വിദ്യാഭ്യാസം

ഒരു വ്യത്യസ്തത സൃഷ്ടിക്കാന്‍ എനിക്ക് എന്ത് ചെയ്യാനാകും?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഒരു ടീച്ചര്‍ എന്ന നിലയ്ക്ക് ഒരാള്‍ക്ക് പല വേഷങ്ങള്‍ എടുക്കേണ്ടി വരും, പല പല കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരും. ക്ലാസില്‍ പഠിപ്പിക്കുന്നതു കൂടാതെ അവര്‍ പാഠങ്ങള്‍ തയ്യാറാക്കുന്നതില്‍, അസൈന്‍മെന്‍റുകള്‍ നോക്കുന്നതില്‍, മീറ്റിംഗുകളിലും ശില്പശാലകളിലും പങ്കെടുക്കുന്നതിലൊക്കെ വ്യാപൃതരായിരിക്കും. സമയത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഞെങ്ങിഞെരുങ്ങി പോകുന്ന ടീച്ചര്‍മാര്‍ എന്തിന് ഒരു വിദ്യാര്‍ത്ഥിയുടെ വൈകാരികമായ സൗഖ്യത്തിന് വേണ്ടി സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് ചിന്തുക്കുക പോലും ചെയ്യണം  എന്ന് ഒരാള്‍ അതിശയിച്ചേക്കും. 
ഇതിന് രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ട്.  ആദ്യമായി, ടീച്ചര്‍മാര്‍ വളരെ ശ്രദ്ധേയമായത്രയും അളവില്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നവരാണ്, അതിനാല്‍ അവര്‍ക്ക് കുട്ടികളുടെ മൂഡില്‍ (മാനസികാവസ്ഥയില്‍) ഉണ്ടാകുന്ന മാറ്റം, അല്ലെങ്കില്‍ ശരാശരിയിലും കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്ന അസാധാരണമായ പെരുമാറ്റങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാനാകും. ചില കേസുകളില്‍ ഈ മാറ്റങ്ങള്‍ ഗുരുതരമായ ഒരു പ്രശ്നത്തിന്‍റെ അല്ലെങ്കില്‍ മാനസിക രോഗത്തിന്‍റെ സൂചനയായേക്കാം. ഇത്തരം അതിസൂക്ഷ്മമായ മാറ്റങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുന്നതിലൂടെ ടീച്ചര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെയുള്ള ഇടപെടല്‍
സജ്ജമാക്കാനാകും.
രണ്ടാമതായി, വൈകാരികമായ സൗഖ്യം പഠനത്തെ ബാധിക്കുന്നു. മാസികമായ ആരോഗ്യമുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പ്രചോദിതരായിരിക്കും.  ഇത്തരത്തില്‍ പ്രചോദിതരായ വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന വിഷയത്തില്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സജീവമായിരിക്കുകയും ഇതിന്‍റെ ഫലമായി മെച്ചപ്പെട്ട അക്കാദമിക് പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യും. 
ഒരു വ്യക്തി പഠിപ്പിക്കല്‍ എന്നത് കരിയറായി തെരഞ്ഞെടുക്കുമ്പോള്‍, മറ്റൊരു തെരഞ്ഞെടുപ്പു കൂടി അയാള്‍ക്ക് നടത്തേണ്ടി വരും. ഒന്നുകില്‍ കര്‍ത്തവ്യനിര്‍വ്വഹണം നടത്തുന്ന ഒരു ടീച്ചറാകുക, അല്ലെങ്കില്‍ പരിവര്‍ത്തനം വരുത്തുന്ന ഒരു ടീച്ചറാകുക. 
കര്‍ത്തവ്യനിര്‍വ്വഹണം നടത്തുന്ന ടീച്ചര്‍മാര്‍ - പാഠ്യവിഷയത്തിലെ കാര്യങ്ങള്‍ കുട്ടികളിലേക്ക് പകരുന്നു. അവര്‍ പാഠങ്ങള്‍ ആസൂത്രണം ചെയ്യുന്നു, അവ ഫലപ്രദമായി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു, അസൈന്‍മെന്‍റുകള്‍ ശരിയായി മൂല്യനിര്‍ണയം ചെയ്യുകയും ഗ്രേഡ് നിശ്ചയിക്കുകയും ചെയ്യുന്നു, തങ്ങളുടെ എല്ലാ സേവനങ്ങള്‍ക്കും പ്രതിഫലം നേടുകയും ചെയ്യുന്നു. 
പരിവര്‍ത്തനം വരുത്തുന്ന ടീച്ചര്‍മാര്‍ - ഇതിനും അപ്പുറത്തേക്ക് പോകുന്നു. അവര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ കേള്‍ക്കുന്നു, വഴികാട്ടുന്നു, പ്രചോദിപ്പിക്കുന്നു, സഹായിക്കുന്നു. അവര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ മനസിലാക്കുന്നതിനായി സമയം ചെലവഴിക്കുകയും അവരെ ചിന്താശേഷിയുള്ളവരായി, സ്വതന്ത്ര ചിന്തകരായി മാറാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരിവര്‍ത്തനം ചെയ്യുന്ന ടീച്ചര്‍മാര്‍ക്ക് അവരുടെ ഈ അധ്വാനത്തിന് സാമ്പത്തികമായ പ്രതിഫലം കിട്ടിയെന്നു വരില്ല, അവര്‍ അതിലും അമൂല്യമായ വരുമാനം നേടുന്നു-  ദൃഢമായ ഒരു സംതൃപ്തി. പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല,  വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് സഹപാഠികള്‍ ഒത്തുകൂടുമ്പോള്‍ ഈ പരിവര്‍ത്തനം വരുത്തുന്ന ടീച്ചര്‍മാരെക്കുറിച്ചാണ് നമ്മള്‍ സ്നേഹത്തോടെ സംസാരിക്കുന്നത്. 
 അത്തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ പരിവര്‍ത്തനം വരുത്തുന്ന, അവരെ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു ടീച്ചറായിക്കൊണ്ട് നിങ്ങള്‍ക്ക് ഒരു വ്യത്യസ്തത സൃഷ്ടിക്കാനാകും. 
White Swan Foundation
malayalam.whiteswanfoundation.org