പരീക്ഷാക്കാലത്തെ ആത്മഹത്യാ പ്രവണതയുടെ സൂചനകള്‍ എങ്ങനെ കണ്ടെത്തും?

നിങ്ങള്‍ക്ക് അറിയാവുന്ന ഏതെങ്കിലും ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പരീക്ഷാക്കാലത്ത് അസ്വസ്ഥതയും പിരിപിരിപ്പും കാണിക്കുന്നതായി അല്ലെങ്കില്‍ ശ്രദ്ധേയമായ തരത്തിലുള്ള മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി തോന്നിയിട്ടുണ്ടോ? അവര്‍ക്ക് ഈ മാനസിക സമ്മര്‍ദ്ദം താങ്ങാനാകുമോ എന്ന് നിങ്ങള്‍ ആശങ്കപ്പെടാറുണ്ടോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിച്ചാലോ എന്ന് വേവലാതിപ്പെടാറുണ്ടോ? 
പരീക്ഷയ്ക്ക് മുമ്പുള്ള ആഴ്ചകളും പരീക്ഷാക്കാലവും പരീക്ഷാഫലം വരുന്നതിന് മുമ്പുള്ള ദിവസങ്ങളും വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ സമയമാണ്. ഈ സമയത്താണ് പ്രതീക്ഷകള്‍- അവരുടെ, അതുപോലെ തന്നെ അവരുടെ മാതാപിതാക്കളുടേയും ടീച്ചര്‍മാരുടേയും- കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതിന്‍റെ അതി കഠിനമായ മാനസിക സമ്മര്‍ദ്ദം അവര്‍ അനുഭവിക്കുന്നത്.
രക്ഷകര്‍ത്താവ്, ടീച്ചര്‍, സുഹൃത്ത് എന്ന നിലയ്ക്ക്  കുഴപ്പത്തിലാകാന്‍ കൂടുതല്‍ സാധ്യതയുള്ള ഒരു വിദ്യാര്‍ത്ഥിയുടെ  കാവല്‍ക്കാരനായി (ഗേറ്റ് കീപ്പര്‍)     സംരക്ഷണം കൊടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നിരിക്കും. 
മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ വൈകാരികാവസ്ഥ നന്നായി പ്രകടിപ്പിക്കാനോ ആവശ്യമുള്ളപ്പോള്‍ പിന്തുണ തേടിപ്പോകാനോ കുട്ടികള്‍ക്ക് കഴിഞ്ഞില്ലെന്നിരിക്കും. അവരുടെ വിഷമം പ്രകടമാകുന്നത് പെരുമാറ്റത്തിലെ മാറ്റങ്ങളിലൂടെയായിരിക്കും. 
 ആത്മഹത്യാ ചിന്തയുള്ള കുട്ടികളും കൗമാരക്കാരും  പെരുമാറ്റത്തില്‍ പ്രകടമാക്കിയേക്കാവുന്ന ചില അസ്വാഭാവികമായ മാറ്റങ്ങള്‍ താഴെ പറയുന്നു: 
  • മരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന തരത്തില്‍ സംസാരിക്കുന്നു അല്ലെങ്കില്‍ മരിക്കണം എന്ന് പറയുന്നു.
  • അസ്വാഭാവികമാം വിധം മൗനികളായിരിക്കുന്നു, അല്ലെങ്കില്‍ അധികസമയവും മുറിക്കുള്ളില്‍ ചെലവഴിക്കുന്നു. 
  • ഭക്ഷണശീലത്തില്‍ ഉണ്ടാകുന്ന മാറ്റം: വലിച്ചുവാരിത്തിന്നുക, വളരെ കുറച്ച് മാത്രം കഴിക്കുക, പാക്കറ്റ് ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുക, ഉപ്പ് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കൂടുതലായി കഴിക്കുക.
  • അസാധാരണമാംവിധം മ്ലാനനായിരിക്കുക, നിസാര കാര്യത്തിന് പോലും ദേഷ്യപ്പെടുക അല്ലെങ്കില്‍ സങ്കടപ്പെടുക. 
  • കലിതുള്ളുക, അല്ലെങ്കില്‍ മാതാപിതാക്കളിലോ സഹോദരങ്ങളിലോ ദേഷ്യം തീര്‍ക്കുക. 
  • അസാധരണമാം വിധം ഉത്കണ്ഠാകുലരാകുക ( സാധാരണയായി ഉത്കണ്ഠ കാണിക്കുന്ന സ്വഭാവക്കാരല്ലെങ്കിലും).
