വിദ്യാഭ്യാസം

പരീക്ഷ അടുക്കുമ്പോള്‍ നിങ്ങള്‍ സഹായമാകുന്നുണ്ടോ അതോ സമ്മര്‍ദ്ദം ചെലുത്തുകയാണോ?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

മൗലിക ശര്‍മ്മ
മാതാപിതാക്കളും അദ്ധ്യാപകരും പലപ്പോഴും പരീക്ഷാക്കാലത്ത് പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അത്ര തന്നെ മാനസിക പിരിമുറക്കത്തിലും ഉത്കണ്ഠയിലും പെടുന്നതായി കാണുന്നു. കുട്ടികളുടേയും ഇവരുടേയും ഉത്കണ്ഠയുടെ കാരണം ഒന്നുതന്നെയാണ്. എന്തെന്നാല്‍ പരീക്ഷയിലെ മാര്‍ക്ക് ഒരു വ്യക്തിയുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള ബാഹ്യവും വസ്തുതാപരവുമായ പൊതു അടയാളമായി കണക്കാക്കപ്പെടുന്നു. മാതാപിതാക്കളും അദ്ധ്യാപകരും മാര്‍ക്കിനെ  തങ്ങളുടെ  രക്ഷാകര്‍തൃത്തത്തിന്‍റേയോ അദ്ധ്യാപനത്തിന്‍റേയോ ഒരു ബാഹ്യമൂല്യ നിര്‍ണയം എന്ന രീതിയില്‍ കൂടി കാണുന്നു. കുട്ടി പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയാല്‍ അതിനെ മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ ഒരു വിജയമാണ് എന്ന് മാതാപിതാക്കള്‍ അര്‍ത്ഥമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ നല്ല പ്രകടനം കാഴ്ചവെച്ചാല്‍ ടീച്ചര്‍മാര്‍ അതിനെ അദ്ധ്യാപകരെന്ന നിലയില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു. 
അതെ, പരീക്ഷയില്‍ കുട്ടികളുടെ പ്രകടനം എങ്ങനെയായിരിക്കും എന്നതില്‍ മാതാപിതാക്കളും ടീച്ചര്‍മാരും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരണമെന്നും പലപ്പോഴും അതിനും അപ്പുറം പോകണമെന്നും കുട്ടികള്‍ ആഗ്രഹിക്കുന്നു. എന്നാല്‍, എങ്ങനെയാണ് കുട്ടികളിലേക്ക് ഈ പ്രതീക്ഷകള്‍ പകരേണ്ടത് എന്നതിനെക്കുറിച്ച് അദ്ധ്യാപകരും മാതാപിതാക്കളും ജാഗരൂകരായിരിക്കണം. അമിത സമ്മര്‍ദ്ദം ചെലുത്തി നിങ്ങള്‍ കുട്ടികളുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കരുത്.  നിങ്ങളുടെ മക്കളോ വിദ്യാര്‍ത്ഥികളോ പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസില്‍ വെയ്ക്കുന്നത് സഹായകമായിരിക്കും. 
