വിദ്യാഭ്യാസം

പരീക്ഷാ സമയത്ത് ഉത്കണ്ഠ അനുഭവപ്പെടുന്നു എങ്കില്‍ ഒരു ഹെല്‍പ് ലൈനില്‍ വിളിക്കുക

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് ഒരു ഹെല്‍പ് ലൈന്‍?
മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ആര്‍ക്കും അതിനെ മറികടക്കാന്‍ സഹായിക്കുന്ന വിവരങ്ങളും വൈകാരികമായ പിന്തുണയും  ലഭ്യമാക്കുന്ന സൗജന്യ സേവനമാണ് ഹെല്‍പ് ലൈന്‍. കുറ്റപ്പെടുത്തലോ വിധിക്കപ്പെടലോ ഒന്നും അനുഭവിക്കാതെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രശ്നം ചര്‍ച്ചചെയ്യാനാകുന്ന ഇടമാണിത്. ഭൂരിപക്ഷം ഹെല്‍പ് ലൈനുകളും ടെലിഫോണിലാണ് സേവനം നല്‍കുന്നത്, എന്നാല്‍ ചിലര്‍ ഇ-മെയിലിലൂടെ ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നുണ്ട്. 
ഞാന്‍ എപ്പോള്‍ ഒരു ഹെല്‍പ് ലൈനിലേക്ക് വിളിക്കണം?
നിങ്ങള്‍ക്ക് ഒരു ഹെല്‍പ് ലൈനിലേക്ക് വിളിക്കാവുന്നത് നിങ്ങള്‍ ഒരു പ്രതിസന്ധിയില്‍ പെട്ടിരിക്കുമ്പോള്‍ മാത്രമല്ല, നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ക്കും വ്യക്തതയ്ക്കും വേണ്ടിയും ഹെല്‍പ് ലൈനിലേക്ക് വിളിക്കാവുന്നതാണ്. നിങ്ങള്‍ക്ക് വേണ്ടിയോ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഹെല്‍പ് ലൈനിലേക്ക് വിളിക്കാവുന്നതാണ്.
ഹെല്‍പ് ലൈനിലേക്ക് വിളിക്കുമ്പോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാം? 
 ഒരു ഹെല്‍പ് ലൈനിലേക്ക് വിളിക്കുമ്പോള്‍ നിങ്ങളെ നിങ്ങള്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് (ഉദാ. പരീക്ഷയെ ചൊല്ലിയുള്ള മാനസിക പിരിമുറുക്കം, ആത്മവിശ്വാസക്കുറവ് മുതലായവ) നല്ല ധാരണയുള്ള ഒരു കൗണ്‍സിലറുമായി(അല്ലെങ്കില്‍ പരിശീലനം നേടിയിട്ടുള്ള ഒരു വ്യക്തിയുമായി) ബന്ധപ്പെടുത്തും. ഹെല്‍പ് ലൈനുകള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം കേള്‍ക്കുന്നതിനും നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനും വേണ്ടിയുള്ളതാണ്. ഈ സേവനം ലഭ്യമാക്കുന്നതിനായി കൗണ്‍സിലര്‍ നിങ്ങളുടെ പ്രായം, നിങ്ങള്‍ നേരിടുന്ന പ്രശ്നത്തിന്‍റെ വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള കുറച്ച് അടിസ്ഥാന കാര്യങ്ങള്‍ നിങ്ങളോട് ചോദിച്ചേക്കാം. പിന്നീട് നിങ്ങള്‍ പറയുന്നതെല്ലാം- അനാവശ്യമായി തലയിടുകയോ വിധിപ്രസ്താവനകള്‍ നടത്തുകയോ ചെയ്യാതെ-  കൗണ്‍സിലര്‍ കേട്ടിരിക്കും. നിങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും,  അല്ലെങ്കില്‍ ഒരു വിദഗ്ധന്‍റെ അടുത്തേക്ക് അയയ്ക്കും.
ഞാന്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ രഹസ്യമായിരിക്കുമോ? 
 ഒരു ഹെല്‍പ് ലൈന്‍ കൗണ്‍സിലറോട് സംസാരിക്കുന്നത് നിങ്ങളുടെ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ തന്നെയായിരിക്കും, ഇവിടെ നിങ്ങള്‍ നിങ്ങളുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യവും ഇല്ല എന്നൊരു വ്യത്യാസം മാത്രമാണുള്ളത്.  എല്ലാ ഹെല്‍പ് ലൈന്‍ സംഭാഷണങ്ങളും ആര് ആരോട് എന്നറിയാത്ത അവസ്ഥയിലാണ് നടക്കുന്നത്. നിങ്ങള്‍ നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു ഭീഷണിയാകുന്നില്ലായെങ്കില്‍,  നിങ്ങള്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ രഹസ്യമായിരിക്കുകയും ചെയ്യും. സംസാരം മുന്നോട്ട് പോകുന്നതിന് മുമ്പ് രഹസ്യാത്മകത സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ച് ഹെല്‍പ് ലൈന്‍ ഓപ്പറേറ്ററോട് സംസാരിച്ച് വ്യക്തത വരുത്തുന്നത് സഹായകരമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക
White Swan Foundation
malayalam.whiteswanfoundation.org