നിയമ കാര്യങ്ങൾ

കുടുംബത്തിന്/പരിചാരകര്‍ക്കുള്ളത്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്‍റെ ഒരു ബന്ധു മാനസിക രോഗത്തിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി എനിക്ക് അപേക്ഷ സമര്‍പ്പിക്കാനാകുമോ? ആ വ്യക്തി ചികിത്സയ്ക്ക് വിധേയനാകാന്‍ തയ്യാറല്ലെങ്കില്‍ എനിക്ക് എന്തു ചെയ്യാനാകും?

A

നിങ്ങളുടെ ബന്ധു പ്രകടമായ ഒരു  മനോരോഗത്തിനുള്ള ചികിത്സയ്ക്ക് വിധേയനാകാന്‍ തയ്യാറല്ലായെങ്കില്‍  അയാളെ ചികിത്സിപ്പിക്കുന്നതിനുള്ള അനുമതി ഉത്തരവിനായി (റിസെപ്ഷന്‍ ഓര്‍ഡറിനായി) നിങ്ങള്‍ തൊട്ടടുത്തുള്ള ജില്ലാ കോടതിയിലെ  മജിസ്ട്രേറ്റിനെ സമീപിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ ബന്ധു ഒരു മനോരോഗ ചികിത്സാ കേന്ദ്രത്തില്‍ (സൈക്യാട്രിക് ആശുപത്രിയില്‍) അല്ലെങ്കില്‍ നേഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്. (എം എച്ച് ആക്റ്റ്, സെക്ഷന്‍ 19,20).

 

Q

എന്താണ് ഒരു റിസെപ്ഷന്‍ ഓര്‍ഡര്‍ ? (മനോരോഗിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി ഉത്തരവ്)

A

മാനസിക രോഗമുള്ള ഒരു വ്യക്തി ചികിത്സയ്ക്കായി ഒരു മാനസികാരോഗ്യ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെടാന്‍ വിസമ്മതിക്കുകയാണെങ്കില്‍ അയാളുടെ കുടുംബത്തിന് അല്ലെങ്കില്‍ ഡോക്ടര്‍ക്ക് അതിനുള്ള അനുമതി ഉത്തരവിനായി (റിസെപ്ഷന്‍ ഓര്‍ഡറിനായി) ജില്ലാ കോടതിയിലെ മജിസ്ട്രേറ്റിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ മജിസ്ട്രേറ്റ് രണ്ട് കാര്യങ്ങള്‍ വിലയിരുത്തും: 

1. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വ്യക്തിക്ക് ഒരു മാനസികാരോഗ്യ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട് അവിടെ കിടത്തി ചികിത്സിക്കേണ്ടതായ മാനസിക തകരാറ് ഉണ്ടോ?

2.  ഒരു വ്യക്തിയുടേയും ആയാളുടെ ചുറ്റുമുള്ള മറ്റുള്ളവരുടേയും സുരക്ഷയ്ക്കായി ഇതുപോലൊരാളെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും അവിടെ നിര്‍ത്തി ചികിത്സിപ്പിക്കുകയും ചെയ്യേണ്ടതുണ്ടോ? 

ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി മജിസ്ട്രേറ്റ് ആ വ്യക്തിയെ പരിശോധിക്കുകയും അയാളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. അതിന് ശേഷം  ആവശ്യമെങ്കില്‍  അദ്ദേഹം അനുമതി ഉത്തരവ് പുറപ്പെടുവിക്കും. (എം എച്ച് ആക്റ്റ്, സെക്ഷന്‍ 20,22)

 
 
 

Q

എന്‍റെ കുട്ടി ഒരു മനോരോഗ ചികിത്സാ കേന്ദ്രത്തില്‍ (സൈക്യാട്രിക് ആശുപത്രിയില്‍) പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോള്‍ കുട്ടിയെ അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി ഞാന്‍ എന്താണ് ചെയ്യേണ്ടത്?

A

നിങ്ങളുടെ കുട്ടിയെ ആ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ച മനോരോഗ ചികിത്സകന് (സൈക്യാട്രിസ്റ്റിന്) ഒരു അപേക്ഷ കൊടുക്കേണ്ടതാണ്. നിങ്ങളുടെ കുട്ടി രോഗമുക്തി നേടിയെന്ന കാര്യത്തില്‍ അദ്ദേഹം സംതൃപ്തനാണെങ്കില്‍ അവര്‍ നിങ്ങളുടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതാണ്(എം എച്ച് ആക്റ്റ്, സെക്ഷന്‍ 18). എന്നിരുന്നാലും നിങ്ങളുടെ കുട്ടി മതിയായ വിധം രോഗമുക്തി നേടിയിട്ടില്ല എങ്കില്‍ കൂടുതല്‍ ചികിത്സയ്ക്കായി കുട്ടിയെ തുടര്‍ന്നും ആശുപത്രിയില്‍ നിര്‍ത്താന്‍ സൈക്യാട്രിസ്റ്റ് നിര്‍ദ്ദേശിക്കും.

 

Q

എന്‍റെ ഒരു ബന്ധു മജിസ്ട്രേറ്റിന്‍റെ ഉത്തരവ് പ്രകാരം ഒരു മനോരോഗ ചികിത്സാ കേന്ദ്രത്തില്‍ (സൈക്യാട്രിക് ആശുപത്രിയില്‍) പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അയാളെ എന്‍റെ പരിചരണത്തിലേക്കും സംരക്ഷണത്തിലേക്കും കൊണ്ടുവരണമെന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനായി ഞാന്‍ എന്താണ് ചെയ്യേണ്ടത്?

A

നിങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സൈക്യാട്രിസ്റ്റിന് ഒരു അപേക്ഷ സമര്‍പ്പിക്കണം, അദ്ദേഹം അത് തന്‍റെ അഭിപ്രായം രേഖപ്പെടുത്തി മജിസ്ട്രേറ്റിന് കൈമാറും. അതിനെ തുടര്‍ന്ന് മജിസ്ട്രേറ്റ് നിങ്ങളോട് ഒരു നിശ്ചിത തുകയുടെ ബോണ്ടും രോഗിക്ക് മതിയായ സംരക്ഷണവും പരിചരണവും നല്‍കുമെന്ന് ഉറപ്പുകൊടുക്കുന്ന ഒരു സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. അതുപോലെ തന്നെ രോഗി അയാള്‍ക്കും മറ്റുള്ളവര്‍ക്കും പരിക്കുണ്ടാക്കുന്നതില്‍ നിന്ന് നിങ്ങള്‍ രോഗിയെ തടഞ്ഞുകൊള്ളാമെന്ന ഉറപ്പും കൊടുക്കണം. മജിസ്ട്രേറ്റ് ഇതില്‍ തൃപ്തനാകുകയാണെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതാണ് (എം എച്ച് ആക്റ്റ്, സെക്ഷന്‍ 42).

 

White Swan Foundation
malayalam.whiteswanfoundation.org