വിദ്യാഭ്യാസം

അഭിമുഖം: നിങ്ങളുടെ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി കൈകാര്യം ചെയ്യുക

അധ്യാപകർ അറിയാതെതന്നെ അവരുടെ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടിക്ക് കാരണമാകുന്നു

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

പഠനകാര്യത്തിൽ മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കും ശരാശരി കുട്ടികൾക്കും സാധാരണയായി കണ്ടുവരാറുള്ള ഒന്നാണ് പരീക്ഷാപ്പേടി. ഇങ്ങനെ വിദ്യാർത്ഥികളിൽ പരീക്ഷാപ്പേടി സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് കൃത്യമായ പങ്കുണ്ട്. മികച്ച വിജയശതമാനം ലക്ഷ്യമിടുന്ന സ്‌കൂൾ അധികൃതർ (ഉദാഹരണത്തിന്, കൂടുതൽ കുട്ടികൾ പരീക്ഷയിൽ ഉന്നതവിജയം നേടുന്നത്) കുട്ടികൾക്ക് മികച്ച വിജയശതമാനം ഉണ്ടാക്കാൻ അധ്യാപകരിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. അധ്യാപകർ പരീക്ഷയിൽ ഉന്നതവിജയം നേടുന്നതിനും വിജയശതമാനം കൂട്ടുന്നതിനും കുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്നു. പരീക്ഷയിൽ ഉന്നതവിജയം നേടുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞാണ് ഇത് നടപ്പാക്കുന്നത്. അധ്യാപകർ നിരവധി സമ്മർദ്ദങ്ങള്‍ക്ക് അടിമപ്പെട്ടാണ് കുട്ടികളിൽ പരീക്ഷാപ്പേടി സൃഷ്ടിക്കുന്നത്. അധ്യാപകർ നേരിടുന്ന സമ്മർദ്ദങ്ങള്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്.  
  • മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നു. സ്‌കൂളിന്റെ സത്കീർത്തിയാണ് ലക്ഷ്യം.
  • ശരാശരി നിലവാരമുള്ളവരും അതില്‍താഴെ നിലവാരം ഉള്ളവരുമായ വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തെ പറ്റിയുള്ള ആശങ്കകൾ. അവരുടെ പ്രകടനം ആത്യന്തികമായി ബാധിക്കുന്നത് അധ്യാപകരെ തന്നെയാണ്. അതിന്റെ ഉത്തരവാദിത്തം അധ്യാപകര്‍ക്കാണ്. 
നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി അഡീഷണൽ പ്രൊഫസർ ഡോ. എം മഞ്ജുള നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ലേഖനത്തിൽ എങ്ങനെയാണ് അധ്യാപകർ അറിഞ്ഞും അറിയാതെയും പരീക്ഷാപ്പേടിക്ക് കാരണമാകുന്നതെന്ന് വ്യക്തമാക്കുന്നു. ഒരു ക്ലാസിലെ എല്ലാ കുട്ടികളുടെയും പഠനനിലവാരം അടയാളപ്പെടുത്താനും നിയന്ത്രിക്കാനും ഒരധ്യാപകനും സാധ്യമല്ല. പഠനകാര്യങ്ങളിലും മറ്റുമുണ്ടാകുന്ന പേടിയും സമ്മർദ്ദവും കൈകാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കാൻ മാത്രമാണ് അധ്യാപകർക്ക് കഴിയുക. വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടിയും മറ്റും കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഉണ്ടാകാനിടയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. 
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത്? 
വളരെക്കാലത്തെ പരിചയംകൊണ്ട് മികച്ച പഠനനിലവാരം ഉള്ള കുട്ടിയേയും ശരാശരിയും ശരാശരിയിൽ താഴെയുമുള്ള വിദ്യാർത്ഥികളേയും കണ്ടെത്താൻ എളുപ്പം സാധിക്കും. ഇത് പഠന നിലവാരത്തിനപ്പുറം ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പരിഗണന കൊടുക്കാൻ അധ്യാപകരെ സഹായിക്കുന്നു. ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ കൂടുതൽ ശ്രദ്ധിക്കാനും പരിഗണിക്കാനും അധ്യാപകർ ശ്രമിക്കാറുണ്ട്. ഇത് മറ്റുള്ള കുട്ടികൾക്ക് മികച്ച രീതിയിൽ പഠിക്കാനും കൂടുതൽ മാർക്ക് വാങ്ങാനും അങ്ങനെ ടീച്ചറുടെ ശ്രദ്ധയും പരിഗണനയും നേടാനും പ്രചോദനമാകും. 
