വിദ്യാഭ്യാസം

കൗണ്‍സിലിംഗ് പ്രക്രിയയില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്തുക എന്നത് എളുപ്പമല്ല, പക്ഷെ അത് ആവശ്യമാണ്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

പതിനെട്ട് വയസിന് മേല്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും- അവര്‍ സ്വമേധയാ കൗണ്‍സിലിംഗിന് വരുന്നവരാണെങ്കിലും കൗണ്‍സിലറുടെ അടുത്തേക്ക് ശുപാര്‍ശ ചെയ്യപ്പെടുന്നവരാണെങ്കിലും- കൗണ്‍സിലറോട് അവര്‍ പലപ്പോഴും വ്യക്തിപരവും വികാരവിക്ഷോഭം ഉണ്ടാക്കിയേക്കാവുന്നതുമായ വിവരങ്ങള്‍ പങ്കുവെച്ചേക്കാം എന്നതിനാല്‍ അവര്‍ക്ക് സ്വകാര്യത സംരക്ഷിക്കപ്പെടുന്നതിനും രഹസ്യാത്മകത പാലിക്കപ്പെടുന്നതിനും സമ്പൂര്‍ണമായ അവകാശം ഉണ്ടായിരിക്കും. 
രഹസ്യാത്മകത എന്നത് കൗണ്‍സിലിംഗിന്‍റെ മുഖമുദ്രയാണ്, എല്ലാ കൗണ്‍സിലര്‍മാരും ഇത് കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഭൂരിപക്ഷം കൗണ്‍സിലിംഗ് കേന്ദ്രങ്ങളും കൗണ്‍സിലിംഗിന് എത്തുന്നയാളെ ചില വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും അവരുടെ അനുമതി വാങ്ങുന്നതിനുമുള്ള സമ്മത പത്രം ഉപയോഗപ്പെടുത്തുന്നു. ഇതില്‍ മറ്റ് വിവരങ്ങള്‍ക്ക് പുറമേ ഈ വ്യക്തി സ്വയം അപകടപ്പെടുത്താനോ, മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാക്കാനോ സാധ്യതയുണ്ടെങ്കിലോ ആത്മഹത്യാ ചിന്ത പുലര്‍ത്തുന്നുണ്ടെങ്കിലോ ചില കേസുകളില്‍ വ്യക്തവും ആസന്നവുമായ ഒരപകടം ഇയാള്‍ക്കോ മറ്റുള്ളവര്‍ക്കോ വരുന്നത് തടയുന്നതിനായി കൗണ്‍സിലിംഗ് വിരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഒരു കോടതി ഉത്തരവുണ്ടെങ്കിലോ ഈ വിവരങ്ങള്‍ വെളിപ്പെടുത്തും എന്ന  പരാമര്‍ശം ഉണ്ടായിരിക്കണം. ഇത്തരം കേസുകളുടെ ശതമാനം വളരെ കുറവായിരിക്കും, അല്ലെങ്കില്‍ അവ വളരെ അപൂര്‍വമായിരിക്കും എന്നും പറയാം. അതുകൊണ്ട് ഒരു വിദ്യാര്‍ത്ഥി കൗണ്‍സിലിംഗില്‍ പങ്കുവെയ്ക്കുന്ന രഹസ്യ വിവരങ്ങള്‍ മിക്കവാറും എല്ലാ കോളേജ് കാമ്പസ് സംവിധാനത്തിലും രഹസ്യമായിതന്നെയിരിക്കും എന്ന് കരുതാം. 
