വിദ്യാഭ്യാസം

പരീക്ഷാക്കാലത്ത് ലക്ഷ്യങ്ങള്‍ നിര്‍ണയിക്കല്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

" പഠിക്കാന്‍ ധാരാളം ഉണ്ട്, ഞാനിതൊക്കെ എങ്ങനെ തീര്‍ക്കും"

" എന്‍റെ ദൈവമേ,  സിലബസിലേക്ക് നോക്കുമ്പോള്‍ തന്നെ കിടക്കയില്‍ ചുരുണ്ടു കൂടാന്‍ തോന്നുന്നു."
 
പരീക്ഷാക്കാലത്ത് പല വിദ്യാര്‍ത്ഥികളും സിലബസിലേക്ക് നോക്കുമ്പോള്‍ തന്നെ ഉത്കണ്ഠാകുലരാകുകയോ പഠനത്തിന് കാലതാമസം വരുത്തുകയോ ചെയ്യുന്നു. പരീക്ഷയ്ക്ക് പഠിക്കാനുള്ള സിലിബസിനെക്കുറിച്ച് പ്രത്യേക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും പഠിക്കാനുള്ളവ എളുപ്പത്തില്‍ ലക്ഷ്യം നേടാനാകുന്ന വിധത്തില്‍ ചെറിയ ചെറിയ ഭാഗങ്ങളായി വിഭജിക്കുകയും ചെയ്യുന്നത് പരീക്ഷയെച്ചൊല്ലിയുള്ള ഉത്കണ്ഠ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. 

എന്തുകൊണ്ടാണ് പരീക്ഷകള്‍ക്ക് ലക്ഷ്യം നിര്‍ണയിക്കേണ്ടത്? 
 
ഒരു പര്‍വ്വതം കയറുന്ന അനുഭവം ഓര്‍ക്കുക. അതിലേക്ക് നോക്കുമ്പോള്‍ തന്നെ നിങ്ങള്‍ പകച്ചു പോകുകയും കയറണ്ടാ എന്ന് തോന്നുകയും ചെയ്തേക്കും. പക്ഷെ പര്‍വ്വതം കയറാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ ആദ്യം അത് കയറുന്നതിനുള്ള ആസൂത്രണം നടത്തുകയോ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയോ ചെയ്യണം. പിന്നെ പര്‍വ്വതം കയറുന്നതിനായുള്ള ഓരോരോ പ്രായോഗിക ഒരുക്കങ്ങള്‍ നടത്തുകയും എന്നിട്ട് കയറാന്‍ തുടങ്ങുകയും വേണം. പര്‍വതം കയറിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എത്രമാത്രം സന്തോഷവും സംതൃപ്തിയും ഉണ്ടാകുമെന്ന്  ഒന്നു സങ്കല്‍പ്പിച്ച് നോക്കുക.  പരീക്ഷയ്ക്കായി ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നതും ഇതുപോലെയാണ്. ഇത് പ്രയാസമുള്ളതായി തോന്നിയേക്കാം, പക്ഷെ ഒരു സമയം ഒരു ചുവടു മാത്രം വെയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ അനായാസം നിങ്ങളുടെ ലക്ഷ്യത്തില്‍ എത്തിച്ചേരും. 
 
വിവിധ തരം ലക്ഷ്യങ്ങള്‍ 
 
എപ്പോഴാണ് നിങ്ങള്‍ക്ക് ഫലപ്രാപ്തി വേണ്ടത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനും പരീക്ഷ എഴുതുന്നതിനും വ്യത്യസ്ത തരം ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാം.
 