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക? 
  •  പഠനനിലവാരത്തിന്റെ പേരിൽ കുട്ടികളോട് ഒരു കാരണവശാലും അധ്യാപകർ പക്ഷഭേദം കാണിക്കാൻ പാടില്ല. ഓരോ വിദ്യാർത്ഥിയേയും കൂടുതൽ മികച്ച രീതിയിൽ പഠിക്കാൻ പ്രേരിപ്പിക്കുക മാത്രമേ ചെയ്യാവൂ.
  • പഠനനിലവാരം കുറഞ്ഞ കുട്ടികളെ അവഗണിക്കുന്നത് അവന്റെ ആത്മാഭിമാനം ഇല്ലാതാക്കുന്നതിന് കാരണമാകും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത്. അവർക്ക് പ്രചോദനം നൽകുക, പഠിക്കാൻ പ്രേരിപ്പിക്കുക എന്നിവ ചെയ്യാം. പഠനനിലവാരം കൂട്ടുന്നതിനായുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടുപിടിക്കുക, പഠനക്രമത്തിൽ മാറ്റം വരുത്തുക തുടങ്ങിയവ ചെയ്യാം. ആവശ്യമെങ്കിൽ മറ്റ് പിന്തുണകളും ആവാം. എല്ലാ കുട്ടികൾക്കും ഇത്തരത്തിലുള്ള പിന്തുണ ആവശ്യമായി വരും. അത് നൽകാൻ അധ്യാപകർ തയ്യാറാവണം. അധ്യാപകരുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കിൽ പഠനനിലവാരം കുറഞ്ഞ കുട്ടികളും പഠനത്തിൽ താത്പര്യമില്ലാത്ത കുട്ടികളും വരെ മികച്ച വിജയം നേടാൻ സാധ്യതയുണ്ട്. 
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ? 
ഇത് എല്ലായ്പോഴും ആവശ്യമായി വരില്ല. മാത്രവുമല്ല മാതാപിതാക്കളുമായുള്ള തെറ്റായ ആശയവിനിമയം ഉണ്ടാകാനും പാടില്ല. 'മകൾ/മകൻ നന്നായി പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക' 'പുറത്ത് പോകാനോ ടിവി കാണാനോ അനുവദിക്കരുത്. ഇത് ഫൈനൽ പരീക്ഷയാണ്' തുടങ്ങിയതരത്തിലുള്ള ആശയവിനിമയങ്ങള്‍ മാതാപിതാക്കൾ എടുക്കുന്നത് മോശമായ തരത്തിലാകും. അത് വീട്ടിലും അമിത സമ്മർദ്ദം സൃഷ്ടിക്കുന്നതിന് കാരണമാകും. അധ്യാപകർ മിക്കവാറും അവരുടെ ആകാംക്ഷയും ഉത്കണ്ഠയുമാകും മാതാപിതാക്കളോട് പങ്കുവെയ്ക്കുന്നത്, അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്നത്. അതിന്റെ അമിതഭാരം ഏൽക്കേണ്ടിവരുന്നത് വിദ്യാർത്ഥികളാവും എന്ന കാര്യം ഓർക്കുക. മാതാപിതാക്കളും സമ്മർദ്ദത്തിന് അടിപ്പെട്ടാൽ വിദ്യാർത്ഥി പൂർണ്ണമായും പരീക്ഷാപ്പേടിയുടെ പിടിയിലാകും. 
പരീക്ഷാസമയങ്ങളിൽ ഞാൻ എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാവേണ്ടത്? 
ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളോടും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരോടും അധ്യാപകർ വിവേചനം കാണിക്കാൻ തുടങ്ങുന്നതോടെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നു. ഇത് പഠനത്തിൽ പിന്നാക്കം നിൽകുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതാക്കും. വിദ്യാർത്ഥികളുടെ പഠനനിലവാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതവരുടെ കഴിവുകളെയും ആത്മവിശ്വാസത്തേയും ഇല്ലാതാക്കും എന്ന കാര്യം കൂടി ഓർക്കുക. 
അധ്യാപകർക്ക് വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ സാധിക്കുന്നത് ഇങ്ങനൊക്കെയാണ്
  • കുട്ടികൾക്ക് പഠിക്കാനുള്ള ടൈം ടേബിൾ തയ്യാറാക്കി നൽകുക
  • കുട്ടികളുടെ പ്രകടനങ്ങളെ ശ്രദ്ധിക്കുക, വേണ്ട നിർദ്ദേശങ്ങൾ നൽകുക.
  • അവരുടെ പ്രതീക്ഷകൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാതെ അവരെ പിന്തുണയ്ക്കാൻ ശ്രമിക്കുക.
  • വിദ്യാർത്ഥികളുടെ ലക്ഷ്യങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമുള്ള തുറന്ന ചർച്ചകൾ നടത്തുക. 
White Swan Foundation
malayalam.whiteswanfoundation.org