കൗണ്‍സിലിംഗ് പുരോഗമിക്കുമ്പോള്‍, ഒരു വിദ്യാര്‍ത്ഥി അയാളുടെ/ അവളുടെ മാതാപിതാക്കളുടെ പങ്കാളിത്തം കൂടിയുണ്ടെങ്കില്‍ കൂടുതല്‍ നല്ല പുരോഗതി നേടിയേക്കും എന്ന് കൗണ്‍സിലര്‍ക്ക് തോന്നിയാല്‍  കൗണ്‍സിലിംഗ് പ്രക്രിയയില്‍ മാതാപിതാക്കളെകൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു വിദ്യാര്‍ത്ഥി കൗണ്‍സിലറെ സമീപിച്ച് തന്‍റെ മാതാപിതാക്കള്‍ തമ്മില്‍ നിരന്തരം കലഹിക്കുന്നതിനാല്‍ തനിക്ക് പഠനത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ പറ്റുന്നില്ല എന്ന് പറഞ്ഞാല്‍ കുട്ടിക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു പഠനാന്തരീക്ഷം ഒരുക്കുന്നതിനായി മാതാപിതാക്കളെ കൂടി കൗണ്‍സിലിംഗില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സിലര്‍ക്ക് പരിഗണിക്കാവുന്നതാണ്. കൗമാരക്കാരുടെ കൗണ്‍സിലിംഗില്‍ മാതാപിതാക്കളെ കൂടി ഉള്‍പ്പെടുത്തുന്നത് എവിടെ നിന്നാരംഭിക്കാം എന്നതും ഏത് തലം വരെയാകാമെന്നതും ഇപ്പോഴും ഒരു തര്‍ക്ക വിഷയമാണ്. രഹസ്യാത്മകത എന്നത് ഒരു കൗണ്‍സിലിംഗിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ്, അതുകൊണ്ട് തന്നെ കാമ്പസ് സംവിധാനത്തിനകത്ത് ഒരു കൗണ്‍സിലിംഗില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്താന്‍ വിദ്യാര്‍ത്ഥിക്ക് താല്‍പര്യമുണ്ടായേക്കില്ല.  മാതാപിതാക്കളോട് ചില പ്രത്യേക വിവരങ്ങള്‍ വെളിപ്പെടുത്തുകയും അവരെ കുട്ടിയുടെ പടി പടിയായുള്ള പുരോഗതിയില്‍ ഉള്‍പ്പെടുത്തുകയും വേണോ അതോ ധാര്‍മികമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്താതിരിക്കണോ എന്ന കാര്യത്തില്‍ കാമ്പസ് കൗണ്‍സിലര്‍മാര്‍ പലപ്പോഴും ഒരു ധര്‍മ്മസങ്കടത്തില്‍ പെടാറുണ്ട്. 
കുട്ടി നേരിടുന്ന വെല്ലുവിളികളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ കൊണ്ടുവരാന്‍ കൗണ്‍സിലര്‍ തീരുമാനിച്ചാല്‍ പോലും, പലപ്പോഴും മാതാപിതാക്കള്‍ അതിനോട് ചെറുത്തു നില്‍ക്കുന്നത് കാണാറുണ്ട്. കൗണ്‍സിലര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറാകാതിരിക്കുകയും തന്‍റെ കുട്ടിക്ക് എന്തെങ്കിലും തെറ്റ് ചെയ്യാനാകും എന്നത് നിഷേധിക്കുകയും ചെയ്യും. എന്‍റെ അനുഭവത്തില്‍ നിന്ന് ഒരു ഉദാഹരണം പറയുകയാണെങ്കില്‍- ഒരിക്കല്‍ ഒരു കൗണ്‍സിലര്‍  ഒരു വിദ്യാര്‍ത്ഥിയുടെ അമ്മയോട് ആ കുട്ടി (മയക്കുമരുന്ന് പോലെ) അഡിക്ഷന്‍ ഉണ്ടാക്കുന്ന ഏതെങ്കിലും വസ്തുക്കളുടെ സ്വാധീനത്തില്‍ പെട്ടിട്ടില്ല എന്ന കാര്യം ഉറപ്പാക്കുന്നതിനായി കുട്ടിയെ ഒന്ന് നിരീക്ഷിക്കണം എന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ ആ അമ്മ കൗണ്‍സിലറോട് കൗണ്‍സിലര്‍ തന്‍റെ കുട്ടിയെ തെറ്റിദ്ധരിച്ച് ആരോപണം നടത്തുകയാണെന്നും തന്‍റെ കുട്ടി വളരെ നല്ല ശീലമുള്ള കുട്ടിയാണെന്നുമുള്ള മട്ടില്‍ ദേഷ്യപ്പെട്ട് സംസാരിച്ചു. എന്നാല്‍ ഒരു മാസത്തിന് ശേഷം അതേ കൗണ്‍സിലറെ ചെന്നു കണ്ട് തന്‍റെ മകന്‍റെ മുറിയില്‍ മയക്കുമരുന്ന് കണ്ട കാര്യം അവര്‍ വളരെ ആത്മസംഘര്‍ഷത്തോടെയും തീവ്ര ദുഃഖത്തോടെയും കൗണ്‍സിലറോട് സമ്മതിച്ചു.  ഇത്തരം വിഷയങ്ങള്‍ മാതാപിതാക്കളോട് അവതരിപ്പിക്കുമ്പോള്‍ വളരെ കരുതലോടെ പെരുമാറാനും അവര്‍ ഭയചകിതരാകാതിരിക്കാന്‍ അവരേയും കൗണ്‍സില്‍ ചെയ്യാനും കൗണ്‍സിലര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
കുട്ടിയുടെ കൗണ്‍സിലിംഗില്‍ പങ്കാളികളാകുന്നതിനോടുള്ള മാതാപിതാക്കളുടെ എതിര്‍പ്പ് 'കുടുംബ രഹസ്യങ്ങള്‍' പുറത്തായേക്കുമോ എന്ന ഭീതിയില്‍ നിന്നും ഉണ്ടായേക്കാം. ഈ മനോഭാവം കൗണ്‍സിലര്‍ക്കു മുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുമ്പോള്‍ തന്നെയും, ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്ന വസ്തുത കൗമാരക്കാരുടെ മയക്കുമരുന്ന് ഉപയോഗം, കൃത്യവിലോപം, കുറ്റകൃത്യങ്ങള്‍ പോലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കുടുംബ (ഫാമിലി) തെറാപ്പികകള്‍ വളരെ ഫലപ്രദമായിരിക്കും എന്നാണ്. എന്നിരുന്നാലും മാതാപിതാക്കളെ ഉള്‍പ്പെടുത്തേണ്ട കേസുകള്‍  തെരഞ്ഞെടുക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ അവരുടെ വിവേകവും ഔചിത്യബോധവും ഉപയോഗപ്പെടുത്തണം. 
