പരീക്ഷാക്കാലത്ത് നിങ്ങളുടെ സമയം ക്രമീകരിക്കുക

പരീക്ഷയാകുമ്പോള്‍ പഠിക്കാന്‍ വളരെ കൂടുതലുണ്ട് എന്നാല്‍ സമയം തീരെയില്ല എന്നത് വിദ്യാര്‍ത്ഥികളില്‍ നിന്ന് പതിവായി കേള്‍ക്കുന്ന ഒരു പരാതിയാണ്. ഇതിനാല്‍ സമയക്രമീകരണം എന്നത് പരീക്ഷാക്കാലത്ത് മാനസികാവസ്ഥയെ നേരിട്ട് ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ്. പല വിദ്യാര്‍ത്ഥികളും പരീക്ഷാക്കാലത്ത് ലഭ്യമായ സമയം ദുരുപയോഗപ്പെടുത്തുന്നു. ഇത് ഒന്നുകില്‍ പഠിക്കുന്നതില്‍ നിന്ന് രക്ഷപെടാനോ അല്ലെങ്കില്‍ പരീക്ഷയെ നേരിടാന്‍ ആവശ്യമുള്ള പരിശ്രമത്തിന്‍റേയും സമയത്തിന്‍റേയും അളവ് കുറച്ച് കാണുന്നതുകൊണ്ടോ ആയിരിക്കും. സമയം എങ്ങനെ ചെലവഴിക്കണം എന്ന് മുന്‍കൂട്ടി ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് അതിനെ തന്ത്രപൂര്‍വം കൈകാര്യം ചെയാന്‍ കഴിയും. അങ്ങനെയെങ്കില്‍ നിങ്ങളുടെ പഠനപരിപാടിയില്‍ മാറ്റം വരുത്തേണ്ടി വന്നാലും  നിങ്ങളുടെ ജോലികളും പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്ന് നിങ്ങള്‍ക്ക് ഗുണം ഉണ്ടാകും. 
പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും ഒരു  ജോലിക്ക് ആവശ്യമുള്ള സമയത്തെ കൂട്ടിയോ കുറച്ചോ കണക്കാക്കുന്നു. നിങ്ങളുടെ പതിവ് ജോലികള്‍ക്ക് എത്ര സമയം എടുക്കാറുണ്ടെന്ന് പരിശോധിക്കുന്നത് നല്ല കാര്യമായിരിക്കും. തുടക്കമെന്ന നിലയ്ക്ക് ഒരാഴ്ചക്കാലം ഒരു ഡയറിയില്‍ ദിവസം എങ്ങനെ ചിലവഴിക്കുന്നു എന്ന് മണിക്കൂര്‍ തോറും എഴുതി വെയ്ക്കാവുന്നതാണ്. പല വിദ്യാര്‍ത്ഥികളും ഈ രീതി ഇഷ്ടപ്പെടുന്നു.
എ ബി സി തരം തിരിക്കല്‍ 
 നിങ്ങളുടെ സിലബസിനേയോ പരീക്ഷാ സംബന്ധമായ കര്‍ത്തവ്യങ്ങളേയോ വിഭാഗങ്ങളായി തരം തിരിച്ചാല്‍ നിങ്ങളുടെ സമയം ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനും വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയും. എന്താണ് നിങ്ങള്‍ക്ക് ശരിക്കും പ്രധാനപ്പെട്ട കാര്യങ്ങള്‍  ഏതാണ്, കുറച്ച് കഴിഞ്ഞ് ചെയ്യാവുന്ന ജോലികള്‍ ഏതാണ്, അടുത്ത ദിവസം വരേയോ വാരാന്ത്യം വരേയോ മാറ്റിവെയ്ക്കാവുന്നവ ഏതാണ്, എന്നൊക്കെ സ്വയം ചോദിക്കുക. ഈ സമീപനം നിങ്ങളുടെ സമയം കാര്യക്ഷമമായി ഉപയോഗിക്കാന്‍ മാത്രമല്ല നിങ്ങളുടെ എല്ലാ ജോലികളേയും മുന്‍ഗണന അനുസരിച്ച് ക്രമീകരിക്കാനും സാധിക്കും. 
നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങളെ താഴെ പറയും പ്രകാരം തരം തിരിക്കുക: 
  • എ - തീര്‍ച്ചയായും ( അബ്സല്യൂട്ടിലി) അടിയന്തിരമായത് ( ഉയര്‍ന്ന പ്രാധാന്യം)
  • ബി- വേഗം ചെയ്യുന്നതാണ് നല്ലത് -ബെറ്റര്‍( ഇടത്തരം പ്രാധാന്യം)
  • സി- പിന്നീടാകം- ക്യാന്‍ വെയ്റ്റ് ( കുറഞ്ഞ പ്രാധാന്യം) 
സമയ ക്രമീകരണ പദ്ധതി ഉണ്ടാക്കല്‍ 
സാധാരണയായി ഒരു സമയക്രമീകരണ പദ്ധതിയില്‍ ഒരു വ്യക്തി ഒരു ദിവസം ചെയ്യുന്ന താഴെ പറയുന്നതുപോലുള്ള എല്ലാ പ്രവര്‍ത്തികളും ഉള്‍പ്പെടുന്നു: 
  • കര്‍ത്തവ്യങ്ങള്‍ : ക്ലാസുകള്‍, ജോലി, കുടുംബത്തിന് നല്‍കേണ്ട സമയം, കായിക പ്രവര്‍ത്തികള്‍, വ്യയാമം, കമ്മിറ്റികളില്‍ പങ്കെടുക്കല്‍ (യാത്രാ സമയം അടക്കം).
  • വ്യക്തിപരമായ സമയം : അണിഞ്ഞൊരുങ്ങലും ശുചിത്വവും, വിശ്രമം, ടി വി കാണല്‍, പാട്ട് കേള്‍ക്കല്‍, ഷോപ്പിംഗ്, സാമൂഹ്യ സമ്പര്‍ക്കം, ഇ-മെയ്ല്‍ കൈകാര്യം ചെയ്യല്‍, ഫോണ്‍ വിളിക്കല്‍ എന്നിങ്ങനെ. 
  • അവശ്യ സമയം: ഭക്ഷണം കഴിക്കല്‍, ഉറങ്ങല്‍.
  • വീട്ടു ജോലി : ഭക്ഷണം തയ്യാറാക്കല്‍, വീട് വൃത്തിയാക്കല്‍, വസ്ത്രം കഴുകള്‍, പാത്രം കഴുകല്‍ എന്നിങ്ങനെ. 
ഇതുപോലെ തന്നെ, പഠിക്കുമ്പോഴും നിങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന വിഷയങ്ങളുടേയോ അദ്ധ്യായങ്ങളുടേയോ അന്നന്നത്തേക്കുള്ള പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക. ഇത് സാധ്യമാക്കുന്നതിനുള്ള ഒരു മാര്‍ഗം 'ചെയ്യാനുള്ളവ'യുടെ പട്ടിക തയ്യാറാക്കുക എന്നതാണ്. ഈ പട്ടികയില്‍ വിഷയങ്ങളെയോ അദ്ധ്യായങ്ങളെയോ എ ബി സി രീതിയില്‍ മുന്‍ഗണനാ ക്രമത്തിലാക്കുക. ഓരോ ജോലിക്കും എ ബി സി  എന്ന അക്ഷരങ്ങളിലൊന്ന് നല്‍കി മുന്‍ഗണനാ സ്ഥാനം കാണിക്കുക. എന്താണ് ആദ്യം ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. വലിയൊരു ജോലിയെ ചെറിയ ചെറിയ ഭാഗങ്ങളാക്കി തിരിച്ചാല്‍ അത് ചെയ്തു പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും. ജോലിയുടെ വിശദാംശങ്ങളില്‍ കൃത്യത പാലിക്കുന്നതിലൂടേയും ഇതേ ഫലം ഉണ്ടാകും. 
കാലതാമസം വരുത്തല്‍
അവസാന നിമിഷത്തേക്ക് പഠനം മാറ്റിവെയ്ക്കുന്ന സാഹചര്യത്തില്‍ നമ്മളെല്ലാം പെട്ടിട്ടുണ്ട്. എന്തുകൊണ്ട് നമ്മളിത് ചെയ്യുന്നു? എന്തുകൊണ്ടാണ് നമ്മള്‍ ഒഴികഴിവുകള്‍ കണ്ടെത്തി ഏകാഗ്രത നഷ്ടപ്പെടാന്‍ സ്വയം അനുവദിക്കുന്നത്? പൊതുവില്‍ പറഞ്ഞാല്‍ ഒരു ജോലി തുടങ്ങാനും തുടരാനും ഉള്ള പ്രയാസത്തെക്കുറിച്ച് നമ്മള്‍ ചിന്തിച്ച് കൂട്ടുന്നതാണ് ജോലിയേക്കാള്‍ കുഴപ്പം പിടിച്ച കാര്യം. വിദ്യാര്‍ത്ഥിയുടെ കാര്യത്തിലാണെങ്കില്‍ മുമ്പിലുള്ള വലിയ സിലബസിലേക്ക് നോക്കുന്നത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.  അവര്‍ മടിപിടിക്കുകയും അവസാന നിമിഷം വരെ പഠനം തുടങ്ങാതിരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. മിക്കപ്പോഴും തുടങ്ങാനായിരിക്കും ഏറ്റവും ബുദ്ധിമുട്ട്.  അതുകൊണ്ട് കാലതാമസം വരുത്തലിനെ നേരിടാനുള്ള ഏറ്റവും നല്ല വഴി ആദ്യത്തെ ചുവട്- അത് എത്ര ചെറുതാണെങ്കിലും- കൈയ്യോടെ മുന്നോട് വെയ്ക്കുക എന്നതാണ്. 
