ഒരു വിദ്യാര്‍ത്ഥിയെ ഞാന്‍ എപ്പോഴാണ് കൗണ്‍സിലറുടെ അടുത്തേക്ക് വിടേണ്ടത്?

കോളേജ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായേക്കാം, കോളേജില്‍ പഠിക്കുന്ന കാലം എന്നത് കുട്ടികള്‍ അവരെ സ്വയം മുതിര്‍ന്ന ചെറുപ്പക്കാരായി രൂപപ്പെടുത്തുന്ന സമയമായിരിക്കും. തന്നെയുമല്ല അപ്പോള്‍ അവര്‍ മിക്കവാറും തങ്ങളുടെ പുതിയ സ്വതന്ത്രമായ ലോകത്തിലേക്ക് കൂപ്പുകുത്താന്‍ ഉത്തേജിതരായിരിക്കുകയുമാകും. ഈ ഘട്ടം എന്നത് അവരിലേക്ക് വളരെയധികം ആശയക്കുഴപ്പം കൂടി കൊണ്ടുവരുന്ന സമയമാണ്. അതാകട്ടെ ക്ലാസ് മുറിയിലും കാമ്പസിലും പ്രശ്നകരമായ പെരുമാറ്റങ്ങളിലേക്ക് അവരെ തള്ളിവിടുകയും ചെയ്തേക്കും. 
ഒരു വിദ്യാര്‍ത്ഥിക്ക് ശാരീരികമായ മുറിവ് പറ്റുമ്പോള്‍ മുറിവില്‍ അണുബാധയുണ്ടാകാതിരിക്കാന്‍ ടീച്ചര്‍  ഉടന്‍ തന്നെ പ്രഥമ-ശുശ്രൂഷ നല്‍കും. അതുപോലെ തന്നെ പരാജയം, പരീക്ഷാ പേടി, കൂട്ടുകാരില്‍ നിന്നുള്ള പുറന്തള്ളപ്പെടല്‍, ലക്ഷ്യം നേടുന്നതിനുള്ള ശേഷിയില്ലായ്മയെക്കുറിച്ചുള്ള കുറ്റബോധം, കുറഞ്ഞ ആത്മാഭിമാനം തുടങ്ങിയ  വൈകാരികമായ മുറിവുകള്‍ ഉണ്ടാകുമ്പോഴും  അതാതുമായി  ബന്ധപ്പെട്ട വൈകാരികമായ പ്രഥമ ശുശ്രൂഷ നല്‍കി വിദ്യാര്‍ത്ഥികളുടെ മാനസിക സൗഖ്യം ഉറപ്പുവരുത്തുന്നതിനായി ഈ പ്രശ്നങ്ങളെ പ്രാഥമികമായി കൈകാര്യം ചെയ്യാനും ടീച്ചര്‍ക്ക് കഴിയും. 
കുട്ടിയുടെ പ്രശ്നത്തിന്‍റെ വലിപ്പം  കുറവാണെങ്കില്‍- അതായത്, പരീക്ഷയില്‍ പരാജയപ്പെടുമോ എന്നതുമായി ബന്ധപ്പെട്ടുള്ള ഉത്കണ്ഠ, ഒരു വിഷയം മനസിലാക്കുന്നതില്‍ പ്രശ്നം നേരിടുക, പഠന സംബന്ധമായ മാനസിക പിരിമുറുക്കം, കരിയര്‍ ക്രമീകരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍, ക്ലാസില്‍ ഉണ്ടാക്കുന്ന കളിയാക്കലുകള്‍ തുടങ്ങിയ പ്രശ്നങ്ങളാണെങ്കില്‍ - ടീച്ചര്‍ക്ക് അവരുടെ വൈകാരികമായ മുറിവുകളെ താഴെ പറയുന്ന രീതിയില്‍ കൈകാര്യം ചെയ്യാവുന്നതാണ്: 
  • കുട്ടികള്‍ക്ക് പിന്തുണ നല്‍കുകയും സമയ പരിപാലനം (ടൈം മാനേജ്മെന്‍റ്) അല്ലെങ്കില്‍ പഠിക്കാനുള്ള  ടൈം ടേബിള്‍ ഉണ്ടാക്കല്‍ പോലുള്ള കാര്യങ്ങളില്‍ സഹായം ആവശ്യമായ കുട്ടികളെ അതിന് സഹായിക്കുകയും ചെയ്യുക. 