ഒന്നാമതായി, ഇത് നിങ്ങള്‍ക്കുള്ള പരീക്ഷയല്ല. പരീക്ഷകള്‍ നിങ്ങളുടെ രക്ഷാകര്‍തൃത്തത്തെക്കുറിച്ചുള്ള വിധി പറയലല്ല, അദ്ധ്യാപനത്തെക്കുറിച്ചുള്ള വിധി പറയലും അല്ല. അഥവാ നിങ്ങള്‍ അങ്ങനെ കരുതുകയാണെങ്കില്‍ തന്നെ കുട്ടി നല്ല പ്രകടനം കാഴ്ചവെയ്ക്കേണ്ടത് ആ കാരണം കൊണ്ടല്ല. കുട്ടി നല്ല പ്രകടനം കാഴ്ച വെയ്ക്കേണ്ടത് അവന്‍ അത് ആഗ്രഹിക്കുന്നു എന്നതുകൊണ്ടായിരിക്കണം. നിങ്ങള്‍  നല്ല മാതാപിതാക്കളോ അദ്ധ്യാപകരോ ആണെന്ന് നിങ്ങള്‍ക്ക്  തോന്നാന്‍  കാരണമാകണം  എന്ന് അവന്‍ ആഗ്രഹിക്കുന്നതു കൊണ്ടല്ല. അതുകൊണ്ട് നിങ്ങളുടെ കുട്ടിയുടെ പ്രകടനം മാതാപിതാക്കള്‍ അല്ലെങ്കില്‍  അദ്ധ്യാപകര്‍ എന്ന നിലയ്ക്ക് നിങ്ങളെപ്പറ്റി എന്ത് ചിത്രം നല്‍കും എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെങ്കില്‍, ദയവായി ആ ഉത്കണ്ഠകളെ മറ്റൊരു ഇടത്ത് കൈകാര്യം ചെയ്യുക.(ഒരു പക്ഷെ സുഹൃത്തുക്കളോടോ കൗണ്‍സിലര്‍മാരോടോ സംസാരിക്കാവുന്നതാണ്).       കുട്ടികളിലേക്ക് ഈ ഉത്കണ്ഠകള്‍ പകരരുത്. കുട്ടികള്‍ക്ക് സ്വന്തമായ ഉത്കണ്ഠകള്‍ തന്നെ ധാരാളമുണ്ട്.
രണ്ടാമതായി, ഇത് കുട്ടിയെക്കുറിച്ചുള്ള അന്തിമ വിധി നിര്‍ണയം അല്ല.  കുട്ടി ജീവിതത്തില്‍ കടന്നു പോകേണ്ട നിരവധി നാഴികക്കല്ലുകളില്‍ ഒന്നുമാത്രമാണിത്. ഒരു മാരത്തോണില്‍ എന്നപോലെ.  ഒരു നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍ കുട്ടി ഒന്നു കുതിച്ചാല്‍ മതി, വിജയമാണ് അന്തിമ ലക്ഷ്യം. ഇടംവലം നോക്കാന്‍ സമയമില്ല. കാഴ്ചകള്‍ ആസ്വദിക്കാന്‍ സമയമില്ല. കാലിടറി വീഴാന്‍ സമയമില്ല. എന്നാല്‍ ജീവിതം ഇങ്ങനെയല്ല. ജീവിതം ഒരു മാരത്തോണ്‍ ഓട്ടമാണ്, ലക്ഷ്യമാകട്ടെ അത് വിജയകരമായി പൂര്‍ത്തിയാക്കുക എന്നതുമാണ്, അല്ലാതെ അതില്‍ ആദ്യസ്ഥാനത്തെത്തി വിജയിക്കേണ്ട ആവശ്യമില്ല.  കടന്നു പോകുന്ന ഓരോ നാഴികക്കല്ലും മനസില്‍ കുറിച്ചിടുക, കാഴ്ചകള്‍ ആസ്വദിക്കുക, തടസങ്ങളെ മറികടക്കുക, അവസാനം വരെ വഴിയിലെല്ലാം നിങ്ങളുടെ ആവേശം ഉച്ചത്തില്‍ നിര്‍ത്തുകയും ഓട്ടം പൂര്‍ത്തിയാക്കുന്നതിനുള്ള ഊര്‍ജം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. നമ്മള്‍, മാതാപിതാക്കളും ടീച്ചര്‍മാരും ആദ്യം ഇത് സ്വയം വിശ്വസിക്കണം, പിന്നീട് ഈ സന്ദേശം നമ്മുടെ സംരക്ഷണയില്‍ ഉള്ളവരിലേക്ക് കൈമാറുന്നു എന്ന് ഉറപ്പാക്കണം. വഴിയില്‍ കുട്ടിക്ക് കാലിടറിയാല്‍ അവന് ചാടിയെണീറ്റ് ഓട്ടത്തിലേക്ക് തിരികെ വന്ന് മാരത്തോണ്‍ പൂര്‍ത്തിയാക്കാന്‍ അവസരം കിട്ടും. അവന്‍റെ മനോവീര്യവും ആത്മവിശ്വാസവും കെടുത്താതെ അവനെ അതിന് അനുവദിച്ചല്‍ മതി. ജീവിതമെന്ന മാരത്തോണ്‍ ഓട്ടത്തില്‍ ഏതാനും ചില പ്രതിസന്ധിഘട്ടങ്ങള്‍ നിസാരമല്ലേ? 