കാലതാമസം വരുത്തലിനെ ചെറുക്കുന്നതിനുള്ള വഴികള്‍ : 
  • എന്തുകൊണ്ടാണ് നിങ്ങള്‍ കാലതാമസം വരുത്തുന്നത് എന്ന് തിരിച്ചറിയുക. ഈ  ചിന്തകളെക്കുറിച്ച് ഒരു വ്യക്തതയുണ്ടാക്കിയെടുത്താല്‍ അവയ്ക്ക് പരിഹാരം കണ്ടെത്തി നിങ്ങളുടെ പഠന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.  ഉദാഹരണത്തിന്, നിങ്ങള്‍ക്ക് പരാജയപ്പെടുമെന്ന ഭയം ഉണ്ടെങ്കില്‍ ലക്ഷ്യം നിര്‍ണയിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചിന്തകളെ കൂടുതല്‍ അനുകൂലമായ തരത്തില്‍ മാറ്റിയെടുക്കുകയും ചെയ്യുക. ഒരു പ്രത്യേക ജോലി ഏറ്റെടുക്കുന്നില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെങ്കില്‍ ആ ജോലിയെ അല്ലെങ്കില്‍ ലക്ഷ്യത്തെ ചെറുലക്ഷ്യങ്ങളായി തരം തിരിക്കുക. 
  • നിങ്ങള്‍ക്ക് ഏകാഗ്രത പാലിക്കാനുള്ള കഴിവില്ലായ്മയാണ് പ്രശ്നം എങ്കില്‍ നിങ്ങള്‍ പഠിക്കാനിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ ശ്രദ്ധയെ വഴിതെറ്റിക്കുന്ന യാതൊന്നും തന്നെയില്ല എന്ന് ഉറപ്പാക്കുക.  ജോലിയെ എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാനാകുന്ന വിധം ചെറിയ ചെറിയ യൂണിറ്റുകളായി തിരിക്കുന്നതും സഹായകമാകും. ഇങ്ങനെയായാല്‍ ജോലി പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ എളുപ്പമാകുകയും അത് നിങ്ങളുടെ ഏകാഗ്രതയെ വെല്ലുവിളിക്കാതിരിക്കുകയും ചെയ്യും. 
  • ഓര്‍ക്കുക, നിങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഇരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുക. അതിനാല്‍, പഠനം അല്ലെങ്കില്‍ റിവിഷന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പാഠങ്ങളില്‍ നിന്ന് തുടങ്ങുകയും ക്രമേണ എളുപ്പമുള്ളവയിലേക്ക് കടക്കുകയും ചെയ്യുക.
റഫറന്‍സ്: 
  • ചോങ്, ജെ. (2007). ടൈം മാനേജ്മെന്‍റ്. സിഡ്നി, ആസ്ട്രേലിയ: യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സ്.
  • കോട്ട്രല്‍, എസ്. (2008). ദി സ്റ്റഡി സ്കില്‍സ് ഹാന്‍ഡ്ബുക് (മൂന്നാം എഡിഷന്‍). ന്യൂയോര്‍ക്ക്, എന്‍വൈ: പാല്‍ഗ്രേവ് മാക്മില്ലന്‍. 
  • മോര്‍ഗന്‍സ്റ്റേണ്‍, ജെ. (2004). ടൈം മാനേജ്മെന്‍റ് ഫ്രം ദി ഇന്‍സൈഡ് ഔട്ട്. ന്യൂയോര്‍ക്ക്: ഹെന്‍ട്രി ഹോള്‍ട്ട് ആന്‍റ് കമ്പനി.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org