  • മുമ്പ് ആസ്വദിച്ചിരുന്ന  പ്രവര്‍ത്തികളില്‍ താല്‍പര്യം നഷ്ടപ്പെടുക.
  • ഇനി കാണാന്‍ ഒരു അവസരം കിട്ടില്ല എന്ന മട്ടില്‍ സുഹൃത്തുക്കളേയും ബന്ധുക്കളേയും സന്ദര്‍ശിക്കുന്നതില്‍ അതിയായ താല്‍പര്യം കാണിക്കുക. 
  • തങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കള്‍ ആര്‍ക്കെങ്കിലും സമ്മാനിക്കുക.
  • പെട്ടെന്ന് മദ്യത്തിലോ പുകവലിയിലോ ഓണ്‍ലൈന്‍ ഷോപ്പിംഗിലോ ആശ്രയം കണ്ടെത്തല്‍. 
ശ്രദ്ധേയമായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ വാക്കുകളിലൂടെ ചില സൂചനകള്‍ തന്നേക്കാം ( " ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍ പരീക്ഷയൊന്നും എഴുതേണ്ടി വരില്ലായിരുന്നു," അല്ലെങ്കില്‍ " ഞാന്‍ കാരണം മാത്രമാണ് നിങ്ങള്‍ക്ക് ഇത്രയും വേവലാതിപ്പെടേണ്ടി വരുന്നത്" എന്നിങ്ങനെയുള്ള സംസാരങ്ങള്‍ ഉണ്ടായേക്കും). 
ആരാണ് എളുപ്പത്തില്‍ പ്രശ്നങ്ങള്‍ക്ക് അടിപ്പെട്ടു പോകാന്‍ സാധ്യതയുള്ളത്? 
ഏത് തരം അക്കാദമിക് പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാര്‍ത്ഥിയും ആത്മഹത്യാ ചിന്തയ്ക്ക്  അടിപ്പെട്ടുപോയേക്കാം. സമീപകാലത്ത് ആഘാതകരമായ അനുഭവങ്ങള്‍ ഉണ്ടായ വിദ്യാര്‍ത്ഥികളും ഉയര്‍ന്ന പ്രതീക്ഷകള്‍ (മാതാപിതാക്കളുടേയോ അദ്ധ്യാപകരുടേയോ തങ്ങളുടെ തന്നെയോ) അഭിമുഖീകരിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളും കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. 
എനിക്ക് ഇവരെ എങ്ങനെ സഹായിക്കാന്‍ കഴിയും? 
നിങ്ങള്‍ക്ക് പരിചയമുള്ള ഒരു  വിദ്യാര്‍ത്ഥി മേല്‍പ്പറഞ്ഞവയില്‍ ഒരു ലക്ഷണമെങ്കിലും പ്രകടിപ്പിക്കുന്നതായി കണ്ടാല്‍ സഹായത്തിനായി നിങ്ങളുണ്ടെന്ന് അവരെ അറിയിക്കുക. നിങ്ങളുടെ ശ്രദ്ധയില്‍ പെട്ട പെരുമാറ്റ വ്യത്യാസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങാം. മുകളില്‍ പറഞ്ഞ മറ്റ് ലക്ഷണങ്ങളും അവര്‍ക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചറിയുക. അവര്‍ക്ക് ആത്മഹത്യാ ചിന്ത ഉണ്ടായിട്ടുണ്ടോ എന്ന് സൗമ്യമായി ചോദിക്കുക. ഉണ്ട് എന്ന് പറയുകയാണെങ്കില്‍ അവര്‍ക്ക് ഇടയ്ക്കിടയ്ക്ക് ഈ ചിന്തകള്‍ ഉണ്ടാകാറുണ്ടോ എന്ന് ചോദിക്കുക. ആത്മഹത്യയ്ക്കുള്ള എന്തെങ്കിലും പ്രത്യേക മാര്‍ഗത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിക്കുക ( അതേസമയം ഏതെങ്കിലും തരത്തിലുള്ള  മാര്‍ഗത്തെക്കുറിച്ച് നിങ്ങളായി സൂചിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം).  ഇത്തരം ചിന്തകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് എന്താണ് തോന്നാറ് എന്ന് ചോദിക്കുക. അത് അപകട സാധ്യത എത്രത്തോളമുണ്ടെന്ന് മനസിലാക്കാനും അവര്‍ക്കായി എന്ത് തരം സഹായം തേടണമെന്ന് തീരുമാനിക്കാനും നിങ്ങളെ സഹായിക്കും.     
