വിദ്യാഭ്യാസം

പരീക്ഷാ ഉത്കണ്ഠയെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുക

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഇക്കാലത്ത് ഒരു പരീക്ഷയ്ക്ക് മുമ്പുള്ള സമയം എന്നത് നമ്മളില്‍ പലര്‍ക്കും വലിയ പരിഭ്രമവും തളര്‍ച്ചയും മറ്റും ഉണ്ടാക്കുന്നതാകാറുണ്ട്.  നമ്മളില്‍ ചിലര്‍ പഠിച്ച് തീര്‍ക്കാനുള്ള എന്നാല്‍ ഒരിക്കലും തീരാത്ത പാഠഭാഗങ്ങളെ ഓര്‍ത്തായിരിക്കും മാനസികമായി തളര്‍ന്നു പോകുന്നത്, എന്നാല്‍ മറ്റു ചിലര്‍ പരീക്ഷ അത്യധികം നന്നായി ചെയ്യണം എന്ന മാതാപിതാക്കളില്‍ നിന്നോ സഹപാഠികളില്‍ നിന്നോ അവനവനില്‍ നിന്നു പോലുമോ ഉള്ള കടുത്ത സമ്മര്‍ദ്ദം മൂലമായിരിക്കാം ഇങ്ങനെയാകുന്നത്. അതുപോലെ തന്നെ പരീക്ഷ എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ഉത്കണ്ഠപ്പെടുകയും പിരിമുറുക്കത്തിലാകുകയും മറ്റും ചെയ്യുന്നവരും നമുക്കിടയിലുണ്ട്. പരീക്ഷാ ഉത്കണ്ഠ നമ്മളില്‍ മിക്കവരും അനുഭവിക്കുന്നുണ്ട്. അതായത് ഇക്കാര്യത്തില്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം പരീക്ഷാ ഉത്കണ്ഠയുടെ കാര്യത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നതാണ്. മനഃശാസ്ത്രജ്ഞര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്ന ഒരു കാര്യം വിദ്യാര്‍ത്ഥികള്‍ ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ അവര്‍ക്ക് വിശ്വാസമുള്ള ആരോടെങ്കിലും -സുഹൃത്ത്, അച്ഛന്‍, അമ്മ, ടീച്ചര്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍- ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കണം എന്നാണ്. 
നിങ്ങള്‍ ഉത്കണ്ഠപ്പെടുമ്പോള്‍ അത് ആരോടെങ്കിലും പറയേണ്ടത് എന്തുകൊണ്ടാണ്? 
പ്രശ്നം ഉണ്ടെന്ന കാര്യം അംഗീകരിക്കാന്‍ സഹായിക്കുന്നു: ഒരു പരീക്ഷയ്ക്ക് മുമ്പ് ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ നമ്മള്‍ പലപ്പോഴും നമ്മളെക്കൊണ്ട് കഴിയുന്നത്ര ശക്തിയായി അതിന്‍റെ സൂചനകള്‍  അവഗണിക്കാനും തുടര്‍ന്നും പുസ്തകത്തില്‍ തലപൂഴ്ത്താനുമാണ് ശ്രമിക്കാറ്. അതിന് പകരം ഇതിനെക്കുറിച്ച് നമ്മള്‍ ആരോടെങ്കിലും സംസാരിക്കുകയാണെങ്കില്‍ അത് നമുക്കൊരു പ്രശ്നമുണ്ടെന്ന കാര്യം അംഗീകരിക്കാനും മനസിലാക്കാനും  ആവശ്യമുണ്ടെങ്കില്‍ പെട്ടെന്നു തന്നെ സഹായം തേടാനും നമ്മളെ സഹായിക്കും. 
ചിന്തകളെ തരംതിരിക്കുന്നു: പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍ നിങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലും ഉത്കണ്ഠയിലും ആയിരിക്കുന്നതായും എന്നാല്‍ എന്താണ് ഇങ്ങനെയാകുന്നിന് കാരണമെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയാതിരിക്കുന്നതായും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങളുടെ വികാരങ്ങളെ വാക്കുകൊണ്ട് പ്രകടിപ്പിക്കുന്നത് സ്വന്തം ചിന്തകളെ തരംതിരിക്കുന്നതിനും അടുക്കിപ്പെറുക്കിയെടുക്കുന്നതിനും നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അവയിലൂടെ കടന്നു പോകുന്നതിനും നിങ്ങളുടെ മനസില്‍ സാഹചര്യത്തെക്കുറിച്ച് വ്യക്തതയുണ്ടാക്കുന്നതിനും സഹായിക്കും.