മൂന്നാമതായി, പ്രകടനത്തെയല്ല, പരിശ്രമത്തെ അംഗീകരിക്കുക. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രക്രിയയില്‍ കുട്ടിയുടെ നിയന്ത്രണത്തിന് വിധേയമായ ഏക ഘടകം അവന്‍ എത്രമാത്രം പരിശ്രമിക്കുന്നു എന്നതു മാത്രമാണ്. എന്ത് ചോദ്യങ്ങള്‍ വരുമെന്നതോ ഉത്തരക്കടലാസ് എങ്ങനെ വിലയിരുത്തപ്പെടുമെന്നതോ വിലയിരുത്തുന്നയാള്‍ക്ക് അന്നൊരു നല്ല ദിവസമായിരിക്കുമോ അല്ലയോ എന്നതോ കുട്ടികള്‍ക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളല്ല. മറ്റു കുട്ടികളുടെ എഴുത്ത്,  ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, പരീക്ഷമാറ്റിവെയ്ക്കപ്പെടല്‍ എന്നിവയൊന്നും അവരുടെ നിയന്ത്രണത്തിലല്ല. അവരുടെ  നിയന്ത്രണത്തില്‍ ആകെയുള്ളത് അവരുടെ പരിശ്രമം മാത്രമാണ്. അവര്‍ ഏറ്റവും നന്നായി പരിശ്രമിക്കുന്നു എന്നത് മാത്രമാണ് നിങ്ങള്‍ ഉറപ്പു വരുത്തേണ്ടത്. 
ഇത് മനസില്‍ വെച്ചുകൊണ്ട് നമ്മള്‍ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികളോട് പറയേണ്ടതും പറയരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ്? 
  • "നീ നന്നായി എഴുതുമെന്ന് എനിക്കറിയാം" എന്ന് പറഞ്ഞാല്‍ കുട്ടി പരീക്ഷ നന്നായി എഴുതിയേ തീരൂ എന്ന ധ്വനി വരും. അതവനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. അതിലും സഹായകരമാകുന്നത് " നീ നിന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുക, അത് മാത്രമാണ് ഞാന്‍ കാര്യമാക്കുന്നത്" എന്ന് പറയുന്നതായിരിക്കും.
  • "നീ പരീക്ഷയ്ക്ക് 100 ശതമാനം മാര്‍ക്ക് വാങ്ങണം- എനിക്കറിയാം നിനക്കതിന് കഴിയുമെന്ന്".  ടീച്ചര്‍മാര്‍ തങ്ങളുടെ മിടുക്കരായ വിദ്യാര്‍ത്ഥികളോട് അവരെ പ്രചോദിപ്പിക്കാനായി പലപ്പോഴും പറയുന്ന വാക്കുകളാണിവ.  എന്നാല്‍ " നിന്നെക്കൊണ്ട് കഴിയുന്നുപോലെ ഏറ്റവും നന്നായി എഴുതുക, അതുമാത്രമാണ് നീ ചെയ്യേണ്ടത്" എന്നു പറയുന്നതാണ് കൂടുതല്‍ നല്ലത്, കാരണം അത് കുറച്ച് സമ്മര്‍ദ്ദം കുറവുള്ള വാക്കുകളായിരിക്കും.