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കുന്നത് അവരെ ആത്മഹത്യാ ശ്രമത്തിലേക്ക് തള്ളിവിടും എന്നത് ഒരു തെറ്റായ വിശ്വാസമാണ്.  ആത്മഹത്യാ ചിന്തയുള്ള ആളുകളോട് അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ആരെങ്കിലും തങ്ങളെ കേള്‍ക്കാനും മനസിലാക്കാനും തയ്യാറാണ് എന്ന ആശ്വാസമാണ് അവര്‍ക്ക് അനുഭവപ്പെടുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു കാവല്‍ക്കാരന്‍ (ഗേറ്റ് കീപ്പര്‍) എന്ന നിലയ്ക്ക് നിങ്ങള്‍ ഇവര്‍ പറയുന്നത് വിധികല്‍പ്പിക്കാതെ കേള്‍ക്കണം എന്നത് പ്രധാനമാണ്. രക്ഷകര്‍ത്താവോ ടീച്ചറോ അടുത്ത സുഹൃത്തോ ആണെങ്കില്‍ നിങ്ങള്‍ ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ   ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് എന്ന രീതിയില്‍  സംസാരിച്ച് അവര്‍ പറയുന്നത് തള്ളിക്കളഞ്ഞെന്നിരിക്കും. ഇതിന് പകരം നിങ്ങള്‍ അവരെ കേള്‍ക്കാന്‍ തയ്യാറാണെന്നും അവര്‍ അനുഭവിക്കുന്നത് മനസിലാക്കാന്‍ ആഗ്രഹിക്കുന്നു എന്നും അവരോട് പറയുക.
ഈ വിദ്യാര്‍ത്ഥി താരതമ്യേന അപടസാധ്യത കുറഞ്ഞ വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ (അപൂര്‍വമായി മാത്രം ആത്മഹത്യാ ചിന്ത ഉണ്ടാകുക) നിങ്ങള്‍ അവരുടെ പെരുമാറ്റം നിരീക്ഷിച്ചുകൊണ്ടിരിക്കണം. ആവശ്യമെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന് അവരെ അറിയിക്കുക.
അവര്‍ മിതമായതോ ഉയര്‍ന്നതോ ആയ അപകടസാധ്യതയുള്ള വിഭാഗത്തിലാണെങ്കില്‍ ( അവര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്, അല്ലെങ്കില്‍ എങ്ങനെ ആത്മഹത്യ ചെയ്യണം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് എങ്കില്‍) താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങളോട് പറയാന്‍ ധൈര്യം കാണിച്ചതിന് ആ വ്യക്തിയെ പ്രശംസിക്കുക. ആത്മഹത്യാ ശ്രമത്തിനുള്ള ഉപകരണങ്ങള്‍ ഇപ്പോള്‍തന്നെ കൈവശം ഉണ്ടെന്ന് ഈ വ്യക്തി പറയുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് കൈമാറാമോ എന്ന് അവരോട് ചോദിക്കുക. അടുത്ത തവണ ഇത്തരം ദുഃഖകരമായ ചിന്തകള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ അവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുക-നിങ്ങളെ വിളിച്ച് തങ്ങളുടെ ഉത്കണ്ഠ പങ്കുവെയ്ക്കുകയോ ഓടാന്‍ പോകുകയോ ഒക്കെയാകാം. 
അവരുടെ മാതാപിതാക്കളെ അറിയിക്കുക. കഴിയുന്നത്ര വേഗം ഒരു മാനസികാരോഗ്യ വിഗദ്ധന്‍റെ അടുത്തേക്ക് പോകാന്‍ പറയുക. ഇതൊരു സ്കൂള്‍ കൗണ്‍സിലറോ മനഃശാസ്ത്രജ്ഞനോ മനോരോഗ ചികിത്സകനോ ആകാം. മാനസികാരോഗ്യ വിഗ്ദധനെ സമീപിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വിഷമം ഉണ്ടെങ്കില്‍ പകരം തങ്ങളുടെ ഡോക്ടറെ (ജനറല്‍ ഫിസീഷ്യന്‍) സന്ദര്‍ശിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. ഈ ഡോക്ടര്‍ക്ക് അവര്‍ക്ക് അല്‍പം സഹായം നല്‍കാനോ അല്ലെങ്കില്‍ അതിന് കഴിവുള്ള ഒരു വിദഗ്ധന്‍റെ അടുത്തേക്ക് പറഞ്ഞയയ്ക്കാനോ കഴിഞ്ഞെന്നിരിക്കും. ഓര്‍ക്കുക നിങ്ങളുടെ ഇടപെടല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചെന്നിരിക്കും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org