മനസിന്‍റെ ഭാരമിറക്കാന്‍ സഹായിക്കുന്നു: ആരോടെങ്കിലും സംസാരിക്കുന്നത് നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം മൂലം ഉണ്ടായിട്ടുള്ള മനസിന്‍റെ ഭാരം ലഘൂകരിക്കുകയും  നിങ്ങള്‍ക്കൊരു ആശ്വാസം നല്‍കുകയും ചെയ്യും. സംസാര ചികിത്സ (ടോക് തെറാപ്പി) മാനസിക പിരിമുറുക്കം  പരിഹരിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമായി അറിയപ്പെടുന്നു. നിങ്ങള്‍ ഒരു സഹപാഠിയോട് സംസാരിക്കുകയാണെങ്കില്‍, നിങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്ന മറ്റുള്ളവരും ഉണ്ടെന്ന കാര്യം അറിയാന്‍ കഴിയും. 
നിങ്ങള്‍ക്ക് പുതിയൊരു കാഴ്ചപ്പാട് നല്‍കുന്നു: സാഹചര്യം പലപ്പോഴും യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി നമുക്ക് അനുഭവപ്പെട്ടേക്കാം. നമ്മുടെ തളര്‍ന്ന മാനസികാവസ്ഥയും ഉത്കണ്ഠയും കൂടി നമ്മുടെ മൂല്യത്തേയും യോഗ്യതയേയും മറ്റും നിര്‍വചിക്കാന്‍ തുടങ്ങുകയും നമ്മുടെ ശക്തിയേയും ശേഷികളേയും കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തേക്കും. എന്നാല്‍ അച്ഛന്, അമ്മയ്ക്ക്, ടീച്ചര്‍ക്ക്,കൗണ്‍സിലര്‍ക്ക്  അല്ലെങ്കില്‍ ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥിക്ക് നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സഹായിക്കാനും നിങ്ങളുടെ ശേഷികളെക്കുറിച്ച് നിങ്ങളെ ഓര്‍മ്മപ്പെടുത്താനും കഴിഞ്ഞേക്കും. നിഷ്പക്ഷനായ ഒരു കേള്‍വിക്കാരന് കൂടുതല്‍ വസ്തുനിഷ്ഠമായി നിങ്ങളുടെ നിലപാടിന്‍റെ അനുകൂല, പ്രതികൂല ഘടകങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. ഉദാഹരണത്തിന്, അവര്‍ പരീക്ഷകളുമായി ബന്ധപ്പെട്ടുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ചും അവര്‍ എങ്ങനെയാണ് പരീക്ഷയെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠകളെ മറികടന്നുപോന്നതെന്നും പറഞ്ഞേക്കാം. 
നിങ്ങള്‍ക്ക് സഹായകരമായ ലഘുനിര്‍ദ്ദേങ്ങള്‍ കിട്ടിയേക്കും: നിങ്ങള്‍ ഒരു സഹപാഠിയോട്, മുതിര്‍ന്ന വിദ്യാര്‍ത്ഥിയോട്, ടീച്ചറോട് അല്ലെങ്കില്‍ മാതാപിതാക്കളോട് സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സമയം എങ്ങനെ നന്നായി ഉപയോഗപ്പെടുത്തണം, അവനവനെ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വളരെ ഉപകാരപ്രദമായ ലഘുനിര്‍ദ്ദേശങ്ങള്‍ കിട്ടിയേക്കും. നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു സഹപാഠിയാണെങ്കില്‍ അവന്‍/അവള്‍ തന്‍റെ സമയം എങ്ങനെയാണ് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ (ടൈം മാനേജ്മെന്‍റ് ടിപ്സ്) അവനില്‍ /അവളില്‍ നിന്ന് കിട്ടിയേക്കും.  അതുപോലെ തന്നെ കേളേജിലെ ഒരു സീനിയര്‍ കൂടുതല്‍ പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ കണ്ടെത്തുന്നതിന് നിങ്ങളെ സഹായിച്ചേക്കും. 
ഞാന്‍ ആരോട് സംസാരിക്കണം? 
