ഞാന്‍ എവിടെ അതിര്‍ത്തി രേഖ വരയ്ക്കണം?

ഒരു ടീച്ചര്‍  തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് സൗഖ്യം അനുഭവപ്പെടണമെന്ന് ആഗ്രഹിക്കുകയും   അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുമ്പോള്‍ തന്നെ അതിനായി അവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ ഇടപെടല്‍ ആവശ്യമായ സാഹചര്യമാണെങ്കില്‍ പിന്നെ പ്രശ്നത്തില്‍ ഇടപെടാതെ അകന്നു നില്‍ക്കാനും ടീച്ചര്‍ പഠിക്കേണ്ടതുണ്ട്.
 
ഒരു വിദ്യാര്‍ത്ഥിയെക്കുറിച്ച് സഹ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യല്‍: ഒരു വിദ്യാര്‍ത്ഥിയുടെ അസാധാരണമായ പെരുമാറ്റം നിങ്ങളുടെ ശ്രദ്ധയില്‍ പെടുകയും ആ  സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ മനസിലാക്കിയിരിക്കുന്നത് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കുകയും ചെയ്യേണ്ടി വരുന്ന അവസരത്തില്‍ അതേ ക്ലാസില്‍ തന്നെ പഠിപ്പിക്കുന്ന സഹ-പ്രവര്‍ത്തകന്‍/പ്രവര്‍ത്തകയുമായി നിങ്ങള്‍ക്ക് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടി വന്നേക്കാം.   ഇങ്ങനെ ചെയ്യുമ്പോള്‍ ജാഗ്രതപുലര്‍ത്താനും വിവേകത്തോടെ പെരുമാറാനും  ശ്രദ്ധിക്കണം.  അതുപോലെ തന്നെ രഹസ്യാത്മകതയെ മാനിക്കുന്ന ഒരു സഹ-പ്രവര്‍ത്തകന്‍/പ്രവര്‍ത്തകയെ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. എന്നിരുന്നാലും, ഒരു വിദ്യാര്‍ത്ഥി നിങ്ങളുമായി ഒരു പ്രശ്നം പങ്കുവെച്ചിട്ടുണ്ടെങ്കില്‍, ആ കുട്ടി അങ്ങനെ ചെയ്തിട്ടുള്ളത് നിങ്ങളില്‍ വലിയ അളവില്‍ വിശ്വാസം അര്‍പ്പിച്ചതിന് ശേഷമായിരിക്കും എന്ന കാര്യം ഓര്‍മ്മയില്‍ വെയ്ക്കണം. അതിനാല്‍ ഒരിക്കലും നിങ്ങള്‍ തമ്മില്‍ ഉണ്ടായ സംസാരത്തിന്‍റെ വിശദാംശങ്ങള്‍ മറ്റു ടീച്ചര്‍മാരുമായി പങ്കുവെയ്ക്കരുത്. ഇങ്ങനെ ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു തീര്‍ച്ചയില്ലായ്മ ഉണ്ടെങ്കില്‍ കോളേജ് കൗണ്‍സിലറോട് സംസാരിക്കുക. 
 
എതിര്‍ ലിംഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളുമായി ടീച്ചര്‍  എങ്ങനെ ഇടപെടണം?
 ഒരു കോളേജ് കാമ്പസ് സംവിധാനത്തില്‍, അദ്ധ്യാപകനോ  അല്ലെങ്കില്‍ അദ്ധ്യാപികയോ ചിലപ്പോഴൊക്കെ വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവിന്‍റെ സ്ഥാനത്ത് നില്‍ക്കുന്ന മുതിര്‍ന്നയാള്‍ എന്ന നിലയിലാകാറുണ്ട്. അതുകൊണ്ട്, ആണ്‍കുട്ടികള്‍ അവരുടെ ഉത്കണ്ഠകളും പ്രശ്നങ്ങളുമായി അദ്ധ്യാപികമാരെ സമീപിക്കുന്നു എന്നത് സാധാരണമായ കാര്യമാണ്. അതുപോലെ തന്നെ അപൂര്‍വമായാണെങ്കിലും പെണ്‍കുട്ടികള്‍ സഹായത്തിനായി പുരുഷ അദ്ധ്യാപകരെ സമീപിക്കാറുമുണ്ട്. ഇതൊരു പ്രശ്നമല്ല. എന്നിരുന്നാലും, രണ്ടുപേരുടേയും- ടീച്ചറുടേയും വിദ്യാര്‍ത്ഥിയുടേയും- സ്വാസ്ഥ്യത്തിന്‍റെ നില പരിഗണനയ്ക്ക് എടുക്കേണ്ട ആവശ്യം ഉണ്ട്. അതുപോലെ തന്നെ,  എതിര്‍ ലിംഗത്തില്‍ പെട്ടവരുമായുള്ള സമ്പര്‍ക്കം സംബന്ധിച്ച് കോളേജ് അധികൃതര്‍ കൈക്കൊണ്ടിട്ടുള്ള നയങ്ങളെക്കുറിച്ച് ടീച്ചര്‍ക്ക് അവബോധം ഉണ്ടായിരിക്കുകയും വേണം. 
 