  • വിദ്യാര്‍ത്ഥികളെ അവരുടെ സ്വന്തം ഭാവി ആസൂത്രം ചെയ്യുന്നതില്‍ വ്യാപൃതരാക്കുക.
  • പഠന സംബന്ധമായ പുരോഗതികള്‍ അംഗീകരിക്കുക.
  • കരിയര്‍ ലക്ഷ്യങ്ങള്‍ നേടുന്നതിനായി അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. 
  • ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതും വിജയം നേടുന്നതിനായി ഓരോരുത്തരും മറ്റുള്ളവരുമായി  പങ്കുവെയ്ക്കുകയോ കൈമാറുകയോ ഒക്കെ ചെയ്യേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് കുട്ടികള്‍ക്ക് സഹപാഠികളുമായി ഇടപഴകുന്നതിന് പ്രോത്സാഹനം നല്‍കുക.
  • സഹപാഠികള്‍ തമ്മില്‍ ബഹുമാന്യതയോടെയുള്ള ആശയവിനിമയം വളര്‍ത്തിയെടുക്കുന്നതിനായുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക. 
ഇങ്ങനെയൊക്കെയാണെങ്കിലും, പരിശീലനം നേടിയിട്ടുള്ള ഒരു കൗണ്‍സിലറുടെ ഇടപെടല്‍ ആവശ്യമായ തരത്തിലുള്ള പ്രശ്നമുള്ള ഒരു വിദ്യാര്‍ത്ഥിയെ പരിഗണിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ടീച്ചര്‍ സാവധാനത്തില്‍ കോളേജ് കൗണ്‍സിലറെ കൂടി ഉള്‍പ്പെടുത്തുക എന്ന ആശയം സംസാരത്തില്‍ അവതരിപ്പിക്കണം. മുഠാളത്തരം കാണിക്കല്‍, മയക്കുമരുന്നുകളെ ആശ്രയിക്കല്‍, ലൈംഗിക പീഡനം, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങിയവയുള്ള സാഹചര്യങ്ങളില്‍ ഇത് വളരെ പ്രധാനപ്പെട്ട കാര്യമായേക്കും. ഇത്തരം സാഹചര്യങ്ങളില്‍ കൗണ്‍സിലറുടെ അടുത്തേക്ക് അയക്കുന്നതിന് മുമ്പ് ടീച്ചര്‍ക്ക് താഴെ പറയുന്ന തരത്തില്‍ വൈകാരികമായ പ്രഥമ ശുശ്രൂഷ നല്‍കാനാകും:  
  • വിദ്യാര്‍ത്ഥി പങ്കുവെയ്ക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും കുട്ടിയുടെ കാഴ്ചപ്പാടുകളോട് അനുഭാവ പൂര്‍വമായ സമീപനം പ്രകടിപ്പിക്കുകയും ചെയ്യുക.  
  • അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും     " എനിക്ക്   മനസിലാകുന്നു," " ഇത് നിനക്ക് വളരെ പ്രയാസമുള്ള കാര്യമായിരുന്നിരിക്കും," എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ട് പിന്തുണ കൊടുക്കുകയും ചെയ്യുക. 
  • രഹസ്യാത്മകത പരിപാലിക്കുക: വിദ്യാര്‍ത്ഥി നിങ്ങളുമായി പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ സഹ പ്രവര്‍ത്തകരുമായോ മറ്റ് വിദ്യാര്‍ത്ഥികളുമായോ പങ്കുവെയ്ക്കാതിരിക്കുക. 
  • പ്രതികരിക്കുക, വിധിക്കുക, കുറ്റപ്പെടുത്തുക, ശാസിക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക.
ചില കുട്ടികള്‍ക്ക് കോളേജ് കൗണ്‍സിലറോട് സംസാരിക്കുക എന്നത് സ്വീകാര്യമായേക്കില്ല. അത്തരം സാഹചര്യങ്ങളില്‍, കൗണ്‍സിലര്‍ക്ക് കുട്ടിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി അനൗദ്യോഗികമായ ഒരു ഇടപെടല്‍ നടത്താനാകുമോ എന്ന് നോക്കുന്നതിനായി നിങ്ങളുടെ ഉത്കണ്ഠകള്‍ കൗണ്‍സിലറുമായി പങ്കുവെയ്ക്കുക. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org