയ്തുകൊണ്ട് പിന്തുണ നല്‍കുന്ന ശരീരഭാഷയും ക്ഷമയും പ്രകടിപ്പിക്കുകയും വേണം.
ഉയര്‍ന്ന തലത്തിലുള്ള ആത്മാര്‍ത്ഥത: കുട്ടികള്‍ ടീച്ചറോട് അവരുടെ ഏറ്റവും കുഴപ്പം പിടിച്ച പ്രശ്നങ്ങള്‍ പങ്കുവെയ്ക്കണം എങ്കില്‍ ടീച്ചര്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണെന്നും തങ്ങള്‍ തുറന്നു പറയുന്ന കാര്യങ്ങള്‍ മറ്റാരുമായും പങ്കുവെയ്ക്കില്ലെന്നും അതിനെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു നടക്കില്ലെന്നും അവര്‍ക്ക് വിശ്വാസം ഉണ്ടാകണം. ഉദാഹരണത്തിന്, താന്‍ ആരോടാണോ സംസാരിക്കുന്നത് ആ വ്യക്തി വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണ് എന്ന ഉറപ്പില്ലാതെ ഒരു കുട്ടിയും തന്‍റെ അസ്വസ്ഥമായ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് തുറന്നു പറയാന്‍ തയ്യാറാകില്ല. 
സഹാനുഭൂതിയും അന്വേഷണവും: ടീച്ചര്‍ സഹാനുഭൂതിയുള്ളയാളായിരിക്കണം, അത് കുട്ടിയുടെ പ്രശ്നങ്ങള്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ തന്നെ മനസിലാക്കാന്‍ ടീച്ചറെ സഹായിക്കും. അതേസമയം തന്നെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ വേണ്ടി കുട്ടിയുമായുള്ള സംസാരം കുട്ടി കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുന്ന തരത്തിലേക്ക് കൊണ്ടുപോകാനുള്ള കഴിവും ഉണ്ടായിരിക്കണം. 
ഒരു വിദ്യാര്‍ത്ഥി തന്നെ സമീപിക്കുമ്പോള്‍ ടീച്ചര്‍ എന്താണ് ചെയ്യേണ്ടത്? 
ഒരു ഐക്യം കെട്ടിപ്പടുക്കുക: ഒരു ടീച്ചര്‍-കൗണ്‍സിലര്‍ വെയ്ക്കേണ്ട ആദ്യ ചുവട് ഇതാണ്. കുട്ടിക്ക് ആശ്വാസം അനുഭവപ്പെടുകയും അവന്‍/അവള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യും വരെ നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ കുട്ടിക്ക്  സുഖപ്രദമായ അവസ്ഥ അനുഭവപ്പെടുത്തുക. നിങ്ങള്‍ വിശ്വസിക്കാന്‍/ആശ്രയിക്കാന്‍ കൊള്ളാവുന്നയാളാണോ എന്ന് കുട്ടി അളക്കുകയാകും എന്ന കാര്യം ഓര്‍ക്കുക. ഈ ഘട്ടത്തില്‍, വാക്കുകൊണ്ടുള്ളതും വാക്കുകൊണ്ടല്ലാത്തതുമായ ആശയ വിനിമയം സമന്വയിപ്പിച്ച ഒരു നല്ല പ്രതികരണ/ ആശയവിനിമയ രീതി ഉപയോഗിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 
കുട്ടിയെ സ്വയം വെളിപ്പെടുത്താന്‍ അനുവദിക്കുക: കുട്ടി താന്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവരെ അക്കാര്യം സ്വയം വെളിപ്പെടുത്താന്‍ അനുവദിക്കുക. കുട്ടിക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുക, അവരുടെ ചിന്തയുടെ ഒഴുക്കിനെ ഒരു തരത്തിലും തടസപ്പെടുത്തരുത്. കൂടാതെ, ഒരു ടീച്ചര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക്  പ്രശ്നം ശരിയായി മനസിലായി എന്ന് ഉറപ്പാക്കുന്നതിനായി കുട്ടിയുടെ ചിന്തകളെ ക്രോഡീകരിച്ച് പറയാനുമാകും. ഇത് അവരുടെ ചിന്തകള്‍ക്ക് വ്യക്തത നല്‍കും."നിന്‍റെ പ്രശ്നങ്ങളെ എനിക്ക് ഇങ്ങനെയാണ് മനസിലായത്. നിനക്ക് ഇതിനെ ഇന്നയിന്ന രീതികളില്‍ സമീപിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിനക്ക് എന്ത് തോന്നുന്നു?" എന്ന തരത്തിലുള്ള പ്രതികരണം ആകാവുന്നതാണ്.  ഉടനടി പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് പകരം പ്രശ്നത്തെ മറികടക്കുന്നതിനോ അഭിമുഖീകരിക്കുന്നതിനോ ഉള്ള മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കുട്ടിയെ സഹായിക്കുക.  
കുട്ടിയെ വിധിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാതിരിക്കുക : ഒരു ടീച്ചര്‍ കുട്ടിയോട് എപ്പോഴും അനുകമ്പയും ദയയും ഉള്ളയാളായിരിക്കണം. ഉദാഹരണത്തിന്,  ഒരു കുട്ടി താന്‍ ദിവസത്തില്‍ 60 സിഗരറ്റ്  ഉപയോഗിക്കും എന്ന് വെളിപ്പെടുത്തിയാല്‍  ടീച്ചര്‍ "ഹോ.. അത് വളരെ മോശമാണ് " എന്ന് പറയാന്‍ പാടില്ല. ആത്മസംയമനം പാലിക്കാന്‍ പരിശീലിക്കണം. 
വൈകാരികമായ സ്ഥിരത പുലര്‍ത്തുക: ഒരു ടീച്ചറെന്ന നിലയ്ക്ക് ഒരു വ്യക്തി തന്‍റെ ചിന്തകളിലും വികാരങ്ങളിലും സുസ്ഥിരത പുലര്‍ത്തണം. തന്‍റെ മൂഡും മാനസിക വിക്ഷോഭങ്ങളും മറ്റും തന്‍റെ അടുത്ത് സഹായത്തിനായി എത്തുന്ന കുട്ടിയുടെ   മേല്‍ ചെലുത്താതിരിക്കാന്‍ ശ്രമിക്കണം. ടീച്ചര്‍ എപ്പോഴും തന്‍റെ അക്ഷോഭ്യത/ ആത്മസംയമനം നിലനിര്‍ത്തണം. 
സമ്പൂര്‍ണമായ രഹസ്യാത്മകത പാലിക്കണം: കുട്ടി പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായിരിക്കുമെന്നും ആരോടും വെളിപ്പെടുത്തുകയില്ലെന്നും കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തണം.( കുട്ടി വെളിപ്പെടുത്തുന്ന കാര്യം അവര്‍ക്കോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കോ അപകടകരമായതാണെങ്കില്‍ അത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം).
കൂടാതെ, കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനായി പരിശീലിപ്പിക്കാവുന്ന ടീച്ചര്‍മാര്‍ ആരെല്ലാമെന്ന് കണ്ടെത്താന്‍ സ്കൂള്‍ മാനേജ്മെന്‍റ് ശ്രമിക്കുകയും വേണം.  
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ബാംഗ്ലൂര്‍ ജെയ്ന്‍ യൂണിവേഴ്സിറ്റിയിലെ ചീഫ് കൗണ്‍സിലറായ ഡോ. ഉമ വാര്യര്‍ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org