  •  " ഈ പരീക്ഷ വളരെ പ്രധാനമാണ്. നിന്‍റെ ജീവിതം ഇതിനെ ആശ്രയിച്ചാണിരിക്കുന്ന്. നിനക്ക് ആകെയുള്ള ഒരു അവസരം ഇതാണ്.  ഈ പരീക്ഷ നന്നായി എഴുതിയില്ലെങ്കില്‍ നിനക്ക് പിന്നെ വെറെന്താണ് വഴി?" ഇത് തീര്‍ത്തും തെറ്റായ വാദഗതിയാണ്. കാരണം, ജീവിതത്തില്‍ ശരിയായ ഒരേയൊരു വഴിയോ അവസരമോ മാത്രമല്ല ഉള്ളത്. തെറ്റുകള്‍ വരുത്തുക എന്നതും പരാജയങ്ങള്‍ നേരിടുക എന്നതും ജീവിതത്തില്‍ അറിവ് നേടലിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെ പറയുന്നതായിരിക്കും കൂടുതല്‍ സഹായകരം." നീ പരമാവധി പരിശ്രമിച്ചിട്ട് എന്തൊക്കെ വഴികള്‍ തുറന്നു കിട്ടുന്നു എന്ന് നോക്കുകയാണ് പ്രധാനം. ശരിയായ ഒരേയൊരു വഴിയില്ല. നീ ഇഷ്ടപ്പെടുന്ന ഒരു വഴിയുണ്ടായേക്കാം. എന്നാല്‍ നിനക്ക് ആ വഴിയേ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ നിനക്ക് അന്വേഷിക്കാവുന്ന മറ്റ് വഴികളും ഉണ്ടാകും. നിനക്ക് ഇഷ്ടപ്പെട്ട രണ്ടാമത്തേയോ  മൂന്നാമത്തേയോ വഴിയിലൂടെ പോയും വിജയിക്കാന്‍ കഴിയും, കാരണം എന്ത് തെരഞ്ഞെടുപ്പിനേയും നീ എന്താക്കി തീര്‍ക്കുന്നു എന്നത് നിന്നെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു വഴിയിലും തീര്‍ത്തും ശരിയായതോ തെറ്റായതോ ആയ കാര്യമില്ല."
  • " നീ നന്നായി ചെയ്തില്ലെങ്കില്‍ നിന്‍റെ മുത്തച്ഛനും മുത്തശ്ശിയും എന്ത് പറയും" അല്ലെങ്കില്‍ " നീ  നന്നായി ചെയ്തില്ലെങ്കില്‍ പ്രിന്‍സിപ്പാള്‍ നിന്നെക്കുറിച്ചോര്‍ത്ത് നിരാശപ്പെടും". ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ഇത് നിങ്ങളുടേയോ മറ്റുള്ളവരുടേയോ പൊതു സമൂഹത്തിന്‍റേയോ കാര്യമല്ല. കുട്ടി സ്വയം തെരഞ്ഞെടുത്ത വഴിയില്‍ സന്തോഷത്തോടിരിക്കുകയും പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യണം എന്നതിലാണ് കാര്യം.      തനിക്ക് ഉള്ള കഴിവിന്‍റെ പരമാവധി താന്‍ ചെയ്തു എന്ന് കുട്ടി വിശ്വസിക്കുന്നതിലാണ് കാര്യം, ആ കഴിവ് എത്രതന്നെയാണെങ്കിലും. 
മേല്‍പ്പറഞ്ഞ കാര്യങ്ങളിലൂടെ കുട്ടിക്ക് സഹായകരമായതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക്  ഒരു സാമാന്യമായ അറിവ് കിട്ടിയിട്ടുണ്ടാകും. ഒടുവില്‍ പറയാനുള്ളത്, നമ്മള്‍ മാതാപിതാക്കളെന്നും ടീച്ചര്‍മാരെന്നുമുള്ള നിലയ്ക്ക് കുട്ടികളുടെ പ്രകടനത്തെയല്ല പരിശ്രമത്തെയാണ് അംഗീകരിക്കേണ്ടത് എന്നാണ്.  നമ്മുടെ ഉത്കണ്ഠകള്‍ നമ്മുടെ ചിന്തകളെ മലിനമാക്കുന്നില്ല എന്ന്  ഉറപ്പാക്കേണ്ടതുണ്ട്. ജീവിതത്തില്‍ വിജയം നേടാന്‍ ഒന്നിലധികം അവസരങ്ങളുണ്ടെന്നും വിജയത്തിന് ഒന്നിലധികം നിര്‍വചനങ്ങളുണ്ടെന്നും നമ്മള്‍ വിശ്വസിക്കേണ്ടതുണ്ട്. കാരണം, അതാണ് സത്യം. 
White Swan Foundation
malayalam.whiteswanfoundation.org