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ : ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ചിലത് താഴെ പറയുന്നു: 
 • നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കോളേജിലോ സര്‍വ്വകലാശാലയിലോ പ്രവേശനം നേടുക.  
 • വര്‍ഷാവസാനത്തോടെ നിങ്ങളുടെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുക. 
 • പരീക്ഷയ്ക്ക് ഇരുന്ന് നന്നായി എഴുതി പൂര്‍ത്തീകരിക്കുക.
ഹ്രസ്വകാല ലക്ഷ്യങ്ങള്‍ : ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്കുള്ള ചെറിയ ചവിട്ടു പടികളാണ്.  ഉദാഹരണത്തിന്
 • ഇഷ്ടപ്പെട്ട കോളേജിലോ യൂണിവേഴ്സിറ്റിയിലോ പ്രവേശനം നേടുന്നതിനുള്ള കുറഞ്ഞ മാര്‍ക്കിന്‍റെ (കട്ട് ഓഫ് മാര്‍ക്ക്) പരിധി കടക്കുക.
 • കോഴ്സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധം നല്ല ഗ്രേഡോ മാര്‍ക്കോ നേടുക.
 • പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുക, അല്ലെങ്കില്‍ സിലിബസ് മുഴുവന്‍ പഠിക്കുക. 
ചെറു ലക്ഷ്യങ്ങള്‍ : ഇവ ഒരു ദിവസം കൊണ്ടോ ഒരു ആഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ നേടേണ്ട ഫലങ്ങളാണ്.  ചെറു ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് അത് നിങ്ങളെ സജ്ജരാക്കും. വലിയ ജോലികളേയോ ലക്ഷ്യങ്ങളേയോ ചെറിയവയായി വിഭജിക്കുന്നത് നിങ്ങളില്‍ നേട്ടം കൈവരിച്ചു എന്നൊരു തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും. ചെറുലക്ഷ്യങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍ താഴെ പറയുന്നു:  
 • ഒരു പ്രത്യേക കാലയളവില്‍ നിങ്ങള്‍ പഠിക്കേണ്ട വിഷയങ്ങളെ തരംതിരിക്കല്‍. 
 • ഓരോ വിഷയത്തിനും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കുക. ഉദാ.ആഴ്ചതോറും സിലിബസിന്‍റെ ഏതാനും അധ്യായങ്ങള്‍ പഠിക്കുക. 
 • അന്നന്നത്തെ പഠനത്തിനുള്ള രൂപരേഖ തയ്യാറാക്കുക. 
 
ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്നത് എങ്ങനെ?
 
ഓരോരുത്തരും വ്യത്യസ്തമായ തരത്തിലാണ് അറിവ് നേടുകയും പഠിക്കുകയും ചെയ്യുന്നത്. പഠിച്ച് തീര്‍ക്കല്‍ അസാധ്യം എന്ന് തോന്നിപ്പിക്കുന്ന സിലിബസിനെ ചെറിയ യൂണിറ്റുകളായി വിഭജിക്കാവുന്നതാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും കൈവരിക്കുകയും ചെയ്യുന്നത് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു: 
 • തയ്യാറെടുപ്പിന് ആവശ്യമായ സമയം.
 • ലഭ്യമായ സമയത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുകയും ആസൂത്രണം ചെയ്യപ്പെടുകയും ചെയ്യുന്ന പഠന ലക്ഷ്യങ്ങള്‍.
 • ലക്ഷ്യങ്ങളെ വിശദാംശങ്ങളുടെ, അളവിന്‍റെ, പ്രായോഗികതയുടെ, ചെയ്തു തീര്‍ക്കേണ്ട സമയത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിക്കല്‍.
 • നിര്‍ണയിക്കുന്ന കര്‍ത്തവ്യങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ആത്മവിശ്വാസവും പ്രചോദനവും.
ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ തന്നെ, വിശ്രമത്തിനും സാമൂഹ്യ ജീവിതത്തിനും കൂടി സമയം ഉള്‍പ്പെടുത്തേണ്ടതും വളരെ പ്രധാനമാണ്. നിങ്ങള്‍ നിര്‍ണയിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് സംബന്ധിച്ച് ചില നീക്കുപോക്കുകള്‍ നടത്താനാകുക എന്നതും നല്ലതാണ്. എന്തെങ്കിലും കാരണം കൊണ്ട് ഒരു ദിവസത്തെ പഠനം നഷ്ടപ്പെട്ടാല്‍ അത് നിങ്ങള്‍ക്ക് മറ്റൊരു ദിവസത്തെ പഠനം കൊണ്ട് പരിഹരിക്കാന്‍ കഴിയണം. 
 
റഫറന്‍സ് :
 •  കോട്ട്രല്‍, എസ്. (1999). ദി സ്റ്റഡി സ്കില്‍സ് ഹാന്‍ഡ്ബുക് . പാല്‍ഗ്രേവ് മാക്മില്ലന്‍. 
 • ഷങ്ക്, ഡി. എച്ച്. (2000). ലേണിംഗ് തിയറീസ്: ആന്‍ എഡ്യൂക്കേഷണല്‍ പെര്‍സ്പെക്റ്റീവ്. അപ്പര്‍ സാഡില്‍ റിവര്‍, എന്‍ജെ: പ്രെന്‍റിസ്-ഹാള്‍.  
 • സിമ്മര്‍മാന്‍, ബി.ജെ. (1998). അക്കാദമിക് സ്റ്റഡിയിംഗ് ആന്‍റ് ദ ഡവലപ്പ്മെന്‍റ് ഓഫ് പേര്‍സണല്‍ സ്കില്‍: എ സെല്‍ഫ്-റഗുലേറ്ററി  പെര്‍സ്പെക്റ്റീവ്. എജ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്, 33,73-86 .
White Swan Foundation
malayalam.whiteswanfoundation.org