 നിങ്ങള്‍ക്ക് സംസാരിക്കാനുള്ള ആളെ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചുവടാണ്. ആരെയാണോ നിങ്ങള്‍ക്ക് വിശ്വാസമുള്ളത്, ആരുടെ അഭിപ്രായങ്ങളെയാണോ നിങ്ങള്‍ മാനിക്കുന്നത് ആ വ്യക്തിയോട് സംസാരിക്കാനുള്ള പ്രവണതയായിരിക്കും നിങ്ങളില്‍ ഉണ്ടാകുക. നിങ്ങള്‍ക്ക്  സഹപാഠിയോട്, മാതാപിതാക്കളോട്, മുതിര്‍ന്ന വിദ്യാര്‍ത്ഥിയോട്, ടീച്ചറോട് അല്ലെങ്കില്‍ കൗണ്‍സിലറോട് സംസാരിക്കാനാകും. നിങ്ങള്‍ സംസാരിക്കാനായി ഒരു സഹപാഠിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍, വളരെ ഉത്കണ്ഠയുള്ള ഒരാളെയല്ല തെരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പാക്കുക.നിങ്ങളുടെ അതേ അനുഭവത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയോട് സംസാരിക്കുന്നത് സൗകര്യപ്രദവും സുഖകരവുമായി നിങ്ങള്‍ക്ക് തോന്നുമ്പോള്‍ തന്നെ, നിങ്ങളുടെ ഉത്കണ്ഠയെക്കുറിച്ച് ഉത്കണ്ഠ അനുഭവിക്കുന്ന മറ്റൊരാളോട് സംസാരിക്കുമ്പോള്‍ അത് നിങ്ങള്‍ രണ്ടാളേയും പരിഭ്രാന്തിയിലേക്ക് തള്ളിവിട്ടേക്കാം എന്നൊരു അപകടം കൂടിയുണ്ടെന്ന കാര്യം ഓര്‍മ്മവേണം. അതുപോലെ തന്നെ ചിലപ്പോള്‍ നിങ്ങള്‍ സംസാരിക്കാനായി തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിങ്ങളുടെ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ത്രാണി ഉണ്ടായിക്കൊള്ളണം എന്നില്ല എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതാണ്. നിങ്ങള്‍ സംസാരിക്കുന്ന വ്യക്തിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ആശ്വാസവും  സഹായവും കിട്ടുന്നില്ലെന്നു കണ്ടാല്‍ മറ്റാരോടെങ്കിലും സംസാരിക്കാന്‍ തയ്യാറാകണം അല്ലെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടണം. 
ഞാന്‍ ആരോടെങ്കിലും സംസാരിക്കുന്നതിന് പകരം ഡയറിയില്‍ എഴുതുന്നത്  ഗുണം ചെയ്യുമോ? 
തീര്‍ച്ചയായും. ഡയറിയില്‍ എഴുതുന്നതു കൊണ്ട്  വളരെയേറെ ഗുണമുണ്ടാകും. എഴുത്ത് സംസാരത്തേക്കാള്‍ കൂടുതലായി ചിന്തകളെ അടുക്കിപ്പെറുക്കിയെടുക്കുന്നതിനും വേര്‍തിരിക്കുന്നിനും സഹായിക്കും. അതുപോലെ തന്നെ നിങ്ങളുടെ പ്രശ്നത്തെ കൂടുതല്‍ വസ്തുനിഷ്ഠമായി കാണാനും വാക്കുകളിലൂടെ മനസിന്‍റെ ഭാരം ഇറക്കിവെച്ച് കൂടുതല്‍ ആശ്വാസം അനുഭവിക്കാനും എഴുത്തിലൂടെ കഴിയും. 
ഞാന്‍ എപ്പോഴാണ് കോളേജ് കൗണ്‍സിലറുടെ സഹായം തേടേണ്ടത്? 
 നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പിരിമുറുക്കത്തെക്കുറിച്ചോ ഉത്കണ്ഠയേക്കുറിച്ചോ  കോളേജ് കൗണ്‍സിലറോട് സംസാരിക്കുന്നതിനായി അവരുടെ മുന്‍കൂട്ടിയുള്ള അനുമതി നേടണം. എന്നിരുന്നാലും, നിങ്ങളുടെ ഉത്കണ്ഠ വളരെ കൂടുതലായും  പരീക്ഷയെക്കുറിച്ചുള്ള വിചാരം തന്നെ നിങ്ങളെ ആശയറ്റവനാക്കുകയും  നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടാല്‍ മൂന്‍കൂട്ടിയുള്ള അനുമതിക്ക് കാത്തു നില്‍ക്കാതെ നേരേ കൗണ്‍സിലറുടെ ഓഫീലേക്ക് ചെല്ലുക. നിങ്ങളുടെ കോളേജില്‍ ഒരു കൗണ്‍സിലറുടെ സഹായം ലഭ്യമല്ലെങ്കില്‍,  ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുത്തെത്താന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഹെല്‍പ് ലൈനില്‍ വിളിച്ച് സംസാരിക്കാവുന്നതാണ്. 
നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. മഞ്ജുള നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്.
White Swan Foundation
malayalam.whiteswanfoundation.org