വിദ്യാര്‍ത്ഥിയെ സഹായിക്കാനുള്ള അഭിരുചിയുള്ള ഒരു ടീച്ചര്‍ക്ക് അല്ലെങ്കില്‍ കൗണ്‍സിലര്‍ക്ക് മാതാപിതാക്കളുടെ പങ്കാളിത്തത്തിനായി ശ്രമിക്കാവുന്നതാണ്. എന്നാല്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്തുന്നിന് മുമ്പ് ഏതേത് വിവരങ്ങള്‍, എത്രത്തോളം അവരോട് വെളിപ്പെടുത്താം എന്ന കാര്യത്തില്‍ കൗണ്‍സിലര്‍ വിദ്യാര്‍ത്ഥിയുമായി ഒരു പൊതു ധാരണയില്‍ എത്തേണ്ടതുണ്ട്. പക്ഷെ മുമ്പ് സൂചിപ്പിച്ചപോലുള്ള  പ്രത്യേക കേസുകളില്‍ ഈ ഘട്ടം ഒഴിവാക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു വിദ്യാര്‍ത്ഥി കാമ്പസില്‍ തന്‍റെ മകളെ  അവള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധം പിന്തുടരുന്നു, അതിനാല്‍ അവള്‍ക്ക് കോളേജില്‍ വരാന്‍ പേടിയാകുന്നു എന്ന് ഒരു വിദ്യാര്‍ത്ഥിനിയുടെ അച്ഛനില്‍ നിന്ന് പരാതി കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതര്‍ ആ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ അടിയന്തിരമായി വിവരം അറിയിച്ചു. ഇത്തരം കേസുകളില്‍ കൗണ്‍സിലിംഗും അച്ചടക്ക നടപടിയും ആവശ്യമാണ്. 
വിദ്യാര്‍ത്ഥിയുടെ നല്ലതിന് വേണ്ടിയുള്ള തീരുമാനങ്ങളെടുക്കുന്നതിലേക്ക് മാതാപിതാക്കളെ നയിക്കുന്നതിന് അവരുമായി പരസ്പര വിശ്വാസവും ബഹുമാനവുമുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിവുള്ളയാളായിരിക്കണം ഒരു കാമ്പസ് കൗണ്‍സിലര്‍. അദ്ധ്യാപക-രക്ഷകര്‍ത്താ യോഗം പോലെ(കോളേജുകളില്‍ അത് അത്ര സാധാരണമല്ല എങ്കിലും) വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി  സമ്പര്‍ക്കപ്പെടാന്‍ അവസരം ഉണ്ടാകുമ്പോഴൊക്കെ ഒരു ടീച്ചര്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍ ആ അവസരം നന്നായി ഉപയോഗപ്പെടുത്തണം. ഇത് കോളേജിലും തങ്ങളുടെ കുട്ടി ശ്രദ്ധിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്ന് മാതാപിതാക്കള്‍ക്ക് കിട്ടുന്ന വലിയൊരു ഉറപ്പ് കൂടിയായിരിക്കും. 
ഡോ. ഉമാ വാര്യര്‍ ബാംഗ്ലൂര്‍ ജെയ്ന്‍ യൂണിവേഴ്സിറ്റിയുടെ ചീഫ് കൗണ്‍സിലറാണ്.
White Swan Foundation
malayalam.whiteswanfoundation.org