ഞാന്‍ വിദ്യാര്‍ത്ഥികളുമായി അമിതമായി അടുപ്പം പുലര്‍ത്തുന്നു എങ്കില്‍ അത് ഞാന്‍ എങ്ങനെ തിരിച്ചറിയും?
ഒരു വ്യത്യസ്തത ഉണ്ടാക്കുകയും വിദ്യാര്‍ത്ഥികളുമായി സ്നേഹവും പരിഗണനയും ഉള്ള ഒരു ബന്ധം കെട്ടിപ്പടുക്കുകയും ചെയ്യുന്ന പ്രക്രിയയില്‍,  ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥിയില്‍ വൈകാരികമായി ചാര്‍ത്തപ്പെടാന്‍ ഇടയാകാതിരിക്കാന്‍ ശ്രദ്ധയുണ്ടായിരിക്കണം. നിങ്ങളോട് രഹസ്യങ്ങള്‍ തുറന്നു പറയുകയും പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നതിന്‍റെ ആശ്വാസം അനുഭവിച്ച ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി നിങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയെന്നിരിക്കും. ടീച്ചര്‍മാര്‍ ആത്മാവബോധം ഉള്ളവരായിരിക്കുകയും തങ്ങളുടെ സ്വന്തം വൈകാരിക സൗഖ്യത്തിന്മേല്‍ ഒരു കണ്ണുവെയ്ക്കുകയും ചെയ്യുന്നത് സഹായകരമായിരിക്കും. ഇക്കാര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക : 
 
 വിദ്യാര്‍ത്ഥികള്‍ക്ക് സങ്കോചമില്ലാതെ സമീപിക്കാവുന്ന ടീച്ചറായിരിക്കുക, എന്നാല്‍ അതേ സമയം തന്നെ അക്കാര്യത്തില്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായിരിക്കുന്ന ഒരു സമയം ഏതായിരിക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കുകയും ചെയ്യുക.
 
എങ്ങനെ സഹായിക്കണം എന്ന് നിങ്ങള്‍ക്ക് അറിയാതെ വരുന്ന സാഹചര്യങ്ങളില്‍ അവരെ  കൗണ്‍സിലറുടെ അടുത്തേക്ക് അയക്കുക. 
 
വിദ്യാര്‍ത്ഥിക്ക് നിങ്ങള്‍ എന്ത് സന്ദേശമാണോ നല്‍കുന്നത് അതില്‍ പരസ്പരവൈരുദ്ധ്യങ്ങള്‍ ഇല്ലാതിരിക്കുകയും അത് വാക്കിലും പ്രവര്‍ത്തിയിലും ഒരു പോലെ പ്രകടമാകുകയും വേണം. ഉദാഹരണത്തിന്, നിങ്ങളെ ഒരു പ്രത്യേക സമയത്ത് കാണാന്‍ നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ ആ സമയത്ത് അവിടെ ഉണ്ടായിരിക്കും എന്ന് ഉറപ്പാക്കുക.
 
വിദ്യാര്‍ത്ഥി നിങ്ങളുടെ വളരെയധികം സമയവും ഊര്‍ജവും എടുക്കുന്നു എന്ന് തോന്നിയാല്‍ ആരുടേയും ആശ്രയമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ക്രമേണ ആ കുട്ടിയെ ശീലിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളെ ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാര്‍ത്ഥിക്ക് ഉറപ്പ് നല്‍കുമ്പോള്‍ തന്നെ ക്രമേണ വിട്ടുമാറാനുള്ള ആത്മനിയന്ത്രണം പാലിക്കുകയും ചെയ്യുക. 

ടീച്ചര്‍മാര്‍ കൗണ്‍സിലര്‍മാര്‍ അല്ലെങ്കിലും വിദ്യാര്‍ത്ഥികളോട് അവര്‍ സഹാനുഭൂതിയുള്ളവരും അവരെ മനസിലാക്കുന്നവരും ആയിരിക്കേണ്ടത് കാലഘത്തിന്‍റെ ആവശ്യമാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org